വേള്‍ഡ് ട്രേഡ് സെന്റര്‍ തകര്‍ന്നിട്ട് ഇന്നേക്ക് ഇരുപത് വര്‍ഷങ്ങള്‍. ഗ്രൗണ്ട് സീറോയിലെ സ്മാരകം പതിവ് പോലെ സന്ദര്‍ശകരെ സ്വാഗതം ചെയ്തുകൊണ്ട് നിശ്ശബ്ദം നിലകൊള്ളുന്നു. നഗരത്തിലെ മറ്റു പല ടൂറിസ്റ്റ് കേന്ദ്രങ്ങളും പോലെത്തന്നെയാണ് അതും. 

വേള്‍ഡ് ട്രേഡ് സെന്റര്‍ തകര്‍ന്നിട്ട് ഇന്നേക്ക് ഇരുപത് വര്‍ഷങ്ങള്‍. ഗ്രൗണ്ട് സീറോയിലെ സ്മാരകം പതിവ് പോലെ സന്ദര്‍ശകരെ സ്വാഗതം ചെയ്തുകൊണ്ട് നിശ്ശബ്ദം നിലകൊള്ളുന്നു. നഗരത്തിലെ മറ്റു പല ടൂറിസ്റ്റ് കേന്ദ്രങ്ങളും പോലെത്തന്നെയാണ് അതും. ലോകമെമ്പാടുമുള്ള സന്ദര്‍ശകര്‍ അവിടേയ്ക്ക് ഒഴുകി എത്തുന്നു. അവിടെ മരണപ്പെട്ട 3,000 പേരുടെ പേരുകള്‍ കൊത്തിവച്ച ഫലകത്തിനടുത്ത് നിന്ന് ആളുകള്‍ സെല്‍ഫികള്‍ പകര്‍ത്തുന്നു. ഗൈഡുകള്‍ സഞ്ചാരികളെ അവിടെമെല്ലാം ചുറ്റി കാണിക്കുന്നു. വിനോദസഞ്ചാരികള്‍ തികഞ്ഞ കൗതുകത്തോടെ സ്ഥലമെല്ലാം നടന്ന് കാണുന്നു. പിന്നീട് തങ്ങളുടെ ഇടങ്ങളിലേക്ക് മടങ്ങുന്നു.

എന്നാല്‍ സ്മാരകത്തിന് സമീപം താമസിക്കുന്നവര്‍ക്കും ജോലി ചെയ്യുന്നവര്‍ക്കും, ഈ സ്ഥലം വെറുമൊരു വിനോദസഞ്ചാര കേന്ദ്രമല്ല. യാത്രാവിശേഷങ്ങള്‍ പങ്കുവയ്ക്കാന്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുന്ന വെറും ചിത്രങ്ങളല്ല. മറിച്ച്, അവരുടെ ദൈനംദിന ജീവിതത്തിന്റെ ഭാഗമാണത്. വേദനാജനകമായ ആ ദിവസത്തിന്റെ നിരന്തരമായ ഓര്‍മ്മപ്പെടുത്തലാണ്. അതെ, അതൊരു ശ്മശാനമാണ്.

കെവിന്‍ ഹാന്‍സണ്‍

വൈകിട്ട് എല്ലാവരും പോയിക്കഴിയുമ്പോള്‍, കെവിന്‍ ഹാന്‍സണ്‍ തന്റെ നീല വര്‍ക്ക് ഗ്ലൗസുകള്‍ ധരിച്ച് അവിടമാകെ വൃത്തിയാക്കാന്‍ തുടങ്ങും. രാത്രിയില്‍ അദ്ദേഹം മരിച്ചവരുടെ പേരുകള്‍ കൊത്തിവച്ച നീളമുള്ള വെങ്കല ഫലകങ്ങള്‍ വൃത്തിയാക്കും. 2001 ല്‍ ഹാന്‍സന് 8 വയസ്സായിരുന്നു. ലോംഗ് ഐലന്‍ഡിലെ പ്രാഥമിക വിദ്യാലയത്തിലായിരുന്നു അദ്ദേഹമപ്പോള്‍. 'ഫോണ്‍ കോളുകള്‍ വന്നതും, അധ്യാപകര്‍ പകച്ച് നിന്നതും ഞാന്‍ ഓര്‍ക്കുന്നു. പിന്നെ രക്ഷിതാക്കള്‍ കുട്ടികളെ കൊണ്ടുപോകാന്‍ സ്‌കൂളിലേക്ക് വരികയായിരുന്നു, 'അദ്ദേഹം പറഞ്ഞു. ഇപ്പോള്‍ തനിക്ക് ഈ ജോലി ഏറ്റവും പ്രിയപ്പെട്ടതാണെന്ന് ഹാന്‍സെന്‍ പറയുന്നു.

