അടുത്തകാലത്തായി ഇറ്റലിയിലെ സുപ്രീം കോടതി വിചിത്രമായ ഒരു വിധി പുറപ്പെടുവിക്കുകയുണ്ടായി. സ്വകാര്യ ഉപയോഗത്തിനായി വീട്ടിൽ ചെറിയ അളവിൽ കഞ്ചാവ് വളർത്തുന്നത് നിയമപരമാണ് എന്ന് കോടതി വിധിക്കുകയുണ്ടായി. വീട്ടിൽ വളർത്തിയ രണ്ട് കഞ്ചാവ് ചെടികൾ ഉള്ളതിന് ക്രിമിനൽ കുറ്റം നേരിടുന്ന ഒരാളുടെ അപ്പീലിനെ തുടർന്നാണ് വിധി. ഡിസംബർ 19 -നാണ് വിധി പുറപ്പെടുവിച്ചത്.

1990 -കളിൽ നിർമ്മിച്ച നിയമപ്രകാരം മരിജുവാനയുടെ കൃഷിയും വിൽപ്പനയും നിരോധിച്ചിരുന്നു. എന്നാൽ, അതിനുശേഷം കോടതി ആ നിയമത്തിന് വിരുദ്ധമായി തീരുമാനങ്ങൾ കൈകൊണ്ടത് പല ആശയകുഴപ്പങ്ങൾക്കും കാരണമായിത്തീര്‍ന്നിരുന്നു. മയക്കുമരുന്ന് വളർത്തുന്ന കുറ്റകൃത്യത്തിൽനിന്ന്  “വളർത്തുന്നയാളുടെ ആവശ്യത്തിനായി അതും ചെറിയ അളവിൽ വളർത്തുന്നതിനെ" ഒഴിവാക്കണമെന്ന് കോടതി പ്രഖ്യാപിച്ചിരിക്കുകയാണിപ്പോള്‍.

കഞ്ചാവിനെ പ്രോത്സാഹിപ്പിക്കുന്നവർക്ക് ഈ നിയമം കൂടുതൽ അവസരങ്ങൾ നൽകുമ്പോൾ, യാഥാസ്ഥിതികരിൽ ഇത് വൻ പ്രതിഷേധത്തിനാണ് ഏതായാലും വഴി ഒരുക്കിയത്. ഇത്തരമൊരു തീരുമാനമെടുക്കാൻ കോടതിയെ പ്രേരിപ്പിച്ചതെന്താണെന്ന് ഇതുവരെ വ്യക്തമല്ല. ചെറിയ അളവിൽ എന്ന് മാത്രമേ പറഞ്ഞിട്ടുള്ളൂ. അതുകൊണ്ട് തന്നെ കഞ്ചാവിന്‍റെ അളവ് എത്രവരെ ആകാം എന്നതും വ്യക്തമല്ല. വിധിയുടെ കൂടുതൽ വിശദ വിവരങ്ങൾക്കായി കാത്തിരിക്കുകയാണ് അവിടെയെല്ലാവരും.

ഏതാനും ആഴ്‍ചകൾക്ക് മുമ്പ് ഇറ്റലിയിലെ പാർലമെന്‍റ് വീര്യം കുറഞ്ഞ  “നിയമപരമായ കഞ്ചാവിന്‍റെ ഉത്പാദനവും വിൽപ്പനയും നിയമവിധേയമാക്കാൻ വോട്ടുചെയ്യുകയുണ്ടായി. അതിനെ എതിർത്ത  ഇറ്റാലിയൻ സെനറ്റ് അതിനായുള്ള നിയമനിർമ്മാണം തടയുകയും ചെയ്‍തിരുന്നു. അതിന് പിന്നാലെയാണ് ഈ വിധി.

"ഒരു പേടിസ്വപ്നത്തിന്‍റെ അവസാനം പോലെയാണ് തോന്നുന്നത്" കഞ്ചാവ് വിതരണ കമ്പനിയായ കന്നാബിഡിയോൾ വിതരണത്തിന്‍റെ സ്ഥാപക ലൂക്ക ഫിയോറെന്റിനോ പറഞ്ഞു. അപ്പോഴും ഇനി ആരെയും ഭയക്കാതെ, അതും നിയമ പരിരക്ഷയോടെ കഞ്ചാവ്‌ കൃഷി ചെയ്യാമെന്നുള്ള ആശ്വാസത്തിലാണ് അവിടെയുള്ള കച്ചവടക്കാർ.