Asianet News MalayalamAsianet News Malayalam

വിളകള്‍ നശിപ്പിക്കുന്ന കാട്ടുതാറാവുകള്‍, വെടിവെച്ചിടാന്‍ നിര്‍ദ്ദേശം നല്‍കി സര്‍ക്കാര്‍, നാട്ടിലാകെ കശാപ്പുശാലകള്‍...

അങ്ങനെ പെറ്റുപെരുകിയ അവയെ നിയന്ത്രിക്കാൻ കഴിയാതായപ്പോൾ, സ്കോട്ടിഷ് സർക്കാർ അവയെ വെടിവെച്ച് കൊല്ലാനുള്ള അനുമതി ഇറക്കി. ഇപ്പോൾ ലോകത്തെമ്പാടുമുള്ള വേട്ടക്കാരുടെ പറുദീസയാണ് ഓർക്ക്നി. 

goose invasion in Orkney island
Author
Orkney, First Published Jan 6, 2020, 12:56 PM IST

സ്കോട്‍ലൻഡിലുള്ള ഒരു ദ്വീപ്‍സമൂഹമാണ് ഓർക്ക്നി. പ്രകൃതിരമണീയമായ ആ പ്രദേശത്ത് കൂടുതലും കൃഷിയിടങ്ങളാണ്. കണ്ണെത്താത്ത ദൂരത്തോളം പരന്നു കിടക്കുന്ന ബാർലി പാടങ്ങൾ ആരുടേയും മനം കവരും. എന്നാൽ, ഇന്ന് ആ പ്രദേശം ആശങ്കയുടെ നിഴലിലാണ്. കർഷകരുടെ  ഉപജീവനമാർഗ്ഗങ്ങളായ കൃഷിയിടങ്ങൾ ഇപ്പോൾ നാശത്തിന്റെ വക്കിലാണ്. കാട്ടുതാറാവുകളുടെ ആക്രമണമാണ് ഇതിനുകാരണം. കാട്ടുതാറാവുകൾ ഇത്ര അപകടകാരികളാണോ എന്ന് ചിന്തിക്കാൻ വരട്ടെ. അവിടെ തമ്പടിച്ചിരിക്കുന്നത് വെറും ആയിരങ്ങളല്ല, മറിച്ച് പതിനായിരങ്ങളാണ്. കഴിഞ്ഞ 10 വർഷത്തിനിടയിൽ താറാവുകളുടെ പ്രധാന അധിനിവേശ കേന്ദ്രമാണ് ഓർക്ക്നി. ഇപ്പോൾ അവയുടെ എണ്ണം 80,000 -ത്തിൽ കൂടുതൽ വരും. കാട്ടുതാറാവുകൾ നിറഞ്ഞ ആ ദ്വീപിൽ അവയുടെ ശല്യം കാരണം കർഷകർക്ക് ജീവിക്കാൻ കഴിയാത്ത അവസ്ഥയാണ്.

goose invasion in Orkney island

 

ദ്വീപിലുള്ളത് പോരാതെ ഐസ്‌ലാന്റിൽ നിന്നും, വടക്കൻ ദ്വീപുകളിൽ നിന്നും ഓർക്ക്നിലേക്ക് അധികം താറാവുകൾ കുടിയേറാൻ തുടങ്ങിയതും സ്ഥിഗതികൾ കൂടുതൽ വഷളാക്കി. ചൂട് കുറവാണ് എന്നതും, ധാരാളം ഭക്ഷണം ലഭ്യമാകുന്നതും ഈ പ്രദേശത്തെ താറാവുകളുടെ ഇഷ്ട കേന്ദ്രമാക്കി മാറ്റി. സീസണിന്റെ തുടക്കത്തിൽ ധാരാളം ബാർലിയും, സീസൺ പുരോഗമിക്കുമ്പോൾ മേയാൻ ധാരാളം പുല്ലും അവയ്ക്ക് ഇവിടെ ലഭ്യമാണ്. കുറുക്കൻമാരുടെയും, മറ്റ് മൃഗങ്ങളുടെയും ശല്യമില്ലാത്ത വിശാലമായ കുറ്റിക്കാടുകളും, പുൽമേടുകളും അവയെ ഈ പ്രദേശത്തെ സ്ഥിരം താമസക്കാരാക്കി മാറ്റുകയായിരുന്നു.

