Asianet News MalayalamAsianet News Malayalam

ശ്രീരാമ ക്ഷേത്രം മുതൽ ട്രിപ്പിൾ തലാഖ് വരെ, പ്രധാനമന്ത്രി നരേന്ദ്ര മോദി ലോക്‌സഭയിൽ പറഞ്ഞ 10 പ്രധാനകാര്യങ്ങൾ

"കോൺഗ്രസ് ഭരണഘടനയെപ്പറ്റി വല്ലാതെ വേവലാതിപ്പെടുന്നത് കണ്ടു. നിങ്ങൾ രാജ്യത്ത് അടിയന്തരാവസ്ഥ കൊണ്ടുവന്നത് ഭരണഘടനയെ രക്ഷിക്കാൻ വേണ്ടിയായിരുന്നോ? "

from Ram Janm Bhoomi to Triple Talaq, 10 essential points of PM Narendra Modis loksabha speech
Author
Delhi, First Published Feb 6, 2020, 3:21 PM IST
  • Facebook
  • Twitter
  • Whatsapp

രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിന്മേൽ ലോക്സഭയിൽ നടന്ന ചർച്ചയ്ക്ക് മറുപടി പറഞ്ഞുകൊണ്ട് ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പ്രസംഗത്തിൽ പ്രതിപക്ഷത്തെ അദ്ദേഹം കടന്നാക്രമിക്കുകയുണ്ടായി. ആ പ്രസംഗത്തിൽ അദ്ദേഹം അക്കമിട്ടു നിരത്തിയ പത്തു പ്രധാനകാര്യങ്ങൾ ഇനി പറയുന്നവയാണ്. 

1. ആർട്ടിക്കിൾ 370 , ട്രിപ്പിൾ തലാഖ് എന്നിവയെപ്പറ്റി : കോൺഗ്രസുകാർ പറയുന്നതും വിശ്വസിച്ചുകൊണ്ടിരുന്നെങ്കിൽ അടുത്ത 70 വർഷത്തിനിടയിലും ഇവിടെ ആർട്ടിക്കിൾ 370  റദ്ദാക്കാൻ സാധിക്കില്ലായിരുന്നു. നിങ്ങളുടെ രീതിക്കാണ് കാര്യങ്ങൾ നടന്നിരുന്നത് എങ്കിൽ മുസ്‌ലിം സ്ത്രീകളുടെ  തലക്കുമീതെ ട്രിപ്പിൾ തലാഖിന്റെ ഖഡ്ഗം ഇന്നും തൂങ്ങിക്കിടന്ന് അവരെ ഭയപ്പെടുത്തിയിരുന്നേനെ.  

2. അയോധ്യാ തർക്കം :  കോൺഗ്രസിന്റെ നിലപാടിനനുസരിച്ചായിരുന്നു സർക്കാർ പോയിരുന്നതെങ്കിൽ, ശ്രീരാമജന്മഭൂമി ഇന്നും വിവാദങ്ങളിൽ പെട്ട് കിടന്നേനെ. നിങ്ങളുടെ രീതിയിലാണ് കാര്യങ്ങൾ നീക്കിയിരുന്നത് എങ്കിൽ ഇന്നും കർത്താർപൂർ കോറിഡോർ പണിതീരാതെ തന്നെ കിടന്നേനെ. നിങ്ങളുടെ വഴിക്കായിരുന്നു എങ്കിൽ, ഇന്നും ഇന്ത്യാ ബംഗ്ളാദേശ് പ്രശ്നം പരിഹരിക്കപ്പെടാതെ തന്നെ തുടർന്നേനെ. 

