ഗുരുഗ്രാമിലെ ഒരു മൈക്രോബ്രൂവറിയിൽ 1.4 ലക്ഷം രൂപ മുടക്കി നടത്തിയ പാർട്ടി വന്‍ ദുരന്തമായി. എസിയില്ലാതെ അതിഥികൾ വിയർത്തൊലിച്ചു. തുടർച്ചയായ വൈദ്യുതി തടസ്സവും, മോശം സേവനവും പാർട്ടിയാകെ അലങ്കോലമായി.

ആഡംബര പാർട്ടിക്ക് വൻതുക മുടക്കിയിട്ടും ഒടുവിൽ കടുത്ത ദുരനുഭവം നേരിടേണ്ടി വന്ന ഒരുകൂട്ടം യുവാക്കളുടെ അനുഭവം സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. ഗുരുഗ്രാമിലെ സൈബർ സിറ്റിയിലുള്ള പ്രമുഖ മൈക്രോബ്രൂവറിയിലാണ് നാല്പതോളം പേരടങ്ങുന്ന സംഘത്തിന് ദുരനുഭവം ഉണ്ടായത്. ഏകദേശം 1.4 ലക്ഷം രൂപയാണ് പാർട്ടിക്കായി സംഘം ചെലവഴിച്ചത്. ഒരാൾക്ക് 3,500 രൂപ നിരക്കിൽ പ്രീമിയം 'ടിപ്സി പാക്കേജ്' ബുക്ക് ചെയ്തിട്ടും റെസ്റ്റോറന്റിന്റെ ഭാഗത്തുനിന്നുണ്ടായത് ഗുരുതരമായ വീഴ്ചയാണെന്ന് ഉപഭോക്താവ് റെഡ്ഡിറ്റിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

അതിഥികൾ എത്തിത്തുടങ്ങിയപ്പോൾ തന്നെ റെസ്റ്റോറന്റിലെ എയർ കണ്ടീഷണർ പ്രവർത്തനരഹിതമായിരുന്നു. ഇതുമൂലം ഹാളിനുള്ളിലെ ചൂട് വൻതോതിൽ ഉയർന്നു. കൂടാതെ എസി വെന്റുകളിൽ നിന്ന് തുടർച്ചയായി വെള്ളം ഒലിച്ചിറങ്ങിയത് തറയിൽ വഴുക്കലുണ്ടാക്കുകയും അതിഥികൾ വീഴാൻ തക്കവണ്ണമുള്ള അപകടാവസ്ഥ സൃഷ്ടിക്കുകയും ചെയ്തു.

മൂന്ന് മണിക്കൂർ നീണ്ടുനിന്ന പരിപാടിക്കിടെ അഞ്ച് തവണയാണ് റെസ്റ്റോറന്റിൽ വൈദ്യുതി തടസ്സപ്പെട്ടത്. ഇതിനുപുറമെ അതിഥികൾക്ക് ആവശ്യത്തിന് പ്ലേറ്റുകളും സ്പൂണുകളും നൽകാൻ മാനേജ്‌മെന്റിന് സാധിച്ചില്ല. സർവീസ് വളരെ പതുക്കെയായിരുന്നുവെന്നും സ്റ്റാർട്ടറുകൾ തീരുന്ന മുറയ്ക്ക് അടുത്ത ബാച്ച് എത്താൻ 15 മുതൽ 20 മിനിറ്റ് വരെ കാത്തിരിക്കേണ്ടി വന്നതായും കുറിപ്പിൽ വ്യക്തമാക്കുന്നു. ഭക്ഷണത്തിന്റെ ഗുണനിലവാരം വളരെ ശരാശരി മാത്രമായിരുന്നുവെന്നും ഇത്രയും ഉയർന്ന തുകയ്ക്ക് തക്കതൊന്നും അതിലില്ലായിരുന്നുവെന്നും അതിഥികൾ പരാതിപ്പെടുന്നു.

പാർട്ടിയുടെ ബുക്കിംഗ് കാര്യങ്ങള്‍ നോക്കിയ ജീവനക്കാരൻ പിന്നീട് ഫോൺ എടുക്കാതെ മുങ്ങിയതോടെ അതിഥികൾക്ക് യാതൊരുവിധ സഹായവും ലഭിക്കാത്ത അവസ്ഥയായി. പോസ്റ്റ് സോഷ്യൽ മീഡിയയിൽ തരംഗമായതോടെ റെസ്റ്റോറന്റുകൾക്കെതിരെ കടുത്ത വിമർശനവുമായി നിരവധിപേർ രംഗത്തെത്തി. 40 പേർക്കായി വലിയൊരു തുകയ്ക്ക് ബുക്ക് ചെയ്യുന്നതിന് മുൻപ് ആ സ്ഥലം നേരിട്ട് സന്ദർശിച്ച് കാര്യങ്ങൾ ബോധ്യപ്പെടണമായിരുന്നു എന്നാണ് മറ്റ് ചിലര്‍ പ്രതികരിച്ചത്.