Asianet News MalayalamAsianet News Malayalam

ഏത്തമിടീൽ മുതൽ പട്ടിക്കൂട്ടിലടയ്ക്കൽ വരെ, കൊറോണയുടെ പേരിൽ പൊലീസ് ജനങ്ങളെ ഉപദ്രവിക്കുന്നതിന്റെ ലോകകാഴ്ചകൾ

പലപ്പോഴും ജനങ്ങളുടെ വ്യക്തിസ്വാതന്ത്ര്യത്തെ ഹനിക്കുകയും അവരുടെ ആത്മാഭിമാനം വ്രണപ്പെടുത്തുകയും ചെയ്യുന്നതാണ് ഈ പൊലീസ് നടപടികൾ.

from squatting to putting in dog cages, police enforcing lock down world wide attacking citizens
Author
Delhi, First Published Apr 2, 2020, 10:32 AM IST

ഇന്ത്യയടക്കമുള്ള ലോകരാഷ്ട്രങ്ങളിലെ ഭരണകൂടങ്ങൾ അവരുടെ പൗരന്മാർക്ക് നേരെ വളരെ കർശനമായ നടപടികളാണ് കൊവിഡ് നിയന്ത്രണത്തിന്റെ പേരിൽ സ്വീകരിച്ചുകൊണ്ടിരിക്കുന്നത്. പലപ്പോഴും ജനങ്ങളുടെ വ്യക്തിസ്വാതന്ത്ര്യത്തെ ഹനിക്കുകയും അവരുടെ ആത്മാഭിമാനം വ്രണപ്പെടുത്തുകയും ചെയ്യുന്നതാണ് ഈ പൊലീസ് നടപടികൾ.

കൊറോണാവൈറസ് ബാധ പല രാജ്യങ്ങളെയും സമ്പൂർണ്ണ ലോക്ക് ഡൗണിലേക്ക് നയിച്ചിരിക്കുകയാണ്. ലോക്ക് ഡൗണിന്റെ ആദ്യപടി സാമൂഹിക അകലം പാലിക്കൽ ആണ്. അത് ചെയ്യുന്നതിന്റെ ഭാഗമാണ് ജനങ്ങൾ വീടുകളിൽ തന്നെ തുടരണം, തെരുവിലേക്ക് ഇറങ്ങരുത് എന്ന നിയന്ത്രണം. നിർബാധം തെരുവുകളിൽ ഉപജീവനാർത്ഥവും ഉല്ലാസത്തിനായും മറ്റും വീട്ടിൽ നിന്ന് നാട്ടിലേക്കിറങ്ങിയിരുന്ന ജനങ്ങളെ ഒരു സുപ്രഭാതത്തിൽ അദൃശ്യമായ ഒരു വൈറസിന്റെ പേരും പറഞ്ഞ് പുറത്തേക്കിറങ്ങുന്നതിൽ നിന്ന് വിലക്കിയപ്പോൾ, അത് അനുസരിക്കാതിരിക്കാൻ അവരിൽ പലർക്കും തോന്നി. വളരെ വിചിത്രമായ കാരണങ്ങളും പറഞ്ഞുകൊണ്ട് അവർ കാറിലും, ബൈക്കിലും, നടന്നുമൊക്കെയായി കവലകളിലേക്കിറങ്ങി. അവിടെ ചിലർ കൂട്ടം കൂടി നിൽക്കുക പോലും ചെയ്തു. 