3. ശൗചാലയങ്ങൾ നിർമിച്ചത് : കോൺഗ്രസ്സ് കാര്യങ്ങളെ സമീപിക്കുന്ന വേഗത്തിലാണ് ചെയ്തിരുന്നത് എങ്കിൽ ഇപ്പോൾ പതിനൊന്നു കോടി വീടുകളിൽ ശൗചാലയങ്ങൾ പണിതീരുമായിരുന്നില്ല. പതിമൂന്നു കോടി ദരിദ്രരുടെ വീടുകളിൽ ഗ്യാസ് കണക്ഷൻ എത്തുമായിരുന്നില്ല. രണ്ടു കോടി വീടുകൾ പാവങ്ങൾക്കായി നിർമ്മിക്കപ്പെടില്ലായിരുന്നു. എത്രയോ കാലമായി നടക്കാതിരുന ദില്ലിയിലെ 1700 കോളനികളെ നിയമാനുസൃതമാക്കുന്ന പ്രവർത്തനം പൂർത്തീകരിക്കപ്പെടുമായിരുന്നില്ല. 

4. നോർത്ത് ഈസ്റ്റ് വിഷയം : നോർത്ത് ഈസ്റ്റ് കാർക്ക് ദില്ലി ഇന്നോളം അവരുടെ വീട്ടിൽ നിന്ന് എത്രയോ അകലെയാണ് എന്ന തോന്നലുണ്ടായിരുന്നു മനസ്സിൽ. ഇന്ന് ദില്ലി അവരുടെ വീട്ടുപടിക്കൽ ചെന്ന് നിന്ന് അവരോട് സംസാരിക്കുന്നുണ്ട്. വൈദ്യുതിയുടെ കാര്യമാകട്ടെ, റെയിൽവേസിൻ്റെ കാര്യമാകട്ടെ, വിമാനത്താവളങ്ങളുടെ കാര്യമാകട്ടെ, മൊബൈൽ കണക്ടിവിറ്റി പ്രശ്നങ്ങൾ പരിഹരിക്കുനതാവട്ടെ ഞങ്ങൾ അതൊക്കെ പരിഹരിക്കാൻ ശ്രമിച്ചിട്ടുണ്ട്.

5. വീണ്ടും തെരഞ്ഞെടുത്തതിനെപ്പറ്റി : ഞങ്ങൾ കഴിഞ്ഞ അഞ്ചു കൊല്ലം കൊണ്ട് കാര്യങ്ങൾ ചെയ്തതിലെ വേഗം അത് ഇന്നാട്ടിലെ ജനങ്ങൾക്ക് കൂടി ബോധ്യം വന്നതിന്റെ വെളിച്ചത്തിലാണ് അവർ ഞങ്ങൾക്ക് ഒരു വട്ടം കൂടി അവരെ സേവിക്കാനുള്ള അവസരം തന്നു ഞങ്ങളെ വീണ്ടും ഭരണത്തിലേറ്റിയത്. ഞങ്ങളുടെ വികസനപ്രവർത്തനങ്ങൾക്ക് വേഗം ഇല്ലായിരുന്നെങ്കിൽ ഇത്ര പെട്ടെന്ന് 37 കോടി പേർക്ക് ബാങ്ക് അക്കൗണ്ടുകൾ തുറക്കാൻ സാധിക്കില്ലായിരുന്നു. 

6. ബോഡോ വിഷയം: ബോഡോ വിഭാഗക്കാരുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ ഞങ്ങൾ ഇടപെട്ടപ്പോൾ അവർ പറഞ്ഞത്, ചർച്ച നടക്കുന്നത് ഇത്  ആദ്യമായിട്ടൊന്നുമല്ല. എന്നാൽ ചർച്ചകൾ രാഷ്ട്രീയത്തിന് അതീതമായി, പ്രശ്നങ്ങൾ പരിഹരിക്കാൻ വേണ്ടിയാകുന്നത് ആദ്യമായിട്ടാണ് എന്ന്. മുമ്പും ഉടമ്പടികളിൽ ഒപ്പുവെച്ചിട്ടുണ്ട്. പത്രങ്ങളിൽ ഫോട്ടോ അച്ചടിച്ചുവന്നിട്ടുണ്ട്. എന്നാൽ അന്നൊന്നും, കടലാസിലെ ഉടമ്പടികൾ കൊണ്ട് ബോഡോ വിഭാഗക്കാർക്ക് യാതൊരു ഗുണവുമുണ്ടായിട്ടില്ല. 

