ഇതുവരെ അങ്ങനെ ഒരു കാഴ്ച കാണാത്ത നാട്ടുകാർ ഈ കാഴ്ച കണ്ട് ഞെട്ടിപ്പോയി. അതുപോലെ തന്നെ ആയിരുന്നു വീഡിയോ കണ്ട നെറ്റിസൺസിന്റെ അവസ്ഥയും.
ഒരു ദിവസം നമ്മുടെ റോഡുകൾ നിറഞ്ഞ് വൈൻ ഒരു പുഴ പോലെ ഒഴുകുന്നു. ആ അപൂർവ ദൃശ്യത്തിന് സാക്ഷ്യം വഹിക്കുകയാണ് എങ്കിൽ എന്തായിരിക്കും നമ്മുടെ പ്രതികരണം. അതുപോലെ ഒരു സംഭവം അങ്ങ് പോർച്ചുഗലിലും ഉണ്ടായി. പത്താം തീയതി നടന്ന സംഭവത്തിന്റെ ദൃശ്യങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയാണ്.
പ്രദേശത്തെ വൈൻ നിർമ്മാതാക്കളായ ലെവിറ ഡിസ്റ്റിലറിയുടെ ഉടമസ്ഥതയിലുള്ള രണ്ട് കണ്ടെയിനറുകൾ രണ്ട് മില്ല്യൺ ലിറ്റർ വൈനുമായി വരികയായിരുന്നു. അത് തകർന്നതിനെ തുടർന്നാണ് റോഡിലെങ്ങും വൈൻ നിറഞ്ഞത് എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. സാവോ ലോറെൻകോ ഡോ ബെയ്‌റോ പട്ടണവും അതിന്റെ തെരുവുകളുമാണ് വൈനിന്റെ ചുവപ്പ് നിറത്തിൽ മുങ്ങിയത്.
ഇതുവരെ അങ്ങനെ ഒരു കാഴ്ച കാണാത്ത നാട്ടുകാർ ഈ കാഴ്ച കണ്ട് ഞെട്ടിപ്പോയി. അതുപോലെ തന്നെ ആയിരുന്നു വീഡിയോ കണ്ട നെറ്റിസൺസിന്റെ അവസ്ഥയും. കുത്തനെ വളവൊക്കെയുള്ള റോഡിലൂടെയാണ് വൈൻ ഒഴുകുന്നത്. ഒടുവിൽ സംഭവം ഗൗരവമുള്ളതാണ് എന്ന് കണ്ട് പ്രാദേശിക അധികാരികൾക്ക് പരിസ്ഥിതി ജാഗ്രതാ നിർദ്ദേശം നൽകേണ്ടി വന്നു. അടുത്തുള്ള സെർട്ടിമ നദിയെ വൈൻ ഒഴുകിയെത്തി മലിനമാക്കുന്നത് തടയാൻ വേണ്ടി വൈൻ വഴിതിരിച്ചുവിടാനും അവർ പിന്നീട് നിർബന്ധിതരായി. പിന്നാലെ, അനാദിയ ഫയർ ഡിപ്പാർട്ട്‌മെന്റ് ഇടപെട്ട് റോഡ് ബ്ലോക്ക് ചെയ്യുകയും സമീപത്തെ വയലിലേക്ക് വൈൻ തിരിച്ചുവിടുകയും ചെയ്യുകയായിരുന്നു എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.
അപ്രതീക്ഷിതമായി വൈൻ ഒഴുകിയെത്തിയതിന് പിന്നാലെ അടുത്തുള്ള ഒരു വീട്ടിലെ ബേസ്‍മെന്റിൽ വൈൻ നിറഞ്ഞതായി പിന്നീട് അഗ്നിരക്ഷാസേന കണ്ടെത്തി. ലെവിറ ഡിസ്റ്റിലറി പിന്നീട് സംഭവങ്ങളുടെയെല്ലാം ഉത്തരവാദിത്തം ഏറ്റെടുക്കുകയും മാപ്പ് പറയുകയും ചെയ്തു.
