പല കുറ്റകൃത്യങ്ങളും അറിയപ്പെടാതെ പോവാറുണ്ട്. ചിലതിലെ പ്രതികൾ പിടിക്കപ്പെടാതെയും. ഇവിടെ ഒരു കൂട്ടബലാത്സം​ഗക്കേസിലെ മുഖ്യ സൂത്രധാരനും പ്രതിയുമാണ് എന്ന് കരുതുന്നയാൾ 22 വർഷങ്ങൾക്കുശേഷം അറസ്റ്റിലായിരിക്കുകയാണ്. 

1999 -ൽ നടന്ന ഒരു കൂട്ടബലാത്സംഗക്കേസിലെ പ്രതിയെയാണ് ഇപ്പോള്‍ ഒഡീഷയില്‍ അറസ്റ്റ് ചെയ്തിരിക്കുന്നത്. എന്നാല്‍, ഈ ഇരുപത് വര്‍ഷവും അയാള്‍ ഒരു മറയും കൂടാതെ മറ്റുള്ളവരുടെ കണ്‍മുന്നില്‍ തന്നെ ജീവിച്ചുവെന്നതാണ് അദ്ഭുതം. മഹാരാഷ്ട്രയിലെ പൂനെ ജില്ലയിലുള്ള ഒരു വീട്ടിൽ വച്ചാണ് പീഡനക്കേസിലെ പ്രതിയായ ബിബേകാനന്ദ ബിശ്വാലിനെ അറസ്റ്റ് ചെയ്തിരിക്കുന്നത്. പൊലീസെത്തിയപ്പോള്‍ തന്നെ ഇയാള്‍ ഓടിരക്ഷപ്പെടാനൊരു ശ്രമം നടത്തിയിരുന്നു. എന്നാല്‍, പിടികൂടിയപ്പോള്‍ അയാള്‍ പൊലീസിനോട് പറഞ്ഞത് 'എന്നെ ഇവിടെനിന്നും കൊണ്ടുപോകൂ, ഞാനെല്ലാം പറയാം' എന്നായിരുന്നു -ഒഡീഷ പൊലീസിലെ സീനിയര്‍ ഓഫീസറായ സുധാന്‍ഷു സാരംഗി ബിബിസിയോട് പറഞ്ഞു. 

1999 ജനുവരി ഒമ്പതിന് രാത്രി 29 -കാരിയെ കൂട്ടബലാത്സംഗം ചെയ്ത സംഭവത്തിലെ മൂന്ന് പ്രതികളിലൊരാളാണ് ബിശ്വാസ്. എന്നാല്‍, അയാള്‍ ഇപ്പോഴും ഇത് നിഷേധിക്കുകയാണ്. മറ്റ് രണ്ടു പ്രതികളായ പ്രദീപ് കുമാര്‍ സാഹു, ധിരേന്ദ്ര മൊഹന്തി എന്നിവരെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്യുകയും, കുറ്റക്കാരാണെന്ന് കണ്ടെത്തി ജീവപര്യന്തം തടവിന് ശിക്ഷിക്കുകയും ചെയ്തിരുന്നു. സാഹു കഴിഞ്ഞ വര്‍ഷം ജയിലില്‍ വച്ച് തന്നെ മരിച്ചു. 

എന്താണ് സംഭവിച്ചത്

യുവതി ഒരു ജോണലിസ്റ്റ് സുഹൃത്തിനോടൊപ്പം ഭുവനേശ്വറില്‍ നിന്നും കാറില്‍ കട്ടക്കിലേക്ക് വരികയായിരുന്നു. ഡ്രൈവറുമുണ്ടായിരുന്നു. പെട്ടെന്ന് സ്കൂട്ടറില്‍ പോവുകയായിരുന്ന മൂന്ന് ആണുങ്ങള്‍ കാര്‍ തടഞ്ഞു. കോടതി രേഖകളനുസരിച്ച് ഈ പുരുഷന്മാര്‍ ഡ്രൈവറെ തോക്കിന്‍മുനയില്‍ നിര്‍ത്തി കാര്‍ ഒരു ഒഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ടുപോകാന്‍ ഭീഷണിപ്പെടുത്തി. അവിടെവച്ച് നാല് മണിക്കൂറില്‍ കൂടുതല്‍ യുവതി ക്രൂരമായി പീഡിപ്പിക്കപ്പെട്ടു. അവളേയും സുഹൃത്തിനേയും ഭീഷണിപ്പെടുത്തുകയും മര്‍ദ്ദിക്കുകയും അവരുടെ കയ്യിലുണ്ടായിരുന്ന വിലപ്പെട്ടതെല്ലാം തട്ടിയെടുക്കുകയും ചെയ്തിരുന്നു പ്രതികൾ. 

