എന്തിനും ഏതിനും ഇന്റർനെറ്റിൽ പരസ്യം വരുന്ന കാലമാണിത്. അങ്ങനെ മാർക്കറ്റിംഗിന്റെ ഓഫറുകളുടെ പെരുമഴക്കാലത്ത് തങ്ങൾ എന്തിനു പിന്നാക്കം നിൽക്കണം എന്ന ചിന്തയോടെ, ഉത്തർപ്രദേശിലെ മുസഫർനഗറിൽ നിന്നുള്ള ഒരു ഗുണ്ടാസംഘം നൽകിയ ദീപാവലി ഓഫർ സാമൂഹിക മാധ്യമങ്ങളിൽ വൈറലായി. സംഗതി മാധ്യമങ്ങളിൽ പ്രചരിക്കുകയും, ഉത്തർപ്രദേശ് പൊലീസും സർക്കാരും നോക്കുകുത്തികളാണോ എന്ന ചോദ്യം ഉയരുകയും ചെയ്തതോടെ, കേസെടുത്ത് അന്വേഷണം തുടങ്ങിയിരിക്കുകയാണ്. 

തങ്ങൾ നൽകുന്ന സേവനങ്ങളുടെ പേര് എടുത്തു പറഞ്ഞുകൊണ്ട്, അവയുടെ കൃത്യമായ നിരക്കുകൾ വ്യക്തമാക്കിക്കൊണ്ടാണ് വിലവിവരപ്പട്ടിക ഈ സംഘം പരസ്യപ്പെടുത്തിയിട്ടുളളത്. പ്രദേശവാസിയായ ഒരു യുവാവിന്റെ പ്രൊഫൈലിൽ നിന്നാണ് ഈ ഫോട്ടോ അപ്‌ലോഡ് ചെയ്യപ്പെട്ടിട്ടുളളത്. സംഘമായി ചെന്ന് ആരെയെങ്കിലും ഒന്ന് ഭീഷണിപ്പെടുത്താൻ നൽകേണ്ട തുക 1,000/-,ആരെയെങ്കിലും മർദ്ദിച്ചവശനാക്കണം, അതിനു കൊടുക്കേണ്ടത് 5000/-, ഇനി അതല്ല, ആർക്കെങ്കിലും കാര്യമായ പരിക്കുകൾ ഏൽപ്പിക്കണം, ആരുടെയെങ്കിലും ല്ലൊടിക്കണം എന്നുണ്ടെങ്കിൽ 10,000/-, കൊന്നുകളയാൻ  55000/- എന്നിങ്ങനെയാണ് സർവീസ് റേറ്റുകൾ. 

പൊലീസ് അന്വേഷണത്തിൽ ഈ പട്ടിക പ്രസിദ്ധപെപ്പടുത്തിയത് ചൗക്ക് വാഡാ സ്വദേശിയായ ഒരു പിആർഡി ജവാന്റെ മകനാണ് എന്ന് ബോധ്യപ്പെട്ടു. കൂടുതൽ അന്വേഷണം നടത്തി വേണ്ട നടപടി സ്വീകരിക്കും എന്ന് പൊലീസ് പറയുന്നു. ഉത്തർപ്രദേശിൽ ദിനം പ്രതി അക്രമങ്ങളും കൊലപാതകങ്ങളും ബലാത്സംഗങ്ങളും ജാതി അതിക്രമങ്ങളും ഒക്കെ വർധിച്ചു വരുന്ന സാഹചര്യത്തിൽ ഇത്തരം ഒരു റേറ്റ് ചാർട്ട് പ്രസിദ്ധപ്പെടുത്തപ്പെട്ടത് തെല്ലൊന്നുമല്ല പ്രദേശ വാസികളെ അലട്ടിയിട്ടുള്ളത്.