ജോലിക്കു പോവാതെ സദാസമയവും മയക്കുമരുന്നടിച്ചു നടക്കുന്ന സുശാന്ത് ഒരു മാസത്തെ ഇടവേളയ്ക്കാണ് പണം കടം വാങ്ങിയത്. കൃത്യസമയത്ത് പണം തിരിച്ചുകൊടുത്തില്ല. തുടര്‍ന്നാണ് മുത്തച്ഛന്‍ ഇക്കാര്യം സുശാന്തിനോട് ചോദിച്ചത്.അതോടെ പണത്തെച്ചൊല്ലി ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായി.

കടം വാങ്ങിയ അയ്യായിരം രൂപ തിരിച്ചുചോദിച്ചതിന് മുംബൈയില്‍ (Mumbai) മുത്തച്ഛനെ (Grand father) പേരക്കുട്ടി തല്ലിക്കൊന്നു. 22-കാരനായ സോനു എന്ന സുശാന്ത് സത്പുതെയെയാണ് (Sushant Satpute) മുംബൈ ക്രൈംബ്രാഞ്ച് (Mumbai Crime Branch) അറസ്റ്റ് ചെയ്തത്. മുംബൈയിലെ വഡാല (Wadala) മേഖലയിലാണ് സംഭവം.

75 വയസ്സുള്ള ലക്ഷ്മണ്‍ ഘുഗെ ആണ് കൊല്ലപ്പെട്ടത്. സുശാന്തിന്റെ മുത്തച്ഛനായ ഇദ്ദേഹം ചെറുമകന് കടമായി നല്‍കിയ 5000 രൂപ തിരികെ ചോദിച്ചതായിരുന്നു പ്രകോപനം. ജോലിക്കു പോവാതെ സദാസമയവും മയക്കുമരുന്നടിച്ചു നടക്കുന്ന സുശാന്ത് ഒരു മാസത്തെ ഇടവേളയ്ക്കാണ് പണം കടം വാങ്ങിയത്. കൃത്യസമയത്ത് പണം തിരിച്ചുകൊടുത്തില്ല. തുടര്‍ന്നാണ് മുത്തച്ഛന്‍ ഇക്കാര്യം സുശാന്തിനോട് ചോദിച്ചത്.അതോടെ പണത്തെച്ചൊല്ലി ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായി. തുടര്‍ന്ന് സുശാന്ത് വീട്ടിലുണ്ടായിരുന്ന മുളവടി എടുത്ത് മുത്തച്ഛന്റെ തലയടിച്ച് പൊട്ടിക്കുകയായിരുന്നു. 

വഡാലയിലെ കോര്‍ബ മിതാഗര്‍ ഏരിയയില്‍ ഭാര്യയ്ക്കും കുട്ടിക്കുമൊപ്പം താമസിക്കുകയായിരുന്നു ലക്ഷ്മണ്‍ ഘുഗെ. ലക്ഷ്മണിന്റെ മൂത്ത മകളുടെ മകനാണ് സുശാന്ത്. നവി മുംബൈയിലെ നെരൂളിലാണ് സുശാന്ത് താമസിക്കുന്നത്. മുത്തച്ഛന്റെ വീട്ടില്‍ സുശാന്ത് സ്ഥിരമായി വരാറുണ്ടെന്ന് പോലീസ് പറഞ്ഞു. ബുധനാഴ്ച സുശാന്തും മുത്തച്ഛനും തനിച്ച് വീട്ടിലുണ്ടായിരുന്ന സമയത്താണ് സംഭവം നടന്നതെന്നും പോലീസ് കൂട്ടിച്ചേര്‍ത്തു.

പൊലീസ് പറയുന്നത്: കുറച്ച് മാസങ്ങള്‍ക്ക് മുമ്പ്, ഉടന്‍ തിരികെ നല്‍കാമെന്ന് വ്യവസ്ഥയില്‍ സുശാന്ത് മുത്തച്ഛനില്‍ നിന്ന് 5,000 രൂപ കടം വാങ്ങിയിരുന്നു. വീട്ടിലെത്തിയ ദിവസം മുത്തച്ഛന്‍ ആ പണം തിരികെ നല്‍കാത്തത് എന്താണെന്ന് ചോദിച്ചു. തുടര്‍ന്ന് അവര്‍ തമ്മില്‍ വലിയ വഴക്കുണ്ടായി. രോഷാകുലനായ സുശാന്ത് മുറിയുടെ മൂലയില്‍ വെച്ച മുളവടി എടുത്ത് വൃദ്ധനെ തലഞ്ഞും വിലങ്ങും അടിച്ചു. ഒടുവില്‍ വൃദ്ധന്റെ തലയടിച്ച് പൊട്ടിച്ച സുശാന്ത് അദ്ദേഹത്തെ മുറിക്കുള്ളില്‍ ഇട്ടു പൂട്ടി ഓടി രക്ഷപ്പെടുകയായിരുന്നു. 