ഇത് പ്രധാന വാര്‍ത്തയായി. പീഡിപ്പിക്കപ്പെട്ട യുവതി ഒഡീഷ മുഖ്യമന്ത്രി ജെബി പട്നായിക്ക് ഉള്‍പ്പടെയുള്ള ചില പ്രധാന വ്യക്തികള്‍ക്കെതിരെ ആരോപണമുന്നയിച്ചിരുന്നു. ഇത് വാര്‍ത്തയെ ഒന്നുകൂടി ​ഗൗരവമുള്ളതാക്കി. 18 മാസം മുമ്പ് താനൊരു ഉദ്യോഗസ്ഥനെതിരെ പീഡനശ്രമത്തിന് പരാതി നല്‍കിയിരുന്നു. അവര്‍ക്കും ഈ പീഡനത്തില്‍ പങ്കുണ്ട്. ഉദ്യോഗസ്ഥനെതിരെയുള്ള കേസ് പിന്‍വലിപ്പിക്കാനുള്ള ഭീഷണിശ്രമമാണ് ഈ പീഡനമെന്നും യുവതി ആരോപിച്ചു. എന്നാല്‍ പട്നായിക് പറഞ്ഞത് 'ഇത് വെറും രാഷ്ട്രീയ ഗൂഢാലോചനയാണ്' എന്നാണ്. പക്ഷേ, ഒരുമാസം കഴിഞ്ഞപ്പോള്‍ പട്നായിക് രാജിവച്ചു. കേസ് വേണ്ട രീതിയില്‍ കൈകാര്യം ചെയ്യാത്തതാണ് രാജിക്ക് കാരണമായത് എന്നാണ് അന്ന് മാധ്യമങ്ങള്‍ പറഞ്ഞത്. ഒരു വര്‍ഷം കഴിഞ്ഞപ്പോള്‍ ആ ഉദ്യോഗസ്ഥന്‍ പീഡനശ്രമം നടത്തിയെന്ന് തെളിയുകയും മൂന്ന് വര്‍ഷത്തേക്ക് ശിക്ഷിക്കപ്പെടുകയും ചെയ്തു. 

കൂട്ടബലാത്സംഗ കേസ് അന്വേഷിക്കാന്‍ സിബിഐ -യെ ചുമതലപ്പെടുത്തി. പക്ഷേ, ഇതിന്‍റെ പിന്നിലെ സൂത്രധാരനും യുവതിയെ ക്രൂരമായി ഏറ്റവുമധികം ഉപദ്രവിച്ചയാളുമെന്ന് കരുതപ്പെടുന്ന ബിബേകാനന്ദ ബിശ്വാല്‍ അറസ്റ്റ് ചെയ്യപ്പെട്ടില്ല എന്ന് മാത്രമല്ല അയാള്‍ക്ക് പിന്നാലെ ഒരു അന്വേഷണം പോലുമുണ്ടായില്ല. കേസ് പതിയെ തണുത്തു. കേസ് ഫയലുകള്‍ കട്ടക് പൊലീസ് സ്റ്റേഷനില്‍ പൊടിപിടിച്ചു കിടന്നു.

