ബലാത്സംഗം ചെയ്യപ്പെടുന്ന പെൺകുട്ടിയുടെ ദേഹത്ത് കാണപ്പെടുന്ന ശുക്ലത്തിന്റെ സാന്നിധ്യം ഒന്നുമാത്രമാണോ ആ കുട്ടി അങ്ങനെ ഒരു ക്രൂരകൃത്യത്തിനു വിധേയയായിട്ടുണ്ട് എന്നതിന്റെ ഒരേയൊരു തെളിവ്?
ഉത്തർപ്രദേശിലെ ഹാഥ്റസിൽ നടന്ന ദളിത് പെൺകുട്ടിയുടെ കൊലപാതകത്തിൽ പൊലീസ് അധികാരികൾ ഫോറൻസിക് റിപ്പോർട്ടിനെ അധികരിച്ചുകൊണ്ട് മാധ്യമങ്ങളെ അറിയിച്ചത് പെൺകുട്ടി ബലാത്സംഗം ചെയ്യപ്പെട്ടിട്ടില്ല എന്നാണ്. യുപി പോലീസിലെ എഡിജി (ലോ ആൻഡ് ഓർഡർ) പറഞ്ഞത്, "FSL - ഫോറൻസിക് സയൻസ് ലബോറട്ടറി - റിപ്പോർട്ട് പ്രകാരം, മരിച്ച പെൺകുട്ടിയിൽ നിന്നെടുത്ത സാമ്പിളുകളിൽ ഒന്നും തന്നെ ശുക്ലത്തിന്റെ അംശം കണ്ടെത്താൻ സാധിച്ചിട്ടില്ല. ആക്രമണത്തെ തുടർന്നുണ്ടായ ആഘാതത്തിലാണ് കുട്ടി മരിച്ചതെന്നാണ് പോസ്റ്റ് മോർട്ടം റിപ്പോർട്ടിലും പറഞ്ഞിട്ടുള്ളത്. ഈ വിശദീകരണങ്ങൾ അധികാരികളിൽ നിന്നുണ്ടായിട്ടും ചില മാധ്യമങ്ങൾ (പെൺകുട്ടി കൂട്ടബലാത്സംഗം ചെയ്യപ്പെട്ടു എന്നുള്ള) തെറ്റായ വാർത്ത പ്രചരിപ്പിക്കാൻ മത്സരിക്കുകയാണ്. 'തെറ്റായ മാർഗത്തിലൂടെ ജാതിസ്പർദ്ധ വളർത്താൻ' വേണ്ടിയാണ് മനഃപൂർവം ഇങ്ങനെയുള്ള പ്രചാരണങ്ങൾ നടത്തപ്പെടുന്നത് എന്ന് തോന്നുന്നു. പൊലീസ് അന്വേഷണം തുടക്കം മുതൽക്കു തന്നെ ശരിയായ മാർഗത്തിലാണ്, തുടർന്നങ്ങോട്ടും അത് ത്വരിതഗതിയിൽ തന്നെ പുരോഗമിക്കും " എന്നായിരുന്നു.

ഇവിടെ ഉയരുന്ന പ്രസക്തമായ ഒരു ചോദ്യമുണ്ട്. ബലാത്സംഗം ചെയ്യപ്പെടുന്ന പെൺകുട്ടിയുടെ ദേഹത്ത് കാണപ്പെടുന്ന ശുക്ലത്തിന്റെ സാന്നിധ്യം ഒന്നുമാത്രമാണോ ആ കുട്ടി അങ്ങനെ ഒരു ക്രൂരകൃത്യത്തിനു വിധേയയായിട്ടുണ്ട് എന്നതിന്റെ ഒരേയൊരു തെളിവ്? അങ്ങനെ ഒരു സാന്നിധ്യം ഇല്ലെങ്കിൽ, അല്ലെങ്കിൽ ഇല്ലാതാക്കപ്പെട്ടു എങ്കിൽ അതോടെ തേച്ചുമായ്ച്ചു കളയപ്പെടുന്ന ഒന്നാണോ ആ പെൺകുട്ടിക്ക് അനുഭവിക്കേണ്ടി വന്ന കൊടിയ പീഡനം?
ബലാത്സംഗത്തെപ്പറ്റി ഇന്ത്യൻ ശിക്ഷാ നിയമം പറയുന്നത് എന്താണ്?
ഇന്ത്യൻ പീനൽ കോഡ് (IPC) നിലവിൽ വന്ന 1860 -ൽ തന്നെ, ബലാത്സംഗം എന്ന ഹീനമായ കുറ്റകൃത്യവും അതുമായി ബന്ധപ്പെട്ട ശിക്ഷാ വിധികളെക്കുറിച്ചുള്ള പരാമർശങ്ങളും ഉണ്ട്. ഐപിസി 375 (1) എന്ന വകുപ്പിൽ ബലാത്സംഗത്തിന്റെ കൃത്യമായ നിര്വചനമുണ്ട്.
ഒരു സ്ത്രീയുടെ സമ്മതമില്ലാതെ, ബലപ്രയോഗത്തിലൂടെയോ വഞ്ചനയിലൂടെയോ ഭയപ്പെടുത്തിയോ അവരുടെ ശരീരത്തിൽ സ്പർശിക്കുന്നത് പോലും ബലാൽസംഗ പരിധിയിൽ വരാം. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, ഏതൊരു സ്ത്രീയുടെയും ഇഷ്ടത്തിന് വിരുദ്ധമായി ലൈംഗികമായി അവളിലേക്ക് നടത്തപ്പെടുന്ന ഓരോ കടന്നുകയറ്റവും ബലാൽസംഗമാണ്. ബലാത്സംഗ കുറ്റകൃത്യത്തിന് 376 വകുപ്പ് പ്രകാരം കടുത്ത ശിക്ഷ നൽകുന്നു. ഈ വകുപ്പിനെ രണ്ട് ഉപവിഭാഗങ്ങളായി തിരിച്ചിരിക്കുന്നു. 376 (1) പ്രകാരം കുറഞ്ഞത് ഏഴ് വർഷം തടവും ജീവപര്യന്തം തടവും പിഴയും വരെ നൽകാം. 376 (2) പ്രകാരം പത്ത് വർഷത്തിൽ കുറയാത്ത തടവ് ശിക്ഷ നൽകുന്നു. ജീവപര്യന്തമോ മരണമോ പിഴയോ വരെ തടവ് അനുഭവിക്കേണ്ടിവരാം.
കൂട്ടബലാത്സംഗം (വകുപ്പ് 376 ഡി)
കൂട്ട ബലാത്സംഗത്തിനുള്ള ശിക്ഷ 376 ഡി വകുപ്പ് വ്യക്തമാക്കുന്നു. സംഘം ചേർന്ന് ഒന്നിലധികം വ്യക്തികൾ ഒരു സ്ത്രീയെ ബലാത്സംഗം ചെയ്യുന്ന സാഹചര്യത്തിൽ, അവരിൽ ഓരോരുത്തരും ഒരേ ബലാത്സംഗ കുറ്റത്തിന് ഉത്തരവാദികളായിരിക്കും, കൂടാതെ ഇരുപത് വർഷത്തിൽ കുറയാത്ത തടവ് ശിക്ഷ ലഭിക്കുകയും ചെയ്യും, ഇത് ആജീവനാന്ത തടവും പിഴയും ആയും നീട്ടാം.
ബലാത്സംഗം സംബന്ധിച്ചുള്ള സുപ്രധാനമായ കോടതി വ്യവഹാരങ്ങളുടെ വിശദാംശങ്ങൾKeralawomen.gov.in എന്ന കേരള ഗവൺമെന്റ് പോർട്ടലിൽ ലഭ്യമാണ്. അവ ഇനി പറയുന്നവയാണ്.
തുക്കാറാം v. സ്റ്റേറ്റ് ഓഫ് മഹാരാഷ്ട്ര (മഥുര റേപ്പ് കേസ്)
മഥുര എന്ന പെൺകുട്ടിയെ അശോക് എന്നയാൾ തട്ടിക്കൊണ്ടുപോയതായി അവളുടെ സഹോദരൻ പോലീസിൽ പരാതിപ്പെട്ടതിനെത്തുടർന്ന് അവൾ പോലീസ് സ്റ്റേഷനിൽ ഹാജരാകുന്നു. അവിടെവെച്ചു ഒപ്പം വന്നവരെ പുറത്തിരുത്തി 2 പോലീസ് കോൺസ്റ്റബിളുമാർ അവളെ ബലാത്സംഗം ചെയ്യുന്നു. തുടർന്ന് ഇത് പുറത്തറിയുകയും കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്‌തെങ്കിലും പെൺകുട്ടിയെ പരിശോധിച്ച ഡോക്ടറുടെ റിപ്പോർട്ട് അനുസരിച്ചു പെൺകുട്ടിയുടെ ശരീരത്തിലോ ലൈംഗികാവയവങ്ങളിലോ പരിക്കുകൾ ഇല്ലാത്തതിനാൽ അവളുടെ സമ്മതപ്രകാരമുള്ള ലൈംഗികബന്ധമാണ് നടന്നതെന്ന് പ്രതികൾ വാദിച്ചു. ഈ വാദം ശരിവെച്ച കോടതി അപ്പീൽ തള്ളുകയും ചെയ്തു. പ്രമാദമായ ഈ കേസിനു ശേഷമാണ് സുപ്രീം കോടതി, ബലാത്സംഗം തെളിയിക്കുന്നതിന് ഇരയുടെ ശരീരത്തിൽ പരിക്കുകൾ ഉണ്ടായിരിക്കേണ്ടതില്ലെന്നു വിധി പുറപ്പെടുവിച്ചത്.
സ്ത്രീകളുടെ അന്തസ്സിനെ ഹനിക്കുക [വകുപ്പ് 354]
സ്ത്രീകളുടെ അന്തസ്സിനെ പ്രകോപിപ്പിക്കാനുള്ള ഉദ്ദേശ്യത്തോടെ സ്ത്രീയെ ആക്രമിക്കുന്നത് വകുപ്പ് 354 കൈകാര്യം ചെയ്യുന്നു. ഒരു സ്ത്രീയുടെ അന്തസ്സിനെ പ്രകോപിപ്പിക്കാൻ ഏതെങ്കിലും വ്യക്തി ശ്രമിക്കുകയാണെങ്കിൽ അയാൾക്ക് ഒരു വർഷത്തിൽ കുറയാത്ത തടവ് ശിക്ഷ അനുഭവിക്കേണ്ടിവരും, അത് അഞ്ച് വർഷം വരെ പിഴയും തടവും രണ്ടും കൂടിയുമായേക്കാം. സ്ത്രീയുടെ അന്തസ്സിനെ പ്രകോപിപ്പിക്കുന്നതെന്താണെന്ന് ഐപിസി പ്രകാരം പ്രത്യേകമായി നിർവചിച്ചിട്ടില്ല. എന്നിരുന്നാലും, വിവിധ കേസുകളിൽ കോടതി ഇത് വ്യാഖ്യാനിച്ചു. ഉദാഹരണത്തിന്, ഒരു സ്ത്രീയെ അവളുടെ നിതംബത്തിൽ അടിക്കുക, ലൈംഗികത ആവശ്യപ്പെടുക, അവളെ വഴി തടസ്സപ്പെടുത്തുക തുടങ്ങിയവ ഇതിൽ പെടുന്നവയാണ്.
സ്റ്റേറ്റ് ഓഫ് പഞ്ചാബ് Vs. മേജർ സിങ്
ഏഴര മാസം പ്രായമുള്ള കുട്ടിയുടെ യോനിയിൽ വിരൽ കൊണ്ട് പരിക്കേൽപ്പിച്ചുവെന്നതാണ് കേസ്. ഐപിസി സെക്ഷൻ 354 പ്രകാരം കുട്ടിയുടെ അന്തസ്സിനെ ലംഘിച്ചതിന് പ്രതിക്ക് ബാധ്യതയുണ്ടെന്ന് കണ്ടെത്തി.
രാജു പാണ്ഡുരംഗ് മഹൽ VS. സ്റ്റേറ്റ് ഓഫ് മഹാരാഷ്ട്ര
ഈ കേസിൽ ഇരയായ പെൺകുട്ടിയെ തെറ്റിദ്ധരിപ്പിച്ചു പ്രതികൾ വീട്ടിൽ കൊണ്ടുവന്നു നിർബന്ധിച്ചു മദ്യം കുടിപ്പിച്ചു. പീഡനത്തിനിരയായ പെൺകുട്ടിയുടെ നഗ്ന ഫോട്ടോകൾ എടുക്കുകയും ചെയ്തു. ഐപിസി വകുപ്പ് 354 പ്രകാരം പ്രതി കുറ്റക്കാരനാണെന്ന് സുപ്രീം കോടതി വിലയിരുത്തി.
നിർഭയ കേസിനു ശേഷം വന്ന മാറ്റങ്ങൾ
ഇതിനൊക്കെ പുറമെ 2012 -ൽ ദില്ലിയിൽ നടന്ന നിർഭയ കൂട്ടബലാത്സംഗ കേസിനു ശേഷം ബലാത്സംഗത്തിന്റെ നിർവചനങ്ങളിൽ പോലും കാര്യമായ മാറ്റങ്ങൾ വന്നിട്ടുണ്ട്. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ജെ എസ് വർമയുടെ നിർദേശങ്ങൾ മാനിച്ച്, പാർലമെന്റ് Criminal Law (Amendment) Act of 2013 കൊണ്ടുവന്നു. അപൂർവങ്ങളിൽ അപൂർവമായ ബലാത്സംഗ കേസുകളിൽ തൂക്കുകയർ നൽകണം എന്ന നിർദേശം ജസ്റ്റിസ് ജെഎസ് വർമയുടേതാണ്. അതുപോലെ ജുവനൈൽ പരിധി ലൈംഗിക കുറ്റകൃത്യങ്ങൾക്ക് 18 -ൽ നിന്ന് 16 ആക്കണം എന്ന നിർദേശവും അദ്ദേഹം നൽകിയിരുന്നു. 2013 ഈ നിയമം ഇപ്പോൾ അറിയപ്പെടുന്നത് തന്നെ നിർഭയ ആക്റ്റ് എന്നാണ്. ആ കേസിലെ പ്രതികളെ കൃത്യം നടന്ന് ഏഴു വർഷത്തിനിപ്പുറം തൂക്കിക്കൊന്ന സംഭവവും ഇന്ത്യൻ നീതിന്യായ വ്യവസ്ഥയുടെ ചരിത്രത്തിലെ ഐതിഹാസികമായ ഏടാണ്.
ഫോറൻസിക് പരിശോധനയിൽ ശുക്ലം കണ്ടെത്തിയില്ലെങ്കിൽ ബലാത്സംഗം നടന്നില്ലെന്നുണ്ടോ?
ഇന്ത്യയിൽ നിലവിലുള്ള നിയമങ്ങൾ പ്രകാരം ആരെങ്കിലും ഒരാൾ ബലാത്സംഗം ചെയ്യപ്പെട്ടു എന്നുറപ്പിക്കാൻ പീഡിപ്പിക്കപ്പെട്ടയാളുടെ ദേഹത്ത് കുറ്റവാളിയുടെ ശുക്ലത്തിന്റെ അംശം ഉണ്ടാകണം എന്ന് യാതൊരു നിർബന്ധവുമില്ല. ഇത് സംബന്ധിച്ചുള്ള നിരവധി വിധികൾ മുമ്പ് ഹൈക്കോടതികളും സുപ്രീം കോടതിയും പുറപ്പെടുവിച്ചു കഴിഞ്ഞിട്ടുള്ളതാണ്. ബലാത്സംഗത്തിൽ യോനീബന്ധം ഉണ്ടായിരിക്കണം എന്നത് നിർബന്ധമല്ല എന്ന തരത്തിൽ നിയമം മാറിക്കഴിഞ്ഞു. ഏത് തരത്തിലുള്ള ലൈംഗിക അതിക്രമവും ബലാത്സംഗം തന്നെ. അവ 375,376 പ്രകാരം ബലാത്സംഗത്തിന്റെ പരിധിയിൽ വരും.