'2001 -ല്‍ നമ്മളെല്ലാം ഒറ്റക്കെട്ടായി നിന്നു എന്നതിന്റെ ഓര്‍മ്മപ്പെടുത്തലാണ് ഈ സ്മാരകം. എനിക്ക് ആ സംഭവം മറക്കാനാകില്ല. ലോകത്ത് തിന്മയുണ്ടെന്ന് ഈ സ്ഥലം ആളുകളെ ഓര്‍മിപ്പിക്കുന്നു. പക്ഷേ അതിനെ മറികടക്കാന്‍ കഴിയുമെന്ന് ഞാന്‍ വിശ്വസിക്കുന്നു'- അദ്ദേഹം പറഞ്ഞു.

മൈക്ക് ഡൗഗെര്‍ട്ടി

അദ്ദേഹത്തിന് മാത്രമല്ല, നിരവധിപേര്‍ക്ക് ആ ഇടം ഇന്നും ഒരു തീരാനോവാണ്. ന്യൂയോര്‍ക്കിലെ പോലീസ് ഓഫീസറായ മൈക്ക് ഡൗഗെര്‍ട്ടിയും അതിലൊരാളാണ്. വേള്‍ഡ് ട്രേഡ് സെന്ററില്‍ ചുറ്റിക്കറങ്ങുമ്പോള്‍, അദ്ദേഹം സ്മാരകം ആകമാനം ഒന്ന് പരിശോധിക്കും. പലപ്പോഴും അദ്ദേഹം പാരപ്പറ്റുകളില്‍ പറ്റിയിരിക്കുന്ന അഴുക്ക് വൃത്തിയാക്കുകയും, വിനോദസഞ്ചാരികളുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കുകയും ചെയ്യുന്നു. 'പാനലില്‍ എന്തെങ്കിലും അഴുക്ക് കണ്ടാല്‍ ഞാന്‍ അത് തുടച്ചുനീക്കും. ഞാന്‍ അവരുടെ പേരുകളില്‍ സ്പര്‍ശിക്കും. ഞാന്‍ അവരെ പരിപാലിക്കുകയാണ്. ഇതിനെ കുറിച്ച് അറിയാത്തവര്‍ക്ക് എല്ലാം പറഞ്ഞുകൊടുക്കാന്‍ ഞാന്‍ ശ്രമിക്കുന്നു, ''അദ്ദേഹം പറഞ്ഞു.

പോലീസ് ഓഫീസറാകുന്നതിന് മുന്‍പ് അദ്ദേഹം വേള്‍ഡ് ട്രേഡ് സെന്ററിനുള്ളിലെ ഒരു സ്ഥാപനത്തില്‍ ഒരു അപ്രന്റിസ് ഇലക്ട്രീഷ്യനായിരുന്നു. ബ്രൂക് ലിനിലെ പട്രോളിംഗിനിടെയാണ് വിമാനങ്ങള്‍ ടവറുകളില്‍ ഇടിക്കുന്നത്. ഇന്നും ആ ഓര്‍മ്മകള്‍ അദ്ദേഹത്തെ വേട്ടയാടുന്നു. ഇന്നും ചിലപ്പോള്‍ മെമ്മോറിയല്‍ പ്ലാസയില്‍ ചുറ്റിനടക്കുമ്പോള്‍ ഓര്‍മ്മകള്‍ വന്ന് ശ്വാസം മുട്ടിക്കുന്നു. തനിക്ക് ഈ സ്ഥലത്ത് ജോലി ചെയ്യാന്‍ സാധിച്ചതില്‍ അഭിമാനം തോന്നുന്നുവെന്നും, ഇതിലും അനുയോജ്യമായ മറ്റൊരിടം തനിക്കില്ലെന്നും അദ്ദേഹം പറയുന്നു.

