ഇന്ന് ഹാർവി ഗ്ലാറ്റ്‌മാന്‍ എന്ന കുപ്രസിദ്ധ സീരിയൽ കില്ലർ വധശിക്ഷ നേരിടാൻ വേണ്ടി ഗ്യാസ് ചേമ്പറിലേക്ക് കയറിയ ദിവസമാണ്. ആരാണിയാൾ? ഹാർവി ഗ്ലാറ്റ്‌മാന്‍ എന്നത് അമ്പതുകളിൽ അമേരിക്കയിലെ ലോസ് ആഞ്ചലസിൽ  ജീവിച്ചിരുന്ന ഒരു കൊലപാതകിയുടെ പേരാണ്. ഹോളിവുഡിലെ നടിമാരായ ചെറുപ്പക്കാരികളെയാണ് അയാൾ തന്റെ ഇരകളാക്കി മാറ്റിയിരുന്നത്. മോഡലുകളായ യുവതികളെ പറഞ്ഞു പറ്റിച്ച് അപ്പാർട്ട്‌മെന്റിലെത്തിക്കുക, തോക്കുചൂണ്ടി അതിക്രൂരമായി പീഡിപ്പിക്കുക, കെട്ടിയിട്ടശേഷം കയറുകൊണ്ട് ശ്വാസം മുട്ടിച്ചു കൊന്നുകളയുക -  ഇടയ്ക്കിടെ ഫോട്ടോകളും പകർത്തുക - ഇതായിരുന്നു  ഗ്ലാറ്റ്‌മാന്റെ കൊലപാതകങ്ങളുടെ ഒരു സിഗ്നേച്ചർ പാറ്റേൺ. ഇത്തരത്തിലുള്ള കൊലപാതകങ്ങൾ അയാൾക്കൊരു വിളിപ്പേര് ചാർത്തിനൽകി അക്കാലത്ത്, 'ഗ്ളാമർഗേൾ സ്ലെയർ'.

 

 

ചെറുപ്പത്തിലേ പ്രകടമായിരുന്ന സൈക്കോ സ്വഭാവം 

വളരെ ചെറുപ്പം പ്രായത്തിൽ തന്നെ ഗ്ലാറ്റ്‌മാന്റെ പ്രകൃതത്തിൽ ഒരുതരം  'ആത്മ-പര പീഡന'(Sadomasochistic) പ്രവണതകൾ കണ്ടുതുടങ്ങിയിരുന്നു. കൊളറാഡോയിലെ ഡെൻവർ പട്ടണത്തിൽ കഴിച്ചുകൂട്ടിയ അയാളുടെ ബാല്യകാലം വല്ലാതെ പ്രക്ഷുബ്ധമായ ഒന്നായിരുന്നു. ഒരു ദിവസം ഗ്ലാറ്റ്‌മാന്റെ അമ്മ കണ്ടത് സ്വന്തം മുറിയിൽ കഴുത്തിൽ ഒരു കുരുക്കിട്ട് മുറുക്കി, അതിൽ നിന്ന് വല്ലാത്തൊരു 'രതിമൂർച്ഛ' കണ്ടെത്താൻ ശ്രമിച്ചുകൊണ്ടിരുന്ന മകനെയാണ്. ചെറുപ്പത്തിൽ ഇപ്പോഴും ഒരുമുഴം കയറും കൊണ്ടാണ് താൻ നടന്നിരുന്നത് എന്ന്‌ ഗ്ലാറ്റ്‌മാൻ പിന്നീട് തന്നെ ചോദ്യം ചെയ്ത പൊലീസ് ഓഫീസര്മാരോടും സമ്മതിച്ചിട്ടുണ്ട്. കയറിനോട് വല്ലാത്തൊരു കമ്പം തന്റെ ബാല്യകൗമാരങ്ങളിൽ  അയാൾക്കുണ്ടായിരുന്നു.

