Asianet News MalayalamAsianet News Malayalam

ഇനി മുതല്‍ 'സുവര്‍ണ അരി' കഴിക്കാം, വിറ്റാമിന്‍ എയുടെ കുറവ് പരിഹരിക്കാം

സുവര്‍ണ അരിയുടെ സാങ്കേതിക വിദ്യ കണ്ടുപിടിച്ചത് ഇന്‍ഗോ പോട്രിക്കസ്, പീറ്റര്‍ ബെയര്‍ എന്നിവരാണ്. ഇത് ലാഭമുണ്ടാക്കാനുള്ള പ്രോജക്റ്റായിരുന്നില്ല. 2019 -ല്‍ ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട 10 ബയോടെക് പ്രോജെക്റ്റില്‍ ഉള്‍പ്പെട്ടതാണ് ഈ ഗോള്‍ഡന്‍ റൈസ് ഹ്യൂമാനിറ്റേറിയന്‍ പ്രോജെക്റ്റ്. 

golden rice project
Author
Thiruvananthapuram, First Published Dec 2, 2019, 3:14 PM IST

ജനിതക എന്‍ജിനീയറിങ്ങിലൂടെ ഗുണമേന്മയുള്ള വിളകള്‍ വികസിപ്പിച്ചെടുക്കുന്നത് കൂടുതല്‍ പോഷകഗുണമുള്ള ഭക്ഷണം ജനങ്ങള്‍ക്ക് ലഭ്യമാക്കാനാണ്. ഇവിടെ സുവര്‍ണ അരി എന്ന ബീറ്റാ കരോട്ടിന്‍ അടങ്ങിയ അരി വികസിപ്പിച്ചെടുത്തത് വിറ്റാമിന്‍ എയുടെ അഭാവം കാരണമുണ്ടാകുന്ന അസുഖങ്ങള്‍ക്ക് ഉത്തമ പ്രതിവിധിയെന്ന നിലയ്ക്കാണ്. അതുപോലെ പോഷകാഹാരക്കുറവ് മൂലമുള്ള ശിശുമരണ നിരക്ക് കുറയ്ക്കുകയെന്ന ലക്ഷ്യം കൂടി ഈ അരി വികസിപ്പിച്ചെടുത്തതിന് പിന്നിലുണ്ട്.

ഇത്തരം ബയോഫോര്‍ട്ടിഫൈഡ് അരി വിപണിയിലെത്തിക്കാന്‍ ശ്രമിക്കുന്നത് കോടിക്കണക്കിന് വരുന്ന ജനതയുടെ ആരോഗ്യസംരക്ഷണത്തിന് പ്രാധാന്യം നല്‍കിക്കൊണ്ടാണ്. വിറ്റാമിന്‍ എയുടെ രൂപാന്തരമായ ബീറ്റാ കരോട്ടിന്‍ ഉത്പാദിപ്പിക്കുന്ന ജീനുകള്‍ ചോളത്തില്‍ നിന്ന് നെല്ലിലേക്ക് ജനിറ്റിക് എന്‍ജിനീയറിങ്ങ് വഴി പ്രവേശിപ്പിച്ചതാണ് ഈ നെല്ലുണ്ടാക്കുക. സിന്‍ജെന്റ എന്ന കാര്‍ഷിക കമ്പനിയാണ് ഈ നെല്ലിന്റെ ഉത്പാദനത്തിന് പിന്തുണ നല്‍കിയത്.

