ശനിയാഴ്ചകളിൽ ജോലി ചെയ്യാൻ കഴിയില്ലെന്ന് അഭിമുഖത്തിനെത്തിയ യുവാവ് പറഞ്ഞപ്പോൾ, 'നിങ്ങളുടെ ഈ പ്രായത്തിൽ ഇങ്ങനെ പറയുന്നത് മടിയല്ലേ?' എന്നായിരുന്നു അഭിഷേക് തിരികെ ചോദിച്ചത്. എന്നാൽ, യാതൊരു ഭയവുമില്ലാതെ യുവാവിന്റെ തകർപ്പൻ മറുപടി ഇങ്ങനെയായിരുന്നു; 'സർ, എനിക്ക് ഓഫീസിന് പുറത്തും ഒരു ജീവിതമുണ്ട്.'
മിക്ക ഇന്ത്യൻ കമ്പനികളിലും അധികനേരവും വീക്കെൻഡിലുമൊക്കെ ജോലി ചെയ്യേണ്ടി വരുന്നത് ആരും എതിർക്കാറില്ല. എന്നാൽ, കാലം മാറി. ജെൻ സി ജോലിക്കെത്തി തുടങ്ങിയതോടെ തൊഴിലിടങ്ങൾക്കും പുതിയ മാറ്റങ്ങൾ അംഗീകരിക്കേണ്ടി വന്നു. ജെൻ സിയെ എല്ലാവരേയും പോലെ ചൂഷണം ചെയ്യാനോ അധികം ജോലി ചെയ്യിക്കാനോ ഒന്നും സാധിക്കില്ല. അതുപോലെ ഒരു കുറിപ്പാണ് ഇപ്പോൾ ശ്രദ്ധിക്കപ്പെടുന്നത്. ഡെൽഹിയിലെ ഒരു സ്റ്റാർട്ടപ്പ് സ്ഥാപകനാണ് 25 -കാരനായ ഒരു യുവാവിനെ ജോലിക്കെടുത്തതുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിൽ കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്. ശനിയാഴ്ചകളിൽ ജോലി ചെയ്യാൻ കഴിയില്ലെന്ന് തുറന്നുപറഞ്ഞ ഒരു യുവാവിനെയാണ് അഭിഷേക് അഗർവാൾ എന്ന സ്ഥാപകൻ പിന്നീട് തന്റെ ടീമിലേക്ക് തിരഞ്ഞെടുത്തത്.
ശനിയാഴ്ചകളിൽ ജോലി ചെയ്യാൻ കഴിയില്ലെന്ന് അഭിമുഖത്തിനെത്തിയ യുവാവ് പറഞ്ഞപ്പോൾ, 'നിങ്ങളുടെ ഈ പ്രായത്തിൽ ഇങ്ങനെ പറയുന്നത് മടിയല്ലേ?' എന്നായിരുന്നു അഭിഷേക് തിരികെ ചോദിച്ചത്. എന്നാൽ, യാതൊരു ഭയവുമില്ലാതെ യുവാവിന്റെ തകർപ്പൻ മറുപടി ഇങ്ങനെയായിരുന്നു; 'സർ, എനിക്ക് ഓഫീസിന് പുറത്തും ഒരു ജീവിതമുണ്ട്.'
താൻ എല്ലാ ശനിയാഴ്ചയും ക്രിക്കറ്റ് കളിക്കാറുണ്ടെന്നും, 14 -ാം വയസ് മുതൽ ഗിറ്റാർ പഠിക്കുന്നുണ്ടെന്നും, ഒപ്പം കുടുംബത്തോടൊപ്പം സമയം ചെലവഴിക്കേണ്ടതുണ്ടെന്നും യുവാവ് വ്യക്തമാക്കി. എന്നാൽ 'ഓഫീസ് സമയത്തിന് ശേഷം വൈകുന്നേരം 7 മണിക്ക് ശേഷവും ഞായറാഴ്ചകളിലും ഇതൊക്കെ ചെയ്യാമല്ലോ' എന്നായിരുന്നു അഭിഷേക് ചോദിച്ചത്.
ഇതിന് ആ യുവാവ് നൽകിയ മറുപടി അദ്ദേഹത്തെ അത്ഭുതപ്പെടുത്തി. 'എന്റെ മൂത്ത ചേട്ടൻ അമേരിക്കയിലാണ് ജോലി ചെയ്യുന്നത്. ഞാൻ അവിടെ രണ്ടുതവണ പോയിട്ടുണ്ട്. അവിടെയുള്ളവരെല്ലാം തിങ്കൾ മുതൽ വെള്ളി വരെ മാത്രമാണ് ജോലി ചെയ്യുന്നത്. അവരാണ് ലോകത്തിലെ ഏറ്റവും കോംപറ്റിറ്റീവായതും വികസിതരുമായ രാജ്യം. അവർക്ക് അഞ്ച് ദിവസം ജോലി ചെയ്ത് നല്ല വിജയം നേടാമെങ്കിൽ, നമുക്ക് എന്തുകൊണ്ട് അങ്ങനെയായിക്കൂടാ' എന്നായിരുന്നു യുവാവ് ചോദിച്ചത്.
അവസാനം ശനിയാഴ്ചകളിൽ ജോലി ചെയ്യില്ലെന്ന് പറഞ്ഞ അതേ യുവാവിനെ തന്നെ കമ്പനി ജോലിക്കെടുത്തു. തുടർച്ചയായ രണ്ട് ക്വാർട്ടറുകളിലും കമ്പനിയിൽ ഏറ്റവും മികച്ച പ്രകടനം കാഴ്ചവെച്ചത് ആ യുവാവായിരുന്നു. ഉൽപ്പന്നത്തെക്കുറിച്ച് ഉപഭോക്താക്കളോട് യാതൊരു നുണയും പറയാതെ, എല്ലാ ഗുണങ്ങളും ദോഷങ്ങളും തുറന്നുപറഞ്ഞ് സ്വന്തമായി തീരുമാനമെടുക്കാൻ അവരെ സഹായിച്ച യുവാവിന്റെ സത്യസന്ധത ഉപഭോക്താക്കൾക്കും ഇഷ്ടപ്പെട്ടു.
ആ യുവാവ് ഇപ്പോഴും ശനിയാഴ്ചകളിൽ ക്രിക്കറ്റ് കളിക്കുന്നുണ്ട്, ഗിറ്റാർ വായിക്കുന്നുണ്ട്, കുടുംബത്തോടൊപ്പം സമയം ചെലവഴിക്കുന്നുമുണ്ട്. 'ഞാൻ അയാളെ മടിയൻ എന്ന് വിളിച്ചു. എന്നാൽ ഈ വർഷം ഞാൻ അഭിമുഖം നടത്തിയതിൽ വെച്ച് ഏറ്റവും ക്ലാരിറ്റിയുള്ള വ്യക്തിയായിരുന്നു അയാൾ എന്ന് പിന്നീട് മനസ്സിലായി' എന്നാണ് അഭിഷേക് കുറിച്ചത്. യുവാവിനെയും അദ്ദേഹത്തെ ജോലിക്കെടുത്ത അഭിഷേകിനെയും അഭിനന്ദിച്ചുകൊണ്ട് നിരവധിപ്പേരാണ് പോസ്റ്റിന് കമന്റുകൾ നൽകിയത്.
