Asianet News MalayalamAsianet News Malayalam

ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ഇല്ലാതായി, യുകെ -യിൽ മനുഷ്യരെക്കൊണ്ട് പൊറുതിമുട്ടി ഡോൾഫിനുകൾ

ലോക്ക്ഡൗൺ അവസാനിച്ചതിനെത്തുടർന്ന് തീരപ്രദേശങ്ങളിലേക്കുള്ള സന്ദർശകരുടെ എണ്ണത്തിൽ വർധനയുണ്ടായതായി ഡബ്ല്യുഡിസി അറിയിച്ചു. 

harassment of dolphins in post lockdown days
Author
UK, First Published Jul 28, 2021, 10:38 AM IST

നമ്മുടെ രാജ്യം ഇപ്പോഴും കൊവിഡ് മൂന്നാം തരം​ഗം വരുമെന്ന ഭയത്തിൽ കഴിയുകയാണ്. ലോക്ക്ഡൗൺ പൂർണമായും ഇല്ലാതാവുകയോ ജനജീവിതം പഴയതുപോലെ ആവുകയോ ചെയ്തിട്ടില്ല. എന്നാൽ, പല രാജ്യങ്ങളിലും ഏറെക്കുറെ മിക്കയിടങ്ങളും പൊതുജനങ്ങള്‍ക്കായി തുറന്നു കൊടുത്തു കഴിഞ്ഞു. യുകെ -യിൽ വാട്ടർ സ്പോർട്സുകളും ജലയാത്രകളും നടത്താൻ വീണ്ടും അവസരമുണ്ടായിട്ടുണ്ട്. എന്നാൽ, ലോക്ക്ഡൗൺ പിൻവലിച്ച് ജനം പുറത്തിറങ്ങിയതോടെ മറ്റ് ജീവജാലങ്ങളുടെ കാര്യത്തിൽ അപകടം വർധിച്ചുവെന്നാണ് യുകെ -യിലെ വി​ദ​ഗ്ദ്ധർ പറയുന്നത്. അതിൽ പ്രധാനപ്പെട്ടതാണ് ഡോൾഫിനുകൾ നേരിടുന്ന അപകടഭീഷണി.

ലോക്ക്ഡൗണ്‍ നിയന്ത്രണളില്ലാതായതോടെ ബോട്ടുകളും വാട്ടര്‍സ്പോര്‍ട്സുകളും വര്‍ധിച്ചു. ഇത് ഡോള്‍ഫിനുകളുടെ ജീവന് ഭീഷണിയാകുന്നുവെന്നാണ് വിദഗ്ദ്ധര്‍ പറയുന്നത്. വെയില്‍ ആന്‍ഡ് ഡോള്‍ഫിന്‍ കണ്‍സര്‍‌വേഷന്‍ പറയുന്നത്, ആബർ‌ഡീൻ, ഉല്ലാപൂൾ എന്നിവിടങ്ങളിലെല്ലാം ഇത്തരം അപകടസാഹചര്യങ്ങൾ നിലനിൽക്കുന്നു എന്നാണ്. ഡോൾഫിനുകൾക്ക് വളരെ സമീപത്തൂടെ ബോട്ടുകൾ സഞ്ചരിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. പലപ്പോഴും തങ്ങള്‍ വരുത്തിവയ്ക്കുന്ന അപകടങ്ങളെ കുറിച്ച് ജനങ്ങള്‍ക്ക് ധാരണയില്ലെന്നും വെയില്‍ ആന്‍ഡ് ഡോള്‍ഫിന്‍ കണ്‍സര്‍വേഷന്‍ പറയുന്നു. 

harassment of dolphins in post lockdown days

എന്നാല്‍, അതേസമയം തന്നെ ആളുകള്‍ മനപ്പൂര്‍വം ഡോള്‍ഫിനുകളെ പിന്തുടരുകയും വേദനിപ്പിക്കുകയും ചെയ്യുന്ന അവസരങ്ങളുമുണ്ടാകുന്നുണ്ട് എന്നും ഈ ചാരിറ്റി പറയുന്നു. പലപ്പോഴും ഈ ബോട്ടുകളെ പേടിച്ച് അവ ഭക്ഷണം തേടി സാധാരണ എത്തുന്ന ഇടങ്ങളിലെത്താതെയാവുന്നു. ചില ഡോള്‍ഫിനുകള്‍ക്കാവട്ടെ ബോട്ടിലിടിച്ച് പരിക്കേല്‍ക്കുന്നു. 