ഓപ്പറേഷന്‍ സയലന്‍റ് വൈപ്പര്‍

നവംബര്‍ മാസത്തില്‍ മറ്റൊരു കേസിന്‍റെ ആവശ്യത്തിനായി സാരംഗി ചൗദ്വാര്‍ ജയില്‍ സന്ദര്‍ശിക്കുകയുണ്ടായി. അവിടെവച്ച് കേസിലെ പ്രതിയായ മൊഹന്തിയെ കണ്ടു. 'അയാളോട് സംസാരിക്കുമ്പോഴാണ് പ്രതികളിലൊരാള്‍ ഒരിക്കലും പിടിക്കപ്പെട്ടില്ലല്ലോ എന്ന് ഞാനോര്‍ക്കുന്നത്. പിറ്റേന്ന് ഓഫീസിലെത്തിയപ്പോള്‍ ഞാനാ ഫയലുകളെല്ലാം ഒന്നുകൂടി വായിച്ചുനോക്കി. അത് വായിച്ചു കഴിഞ്ഞപ്പോള്‍ അയാളെന്തായാലും അറസ്റ്റ് ചെയ്യപ്പെടണമെന്ന് എനിക്ക് തോന്നി. അയാൾ ചെയ്തത് അതിക്രൂരമായൊരു കുറ്റമായിരുന്നു.' സാരംഗി പറഞ്ഞതായി ബിബിസി എഴുതുന്നു.

ഭുവനേശ്വറിലെയും കട്ടക്കിലെയും പൊലീസ് കമ്മീഷണറായിരുന്നു സാരംഗി. അദ്ദേഹം ആ കേസ് വീണ്ടും ആരംഭിക്കുകയും അതിന് ഓപ്പറേഷന്‍ സയലന്‍റ് വൈപ്പറെന്ന് പേര് നല്‍കുകയും ചെയ്തു. കേസന്വേഷിക്കുന്നതിനായി ഒരു നാലംഗ പൊലീസ് സംഘത്തെ നിയമിക്കുകയും ചെയ്തു. അവര്‍ക്കല്ലാതെ വേറൊരാള്‍ക്കും കേസിനെ കുറിച്ച് അറിയില്ലായിരുന്നു. 

എങ്ങനെ ബിശ്വാലിനെ കണ്ടെത്തി

'ഫെബ്രുവരി 19 -ന് അഞ്ചരയ്ക്ക് എനിക്ക് മനസിലായി നമ്മള്‍ കണ്ടെത്തിയിരിക്കുന്നത് അയാളെ തന്നെയാണ് എന്ന്. അങ്ങനെ ഞങ്ങളുടെ മൂന്ന് ഓഫീസര്‍മാര്‍ പൂനെയിലേക്ക് ഫ്ലൈറ്റ് കയറി. പിറ്റേന്ന് മഹാരാഷ്ട്ര പൊലീസും ഒറീസ പൊലീസും ചേര്‍ന്ന് നടത്തിയ റെയ്ഡില്‍ അയാള്‍ അറസ്റ്റ് ചെയ്യപ്പെട്ടു' സാരം​ഗി പറയുന്നു. പൊലീസിന് മൂന്നുമാസം വേണ്ടിവന്നു എന്തെങ്കിലും തുമ്പ് കണ്ടെത്താനും പദ്ധതി തയ്യാറാക്കി അയാളെ അറസ്റ്റ് ചെയ്യാനും. അന്വേഷണം ആരംഭിച്ചപ്പോഴാണ് അയാള്‍ അയാളുടെ ഭാര്യയും രണ്ട് ആണ്‍മക്കളുമടങ്ങുന്ന വീട്ടുകാരുമായി ബന്ധപ്പെടുന്നുണ്ട് എന്ന് നമുക്ക് മനസിലായത്. കുടുംബം അയാളുടെ പേരിലുള്ള ഒരു കഷ്ണം സ്ഥലം വില്‍ക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് അയാള്‍ പിടിയിലായത്. 

