പ്രധാനമന്ത്രി പ്രസംഗം നിര്‍ത്തി കുനിഞ്ഞുനോക്കിയപ്പോള്‍, മാധ്യമ പ്രവര്‍ത്തകരുടെ കസേരകള്‍ക്കിടയിലൂടെ നടന്നു വന്നു, കൂറ്റനൊരു പട്ടി. അദ്ദേഹം പ്രസംഗം നിര്‍ത്തിയപ്പോള്‍ അവന്‍ ഒന്നുകൂടി കുരച്ചു.  

അതീവ ഗൗരവകരമായ ഒരു വിഷയം പറയാനാണ് ഗ്രീക്ക് പ്രധാനമന്ത്രി സ്ലൊവാക്യന്‍ പ്രധാനമന്ത്രിക്കൊപ്പം വാര്‍ത്താ സമ്മേളനം നടത്തിയത്. ഗ്രീക്ക് പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിലായിരുന്നു വാര്‍ത്താ സമ്മേളനം. 

അങ്ങനെ വാര്‍ത്താ സമ്മേളനം ആരംഭിച്ചു. 

യൂറാപ്യന്‍ യൂനിയനില്‍ ചേരാനുള്ള സ്ലൊവാക്യയുടെ തീരുമാനത്തിന് പിന്തുണ പ്രഖ്യാപിച്ചു കൊണ്ട് ഗ്രീക്ക് പ്രധാനമന്ത്രി കിരിയാക്കോസ് മിസ്‌തോതാക്കിസ് സംസാരം തുടങ്ങി. തങ്ങളുടെ അയല്‍രാജ്യങ്ങള്‍ യൂറോപ്പിന്റെ ഭാഗമാവുന്നത് എന്തു കൊണ്ടാണ് നിര്‍ണായകമായി മാറുന്നത് എന്ന് അദ്ദേഹം വിശദീകരിച്ചു കൊണ്ടിരിക്കെ എല്ലാവരും ഒന്നു ഞെട്ടി. 

ഒരു നായ്ക്കുര. എല്ലാവരും തിരിഞ്ഞു നോക്കി. 

പ്രധാനമന്ത്രി പ്രസംഗം നിര്‍ത്തി കുനിഞ്ഞുനോക്കിയപ്പോള്‍, മാധ്യമ പ്രവര്‍ത്തകരുടെ കസേരകള്‍ക്കിടയിലൂടെ നടന്നു വന്നു, കൂറ്റനൊരു പട്ടി. അദ്ദേഹം പ്രസംഗം നിര്‍ത്തിയപ്പോള്‍ അവന്‍ ഒന്നുകൂടി കുരച്ചു. 

''ഇത് ഞങ്ങളുടെ പുതിയ പട്ടിയാണ്. ശകലം കുറുമ്പുണ്ട്...''

അടുത്തിരുന്ന സ്ലൊവാക്യന്‍ പ്രധാനമന്ത്രി എഡ്വേഡ് ഹെഗറിനോടായി അദ്ദേഹം പറഞ്ഞു. 

അതു കേട്ടതും അദ്ദേഹം പൊട്ടിച്ചിരിച്ചു. അടുത്ത നിമിഷം അവിടെ കൂടിയ മാധ്യമപ്രവര്‍ത്തകരും ചിരി തുടങ്ങി. 

വാര്‍ത്താ സമ്മേളനത്തിലക്ക് അധികാരത്തോടെ കയറിവന്ന പട്ടിയുടെ പേര് പീനട്ട് എന്നാണെന്ന് പ്രധാനമന്ത്രി അടുത്തതായി വിശദീകരിച്ചു. അടുത്തിടെയാണ് ഗ്രീക്ക് പ്രധാനമന്ത്രി അവനെ ദത്തെടുത്തത്. 

''ഇതാദ്യമായാണ് അവനിങ്ങനെ വാര്‍ത്താ സമ്മേളനത്തിലേക്ക് വന്നത്. സാധാരണ വാതിലിനടുത്ത് നാണത്തോടെ നിന്ന് അതിഥികളെ സ്വീകരിക്കാറാണ് പതിവ്. ഇതിനേക്കാള്‍ വിനയം കാണിക്കാറുണ്ട്, അവന്‍.'' അദ്ദേഹം തുടര്‍ന്നു. 

ഏപ്രിലില്‍ ലോക തെരുവുമൃഗ ദിനത്തിലാണ് ഒരു മൃഗക്ഷേമ സമിതിയില്‍നിന്നും ഈ പട്ടിയെ അദ്ദേഹം ദത്തെടുത്തത്. പ്രധാനമന്ത്രി മിസ്‌തോതാക്കിസിന്റെ ഔദ്യോഗിക വസതിയായ മാക്‌സിമോസ് മാന്‍ഷനിലെ പ്രധാന മുറികള്‍ക്കടുത്തൊക്കെ സ്ഥിരം സാന്നിധ്യമാണ് പുള്ളി ഇപ്പോള്‍. 

ഗ്രീക്ക് പ്രധാനമന്ത്രിക്ക് മൃഗസ്‌നേഹമെന്നാല്‍ ചുമ്മാ ഷോ അല്ല. മൃഗങ്ങളോടുള്ള ക്രൂരത അവസാനിപ്പിക്കാന്‍ നിയമം കൊണ്ടുവരുമെന്നായിരുന്നു അദ്ദേഹത്തിന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലൊന്ന്. മൃഗങ്ങള്‍ക്കെതിരെ ക്രൂരത കാണിക്കുന്നവര്‍ക്ക് 10 വര്‍ഷം വരെ തടവുശിക്ഷ ലഭിക്കുന്ന നിയമം കഴിഞ്ഞ വര്‍ഷമാണ് അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചത്. അത് പാര്‍ലമെന്റ് അംഗീകരിച്ചു. വന്ധ്യംകരിക്കാത്ത പട്ടികളുടെയും പൂച്ചകളുടെയും ഡി എന്‍ എ സാമ്പിളുകള്‍ അടക്കമുള്ള ദേശീയ വളര്‍ത്തു മൃഗ രജിസ്റ്ററിന് കഴിഞ്ഞ വര്‍ഷം അദ്ദേഹത്തിന്റെ സര്‍ക്കാര്‍ രൂപംനല്‍കിയിരുന്നു.