Asianet News MalayalamAsianet News Malayalam

കിം ജോങ് ഉന്നിന്റെ ഉത്തര കൊറിയയിൽ രാഷ്ട്രീയ തടവുകാരോട് വിചാരണക്കിടെ മൃഗീയമായ പെരുമാറ്റമെന്ന് റിപ്പോർട്ട്

തങ്ങളെ പൊലീസുകാർ അവരുടെ സെക്സ് ടോയ്‌സ് പോലെയാണ് കണക്കാക്കുന്നത് എന്ന് പ്യോങ്‌യാങിലെ വഴിവക്കിൽ ഫ്രൂട്ട് സ്റ്റാൾ നടത്തുന്ന ഒരു യുവതി ഹ്യൂമൻ റൈറ്റ്സ് വാച്ചിനോട് പറഞ്ഞു. 
 

gross human rights violations to trial prisoners in Kim Jong Un ruled north korea says HRW
Author
Pyongyang, First Published Oct 21, 2020, 2:14 PM IST

ഉത്തരകൊറിയയിൽ രാഷ്ട്രീയമായ കാരണങ്ങളാൽ വിചാരണത്തടവിൽ ആക്കപ്പെടുന്നവരോട് പൊലീസും ജയിൽ അധികൃതരും നടത്തുന്ന കൊടിയ പീഡനങ്ങളുടെ വിശദാംശങ്ങളുമായി ഹ്യൂമൻ റൈറ്റ്സ് വാച്ചിന്റെ ഏറ്റവും പുതിയ റിപ്പോർട്ട് പുറത്ത്. 2014 മുതൽ അവിടെ നടന്നിട്ടുള്ള പലതരത്തിലുള്ള മൃഗീയമായ ചൂഷണങ്ങളുടെ വ്യക്തിപരമായ വർണ്ണനകളാണ് ഈ റിപ്പോർട്ടിലുള്ളത്. 

ലിം ഓക്കേ കുങ്, എന്ന ഉത്തരകൊറിയക്കാരിക്ക് വയസ്സ് നാല്പതാണ് പ്രായം. ഹ്വാങേ പ്രവിശ്യയിൽ ആണ് അവരുടെ താമസം. ചൈനയിൽ നിന്ന് പലരും കടത്തിക്കൊണ്ടു വന്നിരുന്ന അല്ലറ ചില്ലറ ഇലക്ട്രോണിക് സാധനങ്ങൾ നാട്ടിലെ ആവശ്യക്കാർക്ക് മറിച്ചുവിറ്റാണ് അവർ അന്നത്തിനുള്ള വക കണ്ടെത്തിയിരുന്നത്. ഒരു ദിവസം അവരെത്തേടി ഉത്തര കൊറിയൻ പൊലീസ് എത്തി. വീട് പരിശോധിച്ചപ്പോൾ എന്തൊക്കെയോ കള്ളക്കടത്തു സാമഗ്രികൾ അവർക്ക് കണ്ടുകിട്ടുകയും ചെയ്തു. നേരെ തൂക്കിയെടുത്ത് അവർ ലിമിനെ അതിർത്തിയോടു ചേർന്നുള്ള 'കുറുയുജാങ്' എന്നറിയപ്പെടുന്ന ടോർച്ചർ സെല്ലിലേക്ക് കൊണ്ടുപോയി. ലിമിന്റെ ഭർത്താവ് കൊറിയൻ വർക്കേഴ്സ് പാർട്ടിയുടെ ഒരു പ്രാദേശിക പ്രവർത്തകനായിരുന്നു. അയാൾ തന്റെ സ്വാധീനം ചെലുത്തി പത്തു ദിവസത്തിനുള്ളിൽ തന്നെ തന്റെ ഭാര്യയെ ആ ഡിറ്റൻഷൻ സെന്ററിൽ നിന്ന് മോചിപ്പിച്ചു. പക്ഷേ, ലിമിനെ അതിനുള്ളിലിട്ട് അവർ ഭേദ്യം ചെയ്യുന്നത് തടയാനും മാത്രമുള്ള സ്വാധീനം അവരുടെ ഭർത്താവിന് ഇല്ലായിരുന്നു. 

