Asianet News MalayalamAsianet News Malayalam

അപ്പൂപ്പൻ ഇന്ദിരാഗാന്ധിയുടെ ഘാതകരെ തൂക്കിലേറ്റി, കൊച്ചുമോന്റെ നിയോഗം നിർഭയ കുറ്റവാളികളെ കഴുവേറ്റാനോ?

കുഞ്ഞുന്നാളുതൊട്ടേ ഒപ്പം കളിച്ചുവളർന്നവരിൽ പലരും പൈലറ്റും, പൊലീസും, വക്കീലും ഒക്കെയാവാൻ ആഗ്രഹിച്ചിരുന്നപ്പോൾ അപ്പൂപ്പനെപ്പോലെ അറിയപ്പെടുന്നൊരു ആരാച്ചാരാകണം എന്നുമാത്രമാണ് പവൻ ആഗ്രഹിച്ചിരുന്നത്. 

Grand father hanged Indira assassins, Will the grandson get chance to hang Nirbhaya Convicts ?
Author
Delhi, First Published Dec 4, 2019, 2:05 PM IST

പവൻ ജല്ലാദ്. ആ പേരുകേട്ടാൽ ഏത് കൊടും കുറ്റവാളിയുടെയും നെഞ്ചൊന്നു പിടക്കും. ജല്ലാദ് എന്ന ഹിന്ദിവാക്കിന്റെ അർഥം ആരാച്ചാർ എന്നാണ്. ഇന്ത്യയിൽ ഇന്നുള്ള അപൂർവം ആരാച്ചാന്മാരിൽ ഒരാളാണ് പവൻ ജല്ലാദ്. പവന്റെ അച്ഛൻ മമ്മു ജല്ലാദ് അറിയപ്പെടുന്ന ഒരു ആരാച്ചാരായിരുന്നു. അപ്പൂപ്പൻ കല്ലു ജല്ലാദ് അതിലും പ്രസിദ്ധനായിരുന്നു. 1987 -ൽ ഇന്ദിരാ ഗാന്ധിയുടെ ഘാതകരായ ബിയാന്ത് സിങ്ങിനെയും, സത്‌വന്ത് സിങ്ങിനെയും കഴുവേറ്റിയത് അദ്ദേഹമാണ്. അന്ന് ആ കഴുവേറ്റത്തിന് ഇരുപത്തിരണ്ടുകാരനായ  പവനും ദൃക്‌സാക്ഷിയാവുകയുണ്ടായി. ഭഗത് സിങ്ങിനെയും കൂട്ടരെയും കഴുവേറ്റിയതും കല്ലു ജല്ലാദ് ആണെന്ന് പവൻ അവകാശപ്പെടുന്നുണ്ട് എങ്കിലും അതിനെ പിന്തുണയ്ക്കുന്ന ചരിത്രരേഖകളൊന്നും തന്നെ ലഭ്യമല്ല. എന്നിരുന്നാലും, പവന്റെ കുലത്തൊഴിലാണ് ആരാച്ചാർ ജോലി എന്നത് സത്യം തന്നെ. 

അത്രയ്ക്ക് സൽപ്പേരുള്ള തൊഴിലല്ല ഇന്ത്യയിൽ ആരാച്ചാരുടേത്. കാര്യമെന്തൊക്കെ പറഞ്ഞാലും, ഒരു മനുഷ്യജീവൻ എടുക്കുക എന്ന കർത്തവ്യമാണ് ആരാച്ചാരിൽ നിക്ഷിപ്തമായിരിക്കുന്നത്. അതുകൊണ്ടുതന്നെ അവരെ ചുറ്റിപ്പറ്റി എന്നും ഒരു നിഗൂഢതയുടെ പരിവേഷമുണ്ട്, ഒരളവുവരെ ഭീതിയുടെയും. എന്നാൽ, സ്ഥിരം വരുമാനം നൽകുന്ന ഒരു തൊഴിലല്ലായിരുന്നിട്ടും തന്റെ ജോലിയോട് തികഞ്ഞ അർപ്പണമനോഭാവമുള്ള ഒരാളാണ് പവൻ ജല്ലാദ്. ഇഷ്ട്ടപ്പെട്ടുതന്നെ ചെയ്യുന്നതാണ് ഈ തൊഴിൽ. 1951 മുതൽ ഈ 'കുലത്തൊഴിലി'ൽ ഏർപ്പെട്ടുവരികയാണ് അദ്ദേഹം. കുഞ്ഞുന്നാളുതൊട്ടേ ഒപ്പം കളിച്ചുവളർന്നവരിൽ പലരും പൈലറ്റും, പൊലീസും, വക്കീലും ഒക്കെയാവാൻ ആഗ്രഹിച്ചിരുന്നപ്പോൾ അപ്പൂപ്പനെപ്പോലെ അറിയപ്പെടുന്നൊരു ആരാച്ചാരാകണം എന്നുമാത്രമാണ് പവൻ ആഗ്രഹിച്ചിരുന്നത്. വളർന്നു വലുതായപ്പോഴും ഇതല്ലാതെ മറ്റൊരു തൊഴിലും തെരഞ്ഞെടുക്കുന്നതിനെപ്പറ്റി ചിന്തിച്ചിട്ടുപോലുമില്ലത്രേ. 

