മഹാരാഷ്ട്രയിൽ തെരഞ്ഞെടുപ്പടുത്തതോടെ ശിവസേനയും കോൺഗ്രസും തമ്മിൽ ആക്രമണ പ്രത്യാക്രമണങ്ങളും തുടങ്ങി. കോൺഗ്രസുമായി ആരിടഞ്ഞാലും ആദ്യം ചീത്ത കേൾക്കുന്നത് ജവഹർലാൽ നെഹ്‌റുവിനാണ്. പ്രധാനമന്ത്രി നരേന്ദ്രമോദി മുതൽ അമിത് ഷാ വരെ ആരും തന്നെ നെഹ്‌റുവിനെ ഇകഴ്ത്തുന്നതിൽ ഒട്ടും ശുഷ്കാന്തിക്കുറവ് കാണിച്ചിട്ടില്ല.

ഏറ്റവും ഒടുവിൽ നെഹ്‌റുവിനെ ആക്ഷേപിച്ചിരിക്കുന്നത് ശിവസേനാ നേതാവായ ഉദ്ധവ് താക്കറെ ആണ്. നെഹ്‌റു പ്രധാനമന്ത്രി ആയിരുന്നില്ലെങ്കിൽ പാകിസ്ഥാൻ എന്നൊരു രാജ്യം തന്നെ ലോകഭൂപടത്തിൽ കാണില്ലായിരുന്നു എന്നാണ് അദ്ദേഹം ഒരു റാലിയിൽ പറഞ്ഞത്. ഇന്ത്യയെ രണ്ടായി വെട്ടിമുറിച്ചത് നെഹ്രുവാണെന്ന് സൂചിപ്പിച്ച അദ്ദേഹം തുടർന്ന് വിനായക് ദാമോദർ സവർക്കർ എന്ന ഹിന്ദുമഹാസഭ നേതാവിനെ പുകഴ്ത്തി. ഭാരത് രത്‌നയ്‌ക്ക്‌ എന്തുകൊണ്ടും അർഹനായ ഒരു മഹാനായ രാജ്യസ്നേഹിയാണ് വീർ സവർക്കർ എന്ന് താക്കറെ പറഞ്ഞു. " നീണ്ട 14 വർഷങ്ങളാണ് സവർക്കർ സ്വാതന്ത്ര്യ സമരകാലത്ത് ജയിലിൽ കഴിച്ചുകൂട്ടിയത്. പതിനാലു കൊല്ലം പോയിട്ട് പതിനാല് മിനിറ്റ് ജയിലിൽ പിടിച്ചു നിൽക്കാൻ നെഹ്‌റുവിനാവുമെങ്കിൽ അദ്ദേഹത്തെ ഞാൻ അഭിമാനത്തോടെ 'വീർ' എന്ന് വിളിച്ചേനേ.." ഉദ്ധവ് താക്കറെ തന്റെ പ്രസംഗത്തിൽ പറഞ്ഞു. 

മേല്പറഞ്ഞതിന്റെ ധ്വനി, പതിനാല് മിനിറ്റുപോലും ജയിലിൽ പിടിച്ചു നിൽക്കാനുള്ള കരുത്ത് നെഹ്‌റുവിന് ഇല്ല എന്നാണ്. ഒന്നുകൂടി വ്യക്തമാക്കിയാൽ നെഹ്‌റു തന്റെ ജീവിതത്തിൽ ഒരിക്കൽ പോലും ജയിലിൽ കിടന്നിട്ടില്ല എന്ന്. എത്രമാത്രം വാസ്തവമുണ്ട് ഈ ആക്ഷേപത്തിൽ എന്നത് ചരിത്രത്തെ മുൻ നിർത്തി പരിശോധനാ വിധേയമാക്കേണ്ട ഒന്നാണ്. 