ലോക്ക് ഡൗൺ പാലിക്കാൻ ഇന്നതൊക്കെ ചെയ്യണം എന്ന് ജനങ്ങളെ പറഞ്ഞു മനസ്സിലാക്കി, അടുത്ത ദിവസം തിരികെ പട്രോളിങ്ങിനിറങ്ങുമ്പോൾ അതൊന്നും പാലിക്കാതെ വീണ്ടും പഴയപടി തെരുവിലിറങ്ങി നടക്കുന്ന ജനങ്ങളെ കണ്ടപ്പോൾ പോലീസിൽ പലർക്കും കലശലായ കലി വന്നു. അത് അവർ പ്രകടിപ്പിച്ച രീതി പല രാജ്യങ്ങളിലും പല വിധേനയായിരുന്നു. അതാത് രാജ്യത്തിന്റെ പൊലീസിങ് സംസ്കാരം അനുസരിച്ച് അതിന്റെ കാർക്കശ്യവും കാഠിന്യവും ഒക്കെ മാറിയും മറിഞ്ഞുമിരുന്നു.

ഇന്ത്യയിലെ പൊലീസിന് ദേഷ്യം വന്നാൽ ഏറ്റവും ആദ്യം അവരത് പ്രകടിപ്പിക്കുക കയ്യിലിരിക്കുന്ന ലാത്തിയെടുത്ത് കണ്മുന്നിൽ കാണുന്നവന്റെ നടുമ്പുറത്ത് പതിപ്പിച്ചുകൊണ്ടാണ്. അടികൊണ്ട് പൊള്ളിയ പുറവും ചന്തിയുമായി വീട്ടിലേക്ക് വന്ന സ്പീഡിൽ തിരിച്ചോടിയവർ നിരവധിയാണ് ഇവിടെ. എന്നാൽ, എല്ലാ പോലീസും ലാത്തിച്ചാർജ്ജ് നടത്തിയില്ല. കണ്ണൂർ എസ്പി യതീഷ് ചന്ദ്രയുടെ രീതി ഏത്തമിടീൽ ആയിരുന്നു. യുവാവെന്നോ വൃദ്ധനെന്നോ നോട്ടമില്ലാതെ കണ്മുന്നിൽ പെട്ട സകലരെയും എസ്പി പിടിച്ചു നിർത്തി നൂറ് ഏത്തമിടീച്ചു. പലരുടെയും ആത്മാഭിമാനം വ്രണപ്പെട്ടു. മുഖ്യമന്ത്രിക്കുമുന്നിൽ പരാതി ചെന്നു. അദ്ദേഹം അന്വേഷണത്തിന് ഉത്തരവിട്ടു. വിശദീകരണം തേടുകയും ചെയ്തു. 

 

"

ഉത്തരേന്ത്യയിൽ മറ്റുസംസ്ഥാനങ്ങളിൽ നിന്ന് നാട്ടിലേക്കു മടങ്ങി വന്നുകൊണ്ടിരുന്ന കുടിയേറ്റ തൊഴിലാളികളുടെ മേൽ രാസലായനി സ്പ്രേചെയ്ത ജില്ലാ ഭരണകൂടത്തെ നമ്മൾ ഉത്തർപ്രദേശിലെ ബറേലിയിൽ കണ്ടു. അന്ന് ആ രാസവസ്തു കണ്ണിൽ വീണ് അക്കൂട്ടത്തിലെ ചില കുട്ടികൾക്ക് കണ്ണിനു അസ്വസ്ഥത ഉണ്ടായിരുന്നു. സോഡിയം ഹൈപ്പോ ക്ളോറേറ്റ് എന്ന ബ്ലീച്ചിങ് സംയുക്തമാണ് ദില്ലിയിൽ നിന്ന് മടങ്ങി വന്ന ഈ ജോലിക്കാർക്ക് മേൽ ആരോഗ്യവകുപ്പ് ജീവനക്കാർ സ്പ്രേ ചെയ്തത്. 


