60 -ലധികം കടുവകളുള്ള ഈ നാഷണൽ പാർക്കിൽ ഇഴജന്തുക്കളും പക്ഷികളുമടക്കം മറ്റ് ജീവികളുമുണ്ട്. ആ ഇരുട്ടിൽ സഹായത്തിനായി മൊബൈൽഫോൺ ലൈറ്റുകൾ മാത്രമാണ് ഉണ്ടായിരുന്നത് എന്നാണ് വിനോദസഞ്ചാരികൾ പറയുന്നത്.
രന്തംബോർ നാഷണൽ പാർക്കിൽ വിനോദസഞ്ചാരികളെ തനിച്ചാക്കി ഗൈഡ് സ്ഥലം വിട്ടതായി ആരോപണം. ഇതോടെ വിനോദസഞ്ചാരികൾ പരിഭ്രാന്തരായി എന്നും ഒന്നരമണിക്കൂറോളം കാട്ടിലകപ്പെട്ടുവെന്നുമാണ് ആരോപണം. വാഹനം തകരാറായതിന് പിന്നാലെ സംഘത്തോടൊപ്പമുണ്ടായിരുന്ന സഫാരി ഗൈഡ് സംഘത്തെ തനിച്ചാക്കി അവിടെ നിന്നും പോയി എന്ന് റിപ്പോർട്ടുകൾ പറയുന്നത്. എൻഡിടിവിയുടെ റിപ്പോർട്ട് പ്രകാരം, കുട്ടികൾ ഉൾപ്പെടെയുള്ള വിനോദസഞ്ചാരികളെ കൊണ്ടുപോയിരുന്ന കാന്റർ സഫാരിക്കിടെ തകരാറിലാവുകയായിരുന്നു.
മറ്റൊരു വാഹനം അന്വേഷിക്കാമെന്ന് പറഞ്ഞ് ഗൈഡ് അവിടെ നിന്നും പോവുകയായിരുന്നു എന്നാണ് വിനോദസഞ്ചാരികൾ ആരോപിക്കുന്നത്. മാത്രമല്ല, പോകുന്നതിനുമുമ്പ് അദ്ദേഹം വിനോദസഞ്ചാരികളോട് മോശമായി പെരുമാറിയെന്നും വിനോദസഞ്ചാരികൾ ആരോപിച്ചു.
60 -ലധികം കടുവകളുള്ള ഈ നാഷണൽ പാർക്കിൽ ഇഴജന്തുക്കളും പക്ഷികളുമടക്കം മറ്റ് ജീവികളുമുണ്ട്. ആ ഇരുട്ടിൽ സഹായത്തിനായി മൊബൈൽഫോൺ ലൈറ്റുകൾ മാത്രമാണ് ഉണ്ടായിരുന്നത് എന്നാണ് വിനോദസഞ്ചാരികൾ പറയുന്നത്. പാർക്കിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് പ്രകാരം പുള്ളിപ്പുലികൾ, കരടികൾ, മുതലകൾ, കുറുക്കന്മാർ, മൂർഖൻ, പെരുമ്പാമ്പുകൾ എന്നിവയെല്ലാം ധാരാളമായിട്ടുള്ള സ്ഥലമാണ് രന്തംബോർ നാഷണൽ പാർക്ക്.
സംഭവസ്ഥലത്ത് നിന്നുള്ള വീഡിയോയും പിന്നീട് പുറത്ത് വന്നു. ആ ഇരുട്ടിൽ നിന്നും പുറത്ത് കടക്കാനാവാതെ നിസ്സഹയാരായിരിക്കുന്ന വിനോദസഞ്ചാരികളെയും കരയുന്ന കുട്ടികളെയും വീഡിയോയിൽ കാണാം. സംഭവത്തെത്തുടർന്ന് അധികൃതർ ഉടൻ തന്നെ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അന്വേഷണം പൂർത്തിയാകുന്നതുവരെ മൂന്ന് കാന്റർ ഡ്രൈവർമാരെയും ഗൈഡിനെയും പാർക്കിൽ പ്രവേശിക്കുന്നതിൽ നിന്ന് വിലക്കിയിട്ടുണ്ട് എന്നാണ് ഡെപ്യൂട്ടി കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് പ്രമോദ് ധാക്കഡ് പിടിഐയോട് പറഞ്ഞത്.
വൈകുന്നേരം ആറ് മണി മുതൽ ഏഴര വരെയാണ് വിനോദസഞ്ചാരികൾ പാർക്കിൽ കുടുങ്ങിയത്. പിന്നീട്, അവരെ പരിക്കുകളൊന്നും ഏൽക്കാതെ ഇവിടെ നിന്നും രക്ഷപ്പെടുത്തുകയായിരുന്നു എന്നും റിപ്പോർട്ടുകൾ പറഞ്ഞു.