ലക്ഷ്മണിന്റെ ഭാര്യ വിമല ഈ സമയത്ത് കടയില്‍ പോയിരിക്കുകയായിരുന്നു. കുറേ കഴിഞ്ഞ് വീട്ടിലെത്തിയ അവര്‍ വീടിന്റെ വാതില്‍ തുറന്നപ്പോള്‍ രക്തത്തില്‍ കുളിച്ചുകിടക്കുന്ന ഭര്‍ത്താവിനെയാണ് കണ്ടത്. ഉടന്‍ തന്നെ അവര്‍ അയല്‍വാസികളെ വിവരമറിയിച്ചു. അയല്‍വാസികളുടെ സഹായത്തോടെ ഭര്‍ത്താവിനെ അവര്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയി. അവിടെ വച്ചാണ് ലക്ഷ്മണ്‍ നടന്ന സംഭവമെല്ലാം പറഞ്ഞത്. 

വധശ്രമത്തിനാണ് സുശാന്തിനെതിരെ ആദ്യം കേസെടുത്തത്. ശനിയാഴ്ച ലക്ഷ്മണ്‍ മരിച്ചതിനെത്തുടര്‍ന്ന് സുശാന്തിനെതിരെ കൊലപാതകക്കുറ്റം ചുമത്തി. തുടര്‍ന്ന്, സിറ്റി ക്രൈംബ്രാഞ്ച് സുശാന്തിനെ പന്‍വേല്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് പിടികൂടി വഡാല പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്ക് കൈമാറി. തൊഴില്‍ രഹിതനും ലഹരിയ്ക്ക് അടിമയുമായിരുന്നു അയാള്‍. 'മയക്കുമരുന്ന് ഇല്ലാതെ സുശാന്തിന് ജീവിക്കാന്‍ കഴിയില്ലെന്ന് ഞങ്ങള്‍ മനസ്സിലാക്കി. അവനെ പിടികൂടാന്‍ ഞങ്ങള്‍ ടീമുകള്‍ രൂപീകരിച്ചു. മസ്ജിദ് റെയില്‍വേ സ്റ്റേഷന്‍ മുതല്‍ വാഷി വരെ പൊലിസിനെ വിന്യസിച്ചിരുന്നു. ശനിയാഴ്ച പന്‍വേല്‍ റെയില്‍വേ സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് ഇയാളെ കണ്ടെത്തുകയും, തിരച്ചില്‍ ആരംഭിക്കുകയും ചെയ്തു. ഞായറാഴ്ച അവനെ പന്‍വേലില്‍ നിന്ന് പിടികൂടി,'' ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ (ക്രൈം) നീലോത്പാല്‍ മാധ്യമങ്ങളോട് പറഞ്ഞു.

ചെറുപ്പത്തില്‍ പഠിക്കാന്‍ മിടുക്കനായിരുന്നു സുശാന്ത് അമ്മയുടെ രണ്ടാം വിവാഹത്തോടെയാണ് ആകെ തകര്‍ന്നു പോയതെന്നാണ് പൊലീസ് പറയുന്നത്. അതിന് ശേഷം അവന്‍ മോശം കൂട്ടുകെട്ടില്‍ പെടുകയായിരുന്നു. പ്ലസ് വണ്‍ പൂര്‍ത്തിയാക്കിയ അവന്‍ മയക്കുമരുന്ന് അടിമയായതോടെ പഠിത്തം ഉപേക്ഷിച്ചു. പിന്നീട് ജോലിക്കൊന്നും പോവാതെ നടപ്പായിരുന്നു. ഏതാനും മാസങ്ങള്‍ക്ക് മുമ്പ് സുശാന്തിനെ മയക്കുമരുന്ന് പുനരധിവാസ കേന്ദ്രത്തിലേക്ക് അയച്ചിരുന്നു. എന്നാല്‍ അവന്‍ രക്ഷപ്പെട്ട് വീട്ടിലേക്ക് മടങ്ങുകയായിരുന്നും കുടുംബാംഗങ്ങളെ ഉദ്ധരിച്ച് പൊലീസ് പറഞ്ഞു.