65 -കാരി തന്‍റെ കുടുംബാംഗങ്ങളുടെ സഹായത്തോടെ നടത്തിയിരുന്നത് 930 കോടിയുടെ മയക്കുമരുന്ന് സാമ്രാജ്യം. 

ലോകത്ത് മയക്കുമരുന്ന് സാമ്രാജ്യങ്ങൾ നടത്തിയിരുന്ന പുരുഷന്മാരുടെ നിരവധി കഥകൾ നമ്മൾ കേട്ടിട്ടുണ്ട്. എന്നാല്‍ ഇംഗ്ലണ്ടിൽ നിന്നും കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്ത 65 -കാരി ഡെബോറ മേസൺ സ്വന്തം കുടുംബത്തെ ഉപയോഗിച്ച് നടത്തിയത് 930 കോടിയുടെ മയക്കുമരുന്ന് സാമ്രാജ്യം. അതും ആര്‍ക്കും ഒരു സംശയവും ഇല്ലാതെ. ഇംഗ്ലണ്ടിലുടനീളം പ്രവർത്തിക്കുന്ന ഒരു കുറ്റകൃത്യ കുടുംബത്തിലെ മുത്തശ്ശിയാണ് ഡെബോറ മേസൺ എന്ന് പോലീസുകാര്‍ പറയുന്നു. ഇവരോടൊപ്പം കുടുംബത്തിലെ എട്ട് പേരെയും പോലീസ് അറസ്റ്റ് ചെയ്തു. ഇംഗ്ലണ്ടില്‍ അറസ്റ്റ് ചെയ്യപ്പെടുന്ന ഏറ്റവും വലിയ മയക്കുമരുന്ന ശൃംഖലയാണ് ഡെബോറ മേസണന്‍റെത്.

2023 ഏപ്രിലിലാണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്. ഇംഗ്ലണ്ടിലെ എസെക്സിലെ ഹാർവിച്ച് തുറമുഖത്തിനടുത്ത് നിന്നും പ്രായമായ ഒരു സ്ത്രീ കുറച്ച് പെട്ടികളെടുത്ത് വാടക കാറില്‍ കയറ്റി പോയി. രഹസ്യ പോലീസ് ഇവരെ പിന്തുടര്‍ന്നു. ഇപ്സ്വിച്ചില്‍ വച്ച് ഇവര്‍ പെട്ടികൾ മറ്റൊരാൾക്ക് കൈമാറി. സംശയാസ്പദമായി ഒന്നുമില്ലെങ്കിലും ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു രഹസ്യ പോലീസിന്‍റെ നിരീക്ഷണം. ആ സംഭവത്തില്‍ നിന്നുള്ള അന്വേഷണം എത്തിനിന്നത് 'ഗ്യാങ്സ്റ്റ ഡബാസ്' എന്നും 'ക്വീന്‍ ബീ' എന്നും അറിയപ്പെട്ടിരുന്ന ഡെബോറ മേസണിന്‍റെ എട്ടംഗ കുടുംബത്തില്‍.

അന്വേഷണം വ്യാപിച്ചപ്പോൾ ഞെട്ടിയത് പോലീസ്. തന്‍റെ നാല് മക്കളെയും സഹോദരിയെയും കുടുംബത്തിലെ ഏറ്റവും അടുത്ത ബന്ധുക്കളെയും ഉൾപ്പെടുത്തിയായിരുന്നു ഡെബോറ മേസൺ തന്‍റെ 920 കോടിയുടെ മയക്കുമരുന്ന് സാമ്രാജ്യം പടുത്തുയര്‍ത്തിയത്. രാജ്യം മുഴുവനും കൊക്കൈയ്ന്‍ വില്പനയ്ക്കായി ഇറങ്ങിത്തിരിച്ചതും ഇതേ കുടുംബാംഗങ്ങൾ. കച്ചവടം മയക്കുമരുന്ന്. അത്യാഡംബര ജീവിതം. ഏറ്റവും വില കൂടിയ ബ്രാന്‍ഡഡ് ഉത്പന്നങ്ങളായിരുന്നു പോലീസിന് ഇവരുടെ വീട്ടില്‍ നിന്നും പിന്നീട് കണ്ടെത്തിയത്. ഏതാണ്ട് ഒരു വര്‍ഷം നീണ്ട രഹസ്യമായ അന്വേഷണം. ഏഴ് മാസത്തോളം നീണ്ട വീട് നിരീക്ഷണം എന്നിവയ്ക്ക് ഒടുവില്‍ ബ്രീട്ടീഷ് പോലീസ് ഡെബോറ മേസണെയും അവരുടെ മയക്കുമരുന്ന് കുടുംബത്തെയും അറസ്റ്റ് ചെയ്തു. 65 -കാരി ഡെബോറ മേസണിന് 20 വര്‍ഷത്തെ തടവാണ് കോടതി വിധിച്ചത്. സംഘത്തിലെ മറ്റ് അംഗങ്ങൾക്ക് 10 മുതല്‍ 15 വർഷം വരെ തടവ് ശിക്ഷയും ലഭിച്ചു.