ഏതുതരം അപകടങ്ങളിലേക്കാണ് നമ്മുടെ ലോകം നടന്നുചെല്ലുന്നത്? കാലാവസ്ഥാ വ്യതിയാനങ്ങളെയെല്ലാം നാം അവഗണിക്കാറാണ് പതിവ്. ആമസോണ്‍ കാടുകള്‍ കത്തിയാല്‍ നമുക്കെന്താ? ഓസ്ട്രേലിയയില്‍ കാട്ടുതീയുണ്ടായാലെന്താ? ഹിമാലയത്തില്‍ മഞ്ഞുരുകിയാലെന്താ തുടങ്ങി നമുക്ക് വിദൂരത്തുള്ളതിനെയൊക്കെ നാം അവഗണിക്കുന്നു. എന്നാല്‍, ഇതെല്ലാം വിരല്‍ചൂണ്ടുന്നത് ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടായേക്കാം എന്ന സൂചനയിലേക്ക് തന്നെയാണ്. 

ഇപ്പോഴിതാ, എവറസ്റ്റ് കൊടുമുടിക്ക് ചുറ്റുമായി വിവിധതരം സസ്യങ്ങള്‍ വളരുന്നതായി കണ്ടെത്തിയിരിക്കുന്നു. പുല്ലും കുറ്റിച്ചെടികളും പായലുമെല്ലാം ഇവിടെ കൂടിവരുന്നതായാണ് കണ്ടെത്തിയിരിക്കുന്നത്. അതിനെന്താ സസ്യങ്ങളുണ്ടാകുന്നത് നല്ല കാര്യമല്ലേ എന്നാണോ ചിന്തിക്കുന്നത്? അതൊക്കെ നല്ല കാര്യം തന്നെ. പക്ഷേ, ഇവിടെ എവറസ്റ്റിന് ചുറ്റും പുല്ലുവളരുന്നതും കുറ്റിക്കാടുണ്ടാകുന്നതുമൊന്നും അത്ര നല്ല കാര്യമല്ല. കാരണം, മഞ്ഞുരുകുന്നത് വര്‍ധിക്കുന്നതാണ് ഇതിന് കാരണം എന്നതുതന്നെ. 

 

കാലാവസ്ഥാ വ്യതിയാനങ്ങളെ കുറിച്ച് ആഗോളതലത്തില്‍തന്നെ നിരവധി പഠനങ്ങള്‍ നടക്കുന്നുണ്ട്. ഇപ്പോഴിതാ, യു കെയിലെ എക്സ്റ്റര്‍ സര്‍വകലാശാല സാറ്റലൈറ്റ് സംവിധാനമുപയോഗിച്ച് നടത്തിയ പഠനത്തിലാണ് ഹിമാലയ പരിസരത്ത് ചെടികള്‍ കൂടുതലായി വളരുന്നത് കണ്ടെത്തിയിരിക്കുന്നത്. പഠനഫലത്തെ കുറിച്ച് ശാസ്ത്രജ്ഞനായ കാരെന്‍ ആന്‍ഡേഴ്‍സണ്‍ പറയുന്നത്, 1993 -നെ അപേക്ഷിച്ച് ഈ മേഖലയിലിന്ന് കൂടുതലായി സസ്യങ്ങളുണ്ടാകുന്നുവെന്നാണ്. 1993 -നും 2018 -നും ഇടയിൽ നാസയുടെ ലാൻഡ്‌സാറ്റ് ഉപഗ്രഹങ്ങൾ എടുത്ത ചിത്രങ്ങൾ പഠിച്ചതിലൂടെ, സമുദ്രനിരപ്പിൽനിന്ന് 4,150 മുതൽ 6,000 മീറ്റർ വരെ ഉയരത്തില്‍ നാല് റേഞ്ചുകളിലായി സസ്യങ്ങള്‍ കൂടുന്നതായും കണ്ടെത്തിയിരുന്നു.

