കിടക്കയില്‍ മൂത്രമൊഴിച്ചതിന് അഞ്ച് വയസ്സുകാരിയായ യസീദി പെണ്‍കുട്ടിയെ കൊടുംവെയിലില്‍ ചങ്ങലക്കിട്ട് കുടിവെള്ളം പോലും നല്‍കാതെ കൊന്നുകളഞ്ഞ കേസില്‍ ഐസിസുകാരിയായ ജര്‍മന്‍ വനിതയ്ക്ക് 10 വര്‍ഷം ജയില്‍ശിക്ഷ. 

കിടക്കയില്‍ മൂത്രമൊഴിച്ചതിന് അഞ്ച് വയസ്സുകാരിയായ യസീദി പെണ്‍കുട്ടിയെ കൊടുംവെയിലില്‍ ചങ്ങലക്കിട്ട് കുടിവെള്ളം പോലും നല്‍കാതെ കൊന്നുകളഞ്ഞ കേസില്‍ ഐസിസുകാരിയായ ജര്‍മന്‍ വനിതയ്ക്ക് 10 വര്‍ഷം ജയില്‍ശിക്ഷ. 2015-ല്‍ ഇറാഖിലെ ഫലൂജയില്‍നടന്ന സംഭവത്തിലാണ്, ജര്‍മന്‍കാരിയായ ജെനിഫര്‍ വെനീഷിനെ ജര്‍മന്‍ കോടതി തടവുശിക്ഷയ്ക്ക് വിധിച്ചത്. ഇവരുടെ ഭര്‍ത്താവും ഐസിസ് ഭീകരനുമായ താഹിര്‍ അല്‍ ജുമൈലി എന്ന സിറിയന്‍ പൗരനാണ് ുട്ടിയെ ചങ്ങലക്കിട്ട് കൊന്ന സംഭവത്തിലെ മുഖ്യപ്രതി. ഇയാള്‍ക്കെതിരായ വിചാരണ അടുത്ത മാസം ഇതേ കോടതിയില്‍ നടക്കും. 

ഇറാഖില്‍ ഐസിസ് ഭരണത്തിലിരിക്കെയാണ് സംഭവം. ഇറാഖില്‍ താമസിക്കുന്ന കുര്‍ദിഷ് വംശജരാണ് യസീദികള്‍ കാലങ്ങളായി പല തരം വിവേചനവും ക്രൂരതകളും അനുഭവിക്കുന്ന യസീദികളെ ഐസിസുകാര്‍ അടിമകളാക്കിയിരുന്നു. ഐസിസുകാര്‍ ആക്രമിച്ച് കീഴടക്കിയ യസീദി പ്രദേശത്തുനിന്നും പിടിച്ചെടുത്ത് ഇവര്‍ അടിമയായി വാങ്ങിയ പിഞ്ചുകുട്ടിയാണ് കടുത്ത ശിക്ഷയെ തുടര്‍ന്ന് മരിച്ചത്. 

ജര്‍മന്‍കാരിയായ ജെനിഫര്‍ വെനീഷ് സിറിയയില്‍ ചെന്ന് ഐസിസിന്റെ ഭാഗമായി മാറുകയായിരുന്നു. ഐസിസുകാരനായ ഒരാളെ വിവാഹം കഴിച്ച ശേഷം ഇവര്‍ ഐസിസ് ഭരണകാലത്ത് ഇറാഖിലെ ഫലൂജയിലേക്ക് താമസം മാറ്റി. അവിടെ താമസിക്കുന്നതിനിടെയാണ് ഇവര്‍ അഞ്ചു വയസ്സുള്ള യസീദി പെണ്‍കുട്ടിയെ അടിമയായി വിലയ്ക്കു വാങ്ങിയത്. ഇസ്‌ലാമിക നിയമങ്ങള്‍ കര്‍ശനമായി നടപ്പാക്കാന്‍ ചുമതലപ്പെട്ട ഐസിസ് സംഘത്തിലെ അംഗമായിരുന്നു ജെനിഫര്‍. 

ഇവരും ഭര്‍ത്താവും താമസിക്കുന്ന വീട്ടിനു മുന്നിലാണ് അഞ്ചു വയസ്സുകാരി പിടഞ്ഞുമരിച്ചത്. രാത്രിയില്‍ കിടക്കയില്‍ മൂത്രമൊഴിച്ചതിനായിരുന്നു ക്രൂരമായ ശിക്ഷ. വീട്ടിനു മുന്നിലെ മരത്തില്‍ ചങ്ങലയ്ക്കിട്ട് നിര്‍ത്തിയ കുട്ടി പൊരിവെയിലത്ത് കുടിവെള്ളം പോലുമില്ലാതെ പിടഞ്ഞു മരിച്ചുവെന്നാണ് കേസ്. ഇത് വലിയ വിവാദമായതിനിടെയാണ് ടര്‍ക്കിയിലേക്ക് രക്ഷപ്പെട്ട ഇവര്‍ അവിടെ അറസ്റ്റിലായത്. കുറ്റവാളികളെ കൈമാറുന്ന കരാര്‍ പ്രകാരം ഇവരെയും ഭര്‍ത്താവിനെയും പിന്നീട് ജര്‍മനിക്ക് കൈമാറി. അങ്ങനെയാണ്, കേസില്‍ ജര്‍മനി വിചാരണ നടത്തിയത്. ഇവര്‍ അടിമകളായി വാങ്ങിയ കുട്ടിയുടെ അമ്മയുടെ മൊഴിയാണ് കേസില്‍ നിര്‍ണായകമായത്. 

തനിക്കെതിരായ ആരോപണങ്ങള്‍ നിഷേധിച്ച ജെനിഫര്‍ കുട്ടിയുടെ അമ്മയുടെ മൊഴി കള്ളമാണെന്നാണ് വാദിച്ചത്. ലണ്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മനുഷ്യാവകാശ അഭിഭാഷകനായ അമര്‍ ക്ലൂനിയാണ് കുട്ടിയുടെ അമ്മയ്ക്ക് വേണ്ടി ജര്‍മന്‍ കോടതിയില്‍ ഹാജരായത്.