 

gross human rights violations to trial prisoners in Kim Jong Un ruled north korea says HRW

 

ലിം തന്റെ അനുഭവങ്ങൾ ഹ്യൂമൻ റൈറ്റ്സ് വാച്ച് പ്രവർത്തകരോട് നേരിട്ട് വെളിപ്പെടുത്തി. 'ഡേഗിസി എന്നറിയപ്പെടുന്ന വെയ്റ്റിങ് സെല്ലിൽ വെച്ച് അവരെന്നെ തള്ളിയില്ല. പക്ഷേ, ചോദ്യം ചെയ്യലിനിടെ അവർ നിരന്തരം എന്നെ മർദിച്ചുകൊണ്ടിരുന്നു. ആദ്യം തന്നെ അവർ എന്നോടാവശ്യപ്പെട്ടത്, ഞാൻ ജനിച്ച അന്നുതൊട്ട് ഇന്നുവരെയുള്ള എല്ലാ സംഭവവികാസങ്ങളും ഒരു പേപ്പർ എടുത്ത് എഴുതി നൽകാനായിരുന്നു. മണിക്കൂറുകളോളം നീണ്ടുനിന്ന എഴുത്തോട് എഴുത്തായിരുന്നു ആദ്യദിവസം. രണ്ടാമത്തെ ദിവസം, ആദ്യത്തെ ആൾ ചോദ്യം ചെയ്യാനെത്തി. ഞാൻ എഴുതിക്കൊടുത്തതൊക്കെ പച്ചക്കള്ളമാണ് എന്നായിരുന്നു അയാളുടെ ആക്ഷേപം.  വീണ്ടും പേപ്പർ എടുത്ത് രണ്ടാമത് എഴുതാൻ പറഞ്ഞു. ഞാനെങ്ങനെയാണ് രണ്ടു പ്രാവശ്യം വള്ളിപുള്ളി തെറ്റാതെ ഒരു പോലെ എഴുതിക്കൊടുക്കുന്നത്. രണ്ടാം വട്ടം എഴുതികൊടുത്തതും, ആദ്യത്തേതും തമ്മിൽ താരതമ്യം ചെയ്യലാണ് മൂന്നാമത്തെ ദിവസം നടന്നത്. ഈ രണ്ടു കുറിപ്പിലും ഞാൻ എഴുതിയ കാര്യങ്ങൾ തമ്മിൽ പൊരുത്തക്കേട് വരുമ്പോഴൊക്കെ അവർ എന്നെ തല്ലി. കരണം പുകയുന്ന അടിയായിരുന്നു ഓരോ തെറ്റിനും. ആദ്യ ദിവസം കിട്ടിയ അടികളായിരുന്നു എന്നെ ഏറ്റവും വേദനിപ്പിച്ചത്.  എന്നെ പാർപ്പിച്ചിരുന്ന സെല്ലിലേക്ക് ഇടയ്ക്കിടെ അതുവഴി പോകുന്ന ഗാർഡുകൾ കയറിവരും. ചുമ്മാ തല്ലും. ബൂട്ട്സിട്ട് ചവിട്ടും. 

അഞ്ചു ദിവസം തുടർച്ചയായി അവർ എന്നെ ഇരിക്കാൻ അനുവദിച്ചില്ല. ഉറങ്ങാൻ സമ്മതിച്ചില്ല. അറിയാവുന്ന ഗാർഡുകളും ഒന്നുരണ്ടു പേരുണ്ടായിരുന്നു അവിടെ. അവർ വരുമ്പോൾ മാത്രമേ ഇരിക്കാൻ അനുമതിയുള്ളൂ. മറ്റുള്ളവർ വന്നാൽ നിന്നനില്പിന് നിന്നോണം മണിക്കൂറുകളോളം. ഉറങ്ങാനും പാടില്ല. പത്തുദിവസം കൊണ്ട് ഞാൻ ഒരുപാട് അനുഭവിച്ചു." 