നേരത്തെ നടന്ന പല പഠനങ്ങളിലും ഈ മഞ്ഞുരുക്കത്തെ കുറിച്ച് ആശങ്കാജനകമായ പല കാര്യങ്ങളും കണ്ടെത്തിയിട്ടുണ്ട്. 2000 -നും 2016 -നുമിടയില്‍ ഇവിടെ മഞ്ഞുരുകുന്നത് ഇരട്ടിയാണ്. നിലവില്‍ ഇവിടെ സസ്യങ്ങള്‍ വളരുകയാണെങ്കില്‍ അത് ജലം ലഭിക്കുന്നതിന് തടസങ്ങളുണ്ടാക്കും. ഏഷ്യയിലെ 10 നദികളിലേക്ക് വെള്ളമെത്തുന്നത് ഇവിടെയാണ്. അതിനെയും ഇത് വിപരീതമായി ബാധിക്കും. 2019 -ല്‍ കൊളംബിയ സര്‍വകലാശാല നടത്തിയൊരു പഠനത്തില്‍ കണ്ടെത്തിയത് ഈ നൂറ്റാണ്ടിന്‍റെ തുടക്കം മുതല്‍ ഓരോ വര്‍ഷവും ഹിമനിരപ്പില്‍ അരമീറ്ററിലധികം കുറവുവരുന്നുവെന്നാണ്. ഏതായാലും ഇതെല്ലാം വരാനിരിക്കുന്ന അപകടങ്ങളിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. തല്‍സ്ഥിതി തുടരുകയാണെങ്കില്‍ ഈ നൂറ്റാണ്ടിന്‍റെ അവസാനമാകുന്നതോടെ ആ പ്രദേശത്തെ മൂന്നിലൊരുഭാഗം മഞ്ഞുപാളികളും നഷ്‍ടപ്പെട്ടേക്കാം എന്നും പഠനത്തില്‍ പറയുന്നുണ്ട്.

 

മഞ്ഞുരുകുന്നതിന്‍റെ ഭാഗമായി നേരത്തെ എവറസ്റ്റില്‍ അടിഞ്ഞുകൂടിയിരിക്കുന്ന മാലിന്യങ്ങള്‍ വെളിപ്പെട്ടിരുന്നു. മഞ്ഞിനടിയിൽ നിന്ന് വെളിപ്പെട്ടത് ടൺ കണക്കിന് മാലിന്യങ്ങള്‍ മാത്രമല്ല, നിരവധി മൃതദേഹങ്ങളുമാണ്. എവറസ്റ്റ് കീഴടക്കാനുള്ള പരിശ്രമങ്ങൾക്കിടയിൽ കൊടുമുടി മുകളിൽ മരിച്ചുവീഴുന്നവരുടെ മൃതദേഹങ്ങൾ തിരിച്ച് താഴെയെത്തിക്കാൻ ആരും ശ്രമിക്കാറില്ലാത്തായിരുന്നു ഇതിന് കാരണം. ഇത്തരത്തിൽ ഇരുന്നൂറിലധികം മൃതദേഹങ്ങൾ പലയിടത്തായി മലമുകളിൽ കിടപ്പുള്ളതായി കണ്ടെത്തിയിരുന്നു. മഞ്ഞുമൂടിക്കിടക്കുന്നതുകൊണ്ട് അളിഞ്ഞുപോവുകയോ ദുർഗന്ധം വമിക്കുകയോ ഒന്നും ചെയ്തിരുന്നില്ല. ഈ മൃതദേഹങ്ങളിലെ ഉടുപ്പുകളുടെയും ഗ്ലൗസുകളുടെയും ഒക്കെ നിറം വെച്ച് ഇവ യാത്രക്കാർ വഴിയടയാളങ്ങളായി പ്രയോജനപ്പെടുത്തിപ്പോന്നിരുന്നു.

 

ഐസിൽ ഉറഞ്ഞു കിടക്കുന്ന ഒരു മൃതദേഹത്തിന് ഫലത്തിൽ 160  കിലോഗ്രാമിലധികം ഭാരം വരും. വിദഗ്ദ്ധ പരിശീലനം സിദ്ധിച്ച നേപ്പാളി ഷെർപ്പകൾക്കു മാത്രമാണ് ആ മൃതദേഹങ്ങളെ താഴെ ബേസ് ക്യാമ്പിലേക്ക് എത്തിക്കാനുള്ള ശേഷിയുള്ളത്. ലക്ഷക്കണക്കിന് രൂപ ചെലവുവരുന്ന ഒരു പ്രവൃത്തിയാണ് കൊടുമുടിയിൽ മൃതദേഹങ്ങൾ അടക്കമുള്ള മാലിന്യങ്ങളുടെ വൃത്തിയാക്കൽ നടത്തുക എന്നത്. 

 

ഏതായാലും ആഗോളതലത്തില്‍തന്നെ നടപടികള്‍ സ്വീകരിച്ചില്ലെങ്കിലൊരുപക്ഷേ നാം പോലുമറിയാതെ തന്നെ കാലാവസ്ഥാ വ്യതിയാനമുണ്ടാക്കുന്ന പ്രതിസന്ധികളിലേക്ക് നാം വളരെവേഗത്തിലെത്തിപ്പെട്ടേക്കാം.