പ്രസിഡന്റിനെ ജുലൈ മാസം സായുധ സംഘം വെടിവെച്ചുകൊന്ന് രണ്ട് ആഴ്ചയ്ക്കു ശേഷമാണ് പ്രധാനമന്ത്രിയായി ഹെന്‍ട്രി അധികാരത്തിലേറിയത്. 

പ്രസിഡന്റിനെ വെടിവെച്ചുകൊന്ന് അഞ്ച് മാസത്തിനു ശേഷം പ്രധാനമന്ത്രിക്കു നേരെ വധശ്രമം. കരീബിയന്‍ രാജ്യമായ ഹെയ്തിയിലാണ് സായുധ സംഘം നടത്തിയ വെടിവെപ്പില്‍നിന്നും പ്രധാനമന്ത്രി തലനാരിഴയ്ക്ക് രക്ഷപ്പെട്ടത്. പ്രസിഡന്റിനെ വെടിവെച്ചു കൊന്നശേഷമുള്ള രാഷ്ട്രീയ അനിശ്ചിതത്വവും സായുധ സംഘങ്ങളുടെ ആക്രമണവും തുടരുന്നതിനിടെയാണ് പ്രധാനമന്ത്രിക്കു നേരെ വെടിവെപ്പ് നടന്നത്. ആക്രമണത്തില്‍നിന്നും രക്ഷപ്പെടാനായി പ്രധാനമന്ത്രി ഓടിരക്ഷപ്പെട്ടു.

ഹെയ്തിയുടെ സ്വാതന്ത്ര്യത്തിന്റെ 200-ം വാര്‍ഷികത്തോട് അനുബന്ധിച്ച് തലസ്ഥാനമായ പോര്‍ട്ടോ പ്രിന്‍സില്‍നിന്നും 150 കിലോ മീറ്റര്‍ അകലെ ഗോനാവ്‌സില്‍ നടന്ന ഔേദ്യഗിക ആഘോഷങ്ങള്‍ക്കിടയിലാണ് പ്രധാനമന്ത്രി ഏരിയല്‍ ഹെന്‍ട്രിയെ വധിക്കാനുള്ള ശ്രമം നടന്നത്. പ്രസിഡന്റിനെ ജുലൈ മാസം സായുധ സംഘം വെടിവെച്ചുകൊന്ന് രണ്ട് ആഴ്ചയ്ക്കു ശേഷമാണ് പ്രധാനമന്ത്രിയായി ഹെന്‍ട്രി അധികാരത്തിലേറിയത്. 

പ്രധാനമന്ത്രി ഏരിയല്‍ ഹെന്‍ട്രി

താനാണ് ആക്ടിംഗ് പ്രധാനമന്ത്രി എന്ന് പറഞ്ഞ് ഹെന്‍ട്രി അധികാരമേല്‍ക്കുകയായിരുന്നു. ഇതിനെതിരെ മനുഷ്യാവകാശ സംഘടനകളും രാജ്യത്ത് പ്രബലരായ സായുധ ഗ്രൂപ്പുകളും രംഗത്തുവന്നിരുന്നു. ഹെന്‍ട്രി രാജിവെച്ച് രാജ്യത്ത് തെരഞ്ഞെടുപ്പ് നടത്തണമെന്നാണ് ഇവരുടെ ആവശ്യം. എന്നാല്‍, രാജിവെക്കില്ലെന്നും സായുധ സംഘങ്ങളെ ഒതുക്കി മാത്രമേ തെരഞ്ഞെടുപ്പ് നടത്തൂ എന്നും പ്രഖ്യാപിച്ച് ഹെന്‍ട്രി മുന്നോട്ടുപോവുകയാണ്. ഇതിനിടെയാണ്, ഹെന്‍ട്രിക്കെതിരെ വധശ്രമം നടന്നത്. രാജ്യത്ത് സായുധ സംഘങ്ങളും ഭീകരവാദികളും ഭീതി വിതയ്ക്കുകയാണെന്നും ഇത് എന്തു വില കൊടുത്തും അടിച്ചമര്‍ത്തുമെന്നും ഹെന്‍ട്രി പറഞ്ഞു. പൊലീസിന്റെ പരിശീലനമടക്കമുള്ള കാര്യങ്ങളില്‍ വിദേശസഹായം തേടുമെന്നും അദ്ദേഹം സൂചന നല്‍കി. 

സ്വാതന്ത്ര്യ ദിനാഘോഷത്തിനെത്തിയ ഹെന്‍ട്രി ഗോനാവ്‌സിലെ ഒരു പുരാതന പള്ളിയില്‍ കുര്‍ബാനയ്ക്ക് ചെന്നപ്പോഴായിരുന്നു പുറത്ത് വെടിവെപ്പുണ്ടായത്. തുടര്‍ന്ന് പൊലീസും സായുധ സംഘങ്ങളും ഏറ്റുമുട്ടിയതായി എ എഫ് പി വാര്‍ത്ത ഏജന്‍സി അറിയിച്ചു. സംഭവത്തില്‍ രണ്ടു പേര്‍ കൊല്ലപ്പെട്ടു. പത്തോളം പേര്‍ക്ക് പരിക്കേറ്റു. പ്രദേശം സുരക്ഷാ സേനയുടെ നിയന്ത്രണത്തിലായതായി പ്രധാനമന്ത്രി കാര്യാലയം അറിയിച്ചു. 

