ഇരുവരും ഒരുമിച്ച് ഫേഷ്യൽ ചെയ്തതിന്റെയും ചുംബനം പങ്ക് വയ്ക്കുന്നതിന്റെയും വിവാഹമോതിരം എന്ന് തോന്നിക്കുന്ന മോതിരങ്ങളുടേയും ചിത്രങ്ങൾ പങ്കുവച്ചു.

സ്വവർ​ഗാനുരാ​ഗികൾക്കനുകൂലമായ നിയമങ്ങൾ പല രാജ്യങ്ങളും പാസാക്കിയിട്ടുണ്ട്. എങ്കിലും ഇപ്പോഴും അവർക്കെതിരെയുള്ള സമൂഹത്തിന്റെ ചിന്താ​ഗതിയിൽ വലിയ മാറ്റമൊന്നും ഇല്ല. അതുകാരണം തന്നെ അർമേനിയയിൽ സ്വവർ​ഗാനുരാ​ഗികളായ രണ്ട് യുവാക്കൾ കഴിഞ്ഞ ആഴ്ച ആത്മഹത്യ ചെയ്തിരിക്കുകയാണ്. ആത്മഹത്യ ചെയ്യുന്നതിന് തൊട്ടുമുമ്പ് ഇരുവരും പങ്കുവച്ച അവസാനത്തെ ചുംബനത്തിന്റെ ചിത്രം ആളുകളിൽ വലിയ വേദനയാവുകയാണ്. 

ആർസൻ, ടൈ​ഗ്രാൻ എന്ന രണ്ട് യുവാക്കൾ കഴിഞ്ഞയാഴ്ച യെരേവാൻ തലസ്ഥാനത്തുള്ള 301 അടി വരുന്ന ഡേവിറ്റാഷെൻ പാലത്തിൽ നിന്നും ചാടി ആത്മഹത്യ ചെയ്യുകയായിരുന്നു എന്ന് 'പിങ്ക് അർമേനിയ' എന്ന സംഘടന വെളിപ്പെടുത്തി. ഒക്ടോബർ 20 -ന് ഒരുമിച്ച് ആത്മഹത്യ ചെയ്യുന്നതിന് മുമ്പായി ഇരുവരും വേദനാജനകമായ ഒരു പോസ്റ്റ് ഇൻസ്റ്റ​ഗ്രാമിൽ പങ്കിട്ടിരുന്നു. അതിൽ, 'ഹാപ്പി എൻഡ്, ചിത്രങ്ങൾ പങ്കുവയ്ക്കാനും അതിന് ശേഷമുള്ള പ്രവൃത്തി ചെയ്യാനും ഞങ്ങൾ ഒരുമിച്ച് തീരുമാനം എടുത്തിരിക്കുന്നു' എന്ന് എഴുതിയിരുന്നു. 

ഇരുവരും ഒരുമിച്ച് ഫേഷ്യൽ ചെയ്തതിന്റെയും ചുംബനം പങ്ക് വയ്ക്കുന്നതിന്റെയും വിവാഹമോതിരം എന്ന് തോന്നിക്കുന്ന മോതിരങ്ങളുടേയും ചിത്രങ്ങൾ പങ്കുവച്ചു. അതിൽ ഒരു യുവാവിന് പതിനാറോ പതിനേഴോ വയസാണ് എന്നും രണ്ടാമന് അതിലും കുറച്ച് പ്രായം കൂടുമെന്നും കരുതുന്നു. ഇരുവരുടെയും മാതാപിതാക്കൾ ഈ ബന്ധം അം​ഗീകരിച്ചിരുന്നില്ല എന്നും മരിക്കുന്നതിന് തൊട്ടുമുമ്പും ഇരുവർക്കും ഭീഷണി നേരിടേണ്ടി വന്നിരുന്നു എന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. 

'ഈ യുവാക്കൾക്ക് ഇനിയും ഒരുപാട് ജീവിതം ബാക്കിയുണ്ടായിരുന്നു. എന്നാൽ, അവരോടുള്ള അക്ഷമ കാരണം അവർക്ക് ഇങ്ങനെ ഒരു ദുരന്തം തെരഞ്ഞെടുക്കേണ്ടി വന്നു. എൽജിബിടി ആളുകൾ സമൂഹത്തിൽ നിന്നും കുടുംബത്തിൽ നിന്നും നിരന്തരം ഒറ്റപ്പെടലും തെറ്റിദ്ധാരണകളും നേരിടുന്നു. ഈ സംഭവം സൂചിപ്പിക്കുന്നത് അർമേനിയയിൽ രാജ്യമോ സമൂഹമോ എൽജിബിടിക്യു ആയിട്ടുള്ള ആളുകളെ സംരക്ഷിക്കുന്നില്ല എന്നാണ്' എന്ന് പിങ്ക് അർമേനിയ കുറിച്ചു. യുവാക്കൾ മരിച്ച വാർത്തയ്ക്ക് പിന്നാലെ ആളുകൾ അവരുടെ ഇൻസ്റ്റ​ഗ്രാമിൽ ഹോമോഫോബിക് ആയിട്ടുള്ള കമന്റുകൾ നിറയെ എഴുതുകയാണ് എന്നും പിങ്ക് അർമേനിയ ചൂണ്ടിക്കാണിക്കുന്നു. 

2003 -ലാണ് അർമേനിയയിൽ ഹോമോസെക്ഷ്വാലിറ്റി കുറ്റമല്ലാതാക്കിയത്. എന്നാൽ, എൽ‌ജിബിടിക്യു കമ്മ്യൂണിറ്റിയിലെ പലരും തങ്ങളുടെ ഐഡന്റിറ്റിയും ബന്ധങ്ങളും സമൂഹത്തെ പേടിച്ച് ഇപ്പോഴും രഹസ്യമായി തന്നെ സൂക്ഷിക്കുകയാണ്. 

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുള്ളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: 1056, 0471-2552056)