യുവാവ് തന്റെ സ്കൂൾ ഫ്രണ്ടിനൊപ്പം ബ്രസീലിൽ അവധിക്കാലം ആഘോഷിക്കാൻ എത്തിയതായിരുന്നു. ഇരുവരും ബാറിലേക്ക് പോകുന്നതിനു മുമ്പായി സാംബ നൃത്തം നടക്കുന്ന സ്ഥലത്തെത്തി.
അവധിക്കാലം ആഘോഷിക്കാനെത്തിയ യുവാവിനെ മയക്കുമരുന്ന് നൽകി കൊള്ളയടിച്ച് മൂന്ന് സ്ത്രീകൾ കടന്നുകളഞ്ഞു. 'ഗുഡ് നൈറ്റ്, സിൻഡ്രെല്ല' എന്ന് വിളിക്കപ്പെടുന്ന തട്ടിപ്പിന് ഇരയായ യുവാവ് ബീച്ചിൽ മുഖമടച്ച് വീണു കിടക്കുന്നതിന്റെ ദൃശ്യങ്ങൾ പിന്നീട് സോഷ്യൽ മീഡിയയിലടക്കം വ്യാപകമായി പ്രചരിച്ചു. ഓഗസ്റ്റ് 8 -ന് പുലർച്ചെയാണ് സംഭവം നടന്നത്. റിയോ ഡി ജനീറോയിലെ പ്രശസ്തമായ ഇപാനെമ ബീച്ചിൽ വച്ചാണ് യുവാവ് കൊള്ളയടിക്കപ്പെട്ടത് എന്നും റിപ്പോർട്ടുകൾ പറയുന്നു.
യൂണിവേഴ്സിറ്റി വിദ്യാർത്ഥിയാണ് ഇയാള്‍. യുവാവ് മണലിൽ വീണു കിടക്കുന്നതും മൂന്ന് യുവതികളും ഇവിടെ നിന്നും ഓടിപ്പോകുന്നതുമായ സിസിടിവി ദൃശ്യങ്ങൾ പിന്നീട് പുറത്ത് വന്നു. അമാൻഡ കൗട്ടോ ഡെലോക്ക (23), മായാര കെറ്റലിൻ അമേരിക്കോ ഡ സിൽവ (26), റയാനെ കാമ്പോസ് ഡി ഒലിവേര (27) എന്നിവരാണ് ഈ മൂന്ന് സ്ത്രീകളെന്ന് പിന്നീട് കണ്ടെത്തുകയും ചെയ്തു. വളരെ പെട്ടെന്ന് തന്നെ യുവതികൾ ടാക്സിയിൽ ഇവിടെ നിന്നും സ്ഥലം വിടുകയായിരുന്നു.
യുവാവ് തന്റെ സ്കൂൾ ഫ്രണ്ടിനൊപ്പം ബ്രസീലിൽ അവധിക്കാലം ആഘോഷിക്കാൻ എത്തിയതായിരുന്നു. ഇരുവരും ബാറിലേക്ക് പോകുന്നതിനു മുമ്പായി സാംബ നൃത്തം നടക്കുന്ന സ്ഥലത്തെത്തി. ഇവിടെ വച്ചാണ് ഇവർ സ്ത്രീകളെ കണ്ടുമുട്ടിയത്. അവിടെ വച്ച് യുവതികൾ യുവാക്കൾക്ക് കൈപിരിൻഹ കോക്ടെയിലുകൾ നൽകിയിരുന്നതായും റിപ്പോർട്ടുകൾ പറയുന്നു.
ഇത് കുടിച്ചതിന് പിന്നാലെ യുവാക്കൾക്ക് ബോധം നഷ്ടപ്പെടുകയായിരുന്നു. ആശുപത്രിയിൽ വച്ചാണ് ബോധം തിരികെ വന്നത്. അവിടെവച്ച് പരിശോധിച്ചപ്പോൾ തന്റെ ബാങ്ക് അക്കൗണ്ടിൽ നിന്നും 16,000 പൗണ്ടിൽ (18 ലക്ഷം രൂപ) അധികം നഷ്ടപ്പെട്ടതായി യുവാവ് കണ്ടെത്തി. കൂടാതെ ഇരുവരുടെയും ഐഫോണുകളും നഷ്ടപ്പെട്ടു.
പിന്നാലെ, പൊലീസ് അന്വേഷണം ആരംഭിച്ചു. യുവതികൾ ലൈംഗിക തൊഴിലാളികളാണ് എന്നും കണ്ടെത്തിയിട്ടുണ്ട്. അന്ന് വൈകുന്നേരം പകർത്തി സോഷ്യൽ മീഡിയയിൽ പങ്കുവച്ച ദൃശ്യങ്ങളിൽ നിന്നും യുവാക്കൾ മൂന്ന് യുവതികളെയും തിരിച്ചറിഞ്ഞു. യുവതികളിലൊരാൾ നേരത്തെ തന്നെ ഒരു കേസിൽ പ്രതിയാണ്.
അതേസമയം, രഹസ്യമായി ഡേറ്റ് റേപ്പ് ഡ്രഗുകൾ ആളുകളുടെ മദ്യത്തിൽ കലർത്തി നൽകി അവരെ മയക്കി കൊള്ളയടിക്കുന്നതിനെയാണ് ഗുഡ് നൈറ്റ്, സിൻഡ്രെല്ല എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്.