യൂൻ യോങ് ചോൽ, മുപ്പതുകാരനായ ഒരു സർക്കാർ ഉദ്യോഗസ്ഥനായിരുന്നു. ഒരു ദിവസം രാത്രി അഞ്ചു പൊലീസുകാർ അദ്ദേഹത്തെ തേടിയെത്തി. വന്നപാടെ വിലങ്ങണിയിച്ച് അവർ അദ്ദേഹത്തെ ഏതോ രഹസ്യ കേന്ദ്രത്തിലേക്ക് കൊണ്ടുപോയി. എന്തിനാണ് എന്നുപോലും പറയാതെ അടിയോടടിയായിരുന്നു പിന്നെ. അടുത്ത ദിവസം മാത്രമാണ് അയാൾക്ക് കാര്യം മനസ്സിലായത്. സഹപ്രവർത്തകരിൽ ആരോ തന്നെ യൂൻ ഒരു ദക്ഷിണ കൊറിയൻ ചാരനാണ് എന്ന പരാതി മുകളിലേക്ക് അയച്ചുവിട്ടിരുന്നുവത്രെ. അതിന്റെ തുടരന്വേഷണമായിരുന്നു ഈ കസ്റ്റഡിയിൽ എടുപ്പും, തല്ലും ഒക്കെ. 

കസ്റ്റഡിയിലെ തന്റെ ദുരനുഭവങ്ങളെപ്പറ്റി യൂൻ ഹ്യൂമൻ റൈറ്റ്സ് വാച്ചിനോട് തുറന്നു പറഞ്ഞു. " അവരെന്നെ അടച്ചത് കഷ്ടിച്ച് ഒരാൾക്ക് കിടക്കാൻ സ്ഥലമുള്ള ഒരു കുടുസ്സു സെല്ലിൽ ആണ്. അവർ എന്റെ ദേഹം മുഴുവൻ പരിശോധിച്ചു. പിന്നെ അരമണിക്കൂർ തുടർച്ചയായ മർദ്ദനമായിരുന്നു. മുഷ്ടി ചുരുട്ടി ഇടിക്കുക, ബൂട്ട്സിട്ടു ചവിട്ടുക. ലാത്തിക്ക് അടിക്കുക. അങ്ങനെ, അടിയും ഇടിയും കൊണ്ട് ചതയാത്തതായി എന്റെ ദേഹത്ത് ഒരിഞ്ചു പോലുമില്ല. 

ആദ്യ ദിവസത്തെ കാരണം വെളിപ്പെടുത്താതെ ഉള്ള കൊടിയ മർദ്ദനത്തിന് ശേഷം രണ്ടാം ദിവസമാണ് ചോദ്യം ചെയ്യൽ തുടങ്ങുന്നത്. അതിനും അങ്ങനെ പ്രോട്ടോക്കോളോ പ്രൊസീജിയറോ ഒന്നും ഇല്ല എന്ന് തുടങ്ങിയപ്പോഴേ മനസ്സിലായി."നീ എന്തിനിത് ചെയ്തു? എന്തിന്? എന്തിന്?" എന്ന് ചോദിച്ചായിരുന്നു അടിയും ഇടിയും. ചെയ്തത് എന്തെന്നറിഞ്ഞാലല്ലേ എനിക്ക് മറുപടി പറയാൻ പറ്റൂ. അതുകൊണ്ടുതന്നെ ഞാൻ ഒന്നും പറഞ്ഞില്ല. ഒടുവിൽ ഇടികൊണ്ട് പഴുത്ത് അവർ പറഞ്ഞിടത്തൊക്കെ കുറ്റം സമ്മതിച്ച് ഒപ്പിട്ടുകൊടുത്തതിന് ശേഷം പെരുമാറ്റം കുറേക്കൂടി മയത്തിലായി. "

ഇങ്ങനെ ആറുമാസത്തോളം നിത്യേന പീഡിപ്പിച്ചു കഴിഞ്ഞിട്ടാണ് ആ അന്വേഷണ കേന്ദ്രത്തിലുള്ളവർക്ക്, യൂൻ ഒരു ചാരനല്ല എന്ന് മനസ്സിലാകുന്നത്. അതോടെ അവർ യൂനിനെ പൊലീസിന് കൈമാറുന്നു. യൂനിന്റെ തലക്ക് എന്തെങ്കിലും കള്ളക്കടത്ത് കേസ് കെട്ടിവെക്കാൻ പറ്റുമോ എന്നറിയാൻ രണ്ടു മാസം അവരുടെ പീഡനങ്ങൾക്കും യൂൻ ഇരയായി. അങ്ങനെ ഒടുവിൽ വിചാരണക്ക് ശേഷം യൂനിന് ശിക്ഷ വിധിച്ചു. അഞ്ചു വർഷത്തെ കൂലിയില്ലാത്ത കടുത്ത ജോലി, അതായിരുന്നു ശിക്ഷ. 

