കഴിഞ്ഞ വർഷം സെപ്‌റ്റംബറോടെ, ലോങ്‌ഷൂവിന്റെ അതിർത്തിയിലുള്ള നിയന്ത്രണ പോയിന്റുകളിലേക്ക് അരയന്നങ്ങളെ വിന്യസിച്ചിരുന്നു. ഇപ്പോൾ എല്ലാ ബോർഡർ കൺട്രോൾ ടീമിലും കുറഞ്ഞത് ഒരു ജോടി അരയന്നങ്ങളെങ്കിലുമുണ്ട്. 

സാധാരണയായി കുറ്റവാളികളെ പിടിക്കാനും, സ്ഫോടകവസ്തുക്കൾ കണ്ടെത്താനും പരിശീലനം നേടിയ നായ്ക്കളെയാണ് പൊലീസ് സേന ഉപയോഗിക്കാറുള്ളത്. എന്നാൽ, ഇപ്പോൾ ചൈനയുടെ അതിർത്തിയിലെ അനധികൃത കുടിയേറ്റക്കാരെ കണ്ടെത്തുന്നതിനും, സ്ഫോടകവസ്തുക്കളുടെ സാന്നിധ്യം തിരിച്ചറിയുന്നതിനുമായി നായ്ക്കൾക്ക് പകരം, അരയന്നങ്ങളെ ഉപയോഗിക്കുകയാണ് പൊലീസ്. വിയറ്റ്നാമിനോട് ചേർന്ന് കിടക്കുന്ന ചൈനയുടെ അതിർത്തിയായ ലോങ്‌ഷൗ കൗണ്ടി(Longzhou County)യിലെ അതിർത്തി നിയന്ത്രണ പോയിന്റുകളിലാണ് കഴിഞ്ഞ ആറ് മാസമായി ഇവയെ വിന്യസിച്ചിരിക്കുന്നത്.

കൊവിഡ് -19 വ്യാപനം തടയുന്നതിനുള്ള ചൈനയുടെ തന്ത്രത്തിന്റെ ഭാഗമായി, അതിർത്തിയിൽ രാജ്യം പട്രോളിംഗ് ശക്തമാക്കിയിരിക്കയാണ്. അനധികൃത കുടിയേറ്റം തടയാൻ രാജ്യം ശക്തമായി തന്നെ ശ്രമിക്കുന്നുവെങ്കിലും, നീണ്ട അതിർത്തിയുള്ള ചൈനയിൽ ആളുകളെ അകറ്റി നിർത്താൻ അത്ര എളുപ്പമല്ല. രാജ്യത്തിന്റെ സങ്കീർണമായ ഭൂമിശാസ്ത്രവും, നിരവധി മറഞ്ഞിരിക്കുന്ന പാതകളും കുടിയേറ്റ നിയന്ത്രണത്തിൽ വെല്ലുവിളികളാകുന്നു. വിയറ്റ്നാമിനോട് ചേർന്നിരിക്കുന്ന കൗണ്ടിക്ക് 184 കിലോമീറ്റർ കര അതിർത്തിയും 22 കിലോമീറ്റർ നദി അതിർത്തിയുമുണ്ട്. അതുകൊണ്ട് തന്നെ, കഴിഞ്ഞ വേനൽക്കാലം മുതൽ, അവിടെ പുതിയ കാവൽക്കാരെ പൊലീസ് സേന നിയമിച്ചു, അരയന്നങ്ങള്‍.

കഴിഞ്ഞ വർഷം ജൂണിൽ, കുടിയേറ്റം തടയുന്നതിനുള്ള ഒരു മാർഗമായി അരയന്നങ്ങളെ ഇറക്കി ലോങ്‌ഷൗ കൗണ്ടി ഒരു പരീക്ഷണം നടത്തിയിരുന്നു. അതിന്റെ ഫലങ്ങൾ അതിശയിപ്പിക്കുന്നതായിരുന്നു എന്ന് റിപ്പോർട്ടുകൾ പറയുന്നു. അപരിചിതരോടും അസാധാരണമായ ശബ്ദങ്ങളോടും നായ്ക്കളേക്കാളും കൂടുതൽ ജാഗ്രത അവ പുലർത്തുന്നു. അനധികൃതമായി രാജ്യത്ത് പ്രവേശിക്കാൻ ശ്രമിക്കുന്ന നിരവധി ആളുകളെ പിടികൂടാൻ അതിർത്തി ഏജന്റുമാരെ അരയന്നങ്ങള്‍ സഹായിക്കുന്നു.