പതിനെട്ടാമത്തെ വയസ്സിലാണ് ഗ്ലാറ്റ്‌മാൻ ആദ്യമായി ഒരു ക്രിമിനൽ കുറ്റകൃത്യത്തിൽ ഏർപ്പെടുന്നത്. അന്ന്, തന്റെ സഹപാഠിയായ ഒരു യുവതിയെ തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തി, കയ്യിലുണ്ടായിരുന്ന കയറുകൊണ്ട് അവളുടെ കൈകൾ ബന്ധിച്ച ശേഷം, അവളെ ലൈംഗിക അതിക്രമങ്ങൾക്ക് വിധേയയാക്കി അയാൾ. അന്ന് ആ ചെയ്തതിന് അയാളെ പൊലീസ് അറസ്റ്റു ചെയ്തു എങ്കിലും, അതിനു ശേഷവും  ഗ്ലാറ്റ്‌മാൻ തന്റെ ലൈംഗിക അതിക്രമങ്ങൾ തുടരുക തന്നെ ചെയ്തു. ഇടയ്ക്കിടെ പൊലീസ് പിടിക്കും, കേസിൽ ഏതാനും മാസങ്ങൾ ജയിലിലാകും. പുറത്തുവന്ന ശേഷം വീണ്ടും അതുതന്നെ ആവർത്തിക്കും. ഇത് അയാളുടെ സ്ഥിരം പരിപാടിയായിരുന്നു അക്കാലത്ത്.

1957 -ൽ അയാൾ ഡെൻവർ പട്ടണത്തിൽ നിന്ന് ലോസ് ആഞ്ചലസ്‌ നഗരത്തിലേക്ക് തന്റെ ജീവിതത്തെ പറിച്ചു നടുന്നു. അവിടെ, ടെലിവിഷൻ മെക്കാനിക് ആയി നടന്ന കാലത്താണ്  ഗ്ലാറ്റ്‌മാന്റെ ക്രിമിനൽ ജീവിതം കുറേക്കൂടി ഗുരുതരമായ കുറ്റങ്ങളിലേക്ക് കടക്കുന്നത്. താൻ ഒരു ഫോട്ടോഗ്രാഫർ ആണെന്നും പറഞ്ഞ് യുവതികളോട് അടുപ്പം സ്ഥാപിക്കുന്ന അയാൾ, പരിചയം വളർന്ന ശേഷം അവരെ, പീഡിപ്പിക്കും, എന്നിട്ടവരെ തന്റെ കൊലപാതകത്വരയുടെ ഇരകളാക്കും. 

ആദ്യത്തെ ഇര

ആദ്യത്തെ ഇരയുടെ പേര് ജൂഡ് ആൻ ഡൾ എന്നായിരുന്നു. പത്തൊമ്പതുകാരിയായ ജൂഡ് ഒരു മോഡൽ ആയിരുന്നു.  ഗ്ലാറ്റ്‌മാനെ പരിചയപ്പെടുന്ന കാലത്ത് അവൾ സ്വന്തം ജീവിതത്തിലെ ഏറെ വൈകാരികപ്രതിസന്ധി നിറഞ്ഞ ഒരു കാലത്തെ അതിജീവിക്കാനുള്ള ശ്രമങ്ങൾ നടത്തുകയായിരുന്നു. മുൻ-ഭർത്താവുമായുള്ള വിവാഹമോചനക്കേസ് നടക്കുന്നു. പതിനാലു മാസം പ്രായമുള്ള കുഞ്ഞിന്റെ കസ്റ്റഡിക്കായുള്ള പോരാട്ടങ്ങൾ നടക്കുന്നു. സാമ്പത്തികമായും ആകെ പരാധീനതകൾ നിറഞ്ഞ കാലം. അങ്ങനെ അധികവരുമാനം കണ്ടെത്താൻ എന്തേ ചെയ്യേണ്ടു എന്ന ആലോചനയുമായി തലപുകഞ്ഞു നടക്കുന്ന ജൂഡിന്റെ മുന്നിലേക്കാണ്, ഒരു പൾപ്പ് ഫിക്ഷൻ നോവലിന്റെ കവർ ചിത്രത്തിനുവേണ്ടി പോസ് ചെയ്തുകൊടുത്താൽ 50 ഡോളർ പ്രതിഫലം നൽകാം എന്ന വാഗ്ദാനവുമായി ജോണി ഗ്രിൻ എന്ന ഒരാൾ അവളെ സമീപിക്കുന്നത്. അന്ന് അമ്പത് ഡോളർ എന്നാൽ ഇന്നത്തെ 500 ഡോളർ എങ്കിലും മതിപ്പുണ്ടാവും. വലിയൊരു സംഖ്യയായിരുന്നു അവൾക്കത്. അതുകൊണ്ട് കിട്ടിയ അവസരം മുതലാക്കാൻ തന്നെ ജൂഡ് ഉറപ്പിച്ചു. അവൾ  ജോണി ഗ്രിൻ വെച്ച് നീട്ടിയ ആ ഓഫർ സ്വീകരിച്ചു. 