Grand father hanged Indira assassins, Will the grandson get chance to hang Nirbhaya Convicts ?

കുപ്രസിദ്ധരായ പല കൊടുംകുറ്റവാളികളുടെയും കഴുത്തിൽ പവൻ ജല്ലാദ് തന്റെ കൈകളാൽ മരണക്കുരുക്ക് അണിയിച്ചിട്ടുണ്ട്. തന്റെ ആദ്യത്തെ സ്വതന്ത്ര കഴുവേറ്റത്തിനായി  ജയ്പൂർ ജയിലിൽ അപ്പൂപ്പനോടൊപ്പം പോയതിന്റെ ഓർമ പവനുണ്ട്. അന്ന് തൂക്കുമരത്തിന്‍റെ പ്ലാറ്റ് ഫോമിൽ കേറിനിന്ന് തലയിലൂടെ കറുത്ത സഞ്ചി ധരിപ്പിച്ചതോടെ ആ കുറ്റവാളിയുടെ സകല ധൈര്യവും ചോർന്നുപോയി. അയാൾ കിടുകിടാ വിറയ്ക്കാൻ തുടങ്ങി. കാലുകൾ കൂട്ടിക്കെട്ടുന്നതിനിടെ പവന്റെ കയ്യും വിറക്കാൻ തുടങ്ങി. എന്നാൽ, കൊച്ചുമോന്റെ ധൈര്യക്ഷയം കണ്ടറിഞ്ഞ് കല്ലു ജല്ലാദ് പവനെ ദൂരേക്ക് മാറ്റിനിർത്തി, കഴുവേറ്റത്തിന്റെ നിയന്ത്രണം ഏറ്റെടുത്തു. പിന്നെ എല്ലാം നിമിഷനേരം കൊണ്ട് കഴിഞ്ഞു. കഴുത്തിൽ കൊലക്കയർ ധരിപ്പിച്ചു. കുരുക്ക് മുറുക്കി. ലിവർ വലിച്ചു. ജീവനോടെ കഴുമരത്തിലേക്ക് നടത്തിക്കൊണ്ടുപോയ ആ മനുഷ്യൻ രണ്ടേരണ്ടു നിമിഷത്തിന്റെ ഗ്യാപ്പിൽ മൃതദേഹമായി തൂങ്ങിയാടുന്നത് അയാൾ നടുക്കത്തോടെ കണ്ടു. 

പലർക്കും തെറ്റിദ്ധാരണയുണ്ട്, ആരാച്ചാന്മാർ ശിലാഹൃദയരാണ്. മദ്യത്തിന്റെ സഹായത്തോടെ ജോലിക്കെത്തുന്നവരാണ്. അങ്ങനെ പലതും. ജോലി ആരാച്ചാരുടെതാണ് എങ്കിലും തങ്ങളും മനുഷ്യർ തന്നെയാണെന്നും മറ്റു മനുഷ്യർക്കുള്ള എല്ലാ ബലഹീനതകളും, വൈകാരികതകളും ഉള്ളവരാണ് തങ്ങളും എന്നും പവൻ പറയുന്നു. 

Grand father hanged Indira assassins, Will the grandson get chance to hang Nirbhaya Convicts ?

