യുവതിയെ സമീപിച്ച സ്ത്രീ ചോദിച്ചത്, 'നീയെന്തിനാണ് അയർലാൻഡിലേക്ക് വന്നത്? നീയിവിടെ എന്ത് ചെയ്യുകയാണ്? ഇന്ത്യയിലേക്ക് തിരികെ പോകൂ' എന്നാണ്.
അയർലൻഡിൽ ഇന്ത്യക്കാരിക്ക് നേരെ വംശീയാധിക്ഷേപം. ഇന്ത്യയിലേക്ക് തിരികെ പോകൂ എന്നും പറഞ്ഞാണ് സ്ത്രീ ഇവരെ അധിക്ഷേപിക്കുന്നത്. സ്വാതി വർമ എന്ന യുവതിയാണ് തനിക്കുണ്ടായ അനുഭവം സോഷ്യൽ മീഡയയിൽ ഷെയർ ചെയ്തിരിക്കുന്നത്. 'ദിവസവും താൻ നടക്കുന്ന ഒരു തെരുവിൽ വച്ച് എന്റെ നിലനിൽപ്പിനെ ഇങ്ങനെ ന്യായീകരിക്കേണ്ടിവരുമെന്ന് ഞാൻ ഒരിക്കലും കരുതിയിരുന്നില്ല' എന്നും പറഞ്ഞാണ് യുവതി പോസ്റ്റ് ഷെയർ ചെയ്തിരിക്കുന്നത്. വീഡിയോയുടെ കാപ്ഷനിൽ സ്വാതി കുറിക്കുന്നത് ഇങ്ങനെയാണ്; 'എന്റെ ജിമ്മിന് പുറത്ത് ഒരു സ്ത്രീ എന്നെ തടഞ്ഞുനിർത്തി, ശേഷം ഞാൻ എന്തിനാണ് അയർലൻഡിൽ എന്ന് ചോദിക്കുകയും ഇന്ത്യയിലേക്ക് മടങ്ങാൻ പറയുകയും ചെയ്തു'.
'കുറച്ചു നിമിഷത്തേക്ക് ഞാൻ മരവിച്ചു നിന്നുപോയി. പിന്നെ എനിക്ക് മനസ്സിലായി നിശബ്ദത വെറുപ്പ് വളരാൻ മാത്രമേ സഹായിക്കൂ എന്ന്. വംശീയതയും ഭീഷണിയും വെറുപ്പും ഇപ്പോഴും നമ്മുടെ തെരുവുകളിൽ സ്വതന്ത്രമായി നടക്കുന്നതിനാലും ഇനിയാർക്കും ഇത് സംഭവിക്കാൻ പാടില്ലാത്തതിനാലും ഞാനിത് റെക്കോർഡ് ചെയ്തു. പൊലീസിൽ റിപ്പോർട്ട് ചെയ്തു, ഷെയർ ചെയ്തു. കാഴ്ചയിൽ അവർക്ക് മാനസികാരോഗ്യക്കുറവുള്ളതായി തോന്നാം. പക്ഷേ അവബോധത്തിന് വേണ്ടിയും അവർക്ക് ആരെങ്കിലും സഹായം ചെയ്യുന്നുവെങ്കിൽ അതിന് വേണ്ടിയും താൻ ഇത് ഇവിടെ പോസ്റ്റ് ചെയ്യുന്നു' എന്നും വീഡിയോയുടെ ക്യാപ്ഷനിൽ പറയുന്നു.
യുവതിയെ സമീപിച്ച സ്ത്രീ ചോദിച്ചത്, 'നീയെന്തിനാണ് അയർലാൻഡിലേക്ക് വന്നത്? നീയിവിടെ എന്ത് ചെയ്യുകയാണ്? ഇന്ത്യയിലേക്ക് തിരികെ പോകൂ' എന്നാണ്. രാത്രി ഒമ്പത് മണിയോടുകൂടിയാണ് ഈ സംഭവം നടന്നത് എന്നും സ്വാതി പറയുന്നു. നിങ്ങൾക്ക് ജോലി ചെയ്യാനുള്ള വിസയുണ്ടോ, വീട്ടടുടമയ്ക്ക് പണം നൽകി നിങ്ങളിവിടെ കഴിയുകയാണ്, അവർക്ക് അധികാരം നൽകുകയാണ് തുടങ്ങിയ കാര്യങ്ങളും അവർ പറയുന്നുണ്ട്.
സ്വാതി ഷെയർ ചെയ്തിരിക്കുന്ന വീഡിയോയ്ക്ക് നിരവധിപ്പേരാണ് കമന്റുകൾ നൽകിയത്. ഇത്തരമൊരു അനുഭവം നിങ്ങൾക്കുണ്ടായതിൽ ഖേദിക്കുന്നു എന്ന് ഒട്ടേറെപ്പേർ പറഞ്ഞിട്ടുണ്ട്.