പൊലീസ് ആ കുടുംബത്തിന്‍റെ സാമ്പത്തിക ഇടപാടുകള്‍ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. ബിശ്വാലിന്‍റെ ഭാര്യയ്ക്കോ ആണ്‍മക്കള്‍ക്കോ ജോലിയോ പറയാനൊരു വരുമാന സ്രോതസോ ഉണ്ടായിരുന്നില്ല. എന്നിട്ടും അവരുടെ അക്കൌണ്ടിലേക്ക് കൃത്യമായി പണം വരുന്നത് സാരംഗിയും സംഘവും ശ്രദ്ധിച്ചു കൊണ്ടിരുന്നു. പൂനെയിലുള്ള ജലന്ദര്‍ സ്വെയിന്‍ എന്നൊരാളുടെ അക്കൌണ്ടില്‍ നിന്നുമായിരുന്നു പണം വന്നുകൊണ്ടിരുന്നത്. 

എന്നാല്‍, ബിശ്വാല്‍ അറസ്റ്റിലായപ്പോള്‍ മുതല്‍ 22 വര്‍ഷമായി അയാളുമായി യാതൊരു ബന്ധവുമില്ലെന്ന് ആവര്‍ത്തിച്ചു കൊണ്ടിരിക്കുകയാണ് ഭാര്യ. "കൂട്ടബലാത്സംഗത്തിന് ശേഷം ഒളിവിൽ പോയ ഇയാൾ ഞങ്ങളെ ഫോണിലൂടെ ബന്ധപ്പെടുകയോ രഹസ്യമായി ഞങ്ങളുടെ വീട് സന്ദർശിക്കുകയോ ചെയ്തിട്ടില്ല” അവർ ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു. അതുപോലെ തന്നെ പണം അയച്ചുതരുന്നുവെന്നതും അവര്‍ നിഷേധിച്ചു. പക്ഷേ, ജലന്ദര്‍ സ്വെയിന്‍ ആരാണെന്നോ, അയാളെങ്ങനെയാണ് അവർക്ക് പണമയക്കുന്നത് എന്ന ചോദ്യത്തിനോ അവര്‍ മറുപടി നല്‍കാന്‍ വിമുഖത കാണിച്ചു. 

'ഇന്ത്യ ഒരു വലിയ രാജ്യമാണ്. ബിശ്വാലിന് ഒരു തൊഴില്‍ കണ്ടെത്താനായി. അയാള്‍ക്ക് ബാങ്ക് അക്കൌണ്ട് ഉണ്ട്. പാന്‍ കാര്‍ഡും ആധാര്‍ കാര്‍ഡുമുണ്ട്' -സാരംഗി പറയുന്നു. 2007 മുതൽ, പൂനെ ജില്ലയിലെ ആമ്പി വാലിയിലെ തൊഴിലാളികളുടെ ബാരക്കുകളിലാണ് അയാള്‍ താമസിച്ചിരുന്നത് - ഇന്ത്യയിലെ ചില അതിസമ്പന്നരുടെ ആവാസ കേന്ദ്രമായ ഈ സ്ഥലം - ബിശ്വാലിന്‍റെ സ്വന്തം ഗ്രാമത്തിൽ നിന്ന് 1,740 കിലോമീറ്റർ അകലെയാണ്. ബിശ്വാല്‍ അവിടെ പ്ലംബറായി ജോലി നോക്കുകയും പുതിയൊരു പേരും വ്യക്തിത്വവും തന്നെ സ്വീകരിക്കുകയും ചെയ്തു. 'ആമ്പി വാലിയിലെ 14,000 തൊഴിലാളികളിലൊരാളായിരുന്നു അയാളും. അയാള്‍ അവരോടൊപ്പം കഴിയുകയും ഒരു സംശയത്തിന് പോലും ഇട നല്‍കാതെ ജീവിക്കുകയും ചെയ്തു -ഒരു അണലിയെപ്പോലെ' എന്നാണ് സാരംഗി പറഞ്ഞത്. അയാളുടെ ആധാര്‍ കാര്‍ഡില്‍ ജലന്ദര്‍ സ്വെയിന്‍ എന്നാണ് പേര് നല്‍കിയിരുന്നത്. പിതാവിന്‍റെ പേരിന്‍റെ സ്ഥാനത്ത് പൂര്‍ണാനന്ദ ബിശ്വാല്‍ എന്നും പേര് നല്‍കിയിരുന്നു. എന്നാല്‍, ഗ്രാമത്തിന്‍റെ പേര് കൃത്യമായി തന്നെയാണ് നല്‍കിയിരുന്നത്. എന്നാല്‍, പൊലീസന്വേഷണത്തില്‍ അങ്ങനെയൊരു പേരുകാരന്‍ ആ ഗ്രാമത്തില്‍ ഇല്ല എന്ന് കണ്ടെത്തി. 