എത്ര കൊടും ഭീകരനായ കുറ്റവാളി ആണെന്നുപറഞ്ഞാലും മരണത്തെ കണ്മുന്നിൽ കണ്ടാൽ പകച്ചുപോകും എന്ന് പവൻ തന്റെ അനുഭവത്തിലൂടെ സാക്ഷ്യപ്പെടുത്തുന്നു. ഒരിക്കൽ ഏഴുവയസ്സുള്ള ഒരു കുഞ്ഞിനെ നിർദ്ദയം ബലാത്സംഗം ചെയ്ത കൊന്നതിന് കഴുവേറ്റാൻ വിധിക്കപ്പെട്ട ഒരു ക്രൂരനായ കുറ്റവാളിയുടെ ശിക്ഷ നടപ്പിലാക്കാൻ പവൻ നിയുക്തനായിരുന്നു. കഴുമരത്തിന്റെ ചുവട്ടിലെത്തിയതും അയാളുടെ സകല ധൈര്യവും ചോർന്നുപോയി. പിന്നെ എന്തുപറഞ്ഞാലും, മുന്നോട്ട് ഒരടി വെക്കില്ല. നിലവിളിയും ബഹളവും തന്നെ. ഒടുവിൽ ജയിലിലെ ഗാർഡുമാർ ചേർന്ന് പൊക്കിയെടുത്ത് കഴുമരത്തിന്റെ ചുവട്ടിൽ നിർത്തി. പിടിച്ചുവെച്ചാണ് കാലുകൾ കൂട്ടിക്കെട്ടി, മുഖം മൂടി, കഴുത്തിൽ കൊലക്കയർ അണിയിച്ചത്. കഴുത്തിൽ കുരുക്ക് മുറുകിയപ്പോഴും നിർത്താതെ നിലവിളിച്ചുകൊണ്ടിരുന്നു അയാളെന്ന് പവൻ ഓർക്കുന്നു. 

ആരാച്ചാരുടെ പ്രധാന പണികളിലൊന്ന് കൊലക്കയർ തയ്യാറാക്കുക എന്നതാണ്. നെയ്യും മറ്റും പുരട്ടി കയർ മാർദ്ദവമുള്ളതാക്കി എടുക്കുന്നു. എന്നാൽ ഇന്ന് റെഡിമെയ്ഡായും കൊലക്കയർ വരുന്നതിനാൽ പണി ഏറെ കുറഞ്ഞിട്ടുണ്ടെന്ന് പവൻ പറയുന്നു. സാധാരണ സൂര്യോദയത്തോട് അടുത്ത നേരത്താണ് വധശിക്ഷ നടപ്പിലാക്കുക പതിവ്. വെളിച്ചം വന്നാലുടൻ തന്നെ തൂക്കിലേറ്റപ്പെട്ടവരുടെ മൃതദേഹങ്ങൾ അവരുടെ മതാചാരങ്ങൾക്ക് അനുസൃതമായി സംസ്കരിക്കും. ബന്ധുക്കൾ ശവം ഏറ്റുവാങ്ങാൻ തയ്യാറാവുകയാണെങ്കിൽ അങ്ങനെയും ചെയ്യാറുണ്ട്.  

Grand father hanged Indira assassins, Will the grandson get chance to hang Nirbhaya Convicts ?

അഞ്ചംഗ കുടുംബത്തെ പോറ്റാൻ പക്ഷേ പവന് ആരാച്ചാർ പണിയിൽ നിന്ന് കിട്ടുന്ന വേതനം തികയില്ല. ഒരു തൂക്കിന് വെറും 3000 രൂപയാണ് ജയിലധികൃതരിൽ നിന്ന് കിട്ടുന്ന കൂലി. വധശിക്ഷ അപൂർവങ്ങളിൽ അപൂർവമായ കേസുകളിൽ മാത്രം വിധിക്കപ്പെടുന്ന ഒന്നായതുകൊണ്ടും, ശിക്ഷ നടപ്പാക്കപ്പെടുന്നതിലേക്ക് എത്താനുള്ള നിയമത്തിന്റെ നൂലാമാലകൾ ഏറെയുള്ളതിനാലും, അങ്ങനെ ഇടയ്ക്കിടെ കിട്ടുന്ന പണിയുമല്ല അത്. വീട്ടിൽ അരിയെത്തിക്കാനുള്ള പരിശ്രമങ്ങളുടെ ഭാഗമായി തുണിവിൽപ്പനയുമുണ്ട് പവൻ ജല്ലാദിന്. 

Grand father hanged Indira assassins, Will the grandson get chance to hang Nirbhaya Convicts ?

ദില്ലി നിർഭയ കേസിലെ പ്രതികൾ കൊലമരത്തിന് തൊട്ടടുത്തെത്തി നിൽക്കുകയാണ്. തനിക്ക് ഉത്തരവു കിട്ടുന്ന പക്ഷം വെറും രണ്ടേ രണ്ടുദിവസത്തെ തയ്യാറെടുപ്പ് മാത്രം മതിയാകും അത് നടപ്പിലാക്കാൻ എന്നും,  അങ്ങനെ ഒരുത്തരവിനായി കാത്തിരിക്കുകയാണ് താനെന്നും പവൻ ജല്ലാദ് പറഞ്ഞു. 

Follow Us:
Download App:
  • android
  • ios