ചരിത്രവസ്തുതകൾ ഇനി പറയും പ്രകാരമാണ്. നെഹ്‌റു ലണ്ടനിൽ പോയി പഠിച്ചുവന്ന ഒരു ബാരിസ്റ്ററായിരുന്നു. അസാമാന്യമായ സമ്പത്തുള്ള ഒരു കുടുംബത്തിലെ അംഗം. ഗാന്ധിജിയുടെ സ്വാധീനത്താലാണ് നെഹ്‌റു സ്വാതന്ത്ര്യ സമരത്തിൽ പങ്കുചേരുന്നത്. 1922-ൽ ആദ്യത്തെ ജയിൽ പ്രവേശം. 1945 -ൽ അവസാനത്തെ ജയിൽ മോചനം. ഇതിനിടയിൽ ഒൻപത് അവസരങ്ങളിലായി  കാരാഗൃഹത്തിനുള്ളിൽ ചെലവിട്ടത് 3259  ദിവസങ്ങൾ.  

ലക്‌നൗ ജില്ലാ ജയിൽ, അലഹബാദ് ജില്ലാ ജയിൽ, നൈനി സെൻട്രൽ ജയിൽ, ഡെറാഡൂൺ ജയിൽ, ആലിപ്പൂർ ജയിൽ, അൽമോറ, ഗോരഖ്പൂർ, ബറേലി സെൻട്രൽ ജയിൽ എന്നിവിടങ്ങളിലായി പല തവണയായി പലപ്പോഴായി നെഹ്‌റുവിനെ പാർപ്പിച്ചിട്ടുണ്ട്. ഏറ്റവും ദീർഘമായ വാസം ക്വിറ്റ് ഇന്ത്യാ സമരകാലത്ത് അഹമ്മദ് നഗർ ജയിലിൽ 1041  ദിവസത്തേക്ക്. ആ ജയിലിൽ നെഹ്‌റു കിടന്ന സെല്ലിന്റെ ചുവരിൽ അതേപ്പറ്റിയുള്ള വിവരങ്ങൾ ഇന്നും ഫ്രെയിം ചെയ്ത് സൂക്ഷിച്ചിട്ടുണ്ട്. ഏറ്റവും കുറഞ്ഞത് 12  ദിവസത്തെ തടവും. രാഷ്ട്രീയ തടവുകാരനാണ്, ജയിലിൽ സുഖജീവിതമാവും എന്നൊന്നും കരുതേണ്ട. അത് ഇംഗ്ലീഷുകാരുടെ തുറുങ്കായിരുന്നു. കഠിന തടവാണ്. കടുത്ത ജോലികൾ തന്നെ അവിടെ ചെയ്യേണ്ടി വന്നിട്ടുണ്ട് നെഹ്‌റുവിന്. 

അങ്ങനെ ആകെ ഏകദേശം  ഒൻപത്‌ വർഷത്തിനു മേൽ നെഹ്‌റു ജയിലിൽ കഴിഞ്ഞു. അദ്ദേഹം ജയിലിൽ നിന്ന് തന്റെ മകളായ ഇന്ദിരാഗാന്ധിക്ക്‌ അയച്ച കത്തുകൾ പിൽക്കാലത്ത്‌ പുസ്തകമാക്കിയിട്ടുണ്ട്‌ " ഒരച്ഛൻ മകൾക്കയച്ച കത്തുകൾ " എന്ന പേരിൽ.

നെഹ്‌റു തികഞ്ഞ ഒരു ദേശഭക്തനായിരുന്നു. ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിൽ ഗാന്ധിജിയോടും സർദാർ പട്ടേലിനോടുമൊപ്പം ചേർന്നുപ്രവർത്തിച്ച, സ്വാതന്ത്ര്യാനന്തര ഇന്ത്യയെ ആദ്യകാലങ്ങളിൽ പ്രധാനമന്ത്രി എന്ന ഉത്തരവാദിത്തമേറ്റെടുത്ത്  നയിച്ച ഭരണകർത്താവ്.  അദ്ദേഹത്തിനെതിരായ ആക്ഷേപങ്ങളുടെ പരമ്പരകൾ മുൻപെന്നപോലെ  ഇന്നും തുടരുക തന്നെയാണ് .