'ഞാൻ ഇത് എഴുതുന്നു എന്നത് പോലും വിശ്വസിക്കാൻ കഴിയുന്നില്ല, പക്ഷേ, ഭർത്താവുമായി സംസാരിച്ചതിന് ശേഷം യാഥാർത്ഥ്യം എനിക്ക് മനസ്സിലായി... മെറ്റയിൽ ജോലി ചെയ്യുന്നിടത്തോളം കാലം എനിക്ക് ഒരു കുട്ടിയെ വളർത്താൻ കഴിയില്ല' എന്ന് അവർ കുറിച്ചു.
തുടർച്ചയായ പിരിച്ചുവിടലുകളും മറ്റും കാരണം മെറ്റയിലെ ജീവനക്കാർ ആകെ പ്രതിസന്ധിയിലാണ്. കഴിഞ്ഞ കുറച്ചു വർഷങ്ങളായി തുടരുന്ന പിരിച്ചുവിടലുകളിൽ അവസാനമായി വന്ന പെർഫോമൻസിനെ അടിസ്ഥാനമാക്കിയുള്ള പിരിച്ചുവിടലിൽ ഏകദേശം 3,600 ആളുകൾക്കാണ് ജോലി നഷ്ടപ്പെട്ടത്. ഇതിനുപുറമെ, ജീവനക്കാരുടെ താൽപ്പര്യത്തിന് വിരുദ്ധമായി പുതിയ അപ്ലൈഡ് എഐ ഡിവിഷനിലേക്ക് മാറ്റുന്നതും ജീവനക്കാർക്കിടയിൽ കടുത്ത അസംതൃപ്തിക്ക് കാരണമായിട്ടുണ്ട്. മെറ്റയിലെ മോശം തൊഴിൽ അന്തരീക്ഷവും ജീവനക്കാരുടെ നിരാശയും വ്യക്തമാക്കുന്ന ഒരു ജീവനക്കാരിയുടെ വാക്കുകളാണ് ഈ സാഹചര്യത്തിൽ ശ്രദ്ധ നേടുന്നത്.
സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്ന കുറിപ്പിൽ പറയുന്നത്, നിലവിലുള്ള തൊഴിലില്ലായ്മയും അരക്ഷിതാവസ്ഥയും കാരണം തനിക്ക് കുടുംബജീവിതത്തെക്കുറിച്ച് ചിന്തിക്കാൻ കഴിയുന്നില്ലെന്നാണ്. 'ഞാൻ ഇത് എഴുതുന്നു എന്നത് പോലും വിശ്വസിക്കാൻ കഴിയുന്നില്ല, പക്ഷേ, ഭർത്താവുമായി സംസാരിച്ചതിന് ശേഷം യാഥാർത്ഥ്യം എനിക്ക് മനസ്സിലായി... മെറ്റയിൽ ജോലി ചെയ്യുന്നിടത്തോളം കാലം എനിക്ക് ഒരു കുട്ടിയെ വളർത്താൻ കഴിയില്ല' എന്ന് അവർ കുറിച്ചു.
പ്രസവാവധി കഴിഞ്ഞ് തിരിച്ചെത്തുമ്പോഴും തനിക്ക് ജോലി ഉണ്ടാകുമെന്നതിന് യാതൊരു ഉറപ്പുമില്ലാത്തതാണ് ഈ തീരുമാനത്തിന് കാരണമെന്ന് അവർ പറഞ്ഞു. 'അടുത്ത വർഷം ഞാൻ ഇവിടെ ജോലിയിൽ ഉണ്ടാകുമെന്നതിന് യാതൊരു ഉറപ്പുമില്ല, പിന്നെയാണോ പ്രസവാവധി കഴിഞ്ഞ് തിരിച്ചെത്തുമ്പോൾ' എന്നാണ് അവർ എഴുതിയത്. ശമ്പളത്തെ കുറിച്ച് സ്ഥിരതയോ ഉറപ്പോ ഇല്ലാതെ കുടുംബജീവിതത്തെക്കുറിച്ച് ചിന്തിക്കുന്നത് വിഡ്ഢിത്തമാണെന്ന് അവർ പറഞ്ഞു. തന്റെ ബയോളജിക്കൽ ക്ലോക്ക് വേഗത്തിൽ ഓടിക്കൊണ്ടിരിക്കുന്നതിനെക്കുറിച്ചുള്ള ഭയവും അവർ പങ്കുവെച്ചു. 'ഈ വിഡ്ഢിത്തം നിറഞ്ഞ തൊഴിൽ കാരണം എനിക്ക് ഒരിക്കലും കുട്ടികളുണ്ടാകില്ലേ' എന്ന് അവർ ആശങ്കപ്പെട്ടു.
നിരവധിപ്പേരാണ് പോസ്റ്റിന് കമന്റുകൾ നൽകിയത്. 'ഇത് വളരെക്കാലമായി സംഭവിച്ചുകൊണ്ടിരിക്കുന്നു. അതുകൊണ്ടാണ് ജനനനിരക്ക് കുറയുന്നത്' എന്ന് ഒരാൾ എഴുതി. അതുപോലെ ഇത്തരം തൊഴിൽ പ്രതിസന്ധികൾ ഇടത്തരക്കാരെയാണ് ഏറെ ബാധിക്കുന്നത് എന്നും ആളുകൾ അഭിപ്രായപ്പെട്ടു. തൊഴിലിലെ പ്രതിസന്ധികൾ കാരണം കുടുംബജീവിതവും അവരവരുടെ സ്വകാര്യജീവിതവും ജീവിക്കാതിരിക്കരുത് എന്നും പലരും യുവതിയെ ഉപദേശിച്ചു.
