Asianet News MalayalamAsianet News Malayalam

കൊല്ലപ്പെട്ട് അരനൂറ്റാണ്ടിനുശേഷം ആ 13 -കാരിയെ പള്ളിസെമിത്തേരിയിലടക്കി, പോരാട്ടത്തിന് അന്ത്യം!

പിന്നീടൊരിക്കലും ലൂസിയ തിരികെ വന്നില്ല. തുടർന്ന് ജനുവരി 9 -ന് മോണ്ടെഡോറോയിൽ നിന്ന് ഒരു കിലോമീറ്റർ അകലെയുള്ള ഒരു ഫാം ഹൗസിൽ വച്ച് അവളുടെ മൃതദേഹം പൊലീസ് കണ്ടെത്തി. 

girls funeral after 66 years
Author
Sicily, First Published Jul 30, 2021, 2:30 PM IST

മധ്യസിസിലിയിലെ ഗോതമ്പ് പാടങ്ങൾക്കിടയിൽ, ഉപേക്ഷിക്കപ്പെട്ട സൾഫർ ഖനികൾക്കിടയിൽ അധികമാരും ശ്രദ്ധിക്കപ്പെടാത്ത ഒരു ഗ്രാമമുണ്ട്, മോണ്ടെഡോറോ. ഏകദേശം 1,500 നിവാസികൾ താമസിക്കുന്ന ആ ഗ്രാമം കഴിഞ്ഞ ബുധനാഴ്ച ഒരു ചരിത്ര മുഹൂർത്തത്തിന് സാക്ഷ്യം വഹിച്ചു. ഒരുപക്ഷേ ആ ഗ്രാമത്തിൽ മുൻപൊരിക്കലും ഒരു ശവസംസ്കാര ചടങ്ങിൽ പങ്കെടുക്കാൻ ഇത്രയധികം ആളുകൾ എത്തിയിട്ടുണ്ടാകില്ല. അന്ന് ഗ്രാമത്തിലെ പള്ളിയിൽ നൂറുകണക്കിന് ആളുകളാണ് ഒരു ചെറിയ ശവപ്പെട്ടിക്ക് ചുറ്റും പ്രാർത്ഥനാനിരതരായി നിന്നത്. ജനങ്ങൾ അരനൂറ്റാണ്ടിലേറെയായി കാത്തിരുന്ന നിമിഷമായിരുന്നു അത്. ആ കുഞ്ഞുവെളുത്ത ശവപ്പെട്ടിക്കകത്ത് 13 വയസ്സുള്ള ഒരു പെൺകുട്ടിയുടെ ഭൗതികാവശിഷ്ടങ്ങളായിരുന്നു.

1955 -ൽ ലൈംഗികമായി പീഡിപ്പിക്കപ്പെടുകയും കൊല്ലപ്പെടുകയും ചെയ്ത ലൂസിയ മോണ്ടിനോനിന്റേതായിരുന്നു അത്. 66 വർഷമായി കത്തോലിക്കാ സഭ അവളുടെ ശവസംസ്കാരം തടഞ്ഞുവച്ചിരിക്കയായിരുന്നു. “ഇത് ലൂസിയയുടെ വീണ്ടെടുപ്പിന്റെ മാത്രമല്ല മോണ്ടെഡോറോയുടെ വീണ്ടെടുപ്പിന്റെ ദിവസം കൂടിയാണ്” ലൂസിയയെ അറിയുന്ന 73 കാരിയായ റോസ ആൽ‌ബ പറഞ്ഞു. സെമിത്തേരിയിൽ ലൂസിയയെ അടക്കണമെന്ന ആവശ്യവുമായി വർഷങ്ങളോളം പോരാടിയ ജനങ്ങളിൽ അവരും ഉണ്ടായിരുന്നു.  

എല്ലാവരുടെയും ഓമനയായിരുന്നു ലൂസിയ. അവളെ എല്ലാവരും സ്നേഹത്തോടെ ലൂസിഡെ എന്ന് വിളിച്ചു. ഗോതമ്പ് വിളഞ്ഞ പാടങ്ങളിലൂടെയും, തണൽ വിരിച്ച വഴികളിലൂടെയും ഒരു ഇളംകാറ്റുപോലെ അവൾ ഒഴുകി നടന്നു. എന്നാൽ 1955 ജനുവരി 6 -ന് ആ ഗ്രാമത്തെ വേദനയിലാഴ്ത്തിയ ഒരു സംഭവമുണ്ടായി. അന്ന് മരംകോച്ചുന്ന തണുപ്പിൽ ലൂസിയ ഒരു കൂടു തീപ്പെട്ടി വാങ്ങാനായി വീട്ടിൽ നിന്ന് ഇറങ്ങി. എന്നാൽ, സമയം കുറെയായിട്ടും അവൾ തിരികെ എത്തിയില്ല. അമ്മ കാണാതായ അവളെ തിരഞ്ഞ് മണിക്കൂറുകളോളം ഗ്രാമത്തിൽ ഒരു ഭ്രാന്തിയെ പോലെ അലഞ്ഞു നടന്നു. അവൾ ഓടിനടക്കാറുള്ള തൊടിയിലും, വഴികളിലും, പാടവരമ്പത്തും അമ്മ അവളെ വിളിച്ചു നടന്നു. എന്നാൽ, പക്ഷേ അവളുടെ നിഷ്കളങ്കമായ ചിരി അവർ അന്ന് കേട്ടില്ല, അമ്മേ എന്ന വിളിയുമുണ്ടായില്ല.  

പിന്നീടൊരിക്കലും ലൂസിയ തിരികെ വന്നില്ല. തുടർന്ന് ജനുവരി 9 -ന് മോണ്ടെഡോറോയിൽ നിന്ന് ഒരു കിലോമീറ്റർ അകലെയുള്ള ഒരു ഫാം ഹൗസിൽ വച്ച് അവളുടെ മൃതദേഹം പൊലീസ് കണ്ടെത്തി. തന്നെ ഉപദ്രവിക്കാൻ വന്നവരോട് പൊരുതുന്നതിനിടെ ശ്വാസം മുട്ടി മരിക്കുകയായിരുന്നു അവളെന്ന് പോസ്റ്റ്‌മോർട്ടത്തിൽ സ്ഥിരീകരിച്ചു. അന്ന് വൈകുന്നേരം, ഖനിത്തൊഴിലാളിയായ അവളുടെ പിതാവ് ലൂസിയയുടെ ശവസംസ്കാരം നടത്തുന്നതിനായി മോണ്ടെഡോറോയിലെ ഇടവക വികാരി ഡോൺ വിറ്റോ അൽഫാനോയുടെ വാതിലിൽ മുട്ടി. അസ്വാഭാവികവും, ക്രൂരവുമായ രീതിയിൽ മരണപ്പെട്ടവരുടെ ശവസംസ്കാരം പള്ളിയിൽ നടത്താൻ സാധിക്കില്ലെന്ന് പുരോഹിതൻ പറഞ്ഞു.

"ഇത് പ്രധാനമായും ആത്മഹത്യ ചെയ്ത ആളുകൾക്ക് ബാധകമായ ഒരു പഴയ തത്വമായിരുന്നു. എന്നിരുന്നാലും, ചില പുരോഹിതന്മാർ ഇതിനെ വളച്ചൊടിച്ച് ഇത്തരം ക്രൂരമായ രീതിയിൽ കൊല്ലപ്പെട്ടവർക്കും ബാധകമാണെന്ന് വരുത്തി തീർക്കുന്നു," പലേർമോ യൂണിവേഴ്സിറ്റിയിലെ മുൻ ദൈവശാസ്ത്ര പ്രൊഫസറും സഭാ ചരിത്രത്തിൽ വിദഗ്ദ്ധനുമായ ഫാദർ ഫ്രാൻസെസ്കോ സ്റ്റെബിൽ പറഞ്ഞു. പിന്നാലെ അവളുടെ മരണത്തെ കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു. മാഫിയയുടെ പിന്തുണയുള്ള ഒരു ധനികനായ പ്രഭുവാണ് ലൂസിയയുടെ കൊലയാളി എന്ന സംശയത്തിൽ പൊലീസ് എത്തിച്ചേർന്നു.