ലിം ഓക് കെയുങ്ങിന്റെയും യൂൻ യോങ് ചോലിന്റെയും അനുഭവങ്ങൾ ഒറ്റപ്പെട്ടതല്ല.  ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് നോർത്ത് കൊറിയ എന്ന രാജ്യം ലോകത്തിൽ ഏറ്റവുമധികം മനുഷ്യാവകാശ ലംഘനങ്ങളും പൊലീസ് പീഡനങ്ങളും നടക്കുന്ന രാജ്യമാണ്. എല്ലാ പൗരാവകാശങ്ങളും, രാഷ്ട്രീയ സ്വാതന്ത്ര്യങ്ങളും, സാമൂഹികവും സാമ്പത്തികവുമായ സാമാന്യ സ്വാതന്ത്ര്യങ്ങളും ഒക്കെ ഗവൺമെന്റിനാൽ നിയന്ത്രിതമായിട്ടുള്ള ഒരിടമാണ് ഉത്തര കൊറിയ. എല്ലാം നിയന്ത്രിക്കുന്നത് സുപ്രീം ലീഡർ കിം ജോങ് ഇന്നും, കൊറിയൻ വർക്കേഴ്സ് പാർട്ടിയും ചേർന്നാണ്. 

രാഷ്ട്രീയ കാരണങ്ങളാൽ വിചാരണത്തടവിലാക്കപ്പെടുന്ന പൗരന്മാർ വിധേയരാക്കപ്പെടുന്നത് കൊടിയ പീഡനങ്ങൾക്കാണ് എന്ന് അനുഭവസ്ഥരിൽ പലരും ഹ്യൂമൻ റൈറ്റ്സ് വാച്ചിനോട് നേരിട്ട് പറഞ്ഞതിന്റെ സാക്ഷ്യങ്ങളുണ്ട് ഈ റിപ്പോർട്ടിൽ. നിലത്ത് ചമ്രം പടിഞ്ഞ്, തലക്കുമേൽ കൈകൾ കെട്ടി, നിലത്തേക്കും നോക്കി ഏഴും എട്ടും മണിക്കൂർ അനങ്ങാതെ ഒരേ ഇരിപ്പ് ഇരുത്തിക്കും. അനങ്ങിയാൽ പിന്നിൽ നിന്ന് ലാത്തിക്ക് അടിക്കും. ഇങ്ങനെ അനങ്ങാനോ കിടന്നുറങ്ങാനോ അനുവദിക്കാതെ സദാ ഒരേ ഇരിപ്പിരിക്കാൻ പറയുന്നതും അനങ്ങിയാൽ ശിക്ഷിക്കുന്നതും ഒക്കെ ഏതൊരു വ്യക്തിയെയും കടുത്ത മാനസിക സമ്മർദ്ദത്തിൽ ആഴ്ത്തുമെന്ന് മനഃശാസ്ത്രജ്ഞർ പറയുന്നു. തടവുകാരുടെ ആത്മാഭിമാനത്തെ ഇടിച്ചുതാഴ്ത്തുക, തച്ചു തരിപ്പണമാക്കുക എന്നതാണ് ഈ മൃഗീയമായ പീഡനങ്ങളുടെ ലക്‌ഷ്യം. വളരെ മോശപ്പെട്ട, തികച്ചും വൃത്തിഹീനമായ സാഹചര്യങ്ങളിൽ പാചകം ചെയ്യപ്പെട്ട ഭക്ഷണമാണ് ഈ തടവുപുള്ളികൾക്ക് അവർ അടയ്ക്കപ്പെടുന്ന ജയിലുകളിൽ നിന്ന് കിട്ടുന്നത്.