പർമിന്ദർ എന്ന ലഡ്‌ക പോള Vs സ്റ്റേറ്റ് ഓഫ് ദില്ലി കേസ്
Parminder Alias Ladka Pola v. State of Delhi(2014) 2 SCC 592 - എന്ന കേസിലെ വിധിയിൽ, Modi in Medical Jurisprudence and Toxicology (21 st Edn.) എന്ന ആധികാരിക മെഡിക്കൽ ജൂറിസ്പ്രൂഡൻസ് ഗ്രന്ഥത്തിലെ ഒരു ഖണ്ഡിക ഉദ്ധരിച്ചുകൊണ്ട് പറയുന്നത് ഇങ്ങനെയാണ്, "ബലാത്സംഗം എന്ന കുറ്റകൃത്യം നടന്നു വരണമെങ്കിൽ പീഡിതയുടെ യോനിയിൽ ലിംഗത്താലുള്ള പരിപൂർണ്ണ പ്രവേശനമോ, ശുക്ല വിസർജനമോ, കന്യാചർമഭേദനമോ ഒന്നും ഉണ്ടായിരിക്കണം എന്ന് നിര്ബന്ധമില്ല. ഭാഗികമായ പ്രവേശനമോ, അതിനുള്ള പരിശ്രമമോ നടന്നിട്ടുണ്ടെങ്കിൽ പോലും അത് ബലാത്സംഗത്തിന്റെ പരിധിയിൽ വരും. ശുക്ലവിസർജനം നടന്നിട്ടുണ്ടാകണം എന്നോ, പീഡിതയുടെ ദേഹത്തുനിന്ന് ശുക്ലത്തിന്റെ അംശം കണ്ടെടുക്കണം എന്നോ ഒന്നും ഒരു നിർബന്ധവുമില്ല. പീഡിതയുടെ ജനനേന്ദ്രിയത്തിൽ പരിക്കുകൾ ഉണ്ടാകണം എന്നുപോലും നിർബന്ധമില്ല.
ഹാഥ്റസ് കേസിൽ നിർണ്ണായകമാവുക പീഡിതയുടെ മരണമൊഴി
സെപ്റ്റംബർ 22 -ന് ബോധം തെളിഞ്ഞ കുറച്ചു നേരത്തിനിടെ യുവതി തന്നെ ചിലർ ചേർന്ന് കൂട്ടബലാത്സംഗം ചെയ്തിട്ടുണ്ട് എന്ന് ജില്ലാ മജിസ്‌ട്രേറ്റ് മുൻപാകെ മൊഴികൊടുത്തതായി ഹാഥ്റസ് എസ്പി വിക്രാന്ത് വീറിനെ ഉദ്ധരിച്ചു കൊണ്ട് ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുകയുണ്ടായി. യുവതിയുടെ ഈ ഒരൊറ്റ മൊഴി തന്നെ, മേൽപ്പറഞ്ഞ ഫോറൻസിക് തെളിവുകളുടെ അഭാവത്തെ ഒരു കുറവല്ലാതെ ആക്കുന്നുണ്ട്. പിന്നീട് യുവതി മരണത്തിനു കീഴടങ്ങിയ സാഹചര്യത്തിൽ അന്നത്തെ ഈ മൊഴി മരണമൊഴി ആയി കണക്കാക്കപ്പെടുകയും, അതൊരു നിർണായക തെളിവായി മാറുകയും ചെയ്യേണ്ടതാണ്. മാത്രവുമല്ല, യുവതി പരിക്കുകൾ മൂർച്ഛിച്ച് മരണത്തിനു കീഴടങ്ങിയ സാഹചര്യത്തിൽ ഈ കേസ് അപൂർവങ്ങളിൽ അപൂർവമെന്ന ഗണത്തിലേക്ക് വരെ മാറാൻ ഇടയുള്ള ഒന്നയിരിക്കുകയാണ് ഇപ്പോൾ.