 

ജൂഡ് ആൻ ഡൾ

ജോണി ഗ്രിന്നെന്ന അപരനാമധേയത്തിൽ അടുത്ത ദിവസം ജൂഡിനെ അവൾ താമസിച്ചിരുന്ന ഹോസ്റ്റലിൽ നിന്ന് പിക്ക് ചെയ്യാനെത്തിയത്  ഗ്ലാറ്റ്‌മാൻ ആയിരുന്നു. അവളുടെ കൂട്ടുകാരികൾക്ക് ആർക്കും തന്നെ കണ്ണടവെച്ച കിളരം കുറഞ്ഞ ആ യുവാവിന്റെ മുഖത്ത് നിന്ന് അയാളിലെ സൈക്കോ സ്വഭാവം വായിച്ചെടുക്കാൻ സാധിച്ചില്ല. തന്റെ കാറിൽ കയറ്റി ജൂഡിനെ സ്വന്തം അപ്പാർട്ട്‌മെന്റിൽ എത്തിച്ച  ഗ്ലാറ്റ്‌മാൻ അവിടെ വെച്ച് അവളെ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തിയ ശേഷം അതിക്രൂരമായി ബലാത്സംഗത്തിന് വിധേയയാക്കി. അങ്ങനെ അന്ന്, ആ സംഭവത്തോടെ തന്റെ ഇരുപത്തൊമ്പതാം വയസ്സിൽ തന്റെ 'കന്യകാത്വം' നഷ്ടപ്പെട്ടതിന്റെ ചാരിതാർഥ്യം താൻ അനുഭവിച്ചു എന്നാണ്‌ പിന്നീട്  ഗ്ലാറ്റ്‌മാൻ അതേപ്പറ്റി അന്വേഷകരോട് വെളിപ്പെടുത്തിയത്. ബലാത്സംഗം ചെയ്ത ശേഷം ഗ്ലാറ്റ്‌മാൻ ജൂഡിനെയും കൂട്ടി ലോസ് ആഞ്ചലസിന്റെ പ്രാന്തങ്ങളിലുള്ള മൊജാവേ എന്നൊരു മരുഭൂപ്രദേശത്തേക്ക് ചെന്നു. അവിടെ വെച്ചയാൾ ഒരു കയറുകൊണ്ട് കഴുത്തിൽ കുരുക്കിട്ടുമുറുക്കി അവളെ കൊന്നുകളഞ്ഞു. ഈ സംഭവം അയാളുടെ 'സീരിയൽ കില്ലർ' അവതാരത്തിലെ ആദ്യത്തെ കൊലപാതകമായിരുന്നു. 

അതിനു ശേഷവും അയാൾ സ്ത്രീകളെ പലതും പറഞ്ഞ് വഞ്ചിച്ചും പ്രലോഭിപ്പിച്ചും തന്റെ അപ്പാർട്ട്മെന്റിൽ എത്തിക്കും. അവിടെ വെച്ച് ആദ്യം അവരെ ബലാത്സംഗത്തിന് വിധേയനാക്കും. ശേഷം വിജനമായ ഏതെങ്കിലുമൊരിടത്തേക്ക് കൂട്ടിക്കൊണ്ടുപോകും. അവിടെ വെച്ചാണ് ശ്വാസം മുട്ടിച്ച് കൊല്ലുക. ശ്വാസം മുട്ടിക്കുന്നതും ഒരു പ്രത്യേക രീതിയിലായിരുന്നു. എല്ലാവരെയും  ഗ്ലാറ്റ്‌മാൻ ഒരേ തരത്തിലാണ് കൊണ്ടിരുന്നത്. തോക്കു ചൂണ്ടി ആദ്യം ഇരയോട് തറയിൽ മുട്ടുകുത്തി നിൽക്കാൻ പറയും. എന്നിട്ട് അവരുടെ കണങ്കാലുകൾ കയറുകൊണ്ട് ബന്ധിക്കും. അതേ കയർ മുകളിലേക്ക് നീട്ടി അവരുടെ കഴുത്തിലും ഒരു കുരുക്കിട്ട ശേഷം ആത് പിന്നിലേക്ക് ഉയർത്തിപ്പിടിച്ച് അവർ ശ്വാസം കിട്ടാതെ പിടക്കുന്നത് നോക്കി നിൽക്കും. ചലനമറ്റ ഇരകൾ നിലത്ത് മരിച്ചു വീഴും വരെ  ഗ്ലാറ്റ്‌മാൻ അത് തുടരും. അപ്പാർട്ട്മെന്റിൽ എത്തിച്ച ശേഷം, തന്റെ ഇരകൾക്കു നേരെ താൻ പ്രവർത്തിക്കുന്ന അതിക്രമങ്ങളുടെ ഓരോ ഘട്ടത്തിലും അവരുടെ ഫോട്ടോ എടുക്കുക എന്നൊരു പരിപാടി കൂടി ഗ്ലാറ്റ്‌മാനുണ്ടായിരുന്നു. ആ ഫോട്ടോകൾ തന്നെയാണ് പിന്നീട് അയാൾക്കെതിരെയുള്ള തെളിവുകളായി മാറിയതും. 

 രണ്ടാമത്തെ ഇര 

ഗ്ലാറ്റ്‌മാന്റെ അടുത്ത ഇര ഷേർളി ആൻ ബ്രിഡ്‌ജ്‌‌വുഡ് എന്ന 24 -കാരിയായ മോഡൽ ആയിരുന്നു. അയാളുടെ മുന്നിലെത്തിപ്പെടുമ്പോൾ, ഒരു വിവാഹമോചിതയും, ഉപജീവനാർത്ഥം മോഡലിംഗ് ചെയ്തുകൊണ്ടിരുന്ന ആളുമായിരുന്നു ഷേർളി. അവളെ അയാൾ പരിചയപ്പെട്ടത് തൂലികാ സൗഹൃദങ്ങൾ ആഗ്രഹിച്ചു കൊണ്ടുള്ള ഒരു 'ലോൺലി ഹാർട്ട്സ്' പരസ്യപ്പേജ് വഴിയാണ്. ജോർജ് വില്യംസ് എന്ന കപടനാമത്തിലാണ് ഗ്ലാറ്റ്‌മാൻ ഷേർളിയെ പരിചയപ്പെട്ടത്. വളരെ സൗമ്യമായി പെരുമാറി ഷേർളിയുമായി അടുപ്പം സ്ഥാപിച്ച ശേഷം അവളെ ഒരു നൃത്തപരിപാടി കാണാൻ എന്നും പറഞ്ഞ് കൂടെക്കൂട്ടുകയായിരുന്നു ഗ്ലാറ്റ്‌മാൻ. എന്നാൽ, ഡാൻസിന് പോകുന്നതിനു പകരം അയാൾ അവളെ കൊണ്ടുപോയത് സ്വന്തം അപ്പാർട്ട്മെന്റിലേക്കായിരുന്നു. അവിടെയും അയാൾ തന്റെ പതിവ് പീഡനരീതി ആവർത്തിച്ചു. ബലാത്സംഗം, കെട്ടിയിടൽ, ശ്വാസം മുട്ടിച്ച് കൊല്ലൽ-ഇതിനൊക്കെ ഇടയിൽ ഇടക്കിടെയുള്ള ഫോട്ടോ പിടുത്തവും ഉണ്ടായി. ഷേർളിയെ ഗ്ലാറ്റ്‌മാൻ കൊന്നതും ഒരു മരുഭൂമിയുടെ നടുവിൽ കൊണ്ടുപോയാണ്. എന്നാൽ ഇത്തവണ അവളുടെ മൃതദേഹം അയാൾ മറവു ചെയ്തില്ല. മരുഭൂമിയിൽ കഴുകന്മാർക്ക് തിന്നാൻ വേണ്ടി ആ മൃതദേഹം ഇപേക്ഷിച്ചാണ് അയാൾ തിരിച്ചു പോന്നത്. 

 

ഷേർളി ആൻ ബ്രിഡ്‌ജ്‌‌വുഡ്

മൂന്നാമത്തെ ഇര

തന്റെ മൂന്നാമത്തെ ഇരയെ ഗ്ലാറ്റ്‌മാൻ കണ്ടെത്തിയത്, ആദ്യ ഇരയായ ജൂഡിനെ കണ്ടെത്തിയ പോലെ ഒരു മോഡലിംഗ് ഏജൻസി വഴിയാണ്. റൂത്ത് മെർക്കാഡോ എന്ന ആ ഇരുപത്തിനാലുകാരി അയാൾക്ക് സ്വന്തം വീട്ടിൽ വെച്ചാണ് ഫോട്ടോഷൂട്ടിന് വേണ്ടി അപ്പോയ്ന്റ്മെന്റ് നൽകിയത്. എന്നാൽ, പറഞ്ഞ സമയത്ത് അയാൾ എത്തിച്ചേർന്നപ്പോൾ തീരെ സുഖമില്ല എന്ന് അവൾ അറിയിച്ചു. അപ്പോൾ അയാൾ മടങ്ങി എങ്കിലും, വീട്ടിൽ പോയി, കൈത്തോക്കെടുത്ത ശേഷം ഗ്ലാറ്റ്‌മാൻ കുറെ നേരം കഴിഞ്ഞ് വീണ്ടും അവളുടെ വീട്ടിലെത്തി. ഇത്തവണ തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തിയ ശേഷം അയാൾ റൂത്തിനെ ബലാത്സംഗം ചെയ്തു. രാത്രി പുലരും വരെ അയാൾ അവളെ പീഡിപ്പിച്ചു കൊണ്ടേയിരുന്നു. തോക്കു ചൂണ്ടിത്തന്നെ അവളെ അതിരാവിലെ പുറത്ത് പാർക്ക് ചെയ്തിരുന്ന തന്റെ കാറിലെത്തിച്ച ഗ്ലാറ്റ്‌മാൻ, അവിടെ വെച്ച് മറ്റു രണ്ടുപേരെയും കൊന്ന അതേ രീതിയിൽ തന്നെ റൂത്തിനെയും വധിച്ചു.

 

റൂത്ത് മെർക്കാഡോ

തന്റെ മൂന്നാമത്തെ ഇരയെ തനിക്ക് ഏറെ ഇഷ്ടപ്പെട്ടു കഴിഞ്ഞിരുന്നു എന്ന് ചോദ്യം ചെയ്യലിനിടെ ഗ്ലാറ്റ്‌മാൻ അന്വേഷകരോട് പറഞ്ഞു. അതുകൊണ്ട് മരുഭൂമിയിൽ എത്തിച്ച ശേഷം കൊല്ലും മുമ്പ് ഏറെ നേരം അവളുമായി സംസാരിച്ചുകൊണ്ടിരുന്നു അയാൾ. പതിവിലും എത്രയോ ഇരട്ടി നേരം ഗ്ലാറ്റ്‌മാൻ അവളുടെ ഫോട്ടോകൾ എടുത്തുകൊണ്ടിരുന്നു. അവളെ കൊന്നുകളയാൻ വേണ്ടി അയാളുടെ സൈക്കോ മനസ്സിന്റെ ഉള്ളിൽ നിന്നും ഉയർന്നു കൊണ്ടിരുന്ന വെമ്പൽ അടക്കാൻ എന്ത് ചെയ്യണം എന്ന് അയാൾ സ്വന്തം ഹൃദയത്തോട് ചോദിച്ചെങ്കിലും ഒരുത്തരം കിട്ടിയില്ല എന്നും അയാൾ പറഞ്ഞു. ഒടുവിൽ അവളെയും അയാൾ പതിവ് രീതിയിൽ തന്നെ കൊന്നുകളഞ്ഞു. 

ഒടുവിൽ പിഴച്ച കളി

തന്റെ ഇതേ പീഡന-കൊലപാതക പരമ്പര ഗ്ലാറ്റ്‌മാൻ തുടർന്നേനെ. അയാൾ അടുത്തതായി ഇരയാകാൻ വേണ്ടി കണ്ടുവെച്ച ആൾ നടത്തിയ കൃത്യമായ ഇടപെടൽ ഇല്ലായിരുന്നു എങ്കിൽ. 28 കാരിയായ ആ യുവതിയുടെ പേര് ലൊറെയ്ൻ വിജിൽ എന്നായിരുന്നു. ഉപജീവനാർത്ഥം, ഒരു മോഡലിംഗ് ഏജൻസിയിൽ പേര് രജിസ്റ്റർ ചെയ്തു കാത്തിരുന്ന ലൊറെയ്‌നെ തേടി ഒരു ഫോട്ടോഷൂട്ട് എന്ന പേരിലാണ് ഗ്ലാറ്റ്‌മാന്റെ വിളി എത്തുന്നത്. ഹോളിവുഡിൽ വെച്ചാണ് ഷൂട്ടിംഗ് എന്നാണ് അയാൾ ഫോണിൽ പറഞ്ഞിരുന്നത്. വീടിനടുത്തു നിന്ന് പിക്ക് ചെയ്ത ശേഷം, ഗ്ലാറ്റ്‌മാന്റെ കാർ ഹോളിവുഡിന്റെ എതിർ ദിശയിൽ പോകാൻ തുടങ്ങിയതോടെ അവൾക്ക് കാര്യം പന്തിയല്ല എന്ന് മനസ്സിലായി. അവളുടെ സംശയങ്ങൾക്കൊന്നു മറുപടി പറയാതെ, വളരെ കൂടിയ വേഗത്തിൽ ഗ്ലാറ്റ്‌മാന്റെ കാർ സാന്റാ ആന എന്ന പട്ടണത്തിലൂടെ ചീറിപ്പാഞ്ഞു പോവാൻ തുടങ്ങിയിട്ടും ലൊറെയ്ൻ ഉള്ളിലെ പരിഭ്രമം വെളിയിൽ കാണിച്ചില്ല. 

ആളൊഴിഞ്ഞ ഒരു മരുഭൂമിയിലൂടെയാണ് അവർ സഞ്ചരിച്ചിരുന്ന കാർ പൊയ്ക്കൊണ്ടിരുന്നത്. ഇടക്കെവിടെയോ ഒരു വിജനമായിടത്തു വെച്ച്  കാറിന്റെ ടയർ പഞ്ചറായി എന്ന് പറഞ്ഞുകൊണ്ട് അയാൾ വാഹനം നിർത്തി. തുടർന്ന് തോക്കു ചൂണ്ടി അവളെ ഭീഷണിപ്പെടുത്തി ബലാത്സംഗത്തിലേക്ക് കടക്കാനൊരുങ്ങി. എന്നാൽ, അവളിൽ നിന്ന് അയാൾ പ്രതീക്ഷിക്കാത്തവിധം എതിർപ്പുണ്ടായി. കടുത്ത പിടിവലികൾ നടന്നു. ഒരു തവണ ഗ്ലാറ്റ്‌മാന്റെ കയ്യമർന്ന് ആ കൈത്തോക്കിൽ നിന്ന് വെടിയുതിർന്നു. ലൊറെയ്ൻറെ പാവാട തുളച്ച് അകത്തുകയറിയ വെടിയുണ്ട അവളുടെ തുടയിൽ തെല്ലൊന്നുരഞ്ഞ ശേഷം സീറ്റിന്റെ ലെതർ തുളച്ച് അകത്തുകയറി. അടുത്ത നിമിഷം അവൾ ആ തോക്കു പിടിച്ചു വാങ്ങി. അപ്പോഴേക്കും അതുവഴി മറ്റൊരു കാർ യാത്രികൻ കൂടി വന്നെത്തി. ഇരുവരും ചേർന്ന് പൊലീസ് എത്തും വരെ ഗ്ലാറ്റ്‌മാനെ ഗൺ പോയിന്റിൽ തടഞ്ഞുവെച്ചു. 

 

ലൊറെയ്ൻ വിജിൽ

ലൊറെയ്ന് നേരെ നടന്ന അതിക്രമത്തിന്റെ പേരിൽ പൊലീസ് അറസ്റ്റിലായ ഗ്ലാറ്റ്‌മാൻ പൊലീസിന്റെ ചോദ്യം ചെയ്യലിനിടെ കഴിഞ്ഞ മൂന്നു കൊലപാതകങ്ങളുടെ കൂടി കെട്ടഴിച്ചു. കഴിഞ്ഞ കൊലപാതകങ്ങൾക്കിടെ താൻ എടുത്തുകൂട്ടിയിരുന്ന ഇരകളുടെ ചിത്രങ്ങൾ അടങ്ങിയ ടൂൾ ബോക്സ് അയാൾ അവർക്കുമുന്നിൽ തുറന്നുവെച്ചപ്പോൾ പൊലീസ് ഞെട്ടി. അതിൽ, ഗ്ലാറ്റ്‌മാൻ കൊന്നുകളഞ്ഞ മൂന്നു പെൺകുട്ടികൾക്ക് പുറമെ മുൻകാലങ്ങളിൽ അയാൾ അതിക്രമം പ്രവർത്തിച്ച ശേഷം വെറുതേ വിട്ടിരുന്ന നൂറുകണക്കിന് വേറെയും പെൺകുട്ടികളുടെ ചിത്രങ്ങൾ ഉണ്ടായിരുന്നു.

താൻ പ്രവർത്തിച്ച കുറ്റകൃത്യങ്ങളെപ്പറ്റി ഗ്ലാറ്റ്‌മാൻ പൊലീസിനോട് തുറന്നു തന്നെ സംസാരിച്ചു. തനിക്ക് ജീവിച്ചിരിക്കാൻ ആഗ്രഹമില്ല, എത്രയും പെട്ടെന്ന് തന്നെ വധശിക്ഷയ്ക്ക് വിധേയമാക്കണം എന്നായിരുന്നു ഗ്ലാറ്റ്‌മാന്റെ അഭ്യർത്ഥന. ഒടുവിൽ ഇന്നേക്ക് കൃത്യം 61 വർഷം മുമ്പ്, 1959 സെപ്റ്റംബർ 18 -ന്  സാൻ ക്വെന്റിൻ സ്റ്റേറ്റ് പ്രിസണിൽ വെച്ച് ഹാർവി ഗ്ലാറ്റ്‌മാൻ എന്ന സീരിയൽ കൊലപാതകി, അതിക്രൂരനായ ബലാത്സംഗി, സാഡിസ്റ്റായ സൈക്കോപാത്ത്, ഗ്യാസ് ചേമ്പറിൽ അടക്കപ്പെട്ട് വധശിക്ഷയ്ക്ക് ഇരയായതോടെ, അയാളുടെ കൊലപാതക പരമ്പരക്കും പൂർണ വിരാമമായി.