Asianet News MalayalamAsianet News Malayalam

കരടികളും ചെന്നായ്ക്കളും വിഹരിക്കുന്ന ഘോരവനത്തില്‍  കുടുങ്ങിയ രണ്ട് വയസ്സുകാരിയെ മൂന്നാം നാള്‍ രക്ഷിച്ചു

അഞ്ഞൂറോളം പേര്‍ മൂന്ന് ദിവസം നടത്തിയ തെരച്ചിലിനൊടുവിലാണ് അവശയായ നിലയില്‍ കുട്ടിയെ കിട്ടിയത്
 

girl child trapped in forest filled with bears and wolves
Author
Thiruvananthapuram, First Published Aug 23, 2021, 4:18 PM IST

റഷ്യയില്‍ കരടികളും ചെന്നായ്ക്കളും വിഹരിക്കുന്ന ഘോരവനത്തില്‍ മൂന്ന് രാത്രിയില്‍ കുടുങ്ങിപ്പോയ രണ്ട് വയസ്സുള്ള പെണ്‍കുഞ്ഞിനെ സാഹസികമായി രക്ഷപ്പെടുത്തി. മോസ്‌കോയില്‍ നിന്ന് 100 കിലോമീറ്റര്‍ അകലെയുള്ള റഷ്യന്‍ നഗരമായ ഒബിന്‍സ്‌കിനിലാണ് സംഭവം. ന്യൂക്ലിയര്‍ ഫിസിഷ്യനായ അമ്മയ്‌ക്കൊപ്പം താമസിക്കുന്ന ലിഡ കുസീന എന്ന 22 മാസംപ്രായമുള്ള പെണ്‍കുട്ടിയാണ് അടുത്തുള്ള  ഘോരവനത്തില്‍ അകപ്പെട്ടത്. 

വീട്ടുമുറ്റത്തു കളിച്ചു കൊണ്ടിരിക്കുന്നതിനിടെയാണ് അവളെ കാണാതായത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് അവളെ സമീപപ്രദേശത്തുള്ള  കാട്ടിനുള്ളില്‍ നിന്ന് കണ്ടെത്തിയത്. ഏകദേശം 500 ഓളം പേര്‍ കുട്ടിക്കായി തിരച്ചിലില്‍ നടത്തി. 

 

girl child trapped in forest filled with bears and wolves

 

അമ്മ അയല്‍വീട്ടിലേക്ക് പോയപ്പോള്‍ കുട്ടി പിന്നാലെ പോയതാണ്. അതിനിടെ എങ്ങനെയോ അവള്‍ക്ക് വഴി തെറ്റി. വീട്ടില്‍ നിന്ന് രണ്ടര മൈല്‍ ദൂരെ കൊടും വനം ഉള്ളതിനാല്‍ അന്വേഷണം അങ്ങോട്ടേക്ക് നീണ്ടു കരടികളും ചെന്നായ്ക്കളും ഉള്‍പ്പെടെയുള്ള വന്യമൃഗങ്ങള്‍ നിറഞ്ഞ വനത്തില്‍ അവള്‍ പെട്ടുവെന്ന സംശയത്തിലാണ് പ്രദേശവാസികളായ നിരവധി പേര്‍ ഒരുമിച്ച് അന്വേഷണത്തിനിറങ്ങിയത്. 

മൂന്ന് രാത്രി തിരഞ്ഞിട്ടും കാണാതെ, നിരാശരായിരിക്കവെയാണ്, തിരച്ചില്‍ സംഘത്തിലെ ഒരാള്‍ കുഞ്ഞിന്റെ കരച്ചില്‍ കേട്ടത്. തുടര്‍ന്ന് അവരവളെ  വിളിച്ചപ്പോള്‍, ആകെ തളര്‍ന്ന നിലയില്‍ ചെടികള്‍ക്കിടയില്‍നിന്നും അവള്‍ പ്രത്യക്ഷപ്പെട്ടു. രക്ഷാപ്രവര്‍ത്തകരെ കണ്ടയുടന്‍ അവള്‍ അവര്‍ക്ക് നേരെ കൈയുയര്‍ത്തിചെന്നു.

തുടര്‍ന്ന്, സന്നദ്ധപ്രവര്‍ത്തകര്‍ ആംബുലന്‍സ് വിളിച്ച് അവളെ അവിടെ നിന്ന് കൊണ്ടുപോയി. കുഞ്ഞിനെ ഇപ്പോള്‍ അടുത്തുള്ള ഒരു ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കയാണ്. അവളുടെ ആരോഗ്യ നില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. അവള്‍ സംസാരിക്കാന്‍ ശ്രമിക്കുന്നുണ്ടെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു. 

രാത്രികളില്‍ ഈ പ്രദേശത്ത്് സാധാരണ കൊടും തണുപ്പാണ്. എന്നാല്‍, ഈ ദിവസങ്ങളില്‍ തണുപ്പു കുറവായിരുന്നു. തണുപ്പായിരുന്നെങ്കില്‍ കുഞ്ഞ് രക്ഷപ്പെടാനുള്ള സാഹചര്യം കുറവായിരുന്നു. 

കാട്ടിലൂടെ ദിവസങ്ങളോളം ഒറ്റയ്ക്ക് നടന്ന അവളെ ചെടികള്‍ക്കിടയില്‍ നിന്നാണ് കണ്ടെത്തിയത്. അവള്‍ ആകെ ക്ഷീണിതയായിരുന്നു. ശരീരം മുഴുവന്‍ പ്രാണികളുടെ കടിയേറ്റ പാടുകായിരുന്നു. കൈയില്‍ ഒരു വാട്ടര്‍ ബോട്ടില്‍ ഉണ്ടായിരുന്നതുകൊണ്ട് അതില്‍ നിന്ന് വെള്ളം കുടിച്ച് അവള്‍ ജീവന്‍ നിലനിര്‍ത്തി. 

അപകടകരമായ കാട്ടില്‍നിന്നും ജീവനോടെ അവള്‍ രക്ഷപ്പെട്ടത് അത്ഭുതമാണെന്ന് ദൗത്യസംഘം പറഞ്ഞു. 

അവള്‍ അമ്മയുടെ അടുത്തെത്തുന്ന വീഡിയോ ഇപ്പോള്‍ വൈറലാണ്.  

 

Follow Us:
Download App:
  • android
  • ios