ഹാഥ്റസിലെ പെൺകുട്ടിയുമായി നാലു പ്രതികളിൽ ഒരാൾക്കുണ്ടായിരുന്ന അടുപ്പത്തിൽ നിന്ന് യുവതി പിന്മാറിയതിലെ അമർഷമാണ് അയാളെ മറ്റു മൂന്നു പ്രതികളുമായി ഗൂഢാലോചന നടത്തി പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി അതിക്രൂരമായി ബലാത്സംഗം ചെയ്തു കൊല്ലാൻ കാരണമായത് എന്ന് സിബിഐ കഴിഞ്ഞ ദിവസം സമർപ്പിച്ച കുറ്റപത്രത്തിൽ പറയുന്നു. യുവതി മരണമൊഴിയിൽ മൂന്നു പ്രതികളുടെ പേരുവിവരങ്ങൾ നൽകിയിട്ടും എഫ്‌ഐആറിൽ ഒരാളുടെ പേരുമാത്രം ഉൾപ്പെടുത്തിയ ഉത്തർപ്രദേശ് പൊലീസിന്റെ കൃത്യവിലോപത്തെ ഈ കുറ്റപത്രം നിശിതമായി വിമർശിക്കുന്നുണ്ട്. താൻ ബലാത്സംഗം ചെയ്യപ്പെട്ടു എന്ന് യുവതി നേരിട്ട് മൊഴി നൽകിയിട്ടും പൊലീസ് വൈദ്യപരിശോധന നടത്തുന്നതിൽ അലസത കാട്ടി എന്നും ചാർജ് ഷീറ്റിൽ ആക്ഷേപമുണ്ട്. 

യുവതിയും സമീപവാസിയായ സന്ദീപും തമ്മിൽ രണ്ടുമൂന്നു വർഷം മുമ്പുണ്ടായ പരിചയം അടുപ്പത്തിലേക്കും പ്രണയത്തിലേക്കും വഴിമാറുകയായിരുന്നു എന്ന് കുറ്റപത്രം പറയുന്നു. ഇരുവരും ആളൊഴിഞ്ഞ ഇടങ്ങളിൽ വച്ച് പലതവണ കണ്ടിട്ടുണ്ട് എന്ന് സാക്ഷ്യപ്പെടുത്തുന്ന ഗ്രാമവാസികളുടെ മൊഴിയെപ്പറ്റിയും കുറ്റപത്രത്തിൽ പരാമർശമുണ്ട്. സന്ദീപിന്റെ മൂന്നു ഫോൺ നമ്പറുകളിൽ നിന്ന് പെൺകുട്ടികളുടെ ചില ബന്ധുക്കളുടെ നമ്പറുകളിലേക്ക് പലതവണ കോളുകൾ വന്നിട്ടുണ്ടെന്നും കുറ്റപത്രം പറയുന്നു.

 

 

എന്നാൽ, ഈ ഫോൺ വിളികളെക്കുറിച്ച് അറിഞ്ഞ പെൺകുട്ടിയുടെ ഒരു അടുത്ത ബന്ധു സന്ദീപിന്റെ വീട്ടിൽ ചെന്ന് കുടുംബാംഗങ്ങളുമായി  ബഹളമുണ്ടാക്കി എന്നും പെൺകുട്ടിയുടെ അച്ഛൻ ഈ ഫോൺവിളികളെപ്പറ്റി ഗ്രാമമുഖ്യന്‌ പരാതി നൽകി എന്നും പറയുന്നു. 2019 ഒക്ടോബർ മുതൽ 2020 മാർച്ച് വരെയുള്ള കാലയളവിലെ പ്രതിയുടെ ഫോൺ റെക്കോർഡുകൾ പരിശോധിച്ച സിബിഐ, "ആദ്യം പെൺകുട്ടിയിൽ നിന്ന് സന്ദീപിന്റെ ഫോൺ നമ്പറിലേക്ക് ദൈർഘ്യം കുറഞ്ഞ ഒരു കോളും, പിന്നാലെ സന്ദീപിന്റെ നമ്പറിൽ നിന്ന് പെൺകുട്ടിയുടെ ബന്ധുക്കളുടെ നമ്പറിലേക്ക് ദൈർഘ്യമേറിയ കോളും" എന്ന രീതിയിൽ നിരവധി ഫോൺ വിളികൾ ഉണ്ടായിട്ടുണ്ട് എന്ന് കണ്ടെത്തിയതായി കുറ്റപത്രത്തിലുണ്ട്. എന്നാൽ മാർച്ചിന് ശേഷം, പെൺകുട്ടിയുടെ ഭാഗത്തുനിന്നുള്ള കോളുകൾ പൂർണമായും നിലച്ചു എന്നും സിബിഐ പറയുന്നു. 

പെൺകുട്ടിയുടെ അടുത്ത ബന്ധുക്കൾ മാർച്ച് 20 -ന് ഇവർ തമ്മിലുള്ള ഈ ബന്ധത്തെക്കുറിച്ച് അറിഞ്ഞപ്പോൾ പെൺകുട്ടി ബന്ധുക്കളുടെ നിർബന്ധത്തെത്തുടർന്ന് ബന്ധത്തിൽ നിന്ന് പിന്മാറുകയായിരുന്നു എന്ന് സിബിഐ പറയുന്നു. ആ സമയത്ത് സന്ദീപ് തുടർച്ചയായി പെൺകുട്ടികളുടെ പല ബന്ധുക്കളുടെയും നമ്പറിൽ തുടർച്ചയായി വിളിച്ചിരുന്നു എന്ന് കോൾ റെക്കോർഡുകൾ സൂചിപ്പിക്കുന്നു. പെൺകുട്ടി തന്നെ ഇങ്ങനെ ഒഴിവാക്കിയത് സന്ദീപിൽ വൈരാഗ്യമുണ്ടാക്കി എന്ന് സിബിഐ കുറ്റപത്രം പറയുന്നു. പെൺകുട്ടിക്ക് മറ്റൊരാളുമായി പുതിയ ബന്ധം ഉണ്ടായതാണ് തന്നെ ഒഴിവാക്കാൻ കാരണം എന്ന് സന്ദീപ് ധരിച്ചതാണ് വൈരാഗ്യം കടുപ്പിച്ചതെന്നും സിബിഐ പറയുന്നു. 

 

 

ബലാത്സംഗം നടന്നതിന് ