ഹൈദരാബാദിൽ ഒരു മഹിളാ വെറ്ററിനറി ഡോക്ടറുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ പാലത്തിനു ചുവട്ടിൽ നിന്ന് കണ്ടുകിട്ടി. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ, അവർ കൊല്ലപ്പെടുന്നതിന് മുമ്പ് കൂട്ടബലാത്സംഗത്തിനിരയായിരുന്നു എന്നത് വ്യക്തമായി. പൊലീസിന്റെ ഭാഗത്തുനിന്ന് ത്വരിതഗതിയിലുള്ള അന്വേഷണമുണ്ടായി. ഡോക്ടർ സ്‌കൂട്ടർ നിർത്തിയിട്ടിരുന്ന ടോൾപ്ലാസയെ ചുറ്റിപ്പറ്റി നടത്തിയ അന്വേഷണത്തിൽ തെളിഞ്ഞത് ഞെട്ടിക്കുന്ന വിവരങ്ങളായിരുന്നു. നാലുപേരടങ്ങുന്ന കൊലയാളി സംഘത്തെ പൊലീസ് വളരെ പെട്ടെന്നുതന്നെ പിടികൂടുകയും ചെയ്തു. എന്നാൽ, പൊലീസ് അന്വേഷണത്തെപ്പറ്റിയുള്ള വിവരങ്ങൾ ഒന്നൊന്നായി മാധ്യമങ്ങളിലൂടെ പുറത്തുവരുമ്പോഴും, സാമൂഹ്യമാധ്യമങ്ങളിൽ പ്രദേശത്ത് ഹിന്ദു-മുസ്ലിം സമുദായികൈക്യത്തിൽ വിള്ളലുണ്ടാക്കാൻ പരമാവധി പരിശ്രമങ്ങൾ നടന്നു. ഈ സംഭവത്തെ മുതലെടുത്തുകൊണ്ട് ഭിന്നിപ്പുണ്ടാക്കാൻ പോന്ന വളരെ വികലമായ പോസ്റ്റുകൾ ഫേസ്ബുക്ക്, വാട്ട്സ്ആപ്പ്, ട്വിറ്റർ തുടങ്ങിയ സാമൂഹ്യമാധ്യമങ്ങളിൽ നിരന്തരമായി നടന്നു. ഇവയെ പോസ്റ്റുകൾ എന്നല്ല വിളിക്കേണ്ടത്, സമൂഹമനസ്സിൽ വിഷവിത്തുകൾ പാകുന്ന സമുദായികകലാപബോംബുകളെന്നാണ്. 

"രചന(name changed) ചെയ്ത കുറ്റം ഒന്നുമാത്രം, അവർ സ്‌കൂട്ടർ കൊണ്ട് പാർക്ക് ചെയ്തത് ഒരു മുസ്ലിം ഭൂരിപക്ഷ ഏരിയയിലായിപ്പോയി. ഭാരതം ഒരു ഹിന്ദുരാഷ്ട്രമായിരുന്നു എങ്കിൽ ഇങ്ങനെ ഉണ്ടാവില്ലായിരുന്നു. "

" ഹൈദരാബാദിലെ മുസ്ലിങ്ങൾ രചനയെ(name changed) ക്രൂരമായി ബലാത്സംഗം ചെയ്തതിനെപ്പറ്റി ഏതെങ്കിലും നേതാക്കൾ വാതുറന്നോ..?"

" ഇത്തവണയും ബലാത്സംഗം ചെയ്തത് അവരുടെ കൂട്ടർ തന്നെ എന്ന് ആരെങ്കിലുമൊന്നുറക്കെ വിളിച്ചു പറയുമോ..?" 

"ഇപ്പോൾ ഒരു സെക്കുലറിനും ഇന്ത്യയിൽ ജീവിക്കാൻ ഭയം തോന്നുന്നില്ലേ..? മരിച്ചത് ഒരു ഹൈന്ദവനാമധാരിയാവുമ്പോൾ ഇവിടെ ഒരു മെഴുകുതിരിയും കത്തിക്കേണ്ടേ ആർക്കും? " 

ഇങ്ങനെ പലവിധം വിദ്വേഷ പോസ്റ്റുകൾ പ്രത്യക്ഷപ്പെട്ടു സോഷ്യൽ മീഡിയയിൽ. ആ പെൺകുട്ടിയുടെ പേരുമാത്രമാണ് ഇവിടെ എടുത്തെഴുതിയപ്പോൾ നമ്മൾ മാറ്റിയിട്ടുള്ളത്. ഇതിനെയൊക്കെ ശരിക്ക് വിളിക്കേണ്ട പേര് ഡിജിറ്റൽ വെടിമരുന്ന് എന്നാണ്. സമൂഹത്തിൽ തീപടർത്തും ഇത്. വളരെ നിർഭാഗ്യകരമായ, ദാരുണമായ ഒരു സംഭവത്തെപ്പോലും സമുദായികവിദ്വേഷമുണ്ടാക്കാൻ വേണ്ടി പ്രയോജനപ്പെടുത്തുന്ന കുടിലമായ മനഃസ്ഥിതിയാണ് ഇക്കൂട്ടരുടേത്. 

യഥാർത്ഥത്തിൽ നടന്നത് എന്താണ് ?

ഹൈദരാബാദിലാണ് സംഭവം. നവംബർ 28-ന് രാവിലെ ഒരു പെൺകുട്ടിയുടെ കത്തിക്കരിഞ്ഞ മൃതദേഹം ഒരു പാലത്തിന്റെ ചുവട്ടിൽ നിന്ന് കണ്ടെടുക്കുന്നു. തുടരന്വേഷണത്തിൽ അത് ഇരുപത്താറുകാരിയായ ഒരു വെറ്ററിനറി ഡോക്ടറുടേതാണെന്നും, കൊന്ന് കത്തിച്ചതാണെന്നും, പെൺകുട്ടി കൂട്ടബലാത്സംഗത്തിന് ഇരയായിട്ടുണ്ടെന്നും വ്യക്തമാകുന്നു. 

മൃതദേഹം കിട്ടുന്നതിന്റെ തലേന്ന്, അതായത് 27-ന് രാത്രി 9.22 ന് പെൺകുട്ടി സഹോദരിയെ ഫോണിൽ ബന്ധപ്പെട്ടിരുന്നു. ടോൾ പ്ലാസയിൽ നിർത്തിയിട്ടിരുന്ന തന്റെ സ്‌കൂട്ടിയുടെ ടയർ പഞ്ചറായ വിവരം യുവതി സഹോദരിയെ അറിയിച്ചു. ടയർ റിപ്പയർ ചെയ്യാൻ സഹായം വാഗ്ദാനം ചെയ്തുകൊണ്ട് രണ്ടുപേർ വന്നിരുന്നു എന്നും, എന്നാൽ ഇതുവരെ റിപ്പയർ ചെയ്തുകിട്ടിയില്ലെന്നും അവർ പറഞ്ഞു. അതുകൊണ്ട്, തന്നെ എത്രയും പെട്ടെന്ന് അവിടെനിന്ന് കൂട്ടിക്കൊണ്ടുപോകാൻ വന്നെത്തണമെന്ന് പെൺകുട്ടി ഫോണിൽ സഹോദരിയോട്‌ ആവശ്യപ്പെട്ടു. ആ കോളിനിടെ, അവിടെ അത്ര സേഫാണെന്ന് തോന്നുന്നില്ലെന്നും, ലൈനിൽ തുടരണം എന്നും യുവതി നിർബന്ധം പിടിച്ചിരുന്നു. എന്നാൽ, പെട്ടെന്ന് ഫോൺ കട്ടായി. അത് അവർ തമ്മിലുള്ള അവസാനത്തെ സംഭാഷണമായിരുന്നു.പിന്നെ കണ്ടുകിട്ടുന്നത് യുവതിയുടെ കത്തിക്കരിഞ്ഞ മൃതദേഹമാണ്. 

പൊലീസ് അന്വേഷണം ത്വരിതഗതിയിൽ പുരോഗമിച്ചു. പ്രദേശത്തെ സകലസിസിടിവി ദൃശ്യങ്ങളും പരിശോധനാവിധേയമാക്കപ്പെട്ടു. ടോൾ പ്ലാസക്ക് സമീപം ട്രക്കുകൾ നിർത്തിയിട്ട് വിശ്രമിച്ചുപോന്നിരുന്ന സകല ഡ്രൈവർമാരെയും, ക്ളീനർമാരെയും സ്റ്റേഷനിൽ വിളിച്ചുവരുത്തി ചോദ്യംചെയ്തു പൊലീസ്. ആ വിവരങ്ങളുടെ അടിസ്ഥാനത്തിൽ സംശയം തോന്നിയ നാലു ട്രക്ക് തൊഴിലാളികളെ അറസ്റ്റുചെയ്തു. രണ്ട് ഡ്രൈവർമാരും, രണ്ടു ക്ളീനർമാരും. മുഹമ്മദ് ആരിഫ്(26), ജൊള്ളു നവീൻ(20), ജൊള്ളു ശിവ(20), ചിന്താകുന്താ ചെന്നകേശവുലു(20) എന്നിവരായിരുന്നു ആ നാലു പ്രതികൾ. 

പൊലീസ് പറയുന്ന കഥ ഇപ്രകാരമാണ്. ടോൾ പ്ലാസയ്ക്ക് സമീപം ട്രക്ക് നിർത്തി വിശ്രമിക്കുമ്പോഴാണ് ഈ സംഘം, വൈകുന്നേരം ആറുമണിയോടെ അവിടെ സ്‌കൂട്ടി പാർക്ക് ചെയ്ത് മറ്റൊരു വാഹനത്തിൽ കയറിപ്പോകുന്ന വെറ്റിനറി ഡോക്ടറായ യുവതിയെ കാണുന്നത്. അതിനു ശേഷം അവർ സംഘം ചേർന്ന് മദ്യപിക്കുന്നു. ആ മദ്യപാനത്തിനിടെയാണ്, യുവതിയെ ആക്രമിക്കാൻ ഇവർ പ്ലാനിടുന്നത്. പദ്ധതിപ്രകാരം, നവീൻ ആണ് യുവതിയുടെ സ്‌കൂട്ടിയുടെ കാറ്റഴിച്ചുവിടുന്നത്. യുവതി തിരിച്ചുവന്നപ്പോൾ, ലോറിയിൽ നിന്നിറങ്ങിചെന്നുകൊണ്ട് ടയർ പഞ്ചറായ കാര്യം ചൂണ്ടിക്കാണിക്കുന്നത് ആരിഫ് ആണ്. ആ നേരം ശിവ യുവതിക്ക് സഹായം വാഗ്ദാനം ചെതുകൊണ്ട് ആ വഴി വന്ന് സ്‌കൂട്ടർ ഉരുട്ടിക്കൊണ്ടു പോയി. സ്‌കൂട്ടർ ടയറിന്റെ പഞ്ചറൊട്ടിച്ച് തിരിച്ചുവരുന്നതും കാത്ത് അവിടെ നിന്ന യുവതിയെ മറ്റു മൂന്നുപേരും കൂടി തട്ടിക്കൊണ്ടുപോയി, ടോൾപ്ലാസ പരിസരത്തുള്ള ആൾത്താമസമില്ലാത്ത ഒരു കെട്ടിടത്തിനുള്ളിൽ വെച്ച് ബലാത്സംഗം ചെയ്യുകയായിരുന്നു. സ്‌കൂട്ടറിൽ കാറ്റടിച്ച് തിരിച്ചുവന്ന ശേഷം ശിവയും അവരെ ബലാത്സംഗം ചെയ്തു. എന്നാൽ, ബലാത്സംഗത്തിനിടെ ആരിഫ് യുവതിയുടെ മൂക്കുംവയും കൂട്ടിപൊത്തിപ്പിടിച്ചതാണ് മരണത്തിന് കാരണമായത്. 


 

യുവതി മരിച്ചു എന്ന് ബോധ്യപ്പെട്ടപ്പോൾ പിന്നെ എങ്ങനെയും തെളിവുകൾ നശിപ്പിക്കാനുള്ള ശ്രമമായി. ലോറിയിൽ മൃതദേഹവുമായി രണ്ടുപേർ ഓടിച്ചുകൊണ്ട് പോയി, അതേസമയം ആ സ്‌കൂട്ടിയിൽ തന്നെ പല പെട്രോൾ ബങ്കുകളിൽ കേറിയിറങ്ങി മറ്റുരണ്ടുപേർ ചേർന്ന് നാലഞ്ചുലിറ്റർ പെട്രോൾ സംഘടിപ്പിച്ചു. അതിനു ശേഷമാണ്, രാത്രിയിൽ പാലത്തിന്റെ ചോട്ടിൽ ജഡമെത്തിച്ച് പെട്രോളൊഴിച്ച് കത്തിച്ചു കളയുന്നത്. 

എന്നാൽ  മുഹമ്മദ് ആരിഫ്, ജൊള്ളു നവീൻ, ജൊള്ളു ശിവ, ചിന്താകുന്താ ചെന്നകേശവുലു എന്നീ നാലുപേരുകളിൽ നിന്ന് മുഹമ്മദ് ആരിഫ് എന്ന ആദ്യ പേരുമാത്രം എടുത്താണ് പലരും സാമുദായിക കലാപമുണ്ടാക്കാനുള്ള ശ്രമങ്ങൾ നടത്തിയത്. അതും ആദ്യം ഉയർന്നുകേട്ടത് മുഹമ്മദ് പാഷ എന്നൊരു  പേരാണ്. പ്രതികളുടെ പേര് സംബന്ധിച്ച സ്ഥിരീകരണം കേസന്വേഷിച്ച പൊലീസ് സംഘത്തിൽ നിന്നുണ്ടാകുന്നതിനു മുമ്പുതന്നെ, പ്രതികൾക്ക് മുസ്‌ലിം പേരുകൾ ചാർത്തിക്കൊടുത്ത് പ്രചാരണം തുടങ്ങിക്കഴിഞ്ഞിരുന്നു സാമൂഹ്യവിരുദ്ധർ. 

 

എന്തിനെയും മതത്തിന്റെയും ജാതിയുടെയും മാത്രം അടിസ്ഥാനത്തിൽ നോക്കിക്കണ്ട് മുതലെടുപ്പ് നടത്തുന്ന ക്രിമിനൽ മനസ്ഥിതി തന്നെയാണ് ഇവിടെയും പ്രവർത്തിച്ചത്. അവരാണ് സോഷ്യൽ മീഡിയയിലും വിഷം പരത്താൻ ശ്രമിച്ചത്. നിയമത്തിനു മുന്നിൽ ഹിന്ദുവെന്നോ മുസൽമാനെന്നോ ക്രിസ്ത്യാനിയെന്നോ ഇല്ലെന്ന് ആരാണവരെ ഒന്ന് പറഞ്ഞു മനസിലാക്കുക. കുറ്റംചെയ്തയാൾ ആരായാലും അയാൾ കുറ്റവാളി മാത്രമാണ് എന്ന്. ആ വ്യക്തി ഏത് ജാതിയിൽ പെട്ടയാളായാലും, ഏത് മതവിശ്വാസിയായാലും, ഏത് ഭാഷ സംസാരിക്കുന്നയാളായാലും, ഏത് സംസ്ഥാനക്കാരനായാലും കുറ്റവാളി വെറും കുറ്റവാളി മാത്രമാണ് നിയമത്തിനുമുന്നിൽ എന്ന്. ഒരു കുറ്റകൃത്യം നടന്നുകഴിഞ്ഞാൽ ജാഗ്രതയുള്ള ഒരു സമൂഹം ചെയേണ്ടത് അതിൽ കുറ്റക്കാരായവർക്ക് നിയമം അനുശാസിക്കുന്ന പരമാവധി ശിക്ഷ വാങ്ങിക്കൊടുക്കാനാണ്. ഇങ്ങനെയുള്ള ദൗർഭാഗ്യകരമായ സംഭവങ്ങളുടെ പേരിൽ  പേരിൽ സാമുദായിക മുതലെടുപ്പിന് ശ്രമിക്കുകയല്ല ഉത്തരവാദപ്പെട്ട പൗരന്മാർ ചെയ്യേണ്ടത്, ആ സംഭവങ്ങൾക്ക് ഉത്തരവാദികളായവരെ പിടിച്ച് തുറുങ്കിലടക്കാൻ വേണ്ട സഹായങ്ങൾ ചെയ്യുകയാണ്. അവർക്ക് ശിക്ഷ ഉറപ്പാക്കാൻ വേണ്ടത് ചെയ്യുകയാണ് .അതിനുള്ള സത്ബുദ്ധിയാണ് സമൂഹത്തിലുണ്ടാകേണ്ടത്.