2012 ഐഎഎസ് ബാച്ചിലെ ഹര്‍ഷിക സിങ് മധ്യപ്രദേശിലെ ടീകംഗഢ് ജില്ലയിലെ കളക്ടറാണ്. കഴിഞ്ഞ വര്‍ഷം കളക്ടറായി ചുമതലയേറ്റയുടനെ അവര്‍ ചെയ്‍തത് ആ നാടിനെ കുറിച്ചുള്ള അടിസ്ഥാന വിവരങ്ങള്‍ ശേഖരിക്കുക എന്നതായിരുന്നു. കിട്ടിയ വിവരം അവരെ വല്ലാതെ നിരാശയാക്കുന്നതായിരുന്നു. കൂടിയ മാതൃമരണനിരക്ക്, ശുചിത്വക്കുറവ്, സ്ത്രീകളിലെ സാക്ഷരതയില്ലായ്‍മ എന്നിവയൊക്കെ ആ നാട് നേരിടുന്ന പ്രശ്‍നങ്ങളായിരുന്നു. തീര്‍ന്നില്ല, പലപ്പോഴും ഒരു ആണ്‍കുട്ടിയെ കിട്ടാനായി ആറും ഏഴും തവണ ഗര്‍ഭം ധരിക്കുമായിരുന്നു അവിടുത്തെ സ്ത്രീകള്‍. 

ഇതിന്‍റെയെല്ലാം പ്രധാനകാരണം ജില്ലയിലെ വിദ്യാഭ്യാസമില്ലായ്‍മയായിരുന്നു. നാട്ടിലെയും വീട്ടിലെയും എല്ലാ കാര്യങ്ങളും നിയന്ത്രിച്ചിരുന്നത് പുരുഷന്മാരായിരുന്നു. പെണ്‍കുട്ടികളെ എന്തെങ്കിലും പറയാനോ പഠിക്കുന്നതിനായി സ്‍കൂളില്‍ പോകുന്നതിനോ ഒന്നുംതന്നെ അനുവദിച്ചിരുന്നില്ല. ഈ അവസ്ഥയ്ക്കൊരു മാറ്റമുണ്ടാക്കിയേ തീരൂവെന്ന് ഹര്‍ഷിക സിങ് തീരുമാനിക്കുകയായിരുന്നു. അങ്ങനെയാണ് അവര്‍ മഹിള ജ്ഞാനാലയ വിദ്യാലയ തുടങ്ങുന്നത്. പാതിവഴിയില്‍ പഠനമുപേക്ഷിച്ച പെണ്‍കുട്ടികള്‍ക്കും വിദ്യാഭ്യാസമില്ലാത്ത സ്ത്രീകള്‍ക്കുമായിട്ടാണ് ഇത് പ്രവര്‍ത്തനമാരംഭിച്ചത്. 35 ഗ്രാമപഞ്ചായത്തുകളിലെ സ്ത്രീകള്‍ക്കാണ് ഇതുവഴി വിദ്യ അഭ്യസിക്കാനുള്ള അവസരം കൈവന്നത്. ഇപ്പോള്‍ സ്‍കൂളിലെ വിദ്യാര്‍ത്ഥികളായ പ്രായം ചെന്ന സ്ത്രീകളെ പഠിപ്പിക്കുന്നത് പലപ്പോഴും അവരുടെതന്നെ മരുമക്കളാണ്. 

ഗ്രാമത്തില്‍ നിന്നുതന്നെയുള്ള പരസ്‍പരം അറിയാവുന്നവരാകുമ്പോള്‍ അതിന്‍റെ ഗുണം ലഭിക്കുന്നത് ഗ്രാമത്തിലുള്ളവര്‍ക്ക് തന്നെയായിരുന്നു. കാരണം, ഈ അധ്യാപകര്‍ പലപ്പോഴും മുതിര്‍ന്നവരെ വിദ്യാഭ്യാസത്തിന്‍റെ പ്രാധാന്യത്തെ കുറിച്ച് ബോധ്യപ്പെടുത്തുകയും അവരെ കൂടുതല്‍ പഠിക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്യുന്നു. 

