മഞ്ഞുരുക്കം മൂലം അന്റാര്‍ട്ടിക്കയിലെ ഭീമന്‍ ഹിമാനിയായ ഡെന്‍മാന്‍ ഹിമാനികള്‍ ഏകദേശം അഞ്ച് അഞ്ച് കിലോമീറ്ററോളം പിന്നോട്ട് പോയതായി പഠനം. 1966 മുതല്‍ 2018 വരെ ഡോ. ബ്രാന്‍കാറ്റോയുടെ നേതൃത്വത്തില്‍ നാസയുടെ ജെറ്റ് പ്രൊപ്പല്‍ഷന്‍ ലബോറട്ടറിയിലെ ശാസ്ത്രജ്ഞര്‍ നടത്തിയ പഠനത്തിലാണ് ഈ വെളിപ്പെടുത്തല്‍. ജിയോഫിസിക്കല്‍ റിസര്‍ച് ലെറ്റേഴ്‌സ് ജേര്‍ണലിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.  സാറ്റലൈറ്റ് റഡാറില്‍ നിന്നെടുത്ത വിവരങ്ങളാണ് പഠനത്തിന് വേണ്ടി ഉപയോഗിച്ചത്.

ഡെന്‍മാന്‍ ഹിമാനികളിലെ മഞ്ഞു പൂര്‍ണമായും ഉരുകിയാല്‍, അങ്ങനെ ഉണ്ടായി സമുദ്രത്തില്‍ ചേരുന്ന ജലത്തിന് ആഗോള സമുദ്രനിരപ്പ് ഏതാണ്ട് 1.5 മീറ്റര്‍ ഉയര്‍ത്താന്‍ കഴിയും. അങ്ങനെ സമുദ്ര നിരപ്പുയര്‍ന്നാല്‍, ലോകമെങ്ങൂമുള്ള കടലോക നഗരങ്ങള്‍ വെള്ളത്തിലാവും. കിഴക്കന്‍ അന്റാര്‍ട്ടിക്കയില്‍ സ്ഥിതിചെയ്യുന്ന ഈ  ഡെന്‍മാന്‍ ഹിമാനികള്‍ക്ക് കീഴിലാണ് കണ്ടെത്തിയതില്‍ വെച്ച് ഭൂമിയിലെ ഏറ്റവും ആഴമേറിയ മലയിടുക്ക്  സ്ഥിതിചെയ്യുന്നത്.

കാലാവസ്ഥാ വ്യതിയാനത്തിന്റെ ഭാഗമായി സമുദ്രതാപനില കൂടുന്നതിനെ തുടര്‍ന്ന്, ചൂടേറിയ ജലവുമായി സമ്പര്‍ക്കം ഉണ്ടാവുന്നത് കൊണ്ടാകാം ഡെന്‍മാന്‍ ഹിമാനികള്‍ ഉരുകുന്നതെന്നാണ് പഠനം വ്യക്തമാക്കുന്നത്. ഹിമാനിയിലെ ദുര്‍ബമായ ഭാഗങ്ങളും പിന്നിലോട്ട് നീങ്ങിയ ഭാഗങ്ങളും സൂചിപ്പിക്കുന്നത് ഇക്കാര്യമാണ്. നിലവില്‍ ഡെന്‍മാന്‍ ഹിമാനികളുടെ പടിഞ്ഞാറ് ഭാഗത്താണ് കിഴക്ക് ഭാഗത്തെ അപേക്ഷിച്ചു കൂടുതല്‍ ഉരുകുന്നത്. കിഴക്കന്‍ മേഖലയില്‍ അധികം ഉരുക്കം ഇല്ലാതിരിക്കുന്നതിനു കാരണം അവിടെ നിലനില്‍ക്കുന്ന ഉപഹിമാനി വരമ്പുകളാണ് എന്നാണ് ശാസ്ത്രജ്ഞരുടെ നിഗമനം. പഠനമനുസരിച്ചു 1966 മുതല്‍ 2018 വരെയുള്ള കാലഘട്ടത്തില്‍, ഏകദേശം 268 ബില്യണ്‍ ടണ്‍ മഞ്ഞാണ് ഈ ഹിമാനികള്‍ ഉരുകി ജലമായത്. ചൂടുള്ള സമുദ്ര ജലം നിരന്തരമായി ഡെന്‍മാന്‍ ഹിമാനികളുമായി സമ്പര്‍ക്കത്തില്‍ വന്നാല്‍, ഉരുകുന്ന വേഗം കൂടാനാണ് സാദ്ധ്യത.