സുവര്‍ണ അരിയുടെ സാങ്കേതിക വിദ്യ കണ്ടുപിടിച്ചത് ഇന്‍ഗോ പോട്രിക്കസ്, പീറ്റര്‍ ബെയര്‍ എന്നിവരാണ്. ഇത് ലാഭമുണ്ടാക്കാനുള്ള പ്രോജക്റ്റായിരുന്നില്ല. 2019 -ല്‍ ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട 10 ബയോടെക് പ്രോജെക്റ്റില്‍ ഉള്‍പ്പെട്ടതാണ് ഈ ഗോള്‍ഡന്‍ റൈസ് ഹ്യൂമാനിറ്റേറിയന്‍ പ്രോജെക്റ്റ്. പ്രോജെക്റ്റ് മാനേജ്‌മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഈ വര്‍ഷത്തെ ഏറ്റവും സ്വാധീനം ചെലുത്തിയ പ്രോജെക്റ്റ് കൂടിയാണിത്. ഇത്തരത്തിലുള്ള പ്രോജെക്റ്റുകള്‍ ജനങ്ങളിലുണ്ടാക്കിയ ഫലപ്രദമായ മാറ്റങ്ങളെക്കുറിച്ചുള്ള അറിവ് എല്ലാവരിലുമെത്തിക്കാനാണ് ഇങ്ങനെയൊരു ലിസ്റ്റ് തയ്യാറാക്കിയത്. 1000 -ല്‍ക്കൂടുതല്‍ പ്രോജക്റ്റുകളാണ് ഗ്ലോബല്‍ പ്രോജക്റ്റ് മാനേജ്‌മെന്റിലെ 400 ലീഡര്‍മാരുടെ ഗ്രൂപ്പ് പരിഗണിച്ചത്.  

ഇന്‍ഗോ പോട്രിക്കസ് പറയുന്നത് ഇതാണ്,' 1990 കളില്‍ ഈ പ്രോജെക്റ്റ് ആരംഭിക്കുന്ന കാലത്ത് എനിക്ക് 56 വയസായിരുന്നു. ഏകദേശം 4500 ഓളം കുട്ടികള്‍ ലോകത്ത് ഒരു ദിവസം തന്നെ പോഷകാഹാരക്കുറവിനാലുള്ള പ്രതിരോധശേഷിക്കുറവ് മൂലം മരിക്കുന്ന അവസ്ഥയായിരുന്നു. ഒരുപാട് ആളുകള്‍ അന്ധരായി. ഇപ്പോള്‍ എനിക്ക് 86 വയസ്സായി. സുവര്‍ണ അരി ഏറ്റവും അത്യാവശ്യമുള്ള കുട്ടികളുടെ കൈകളിലേക്ക് ഇന്നും എത്തിക്കാന്‍ കഴിഞ്ഞിട്ടില്ല.'

ഇന്ന് ആസ്‌ട്രേലിയ, കാനഡ, ന്യൂസിലാന്റ്, യു.എസ്.എ എന്നിവിടങ്ങളില്‍ സുവര്‍ണ അരി സുരക്ഷിതമായി ഉപയോഗിക്കാമെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. വിറ്റാമിന്‍ എയുടെ കുറവ് പരിഹരിക്കാന്‍ വലിയൊരളവ് വരെ ഈ അരി സഹായിക്കുമെന്നതും വ്യക്തമാണ്.

സാധാരണ നാം കഴിക്കുന്ന വെളുത്ത അരിയില്‍ പോഷക ഘടകങ്ങള്‍ കുറവാണ്. അതില്‍ കാര്‍ബോഹൈഡ്രേറ്റുകളാണ് കൂടുതല്‍. സുവര്‍ണ അരിയില്‍ സാധാരണ വെളുത്ത അരിയില്‍ കാണാത്ത പ്രധാനപ്പെട്ട ഒരു ഘടകമുണ്ട്. അതാണ് ബീറ്റ കരോട്ടിന്‍. ഇത് ശരീരത്തിനുള്ളില്‍ വെച്ച് വിറ്റാമിന്‍ എ ആയി മാറ്റപ്പെടുന്നു.

ഫിലിപ്പീന്‍സിലെ ഇന്റര്‍നാഷണല്‍ റൈസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ആണ് ഈ സുവര്‍ണ അരി ഉണ്ടാക്കാന്‍ ആദ്യമായി ലൈസന്‍സ് നേടിയത്. ഈ അരി വികസിപ്പിച്ചവരുടെ ആഗ്രഹം സഫലമാക്കാനായിരുന്നു ഇവരുടെ ശ്രമം. സാധാരണ വെള്ള അരിയേക്കാള്‍ കൂടുതല്‍ വില ഈടാക്കാതെ വിറ്റാമിന്‍ എ കൊണ്ട് സമ്പുഷ്ടമായ സുവര്‍ണ അരി വികസ്വര രാജ്യങ്ങളിലെ ചെറുകിട കര്‍ഷകര്‍ക്കും ഉപഭോക്താക്കള്‍ക്കും ലഭ്യമാക്കാനായിരുന്നു ഇവരുടെ ഉദ്യമം.