ശബ്ദങ്ങളോട് സംവേദനക്ഷമതയുള്ളവയാണ് അരയന്നങ്ങള്‍. അസാധാരണമായ എന്തെങ്കിലും കേൾക്കുകയോ അപരിചിതരെ കാണുകയോ ചെയ്താൽ അത് ഉച്ചത്തിൽ ശബ്ദം ഉണ്ടാക്കും. അതീവ ജാഗ്രതയുള്ളവരും, മികച്ച കേൾവിയുള്ളവരുമായ അരയന്നങ്ങള്‍ നായ്ക്കളെക്കാളും വേഗത്തിൽ കുറ്റകൃത്യങ്ങൾ കണ്ടെത്തുമെന്ന് കൗണ്ടിയിലെ പൊലീസ് മേധാവി ഷാങ് ക്വാൻഷെംഗ് പത്രത്തോട് പറഞ്ഞു. കൂടാതെ, അവ വളരെ ധൈര്യശാലികളാണ്. ഏത് അപരിചിതനെ കണ്ടാലും അവ ചിറകു വിരിച്ച് ആക്രമിക്കാൻ പാഞ്ഞു ചെല്ലും. വീടുകളിലായാലും അവ
നായ്ക്കളെക്കാൾ ഉപയോഗപ്രദമാണ്. വീട്ടുകാർ സാധാരണയായി ഒരു നായയെ മാത്രമാണ് വളർത്തുന്നത്. ഒരു കള്ളൻ നായയെ കൊല്ലാൻ വിഷം കലർന്ന ബൺ കൊടുത്താൽ, തീർന്നു. എന്നാൽ അരയന്നങ്ങള്‍ സാധാരണയായി കൂട്ടമായാണ് നടക്കുന്നത്. ഇരുട്ടിൽ അവയ്ക്ക് കണ്ണ് കാണാനും പ്രയാസമാണ്. അതിനാൽ അരയന്നങ്ങള്‍ക്ക് വിഷം നൽകാൻ വളരെ ബുദ്ധിമുട്ടാണ്" അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ വർഷം സെപ്‌റ്റംബറോടെ, ലോങ്‌ഷൂവിന്റെ അതിർത്തിയിലുള്ള നിയന്ത്രണ പോയിന്റുകളിലേക്ക് അരയന്നങ്ങളെ വിന്യസിച്ചിരുന്നു. ഇപ്പോൾ എല്ലാ ബോർഡർ കൺട്രോൾ ടീമിലും കുറഞ്ഞത് ഒരു ജോടി അരയന്നങ്ങളെങ്കിലുമുണ്ട്. ചൈന ന്യൂസ് അനുസരിച്ച്, രണ്ട് അരയന്നങ്ങള്‍, ഒരു നായ, രണ്ട് അതിർത്തി നിവാസികൾ ചേർന്നതാണ് കൗണ്ടിയിലെ സ്റ്റാൻഡേർഡ് ബോർഡർ കൺട്രോൾ ടീം. അരയന്നങ്ങളെ വിന്യസിച്ചതോടെ കള്ളക്കടത്തും കുടിയേറ്റവും കുറഞ്ഞിട്ടുണ്ട് എന്നാണ് റിപ്പോർട്ട്. 300 -ലധികം അതിർത്തി പകർച്ചവ്യാധി പ്രതിരോധ നിയന്ത്രണ ചെക്ക്‌പോസ്റ്റുകൾക്കിടയിൽ നിലവിൽ 400 നായ്ക്കളും 500 അരയന്നങ്ങളുമുണ്ട്. അരയന്നങ്ങളുടെ എണ്ണം ഇനിയും വർദ്ധിക്കുമെന്ന് പ്രതീക്ഷിക്കുന്നു.