നിരവധി പേര്‍ കൊല്ലപ്പെട്ട ഭൂകമ്പമടക്കം നിരവധി പ്രകൃതി ദുരന്തങ്ങളാണ് അടുത്തകാലത്തായി ഇവിടെ ഉണ്ടായത്. അതിനിടെയാണ് പ്രസിഡന്റ് ഹേവനല്‍ മോയിസ് ദുരൂഹ സാഹചര്യത്തില്‍ കൊല്ലപ്പെട്ടത്. വസതിക്കുള്ളിലേക്ക് ഇരമ്പിക്കയറിയ സായുധ കൊലയാളി സഘത്തിന്റെ ആക്രമണത്തിലാണ് പ്രസിഡന്റ് ഹേവനല്‍ മോയിസ് കൊല്ലപ്പെട്ടത്. അമേരിക്കന്‍ ലഹരി വിരുദ്ധ ഏജന്‍സിയായ ഡി ഇ എയുടെ യൂനിഫോമണിഞ്ഞ് എത്തിയ സായുധ സംഘം, പ്രസിഡന്റിനെയും ഭാര്യയും തുരുതുരാ വെടിവെക്കുകയായിരുന്നു. 12 വെടിയുണ്ടകള്‍ തറച്ചുകേറിയ പ്രസിഡന്റ് തല്‍ക്ഷണം മരിച്ചു. ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഭാര്യ അപകടനില തരണം ചെയ്തു. ഇവരുടെ മൂന്ന് മക്കള്‍ സുരക്ഷിത സ്ഥാനത്താണെന്ന് പൊലീസ് വ്യക്തമാക്കി. 

പ്രസിഡന്റിന്റെ കൊലപാതകത്തെ തുടര്‍ന്ന് ഹെയ്തിയില്‍ ആഭ്യന്തര സംഘര്‍ഷം രൂക്ഷമായിരുന്നു. അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചുവെങ്കിലും പല സ്ഥലങ്ങളിലും ജനങ്ങള്‍ പ്രതിഷേധവുമായി രംഗത്തിറങ്ങി. പ്രതിഷേധം ചിലയിടങ്ങളില്‍ അക്രമാസക്തമായി. അതിനിടെയാണ്, ഭരണഘടനാപരമായ വലിയ പ്രതിസന്ധിയിലേക്ക് രാജ്യം കടന്നത്. പരമാധികാരിയായ പ്രസിഡന്റ് മരിച്ചുകഴിഞ്ഞാല്‍, അധികാരം സുപ്രീം കോടതി പ്രസിഡന്റിന് കൈമാറണം എന്നാണ് ഹെയ്തി ഭരണഘടന അനുശാസിക്കുന്നത്. എന്നാല്‍ സുപ്രീം കോടതി പ്രസിഡന്റ് റെനെ സില്‍വെസ്ട്രെ കഴിഞ്ഞ മാസം കോവിഡ് ബാധിച്ച് മരിച്ചു. പകരം ആളെ നിയമിച്ചിരുന്നില്ല. 

ദേശീയ അസംബ്ലിക്ക് ഒരു പുതിയ നേതാവിനെ തിരഞ്ഞെടുക്കാനാകും. എന്നാല്‍ കഴിഞ്ഞ പാര്‍ലമെന്റിന്റെ കാലാവധി അവസാനിച്ചതിന് ശേഷവും തിരഞ്ഞെടുപ്പ് നടക്കാത്തതിനാല്‍ ദേശീയ അസംബ്ലിയും ഇല്ല. ഭരണഘടന പ്രകാരം ഇത്തരം സാഹചര്യത്തില്‍ പ്രധാനമന്ത്രിക്കായിരിക്കും അധികാരം. എന്നാല്‍, നിലവിലെ പ്രധാനമന്ത്രി ക്ലോഡ് ജോസഫിനെ മാറ്റി ഏരിയല്‍ ഹെന്‍ട്രിയെ പ്രധാനമന്ത്രിയാക്കിയെങ്കിലും അദ്ദേഹം സത്യപ്രതിജ്ഞ ചെയ്യുന്നതിന് മുമ്പാണ് പ്രസിഡന്റ് കൊല്ലപ്പെട്ടത്. എന്നാല്‍, പുതിയ സാഹചര്യത്തില്‍, താന്‍ അധികാരം ഏറ്റെടുക്കുമെന്ന് പ്രഖ്യാപിച്ച് ഏരിയല്‍ ഹെന്‍ട്രി അധികാരമേല്‍ക്കുകയായിരുന്നു. എന്നാല്‍, ഭരണഘടനാപരമായി അതിനു സാധുതയില്ലെന്നാണ് മുന്‍ പ്രധാനമന്ത്രി ക്ലോഡ് ജോസഫ് പറയുന്നത്. തുടര്‍ന്നാണ് പുതിയ ഭരണപ്രതിസന്ധിക്ക് പരിഹാരമായി തെരഞ്ഞെടുപ്പ് നടത്താനും അതുവരെ ഹെന്‍ട്രി പ്രധാനമന്ത്രിയായി തുടരാനും ഐക്യരാഷ്ട്ര സഭ നിര്‍ദ്ദേശിച്ചത്. ഹെന്‍ട്രി അധികാരമേറ്റെങ്കിലും തെരഞ്ഞെടുപ്പിന്റെ കാര്യത്തില്‍ ഇതുവരെ തീരുമാനമായിട്ടില്ല.