 

gross human rights violations to trial prisoners in Kim Jong Un ruled north korea says HRW


ഇങ്ങനെ വിചാരണയുടെ പേരിൽ ഏല്പിക്കപ്പെടുന്ന ശാരീരിക പീഡനങ്ങൾക്ക് പുറമെ നിരന്തരം ലൈംഗികമായ ചൂഷണങ്ങൾക്കും ഉത്തരകൊറിയയിലെ സാധാരണക്കാരായ സ്ത്രീകൾ നിരന്തരം വിധേയരാകുന്നുണ്ട്. ഭരണമെന്നത് ഒരിക്കലും അവസാനിക്കാത്ത പരിശോധനകൾ നിറഞ്ഞതാകുന്ന ഒരു രാജ്യത്ത്, ആ പരിഷിധനകളുടെ ഫലങ്ങൾ നിങ്ങളെ ജയിലിൽ തള്ളാനും പീഡിപ്പിക്കാനുമുള്ള കാരണമാകുന്ന ഒരിടത്ത്, പരിശോധനയ്‌ക്കെത്തുന്ന സർക്കാർ ഉദ്യോഗസ്ഥൻ പരിശോധിക്കപ്പെടുന്ന സ്ത്രീയെ അമാന്യമായി, ലൈംഗിക ചുവയോടെ നോക്കുക, സ്പർശിക്കുക, അവളുടെ സമ്മതമില്ലാതെ ലൈംഗികമായി ചൂഷണം ചെയ്യുക വരെ ഉത്തരകൊറിയയിൽ വളരെയധികമായി നടക്കുന്ന ഒന്നാണ്.  

 

gross human rights violations to trial prisoners in Kim Jong Un ruled north korea says HRW

 

മാർക്കറ്റ് ഗാർഡുകളും, പൊലീസ് ഓഫീസർമാരും ഒക്കെ നിരത്തിൽ കണ്ടുമുട്ടുന്ന വഴിയോരക്കച്ചവടക്കാരികളോട് പലപ്പോഴും അവരുടെ കൂടെ ചെല്ലാൻ ആവശ്യപ്പെടും. എന്നിട്ട് ആളൊഴിഞ്ഞ ഏതെങ്കിലുമൊരു മൂല കണ്ടുകിട്ടിയാൽ അവിടെ വെച്ച് അവരെ ലൈംഗികമായി ഉപദ്രവിക്കും. തങ്ങളെ പൊലീസുകാർ അവരുടെ സെക്സ് ടോയ്‌സ് പോലെയാണ് കണക്കാക്കുന്നത് എന്ന് പ്യോങ്‌യാങിലെ വഴിവക്കിൽ ഫ്രൂട്ട് സ്റ്റാൾ നടത്തുന്ന ഒരു യുവതി ഹ്യൂമൻ റൈറ്റ്സ് വാച്ചിനോട് പറഞ്ഞു. രാത്രികളിൽ ഒറ്റയ്ക്കിരുന്നു കണ്ണുനീർ വാർക്കുകയല്ലാതെ, ഈ ചൂഷണങ്ങൾക്കെതിരെ ഒരു ചെറുവിരൽ പോലുമനക്കാനോ പ്രതിഷേധിക്കാനോ ഒന്നും ഉത്തര കൊറിയയിൽ പൊതുജനങ്ങൾക്ക് സാധിക്കാറില്ല എന്നും അവർ പറഞ്ഞു.


 

gross human rights violations to trial prisoners in Kim Jong Un ruled north korea says HRW

 

മറ്റുള്ള രാജ്യങ്ങളിൽ നിന്ന് വ്യത്യസ്തമായി ഉത്തര കൊറിയയിൽ, ഇങ്ങനെ വിചാരണക്കെന്ന പേരിൽ പീഡനാലയങ്ങളിൽ അടയ്ക്കപ്പെടുന്നവരെ എത്രനാൾ അവിടെ ഇട്ട് പീഡിപ്പിക്കാം എന്നതും, അതിനു ശേഷം ആർക്കൊക്കെ എതിരെ ക്രിമിനൽ ചാർജ്ജുകൾ ചുമത്താം എന്നതുമൊക്കെ തീരുമാനിക്കാനുള്ള വിവേചനാധികാരം അവിടത്തെ വർക്കേഴ്സ് പാർട്ടിയുടെ സെക്യൂരിറ്റി കമ്മിറ്റിക്കാണ്.

 

ചിത്രങ്ങൾക്ക് കടപ്പാട് :  ഹ്യൂമൻ റൈറ്റ്സ് വാച്ച് 

Follow Us:
Download App:
  • android
  • ios