പലയിടത്തെയും അവസ്ഥ വലിയ കഷ്ടമാണ്. നൂറുകണക്കിന് കിലോമീറ്റർ നടന്ന്, മുംബൈയിൽ നിന്നും, ഡൽഹിയിൽ നിന്നുമൊക്കെ വന്നുകൊണ്ടിരുന്ന തൊഴിലാളികളെ ലോക്ക് ഡൗൺ ലംഘിച്ചു എന്നും പറഞ്ഞ് ഹൈവേയിലൂടെ താവളച്ചാട്ടം ചാടിക്കാനും ശയനപ്രദക്ഷിണം നടത്താനും ഇഴഞ്ഞു പോകാനും പുഷ് അപ്പ് എടുപ്പിക്കാനും ഒക്കെ അവർ മുതിർന്നു. ലോക്ക് ഡൗൺ ലംഘിച്ച ഒരാളുടെ നെറ്റിയിൽ മാർക്കർ കൊണ്ട് " ഞാൻ ലോക്ക് ഡൗൺ ലംഘിച്ചു, എന്നെ സൂക്ഷിക്കുക " എന്നെഴുതിവെപ്പിച്ച പൊലീസിന്റെ വീഡിയോയും നമ്മൾ കണ്ടതാണ്. 

 


ദക്ഷിണാഫ്രിക്കയിലെ പൊലീസ് ലോക്ക് ഡൗൺ ലംഘിച്ചവരെ തെരുവിലൂടെ ഉരുണ്ടു പോകാൻ നിർബന്ധിച്ചു. ചിലരെ തുടർച്ചയായി തവളച്ചാട്ടം ചാടിച്ചു. ചന്തിക്ക് ചവിട്ടുകൊടുത്തു. തെരുവിലിറങ്ങിയ ജനങ്ങൾക്കുനേരെ ജലപീരങ്കി ഉപയോഗിക്കാനും റബ്ബർ ബുള്ളറ്റുകൾ പായിക്കാനും ഒന്നും ദക്ഷിണാഫ്രിക്കൻ പൊലീസ് മടിച്ചില്ല. 

ഫിലിപ്പീൻസ് ആണ് ജനങ്ങളോട് കടുത്ത നടപടികൾക്ക് മുതിർന്ന മറ്റൊരു രാജ്യം. അവിടെ നൂറുകണക്കിന് പേരാണ് അറസ്റ്റുചെയ്യപ്പെട്ടതും, പീഡിപ്പിക്കപ്പെട്ടതും. പരസ്യമായി ജനങ്ങളെ അപമാനിക്കുക എന്നതായിരുന്നു ഫിലിപ്പീൻസ് പൊലീസിന്റെ നയം. പൊതുസ്ഥലങ്ങളിൽ സ്ഥാപിച്ചിട്ടുള്ള പട്ടിക്കൂടുകളിലാടക്കുക, നട്ടപ്പൊരി വെയിലത്ത് റോഡിൽ മുട്ടുകുത്തി ഇരിക്കാൻ നിർബന്ധിക്കുക തുടങ്ങിയവയായിരുന്നു ശിക്ഷകൾ. 
 

from squatting to putting in dog cages, police enforcing lock down world wide attacking citizens

 

മിക്കവാറും കേസുകളിൽ പൊലീസുകാരുടെ ഭാഗത്തുനിന്നുണ്ടായിട്ടില്ല അമിതാവേശം അവരുടെ മേലധികാരികൾ നിശിതമായ ഭാഷയിൽ വിമർശിക്കുകയും, തള്ളിപ്പറയുകയുമാണ് ഉണ്ടായിട്ടുള്ളത്. പലയിടത്തും പൊലീസുകാരുടെ ശാരീരിക പീഡനങ്ങൾക്കെതിരെ അന്വേഷണങ്ങളും പ്രഖ്യാപിക്കപ്പെട്ടു. പലയിടത്തും ജനസാന്ദ്രത ഏറെ കൂടുതലാണ് എന്നതാണ് സാമൂഹിക അകലം പാലിക്കാൻ ജനങ്ങൾക്ക് പ്രയാസമുണ്ടാക്കുന്ന കാര്യം. 

