ദിവസം 2000 ടൺ മാലിന്യമാണ് ഇവിടെ നിത്യം കൊണ്ട് തള്ളുന്നത്. 2018 -ൽ കനത്ത മഴയെത്തുടർന്ന് ഈ മാലിന്യമല ഇടിഞ്ഞു താഴ്ന്നപ്പോൾ അതിനടിയിൽ പെട്ട് രണ്ടു പേര് മരിച്ചിരുന്നു. അതേത്തുടർന്ന് ഇവിടെ മാലിന്യം കൊണ്ട് തള്ളുന്നത് നിരോധിക്കപ്പെട്ടിരുന്നു എങ്കിലും, അധികനാൾ കഴിയാതെ വീണ്ടും പഴയപടിയായി.  

ഇത് ഇന്ത്യയുടെ പരിതാപകരമായ പാരിസ്ഥിതികാവസ്ഥയുടെ പ്രതീകം. ദില്ലിയ്ക്കടുത്തുള്ള ഗാസിപൂരിൽ 40 ഫുട്‍ബോൾ ഗ്രൗണ്ടുകളോളം വിസ്തൃതിയിൽ 213 അടി ഉയരത്തിൽ എത്തി നിൽക്കുന്ന ഈ മാലിന്യമല വളരുന്നത് വർഷത്തിൽ ഏതാണ്ട് 33 അടി എന്ന കണക്കിനാണ്. മിക്കവാറും ലോകത്തിലെ ഏറ്റവും ഉയരം കൂടിയ മാലിന്യ മല എന്ന റെക്കോർഡും അടുത്ത് തന്നെ അതിനു സ്വന്തമാവും.

ലോകത്തിലെ ഏറ്റവും മലിനമായ തലസ്ഥാനങ്ങളിലും ഒന്നാണ് ദില്ലി. ദില്ലിയുടെ വിളപ്പിൽ ശാലയോ, ഞെളിയൻപറമ്പോ ഒക്കെയാണ് ന്യൂ ഡൽഹിയുടെ കിഴക്കു ഭാഗത്ത് കിടക്കുന്ന ഗാസിപൂർ എന്ന ഈ പ്രദേശം. ഈ മാലിന്യ കൂമ്പാരത്തിന്റെ വർധിച്ചു വരുന്ന ഉയരം പലരെയും അസ്വസ്ഥരാക്കുന്നുണ്ട്‌. സുപ്രീം കോടതി ഈ മാലിന്യ മലയുടെ മുകളിൽ അതുവഴി കടന്നുപോവുന്ന വിമാനങ്ങൾക്കും ഹെലികോപ്ടറുകൾക്കും കാണാൻ വേണ്ടി ചുവന്ന നിറത്തിലുള്ള വാണിംഗ് ലൈറ്റുകൾ പിടിപ്പിക്കാൻ ദില്ലി സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

ഗാസിപൂർ എന്ന പ്രദേശം തുടക്കം തൊട്ടേ ഇങ്ങനെ ആയിരുന്നില്ല. ഇവിടെ ഒരു മാലിന്യ ഫാക്ടറി തുറക്കുന്നത് 1984 -ലാണ്. അതിന് പ്രോസസ് ചെയ്യാൻ സാധിക്കുന്നതിലും എത്രയോ അധികമായിരുന്നു വന്നുകൊണ്ടിരുന്ന മാലിന്യങ്ങളുടെ അളവ്. അതുകൊണ്ടുതന്നെ മാലിന്യങ്ങൾ കുന്നുകൂടാൻ തുടങ്ങി. 2002 -ൽ തന്നെ അവിടെ സുരക്ഷിതമായി സൂക്ഷിക്കാവുന്ന മാലിന്യത്തിന്റെ പരിധി കടന്നിരുന്നു. പക്ഷേ, മാലിന്യം കൊണ്ടുതള്ളാൻ വേറൊരു ഇടമില്ലാതിരുന്നതുകൊണ്ട്, ഡൽഹി മെട്രോയുടെ നൂറുകണക്കിന് ചവറു വണ്ടികൾ മേൽക്കുമേൽ പിന്നെയും മാലിന്യം കൊണ്ട് തട്ടിക്കൊണ്ടിരുന്നു ഗാസിപൂരിൽ. 