സുവര്‍ണ അരി പെട്ടെന്ന് തിരിച്ചറിയാന്‍ കഴിയും. മഞ്ഞയും ഓറഞ്ചും നിറത്തിലാണ് കാണപ്പെടുന്നത്. കടുംനിറമാകുമ്പോള്‍ ബീറ്റാ കരോട്ടിന്റെ അളവ് കൂടുതലുണ്ടെന്ന് മനസിലാക്കാം.

സയന്‍സ് മാഗസിന്‍ റിപ്പോര്‍ട്ട് ചെയ്തത് പ്രകാരം സുവര്‍ണ അരി ആദ്യമായി ബംഗ്ലാദേശിലാണ് കൃഷി ചെയ്യാന്‍ തീരുമാനിച്ചത്. ഫിലിപ്പീന്‍സിലെ അന്താരാഷ്ട്ര നെല്ല് ഗവേഷണ കേന്ദ്രത്തില്‍ വികസിപ്പിച്ചെടുത്ത നെല്ലാണ് ബംഗ്ലാദേശില്‍ ഇപ്പോള്‍ കൃഷി ചെയ്യാന്‍ ഒരുങ്ങുന്നത്. ഇത് ഉണ്ടാക്കിയിരിക്കുന്നത് ധാന്‍ 29 എന്ന ഇനത്തില്‍പ്പെട്ട നെല്ലില്‍ ബീറ്റ കരോട്ടിന്‍ ജീനുകളെ സന്നിവേശിപ്പിച്ചാണ്. ധാന്‍ എന്നത് ബംഗ്ലാദേശിലെ പ്രത്യേകതരം നെല്ലാണ്.

ബംഗ്ലാദേശിലെ പരിസ്ഥിതി ഗവേഷണ കേന്ദ്രത്തിന് സുവര്‍ണ നെല്ല് പരീക്ഷണാര്‍ഥം കൃഷി ചെയ്ത് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുകയാണ്. ഇവരുടെ അംഗീകാരം നേടിയാല്‍ കൃഷി വകുപ്പിന്റെ സര്‍ട്ടിഫിക്കേഷന്‍ ലഭിക്കാനുള്ള കാര്യങ്ങളില്‍ തീരുമാനമുണ്ടാക്കണം. വിത്തിന്റെ ഗുണമേന്മ ഉറപ്പാക്കാന്‍ വിവിധ സ്ഥലങ്ങളില്‍ കൃഷിഭൂമിയില്‍ പരീക്ഷണം നടത്തണം. എല്ലാ പ്രതിസന്ധികളും തരണം ചെയ്താല്‍ 2021 -ല്‍ ഇവിടെ കര്‍ഷകര്‍ക്ക് കൃഷി ചെയ്യാനായി സുവര്‍ണ അരിയുടെ വിത്തുകള്‍ ലഭ്യമാക്കും.

ജനിതക എന്‍ജിനീയറിങ്ങിലൂടെ തലമുറകളുടെ പോഷകാഹാരക്കുറവിന് പരിഹാരം കാണാന്‍ കഴിയുമെന്ന് തെളിയിക്കാന്‍ സുവര്‍ണ നെല്ലിന് കഴിവുണ്ടെന്ന് ശാസ്ത്രലോകം ചിന്തിക്കുന്നു. കാര്‍ഷിക ജൈവസാങ്കേതിക വിദ്യയുടെ നേട്ടമായ ഈ പുതിയ നെല്ല് ജനങ്ങള്‍ സ്വീകരിക്കുമോ എന്ന ആശങ്കയും ഇവര്‍ക്കുണ്ട്.


 

Follow Us:
Download App:
  • android
  • ios