പെൺകുട്ടിയുടെ മരണത്തെക്കുറിച്ചുള്ള കേസ് ഇറ്റാലിയൻ അധികാരികളും സഭയും അവസാനിപ്പിച്ചു. മോണ്ടെഡോറോയുടെ സെമിത്തേരിയുടെ ഒരു ഭാഗത്ത് ശവസംസ്കാര ചടങ്ങുകൾ നടത്താതെ ലൂസിയയെ അടക്കി. എന്നാൽ, ഗ്രാമവാസികൾ അവളെ ഒരിക്കലും മറന്നില്ല. ലൂസിയയുടെ കഥ തലമുറകളിലൂടെ കൈമാറി വന്നു. ഗ്രാമത്തിലെ കുട്ടികൾ ലൂസിയയുടെ ശവകുടീരത്തിൽ സ്ഥിരമായി പുഷ്പങ്ങൾ അർപ്പിക്കാൻ എത്തി. അവളെ ഒരിക്കലും കണ്ടിട്ടില്ലാതവർ പോലും അവളെ ഓർത്ത് കരഞ്ഞു.  

കുറച്ച് വർഷങ്ങൾക്ക് മുമ്പ്, രണ്ട് സഹോദരന്മാരായ ഫെഡറിക്കോയും കാലോഗേരോ മെസാനയും അവളെ അനുസ്മരിച്ച് ഒരു ബ്ലോഗ് ആരംഭിച്ചു. കാണാതായപ്പോൾ മുതലുള്ള നിരവധി ലേഖനങ്ങളും പ്രസ്താവനകളും അവർ അതിൽ പോസ്റ്റ് ചെയ്തു. അവൾക്ക് നിഷേധിക്കപ്പെട്ട മതപരമായ ശവസംസ്കാരം അനുവദിക്കുന്നതിന് അനുകൂലമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് കൽത്താനിസെറ്റ പ്രവിശ്യയിലെ ബിഷപ്പിന് ഫെഡറിക്കോ ഒരു നീണ്ട കത്തെഴുതി. അന്ന് സംഭവിച്ചതിന് ക്ഷമ ചോദിക്കുകയും, ഈ സംഭവം തന്റെ മുകളിലുള്ളവരുടെ ശ്രദ്ധയിൽപ്പെടുത്താൻ താൻ ആവുന്നതെല്ലാം ചെയ്യുമെന്നും ബിഷപ്പ് പറഞ്ഞു.

അങ്ങനെ അവളുടെ കേസ് വീണ്ടും അന്വേഷിക്കാൻ ഉത്തരവായി. ലൂസിയയുടെ ശരീരം പുറത്തെടുത്ത് ഡിഎൻഎ പരിശോധിക്കാൻ ശ്രമിക്കുന്നതിനിടയിൽ ഞെട്ടിക്കുന്ന ഒരു കാര്യം അധികാരികൾ കണ്ടെത്തി. കൊലപാതകിയുടെ ഡി‌എൻ‌എ കണ്ടെത്താൻ സഹായിക്കുന്ന ഒന്ന് അവർക്ക് കണ്ടെത്തി. ഇതോടെ മൊണ്ടെഡോറോയിലെ ജനങ്ങൾ ഏഴ് പതിറ്റാണ്ടിനുശേഷം ശരിയായ രീതിയിൽ ശവസംസ്കര ചടങ്ങ് നടത്താൻ പള്ളിയെ സമ്മർദ്ദത്തിലാക്കി. ഒടുവിൽ പള്ളി അതിന് സമ്മതം മൂളി. അങ്ങനെ ബുധനാഴ്ച, നാട്ടുകാരും, ലൂസിയയുടെ സഹോദരപുത്രി അടക്കം അവളുടെ കുടുംബത്തിലെ പലരും ഒത്തുചേർന്ന് ആ ചടങ്ങ് നടത്തി.    

ഈ ശവസംസ്കാരം ചരിത്രത്തിൽ കുറിക്കപ്പെടുമെന്ന് അവിടത്തെ ജനങ്ങൾ പറയുന്നു. സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ അതിക്രമങ്ങളെ കുറിച്ച് അവബോധം സൃഷ്ടിക്കാനും ഇത് കാരണമായി എന്നവർ പറയുന്നു.  "ഇന്ന്, മോണ്ടെഡോറോയിൽ, ലൂസിയയെ മാത്രമല്ല, ഇറ്റലിയിലെ സ്ത്രീഹത്യയുടെ എല്ലാ ഇരകളെയും ഞങ്ങൾ ഓർക്കുന്നു," മോണ്ടെഡോറോ മേയർ റെൻസോ ബുഫാലിനോ പറഞ്ഞു. നീതിക്കുവേണ്ടിയുള്ള പോരാട്ടത്തിന്റെ ഒളിമങ്ങാത്ത പ്രതീകമായി അത് ചരിത്രത്തിൽ ഇടം നേടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.  

Follow Us:
Download App:
  • android
  • ios