Asianet News MalayalamAsianet News Malayalam

ചില്ലറക്കാരല്ല, അപകടകാരിയായ ഭീമൻ ​ഗോൾഡ് ഫിഷുകളെ കുറിച്ച് മുന്നറിയിപ്പുമായി അധികൃതർ

കഴിഞ്ഞ വർഷം ഒക്ടോബറിൽ സമാനമായി കാര്‍വര്‍ കൗണ്ടിയിലെ ഒരു ജലാശയത്തില്‍ നിന്നും 50,000 ഗോള്‍ഡ് ഫിഷുകളെയാണ് നീക്കം ചെയ്തത്. 

Giant goldfish in US lakes
Author
Minnesota, First Published Jul 18, 2021, 9:59 AM IST

നിങ്ങള്‍ക്ക് വേണ്ടാത്ത വളര്‍ത്തുമത്സ്യങ്ങളെ ദയവായി പുറത്തെ വെള്ളത്തിലുപേക്ഷിക്കരുതെന്ന് മുന്നറിയിപ്പുമായി മിനസോട്ടയിലെ അധികൃതര്‍. കാരണം വേറൊന്നുമല്ല ഇവിടുത്തെ തടാകങ്ങളില്‍ ഭീമന്‍ ഗോള്‍ഡ് ഫിഷുകൾ ഒരു വലിയ പ്രശ്നമായിരിക്കുകയാണ്. ഈ മത്സ്യങ്ങള്‍ വീട്ടിലെ കുഞ്ഞുപാത്രങ്ങള്‍ വിട്ട് പുറത്തെ ജലാശയങ്ങളിലെത്തുമ്പോള്‍ അവ ഭയങ്കരമായി വലുതാവുകയും അത് അവിടുത്തെ ആവാസവ്യവസ്ഥയില്‍ തന്നെ വലിയ പ്രത്യാഘാതങ്ങളുണ്ടാക്കുകയും ചെയ്യുന്നുവെന്ന് അധികൃതര്‍ ചൂണ്ടിക്കാണിക്കുന്നു. 

ബേണ്‍സ്വില്ലെ സിറ്റി ഷെയര്‍ ചെയ്ത ചിത്രങ്ങളില്‍ കെല്ലര്‍ തടാകത്തില്‍ നിന്നും കണ്ടെത്തിയ ഇത്തരത്തിലുള്ള ഭീമന്‍ ഗോള്‍ഡ് ഫിഷുകളെ കാണാം. അത് ജലത്തില്‍ വളരുന്ന സസ്യങ്ങളെ നശിപ്പിക്കുകയും വെള്ളം മലിനപ്പെടുത്തുകയും ചെയ്യുന്നുവെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കുന്നു. മിനസോട്ട, ഗോള്‍ഡ് ഫിഷിനെ കണക്കാക്കുന്നത് അപകടകാരിയായ മത്സ്യമായിട്ടാണ്. അതിനാല്‍ തന്നെ അവയെ പുറത്തെ ജലാശയങ്ങളില്‍ ഉപേക്ഷിക്കുന്നത് നിയമവിരുദ്ധവുമാണ്. 

വീട്ടിലെ അക്വേറിയത്തില്‍ വളര്‍ത്തുന്ന ഒരു ഗോള്‍ഡ് ഫിഷ് ഏകദേശം 5.1 സെന്റിമീറ്റർ വരെ നീളത്തിൽ വളരും. എന്നാല്‍, അവ പുറത്തെ വലിയ ജലാശയങ്ങളിലെത്തുന്നതോടെ ഭീമമായി വളരുകയും കുഞ്ഞുങ്ങളുണ്ടാവുകയും അവിടെയുള്ള സാദാ മത്സ്യങ്ങളുടെ നിലനില്‍പിന് ഭീഷണിയാവുകയും ചെയ്യും. അതുകൊണ്ട് ദയവായി അങ്ങനെ ഉപേക്ഷിക്കാതെ മറ്റെന്തെങ്കിലും വഴി കണ്ടെത്തണമെന്നാണ് അധികൃതര്‍ പറയുന്നത്. 

കഴിഞ്ഞ വർഷം ഒക്ടോബറിൽ സമാനമായി കാര്‍വര്‍ കൗണ്ടിയിലെ ഒരു ജലാശയത്തില്‍ നിന്നും 50,000 ഗോള്‍ഡ് ഫിഷുകളെയാണ് നീക്കം ചെയ്തത്. ഇവയുണ്ടാക്കുന്ന പ്രശ്നങ്ങള്‍ പഠിക്കാനും പരിഹാരം കാണാനുമുള്ള മൂന്നു വര്‍ഷത്തെ പദ്ധതിയുടെ ഭാഗമായിട്ടാണ് ഇവയെ അന്ന് നീക്കം ചെയ്തത്. 

ജർമ്മനിയിലെ മ്യൂണിച്ച് സിറ്റി കൗൺസിൽ 2017 -ല്‍ വളര്‍ത്തുമത്സ്യങ്ങളെ പുറത്തെ ജലാശയത്തിൽ ഉപേക്ഷിച്ചാല്‍ വലിയ പിഴ ചുമത്തുമെന്ന് അറിയിച്ചിരുന്നു. യുകെയിലെ ജലാശയത്തിലും വലിയ ഗോള്‍ഡ് ഫിഷുകളെ കണ്ടെത്തിയിരുന്നു. 2010 -ൽ ഒരു ബ്രിട്ടീഷ് ചെറുപ്പക്കാരന്‍ ഡോർസെറ്റിലെ ഒരു തടാകത്തിൽ നിന്ന് 2.2 കിലോഗ്രാം വരുന്ന ഒരു ഭീമന്‍ ഗോള്‍ഡ് ഫിഷിനെ കണ്ടെത്തിയിരുന്നു. 

Follow Us:
Download App:
  • android
  • ios