ആദ്യമായി ഇങ്ങനെയൊരു പദ്ധതി നടപ്പിലാക്കാനായി ഗ്രാമ പഞ്ചായത്തിന്‍റെ മുന്നിലവതരിപ്പിക്കപ്പെട്ടപ്പോള്‍ വലിയ പിന്തുണയാണ് അതിനു ലഭിച്ചതെന്ന് ഹര്‍ഷിക പറയുന്നു. വിദ്യാഭ്യാസത്തിന്‍റെ പ്രാധാന്യത്തെ കുറിച്ച് ഹര്‍ഷികയ്ക്ക് നന്നായി അറിയാമായിരുന്നു. അതുകൊണ്ടുതന്നെ തന്‍റെയാ സഹോദരിമാര്‍ക്ക് വിദ്യാഭ്യാസം നേടിക്കൊടുക്കുന്നതിനായി ഏതറ്റം വരെയും പോകാന്‍ ഒരുക്കമായിരുന്നു ഹര്‍ഷിക. ഒരു കളക്ടറെന്ന നിലയില്‍ അത് തന്‍റെ കടമയാണെന്ന് അവര്‍ വിശ്വസിച്ചു. അതിനായി ഓരോ വീട്ടിലെയും പുരുഷന്മാരോടും അവള്‍ സംസാരിച്ചു. ആദ്യാമാദ്യം വലിയ എതിര്‍പ്പായിരുന്നുവെങ്കില്‍ അവസാനമായപ്പോഴേക്കും വീട്ടിലെ പുരുഷന്മാര്‍ തന്നെ വീട്ടിലെ സ്ത്രീകളെ പഠിക്കാന്‍ പോകാനായി പ്രേരിപ്പിച്ചുകൊണ്ടിരുന്നു. 

 

ജില്ലയിലെ പലഭാഗത്തുനിന്നുമായി ഉദ്യോഗസ്ഥര്‍ നൂറുകണക്കിന് ടെക്സ്റ്റ് ബുക്കുകളും മറ്റ് പഠനോപകരണങ്ങളും അവര്‍ക്കെത്തിച്ചുകൊടുത്തു. ക്ലാസിലെത്തുന്ന സ്ത്രീകള്‍ക്ക് ആവശ്യത്തിന് അറ്റന്‍ഡന്‍സ് ഉണ്ടോയെന്നതെല്ലാം ഇവര്‍ ശ്രദ്ധിച്ചു തുടങ്ങി. എല്ലാ നേരവും ക്ലാസ് എന്നതിനുപകരം ഉച്ചയ്ക്ക് ശേഷം ക്ലാസെടുത്തു തുടങ്ങി. എങ്ങനെ ഒപ്പിടാം, പേരെങ്ങനെ എഴുതാം, ചെറിയ കണക്കുകള്‍, അക്ഷരങ്ങള്‍, ശുചിത്വം എങ്ങനെ പാലിക്കാം എന്നിവയെല്ലാമാണ് ആദ്യം പഠിപ്പിച്ചത്. നൂറുശതമാനം അറ്റന്‍ഡന്‍സ് ഉണ്ടായതോടെ ക്ലാസ് അതിന്‍റെ ലക്ഷ്യം കണ്ടുതുടങ്ങി. 

ക്ലാസിലെ 40 -കാരി ഹര്‍പ്പുര പറയുന്നത് കേള്‍ക്കൂ, '' എനിക്കെപ്പോഴും പഠിക്കാന്‍ ആഗ്രഹമുണ്ടായിരുന്നു. പക്ഷേ, ആചാരപ്രകാരം എന്നെ വളരെ നേരത്തെ വിവാഹം ചെയ്യിപ്പിച്ചു. ഈ സ്‍കൂളിനെ കുറിച്ചുള്ള വിവരമറിഞ്ഞപ്പോള്‍ കുടുംബം എന്നോട് ക്ലാസിന് ചേരാന്‍ പറഞ്ഞു. വളരെ പെട്ടെന്നുതന്നെ പേരെഴുതാനും അത്യാവശ്യം വേണ്ട എഴുത്തും കണക്കുകൂട്ടലുകളും ഒക്കെ ഞ‌ാന്‍ പഠിച്ചു.'' 

ഇങ്ങനെ പ്രാഥമികമായ ക്ലാസുകള്‍ക്കുമപ്പുറം ഉന്നതപഠനത്തിനും സ്ത്രീകളെ പ്രചോദിപ്പിച്ചു ഹര്‍ഷിക. ഒരു കളക്ടര്‍ വിചാരിച്ചാലും മതി ഒരു ഗ്രാമത്തിലെ ജീവിതത്തില്‍ വലിയ മാറ്റങ്ങളെന്തെങ്കിലുമുണ്ടാകാന്‍ എന്നാണ് ഈ കളക്ടര്‍ തെളിയിക്കുന്നത്.