അങ്ങനെ പെറ്റുപെരുകിയ അവയെ നിയന്ത്രിക്കാൻ കഴിയാതായപ്പോൾ, സ്കോട്ടിഷ് സർക്കാർ അവയെ വെടിവെച്ച് കൊല്ലാനുള്ള അനുമതി ഇറക്കി. ഇപ്പോൾ ലോകത്തെമ്പാടുമുള്ള വേട്ടക്കാരുടെ പറുദീസയാണ് ഓർക്ക്നി. ഇങ്ങനെ കർഷകരെ ഉപദ്രവിക്കുന്ന കാട്ടുതാറാവുകളെ വെടിവച്ചുകൊല്ലാൻ കരാറേറ്റെടുത്ത പല വലിയ ഷൂട്ടിംഗ് കമ്പനികളും ഉണ്ടവിടെ. അതിലൊന്നാണ് ഓർക്ക്നി ഷൂട്ടിംഗ് ഹോളിഡേയ്‌സ്. “ചുരുങ്ങിയ സമയത്തിനുള്ളിൽ കാട്ടുതാറാവുകൾ വരുത്തുന്ന നാശനഷ്ടം അവിശ്വസനീയമാണ്. ഞങ്ങൾ ശരിക്കും വിനോദത്തിനല്ല ഇത് ചെയ്യുന്നത്, മറിച്ച്  തീർത്തും അനിവാര്യമായ ഒന്നാണ് ഇത്" ഓർക്ക്നി ഷൂട്ടിംഗ് ഹോളിഡേകൾ നടത്തുന്ന സ്റ്റീവ് റോഗേർസ് പറയുന്നു. കാട്ടുതാറാവുകൾ ഉണ്ടാക്കുന്ന സാമ്പത്തികവും പാരിസ്ഥിതികവുമായ ആഘാതം വളരെ ഗുരുതരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

"അവ എന്റെ ബാർലി നശിപ്പിച്ചു! വിളവെടുപ്പ് സമയത്ത് അവ വിളഞ്ഞ ബാർലി കതിരുകൾ നശിപ്പിക്കുന്നു, ഇളംപുല്ലുകളാകുന്ന സമയത്ത് അതും ഭക്ഷിക്കുന്നു. പോരാത്തതിന് വയലെല്ലാം ചവിട്ടിമെതിക്കുന്നു." കർഷകനായ അലിസ്റ്റർ ഡൊണാൾഡ്സൺ പ്രകോപിതനായി പറഞ്ഞു. അവിടെ കർഷകർ ഉപജീവനം കഴിക്കാൻ വരെ കഷ്ടപ്പെടുകയാണ് ഇപ്പോൾ. വേട്ടയാടൽ മാത്രമല്ല, അവയെ ഇല്ലാതാക്കാൻ പിന്നെയും പലതും പയറ്റിനോക്കുകയാണ് ജനങ്ങൾ.  മുട്ടയിൽ പാരഫിൻ എന്ന വിഷംതേച്ച് അവയുടെ മുട്ടകളെ നശിപ്പിക്കുന്നതും അതിലൊരു മാർഗ്ഗമാണ്. ഇത്രയൊക്കെ ചെയ്തിട്ടും അവയെ നിയന്ത്രിക്കാൻ സാധിച്ചിട്ടില്ല എന്നതാണ് അത്ഭുതകരം.

goose invasion in Orkney island

 

ഇങ്ങനെ വെടിവച്ചു കൊല്ലുന്ന കാട്ടുതാറാവുകളെ ആദ്യമൊക്കെ കുഴിച്ചിടുകയാണ് പതിവ്. കാരണം അതിന്റെ ഇറച്ചി വിൽക്കാൻ അനുമതിയുള്ള വളരെ കുറച്ചു കശാപ്പുശാലകൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. എന്നാൽ, ഇപ്പോൾ സർക്കാരിന്റെ പുതിയ നിയമ പ്രകാരം അത് സ്കോട്‍ലൻഡിൽ ഉടനീളം കച്ചവടം ചെയ്യാം. പ്രോട്ടീൻ സമ്പുഷ്ടമായ അവയുടെ ഇറച്ചി കൂടുതലായി വിൽക്കാൻ സാധിക്കുമെന്നും, അത് കർഷകർക്ക് സാമ്പത്തികമായി ഒരുകൈത്താങ്ങാവുമെന്നും ഭരണകൂടം പ്രതീക്ഷിക്കുന്നു.

എന്നാല്‍, ഇങ്ങനെ പക്ഷികളെ കൊന്നൊടുക്കുന്നത് തെറ്റാണെന്നു വാദിക്കുന്നവരമുണ്ട്. പക്ഷേ, അനിയന്ത്രിതമായ അവയുടെ വളർച്ച മനുഷ്യജീവിതത്തിനു ഭീഷണിയായാൽ മറ്റ് മാർഗ്ഗങ്ങളില്ല എന്നാണ് പ്രദേശവാസികൾ പറയുന്നത്.  


 

Follow Us:
Download App:
  • android
  • ios