താന്‍ ബലാത്സംഗം നടത്തിയെന്നത് ബിശ്വാല്‍ നിഷേധിച്ചു. എന്നാല്‍, ശരിക്കും താന്‍ ആരാണ് എന്നത് വെളിപ്പെടുത്തി. അയാളുടെ ഭാര്യയടക്കം പലരും അയാളെ തിരിച്ചറിഞ്ഞു. അയാളെ കൂടുതല്‍ അന്വേഷണത്തിനായി സിബിഐ -ക്ക് കൈമാറി. അയാളെ തിങ്കളാഴ്ച കോടതിയില്‍ ഹാജരാക്കി. അയാളെ കുറിച്ച് സാരംഗി തരുന്ന വിവരം അമ്പത് വയസുള്ള കണ്ടാല്‍ സാധാരണക്കാരനായ ഒരാളെന്നാണ്. 

ഇനിയെന്ത് സംഭവിക്കും

ഇയാള്‍ അറസ്റ്റിലായി എങ്കിലും ഒരുപാട് ചോദ്യങ്ങള്‍ക്ക് ഇനിയും ഉത്തരം കണ്ടെത്തേണ്ടതുണ്ട്. എങ്ങനെയാണ് അയാള്‍ രക്ഷപ്പെട്ടത്. 2007 വരെ ഇയാള്‍ എവിടെയായിരുന്നു. ഇത്രകാലം എങ്ങനെ പിടിക്കപ്പെടാതെ ജീവിച്ചു. എങ്ങനെ ജോലി കണ്ടെത്തി. ആരെങ്കിലും ഇയാളെ സഹായിക്കാനുണ്ടായിരുന്നോ തുടങ്ങി ഒരുപാട് ചോദ്യങ്ങളുണ്ട്. കാരണം, പീഡിപ്പിക്കപ്പെട്ട യുവതി സമൂഹത്തിലെ പ്രധാന വ്യക്തികളടക്കം പലര്‍ക്കും നേരെ സംശയം ഉന്നയിച്ചിട്ടുണ്ട്. അതുപോലെ തന്നെ ഒരുപാട് വെല്ലുവിളികളും കേസിലുണ്ട്. യുവതി ഇയാളെ തിരിച്ചറിയണം. പക്ഷേ, 20 വര്‍ഷത്തിന് മുമ്പാണ് അതിക്രമം നടന്നത്. ഏതായാലും കേസിൽ വാദം നടക്കും. 'അയാള്‍ മരണം വരെ ജയിലില്‍ കിടക്കണം. അയാളുടെ മൃതദേഹം മാത്രമേ ഇവിടെനിന്നും പുറത്തേക്ക് പോകാന്‍ പാടുള്ളൂ' എന്ന് സാരംഗി പറയുന്നു. 

യുവതി സാരംഗിക്കും സംഘത്തിനും നന്ദി അറിയിച്ചു. എനിക്ക് നീതി തേടിത്തന്ന സാരംഗിക്കും സംഘത്തിനും നന്ദി എന്നാണവര്‍ പ്രതികരിച്ചത്. ബിശ്വാലിന് വധശിക്ഷ തന്നെ കിട്ടണമെന്നാണ് ആഗ്രഹമെന്നും അവര്‍ പറഞ്ഞു. 'അയാള്‍ അറസ്റ്റ് ചെയ്യപ്പെടുമെന്ന് ഒട്ടും കരുതിയിരുന്നില്ല. ഒടുവിലത് സംഭവിച്ചു. അവസാനം ആശ്വാസവും സമാധാനവുമായി' എന്നും അവര്‍ ഒരു ലോക്കല്‍ ടിവിയോട് പറഞ്ഞു.

(ചിത്രം പ്രതീകാത്മകം)