കെനിയയിൽ യാസിൻ ഹുസ്സൈൻ മോയോ എന്ന പതിമൂന്നുകാരനെ ബാലനെ അതുവഴി റോന്തുചുറ്റാനിറങ്ങിയ പൊലീസ് അവന്റെ ബാൽക്കണിയിൽ വെടിവെച്ചിട്ടുകളഞ്ഞു. അവന്റെ മൃതദേഹവും പേറി വിലാപയാത്രയായി നെയ്‌റോബിയുടെ തെരുവുകളിലേക്ക് ഇറങ്ങിയത് ആയിരങ്ങളായിരുന്നു. 

 

from squatting to putting in dog cages, police enforcing lock down world wide attacking citizens

 

മെക്സിക്കോയിൽ അസുഖലക്ഷണങ്ങൾ ഉണ്ടായിട്ട് ക്വാറന്റൈൻ ചെയ്യാൻ മടികാണിക്കുന്നവരെ കാത്തിരിക്കുന്നത് മൂന്നുവർഷം വരെ തടവുശിക്ഷയാണ്. പെറുവിൽ കൊറോണാ വൈറസ് ഹോട്ട് ലൈനിലേക്ക് അനാവശ്യമായി വിളിക്കുന്നവർക്ക് 600 ഡോളർ വരെ പിഴ ഈടാക്കുന്നുണ്ട്. ഹോങ്കോങ്ങിൽ ക്വാറന്റൈൻ ലംഘിച്ചാൽ ആറുമാസം ജയിലും, രണ്ടു ലക്ഷം രൂപ വരെ പിഴയും ശിക്ഷയായി കിട്ടും. സിംഗപ്പൂർ പത്തിലധികം പേർ ഒന്നിച്ചു കൂടുന്നതിനെ കടുത്ത കുറ്റമായി പ്രഖ്യാപിച്ചു കഴിഞ്ഞു. ആറുമാസം തടവും അഞ്ചു ലക്ഷം രൂപ വരെ പിഴയുമാണ് ശിക്ഷ. കൊറോണ വരും മുമ്പുതന്നെ കർശനമായ സാമൂഹിക നിയമങ്ങൾ നിലവിലുള്ള രാജ്യമാണ് സിംഗപ്പൂർ. പൊതുനിരത്തിൽ തുപ്പുന്നവർക്ക് അഞ്ചുലക്ഷം രൂപ പിഴ ഈടാക്കുന്ന രാജ്യമാണിത് എന്നോർക്കുക. 

കൊറോണയുടെ പേരിൽ ഹംഗറിയിൽ മാർച്ച് 11 -ന് അടിയന്തരാവസ്ഥ പ്രഖ്യാപിക്കപ്പെട്ടു. അത് അളവറ്റ അധികാരങ്ങൾ അനന്തകാലത്തേക്ക് പ്രധാനമന്ത്രിയിൽ കേന്ദ്രീകരിച്ചിരിക്കുന്നു. ഇന്ത്യയിൽ 1897 -ലെ എപിഡെമിക് ആക്റ്റ് പല സംസ്ഥാനങ്ങളിലും നടപ്പിലാക്കപ്പെട്ടത് പൊലീസിനും ഭരണകൂടത്തിനും പതിവിൽ കവിഞ്ഞ അധികാരം നൽകിയിട്ടുണ്ട്. കൊവിഡ് 19 -ന്റെ പേരും പറഞ്ഞ് പലയിടത്തും പൊലീസ് ജനത്തിനെതിരെ തികച്ചും ഏകാധിപത്യപരമായ, മനുഷ്യത്വ രഹിതമായ പെരുമാറ്റങ്ങൾ പുറത്തെടുക്കുമ്പോൾ, അത് ജനങ്ങളിൽ നിന്ന് വലിയ പ്രതിഷേധമാണ് വിളിച്ചു വരുത്തുന്നത്. 

Follow Us:
Download App:
  • android
  • ios