ജൊവാന്‍ മാസ്‌റ്റ്രോപോളോ

എല്ലാവര്‍ക്കും പറയാനുള്ളത് അതേ നോവിന്റെ കഥകളാണ്. 1998 -ല്‍ ബാറ്ററി പാര്‍ക്ക് സിറ്റിയിലേക്ക് മാറിയതിനുശേഷം, ജൊവാന്‍ മാസ്‌റ്റ്രോപോളോയുടെ ദൈനംദിന ജീവിതത്തിന്റെ ഭാഗമായിരുന്നു വേള്‍ഡ് ട്രേഡ് സെന്റര്‍. അവള്‍ അതേതെരുവിനപ്പുറമാണ് താമസിച്ചിരുന്നത്. കെട്ടിടത്തിന് താഴെയുള്ള മാളില്‍ നിന്നാണ് സാധനങ്ങള്‍ വാങ്ങിയിരുന്നത്. 

എന്നാല്‍ 2001 സെപ്റ്റംബര്‍ 11 -ന് രാവിലെ അവള്‍ പോയില്ല. 'വെറും 102 മിനിറ്റിനുള്ളില്‍ അതിനകത്തെ ആ ഊര്‍ജ്ജസ്വലമായ സമൂഹം പുകഞ്ഞ് ഇല്ലാതായി.' അവള്‍ക്ക് ആ ആഘാതത്തില്‍ നിന്ന് മറികടക്കാന്‍ വര്‍ഷങ്ങള്‍ വേണ്ടിവന്നു. തന്റെ ജീവിതത്തിന്റെ വലിയൊരു ഭാഗം അത് കവര്‍ന്നതായി അവള്‍ക്ക് തോന്നി. പിന്നീട് വീണ്ടും അവിടെ മരങ്ങള്‍ വളരാന്‍ തുടങ്ങിയപ്പോള്‍ തന്റെ ജീവിതം തിരികെ കിട്ടിയ പ്രതീതിയായിരുന്നു അവള്‍ക്ക്. ഇപ്പോള്‍ മാസ്‌ട്രോപോളോ 9/11 ട്രിബ്യൂട്ട് മ്യൂസിയത്തിന്റെ സന്നദ്ധപ്രവര്‍ത്തകയാണ്. 


ജെയിംസ് മെറൂണ്‍.

നാഷണല്‍ സെപ്റ്റംബര്‍ 11 മെമ്മോറിയല്‍ & മ്യൂസിയത്തിന്റെ എഞ്ചിനീയറാണ് ജെയിംസ് മെറൂണ്‍. 2001 -ല്‍, സംഭവം നടക്കുമ്പോള്‍ വേള്‍ഡ് ട്രേഡ് സെന്ററിന് പടിഞ്ഞാറ് ന്യൂയോര്‍ക്ക് മെര്‍ക്കന്റൈല്‍ എക്‌സ്‌ചേഞ്ചില്‍ ജോലി ചെയ്യുകയായിരുന്നു മെറൂണ്‍. ആദ്യ വിമാനം ഇടിക്കുമ്പോള്‍ അദ്ദേഹം വെസ്റ്റ് സ്ട്രീറ്റ് മുറിച്ചുകടക്കുകയായിരുന്നു. ആക്രമണങ്ങളില്‍ മരിച്ച പല ബ്രോക്കര്‍മാരെയും മെറൂണിന് അറിയാമായിരുന്നു. 'അവിടെ കൊത്തിവച്ചിരിക്കുന്ന അവരുടെ പേരുകള്‍ ചിലപ്പോള്‍ ഞാന്‍ വായിക്കും. അവരിലൊരാളായിരുന്നു എല്‍ക്കിന്‍ യുയന്‍. അദ്ദേഹത്തിന്റെ ഭാര്യ പ്രസവിക്കാറായിരുന്നു. ഇപ്പോള്‍ അദ്ദേഹത്തിന്റെ മകള്‍ക്ക് 20 വയസ്സ്. അവള്‍ക്ക് അച്ഛനെ ഒരിക്കല്‍ പോലും കാണാനുള്ള ഭാഗ്യമുണ്ടായില്ല.'