ഇത്തരത്തിലെ സ്നേഹത്താഴുകള്‍ വലിയ കട്ടറുകള്‍ ഉപയോഗിച്ച് നീക്കം ചെയ്യുകയാണ് നിലവില്‍ ഉദ്യാനത്തിലെ ജീവനക്കാര്‍. ചിലർ താഴുകള്‍ അടക്കമാണ് ഗർത്തത്തിലേക്ക് എറിയുന്നതെന്നും ദേശീയോദ്യാന ജീവനക്കാര്‍ പറയുന്നത്

അരിസോണ: അമേരിക്കയിലെ അരിസോണയില്‍ വിനോദ സഞ്ചാരികള്‍ ഏറെയെത്തുന്ന ഇടമാണ് ഗ്രാന്‍ഡ് കന്യോണ്‍ ദേശീയോദ്യാനം. ഇവിടെയെത്തുന്ന കമിതാക്കളും ദമ്പതികളും പതിവായി ചെയ്യുന്ന ഒരു രീതിക്കെതിരെ രൂക്ഷമായ വിമർശനവുമായി എത്തിയിരിക്കുകയാണ് ദേശീയോദ്യാന ജീവനക്കാര്‍. വ്യൂ പോയിന്റിലെ വേലികളില്‍ പ്രണയത്തിന്റെ അടയാളമായി ചെറുതാഴിട്ട് പൂട്ടിയ ശേഷം താക്കോല്‍ ഒരു കിലോമീറ്ററോളം താഴ്ചയുള്ള ഗര്‍ത്തത്തിലേക്ക് എറിഞ്ഞ് കളയുന്നതാണ് ആ രീതി.

ഇത്തരം ലവ്ലോക്കുകളോട് എതിർപ്പില്ലെന്നും എന്നാല്‍ ലവ്ലോക്കിന്റെ താക്കോല്‍ എറിഞ്ഞ് കളയുന്നതിനെതിരെയാണ് വിമർശനം. ഈ മേഖലയില്‍ കാണുന്ന വംശനാശ ഭീഷണി നേരിടുന്ന കഴുകന്‍മാർക്ക് ഈ താക്കോലുകള്‍ വലിയ രീതിയില്‍ അപകടം സൃഷ്ടിക്കുന്നുവെന്നാണ് ദേശീയോദ്യാന ജീവനക്കാര്‍ വിശദമാക്കുന്നത്. ചില കഴുകന്മാര്‍ ചങ്ങലയടക്കം താഴുകള്‍ വിഴുങ്ങുന്നതും ഇതിന് പിന്നാലെ ആരോഗ്യ തകരാറുകള്‍ നേരിട്ട് ചാവുന്നതും പതിവായതിന് പിന്നാലെയാണ് വിമർശനം ശക്തമാവുന്നത്. ഇത്തരത്തിലെ സ്നേഹത്താഴുകള്‍ വലിയ കട്ടറുകള്‍ ഉപയോഗിച്ച് നീക്കം ചെയ്യുകയാണ് നിലവില്‍ ഉദ്യാനത്തിലെ ജീവനക്കാര്‍. ചിലർ താഴുകള്‍ അടക്കമാണ് ഗർത്തത്തിലേക്ക് എറിയുന്നതെന്നും ദേശീയോദ്യാന ജീവനക്കാര്‍ കൂട്ടിച്ചേർക്കുന്നു.

പങ്കാളികളോടുള്ള സ്നേഹം പ്രകടിപ്പിക്കാനുള്ള വലിയ വേദിയായാണ് ദമ്പതികളും കമിതാക്കളും ഈ സ്നേഹ പൂട്ടുകള്‍ കൊണ്ട് ലക്ഷ്യമിടുന്നത്. എന്നാല്‍ ഇത് അങ്ങനെയല്ല എന്നാണ് ഗ്രാന്‍ഡ് കന്യോണ്‍ ദേശീയോദ്യാനം വിശദമാക്കുന്നത്. തിളക്കമുള്ള ചെറിയ ലോക്കുകളും താഴുകളും അകത്താക്കുന്ന കഴുകന്മാർ ലോഹത്താക്കോലും സഞ്ചാരികള്‍ വലിച്ചെറിയുന്ന നാണയങ്ങളും പൊതികളും അകത്താക്കുന്നത് പതിവാണ്. ഇത് ദഹിക്കില്ലെന്ന് മാത്രമല്ല അവയുടെ ജീവന്‍ അപകടത്തിലാക്കുകയും ചെയ്യുകയാണ് ചെയ്യുന്നതെന്ന് ഉദ്യാന ജീവനക്കാര്‍ വിശദമാക്കുന്നത്.

അടുത്തിടെ ഇത്തരത്തില്‍ ചത്തുപോയ കഴുകന്‍റെ എക്സ്റേ ചിത്രമടക്കമാണ് ഉദ്യാന ജീവനക്കാരുടെ സമൂഹമാധ്യമങ്ങളിലെ കുറിപ്പ്. ഗർത്തത്തിലേക്ക് സഞ്ചാരികള്‍ അവരുടെ മാലിന്യങ്ങള്‍ വലിച്ചെറിയുന്നത് ശരിയായ രീതിയല്ലെന്നും ഗ്രാന്‍ഡ് കന്യോണ്‍ ദേശീയോദ്യാന പാലകർ വിശദമാക്കുന്നത്. ഒക്ടോബർ മാസത്തില്‍ ഗർത്തത്തിലേക്ക് ഗോൾഫ് ബോളുകള്‍ അടിച്ച് തെറിപ്പിച്ചതിന് വനിത പിടിയിലായിരുന്നു. ആറ് മാസത്തെ ശിക്ഷയും 4 ലക്ഷം രൂപയോളം പിഴയും ലഭിക്കാവുന്ന കുറ്റകൃത്യമാണ് ഇത്തരത്തില്‍ വസ്തുക്കള്‍ ഗർത്തത്തിലേക്ക് വലിച്ചെറിയുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം