ഇത്തരം ചെറിയ കാര്യങ്ങൾ എഴുതിവെച്ചതിനെക്കുറിച്ച് മകൻ ജിജ്ഞാസയോടെ ചോദിച്ചപ്പോൾ, ലോകപ്രശസ്തമായ 'ദി സീക്രട്ട്' എന്ന പുസ്തകം വായിച്ച ശേഷമാണ് ഇങ്ങനെ നന്ദി പറയുന്നതിന്റെ ശക്തി തനിക്ക് മനസ്സിലായതെന്ന് പിതാവ് വ്യക്തമാക്കുന്നു.
ഏകദേശം ഒരു പതിറ്റാണ്ട് മുൻപുള്ള ഒരു ലളിതമായ ഡയറി, ഇന്ന് സോഷ്യൽ മീഡിയയിൽ നൂറുകണക്കിന് ആളുകളുടെ ഹൃദയം കീഴടക്കുകയാണ്. അശുതോഷ് പ്രതിഹസ്ത് എന്ന യുവാവ് തന്റെ പിതാവിന്റെ പഴയൊരു നോട്ട്ബുക്ക് വായിക്കുന്ന വീഡിയോ പങ്കുവെച്ചതോടെയാണ് ഈ കുറിപ്പുകൾ വൈറലായത്. വീഡിയോയിൽ, അശുതോഷ് ആ പഴയ നോട്ട്ബുക്ക് കയ്യിലെടുത്ത് അതിന് എത്ര പഴക്കമുണ്ടെന്ന് പിതാവിനോട് ചോദിക്കുന്നുണ്ട്. ഏകദേശം ഒൻപതോ പത്തോ വർഷത്തെ പഴക്കമുണ്ടെന്നായിരുന്നു പിതാവിന്റെ മറുപടി.
ഡയറിയുടെ താളുകൾ മറിച്ചുനോക്കിയ അശുതോഷ്, ഒരേയൊരു കാര്യം മാത്രം അതിൽ വീണ്ടും വീണ്ടും എഴുതിയിരിക്കുന്നത് ശ്രദ്ധിച്ചു. ജീവിതത്തിലെ കൊച്ചു കൊച്ചു അനുഗ്രഹങ്ങൾക്ക് ദൈവത്തോട് നന്ദി പറയുന്ന കുറിപ്പുകളായിരുന്നു അവയെല്ലാം. വേനൽക്കാലത്ത് കുടുംബത്തിന് തണുത്ത വെള്ളം കുടിക്കാൻ സാധിക്കുന്നതിനാൽ തനിക്കൊരു റെഫ്രിജറേറ്റർ ഉള്ളത് വലിയൊരു ഭാഗ്യമാണെന്ന് പിതാവ് അതിൽ കുറിച്ചിട്ടുണ്ടായിരുന്നു. തന്റെ ഭാര്യ ആഡംബരപ്രിയയോ വഴക്കാളിയോ അല്ലെന്നതിലും, തന്നെക്കാൾ കൂടുതൽ അവൾ മക്കളെ പരിപാലിച്ചതിലും, മക്കൾ രണ്ടുപേരും സ്കൂളിൽ അംഗീകാരങ്ങൾ നേടിയെടുക്കുകയും മിടുക്കരായി വളരുകയും ചെയ്തതിലും അദ്ദേഹം നന്ദിയുള്ളവനാണെന്ന് എഴുതിവെച്ചിരുന്നു.
ഇത്തരം ചെറിയ കാര്യങ്ങൾ എഴുതിവെച്ചതിനെക്കുറിച്ച് മകൻ ജിജ്ഞാസയോടെ ചോദിച്ചപ്പോൾ, ലോകപ്രശസ്തമായ 'ദി സീക്രട്ട്' എന്ന പുസ്തകം വായിച്ച ശേഷമാണ് ഇങ്ങനെ നന്ദി പറയുന്നതിന്റെ ശക്തി തനിക്ക് മനസ്സിലായതെന്ന് പിതാവ് വ്യക്തമാക്കുന്നു.
കുടുംബത്തിന് ഒരുമിച്ചിരുന്ന് ചായ കുടിക്കാൻ രണ്ട് കസേരകൾ ഉള്ളതിനും, രണ്ട് പുതപ്പുകൾ സ്വന്തമായി ഉള്ളതിനും വരെ പിതാവ് കൃതജ്ഞത രേഖപ്പെടുത്തിയിരുന്നു. ഇത്തരം നിസ്സാര കാര്യങ്ങൾ എഴുതിയത് കൊണ്ട് എന്തെങ്കിലും പ്രയോജനമുണ്ടായോ എന്ന മകന്റെ ചോദ്യത്തിന്, തീർച്ചയായും ഉണ്ടായെന്നും, താൻ നന്ദിയോടെ എഴുതിവെച്ച ആ ചെറിയ കാര്യങ്ങളെല്ലാം ഒടുവിൽ തന്റെ സ്വപ്നങ്ങളുടെ പട്ടികയായി മാറി എന്നുമാണ് പിതാവ് മറുപടി നൽകിയത്. ഒരു കുക്കർ, സീലിംഗ് ഫാൻ, ഫ്രയിംഗ് പാൻ, ഷോക്കേസ്, കബോർഡ്, സോഫ, സോഫ ടേബിൾ, ഒപ്പം വൈഫൈ എന്നിവ സ്വന്തമാക്കണമെന്ന ലളിതമായ ആഗ്രഹങ്ങളും പിന്നീട് യാഥാർത്ഥ്യമായതായി അദ്ദേഹം ഓർക്കുന്നു.
വീഡിയോയുടെ അവസാനത്തിൽ ഡയറിയിലെ മനോഹരമായ ഒരു വരി മകൻ വായിക്കുന്നുണ്ട്: 'ഒരു വ്യക്തി ആ ഒരു കാര്യം നൽകുകയാണെങ്കിൽ, അവർക്ക് എല്ലാം തിരികെ ലഭിക്കും. എന്നാൽ ആ ഒരു കാര്യം നൽകുന്നതിൽ പരാജയപ്പെട്ടാൽ, നിലവിൽ അവർക്കുള്ളത് കൂടി അവർക്ക് നഷ്ടപ്പെട്ടേക്കാം.' എന്താണ് ആ ഒരു കാര്യം എന്നല്ലേ? അത് 'നന്ദി' ആണ്.