7. വിളകൾക്കുള്ള താങ്ങുവിലയെപ്പറ്റി : ഒന്നരയിരട്ടി താങ്ങുവില എത്രയോ കാലമായി പറഞ്ഞുകേൾക്കുന്നതാണ് എന്ന് ഞങ്ങൾ സമ്മതിക്കുന്നു. അത് കർഷകരോടുള്ള ഞങ്ങളുടെ ഉത്തരവാദിത്തമായിരുന്നു, ഞങ്ങൾ അത് നിറവേറ്റി. വർഷങ്ങളോളം പൂർത്തീകരിക്കപ്പെടാതെ കിടന്ന 99  ജലസേചനപദ്ധതികളിൽ ഒരു ലക്ഷം കോടി രൂപ ചെലവിട്ട് ഞങ്ങൾ അതൊക്കെ പൂർത്തിയാക്കി. കർഷകർ ഇന്നതിന്റെ ഗുണഫലങ്ങൾ അനുഭവിക്കുന്നുണ്ട്. 

8. വിള ഇൻഷുറൻസ് : പ്രധാനമന്ത്രി വിള ഇൻഷുറൻസ് സ്‌കീമിൽ കർഷകർ വിശ്വസിച്ചു തുടങ്ങിയത് ഞങ്ങളുടെ ഭരണകാലത്താണ്. ഈ സ്‌കീമിൽ കർഷകരിൽ നിന്ന് ആകെ പ്രീമിയമായി പിരിഞ്ഞു കിട്ടിയത് 13,000 കോടിയോളം രൂപ മാത്രമാണ്. എന്നാൽ, പ്രകൃതി ദുരന്തങ്ങളിലും, മോശം കാലാവസ്ഥയിലും പെട്ട് വിള നശിച്ചുപോയ കർഷകർക്ക് ഞങ്ങൾ നൽകിയത് 56 ,000 കോടി രൂപയുടെ നഷ്ടപരിഹാരമാണ്. 

9. കർഷകക്ഷേമം :  കൃഷിക്കാരുടെ ആദായം വർധിപ്പിക്കുക എന്നതായിരുന്നു ഞങ്ങളുടെ പ്രഥമലക്ഷ്യം.  മുമ്പൊക്കെ  പരമാവധി ഏഴു ടണ്ണിന്റെ പരിപ്പും, എണ്ണയും സംഭരിച്ചിരുന്നേടത്ത്  ഞങ്ങൾ കർഷകരിൽ നിന്ന് വാങ്ങിയത് 100 ലക്ഷം ടണ്ണാണ്. 

10. പൗരത്വ നിയമ ഭേദഗതി : പലരും ഞങ്ങളോട് ചോദിച്ചത് പൗരത്വ നിയമ ഭേദഗതി കൊണ്ടുവരാൻ എന്തായിരുന്നു ഇത്ര തിടുക്കം, രാജ്യത്തെ നിങ്ങൾ 'ടുക്ഡേ ടുക്ഡേ'(കഷ്ണം കഷ്ണം)   ആക്കാൻ പോവുകയാണോ എന്നാണ്. അങ്ങനെ ചോദിക്കുന്നവർ എന്നും ഈ രാജ്യത്തെ  'ടുക്ഡേ ടുക്ഡേ'(കഷ്ണം കഷ്ണം) ആക്കാൻ വേണ്ടി നടക്കുന്നവർക്കൊപ്പം നിന്ന് ഫോട്ടോ പിടിക്കുന്നവരാണ് എന്നതാണ് വാസ്തവം. 

 

 

Follow Us:
Download App:
  • android
  • ios