വെയില്‍ ആന്‍ഡ് ഡോള്‍ഫിന്‍ കണ്‍സര്‍വേഷന്‍, ഡോള്‍ഫിന്‍ ഫീല്‍ഡ് ഓഫീസറായ ചാര്‍ളി ഫിലിപ്സ് പറയുന്നത്, സെയിലിംഗ് ബോട്ട്, കയാക്ക്സ്, പാഡില്‍ ബോര്‍ഡ്സ് എന്നിവയില്‍ നിന്നെല്ലാം ഇവയ്ക്ക് പരിക്കേല്‍ക്കുന്നുണ്ട് എന്നാണ്. എല്ലായ്പ്പോഴും ഈ പ്രശ്നങ്ങള്‍ നിലനിന്നിരുന്നു എന്നാല്‍ ഈ വര്‍ഷം അത് വളരെ കൂടുതലായി എന്നാണ് ചാര്‍ളി പറയുന്നത്. 

ഗര്‍ഭിണികളായ ഒട്ടേറെ പെണ്‍ഡോള്‍ഫിനുകളുണ്ട് എന്നത് കൊണ്ട് തന്നെ ഈ സമയം വളരെ പ്രധാനപ്പെട്ടതാണ്. ചിലപ്പോള്‍ അവയ്ക്ക് ഹാനികരമാവുന്ന പ്രവൃത്തികള്‍ തടയാന്‍ ഉദ്യോഗസ്ഥര്‍ ശ്രമിക്കാറുണ്ട്. എന്നാല്‍, ചിലര്‍ വളരെ മോശമായിട്ടാണ് അതിനോട് പ്രതികരിക്കുന്നത് എന്നും അദ്ദേഹം പറയുന്നു. 

മൊറായ് ഫിര്‍ത്ത് പോലെയുള്ള ഇടങ്ങള്‍ ഒരുപാട് ഡോള്‍ഫിനുകള്‍ ഉള്ള ഇടങ്ങളാണ്. അവയെ അന്താരാഷ്ട്ര നിയമമനുസരിച്ച് സംരക്ഷിക്കുന്നുണ്ട്. ലോക്ക്ഡൗൺ അവസാനിച്ചതിനെത്തുടർന്ന് തീരപ്രദേശങ്ങളിലേക്കുള്ള സന്ദർശകരുടെ എണ്ണത്തിൽ വർധനയുണ്ടായതായി ഡബ്ല്യുഡിസി അറിയിച്ചു. 

ഒരു വക്താവ് പറഞ്ഞത്: പല ബോട്ട് ഉപയോക്താക്കൾക്കും അവധിക്കാലം ആഘോഷിക്കാനെത്തുന്നവര്‍ക്കും അതിന് വഴിയൊരുക്കുന്നവര്‍ക്കും ഒന്നും  നിയമങ്ങൾ എന്താണെന്നോ, എന്തെങ്കിലും നിയമലംഘനം കണ്ടാല്‍ അത് എങ്ങനെ റിപ്പോർട്ട് ചെയ്യണമെന്നോ അറിയില്ല എന്നാണ്. ഫോട്ടോയെടുക്കാനും മറ്റുമായി സമുദ്രത്തിലെ ഡോള്‍ഫിനുകളടക്കമുള്ള ജീവികളെ തിരയുന്നത് പോലും വര്‍ധിക്കുകയാണ്. പലപ്പോഴും £5,000 (ഏകദേശം അഞ്ച് ലക്ഷം) രൂപ വരെ പിഴയടക്കാനുള്ള കുറ്റകൃത്യങ്ങളിലേക്കാണ് ഇവര്‍ പോകുന്നത് എന്നും അദ്ദേഹം പറയുന്നു. 

പല മൃ​ഗങ്ങളും ലോക്ക്ഡൗൺ കാലത്ത് ഇറങ്ങി നടക്കുന്നതും മറ്റും നാം കണ്ടതാണ്. ജനജീവിതം ഏറെക്കുറെ പഴയ അവസ്ഥയിലെത്തുമ്പോൾ മറ്റ് ജീവികളോട് കൂടി കരുണയുള്ളവരായി നാം മാറേണ്ടതുണ്ട് എന്നാണ് വിദ​ഗ്ദ്ധർ പറയുന്നത്. 

Follow Us:
Download App:
  • android
  • ios