ദിവസം 2000 ടൺ മാലിന്യമാണ് ഇവിടെ നിത്യം കൊണ്ട് തള്ളുന്നത്. 2018 -ൽ കനത്ത മഴയെത്തുടർന്ന് ഈ മാലിന്യമല ഇടിഞ്ഞു താഴ്ന്നപ്പോൾ അതിനടിയിൽ പെട്ട് രണ്ടു പേര് മരിച്ചിരുന്നു. അതേത്തുടർന്ന് ഇവിടെ മാലിന്യം കൊണ്ട് തള്ളുന്നത് നിരോധിക്കപ്പെട്ടിരുന്നു എങ്കിലും, അധികനാൾ കഴിയാതെ വീണ്ടും പഴയപടിയായി. 

മാലിന്യങ്ങളിൽ നിന്നും ഉണ്ടാവുന്ന മീഥേൻ ഗ്യാസിന് തീപിടിച്ച് ഇടയ്ക്കിടെ ഇവിടെ വൻ തീപിടുത്തങ്ങൾ ഉണ്ടാവാറുണ്ട്. ദിവസങ്ങളോളം പിന്നെ ആ തീ പടർന്നുകത്തിക്കൊണ്ടിരിക്കും. ഇതേ മീഥേൻ ഗ്യാസ് അന്തരീക്ഷത്തിലേക്ക് കലരുന്നതും വളരെ അപകടകരമായ അവസ്ഥയാണുണ്ടാക്കുന്നത്. 

ഈ പ്രദേശത്തിന് അഞ്ചു കിലോമീറ്റർ ചുറ്റളവിൽ താമസിക്കുന്നവരെ ഉൾപ്പെടുത്തിക്കൊണ്ട് അടുത്തിടെ ഒരു പഠനം നടന്നിരുന്നു. അതിൽ മലിനീകരണം കൊണ്ടുണ്ടാവുന്ന കാൻസർ പോലുള്ള ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുകയുണ്ടായി. ഈ മാലിന്യങ്ങളിൽ നിന്നും ലീച്ചെയ്റ്റ് എന്ന ഒരു വിഷാംശമുള്ള ദ്രാവകം ഊറിയിറങ്ങി തൊട്ടപ്പുറത്തുകൂടി ഒഴുകുന്ന കനാലിൽ കലരുന്നതും നിരവധി രോഗങ്ങൾ പരത്തുന്നുണ്ട്. മാലിന്യ പ്ലാന്റിൽ ഖരമാലിന്യം കത്തിച്ചുകളയുന്നുണ്ട്. അതിൽ നിന്നുള്ള പുകയും വളരെ വിഷാംശം കലർന്നതാണെന്ന് പ്രദേശവാസികൾ പറയുന്നു. പ്രദേശവാസികൾക്ക് രൂക്ഷമായ മാലിന്യഗന്ധത്തിനു പുറമേ, ശ്വാസസംബന്ധമായ രോഗങ്ങളും അനുഭവപ്പെടുന്നുണ്ട്. പ്രതിഷേധങ്ങൾ കൊണ്ടൊന്നും ഫലമില്ലെന്നു കണ്ടു പലരും സ്വന്തം വസ്തുവകകൾ വിട്ട് മറ്റു ജില്ലകളിലേക്ക് താമസം മാറ്റുകയാണ് ഇപ്പോൾ. 

എന്തായാലും ദില്ലി സർക്കാരിന്റെ മൂക്കിൻ ചുവട്ടിൽ വളർന്നു പൊങ്ങുകയാണ് അനുദിനം, മാലിന്യനിർമ്മാർജ്ജനത്തിലെ കെടുകാര്യസ്ഥതയുടെ കൂടി പ്രതീകമായ ഈ മാലിന്യ പർവതം..!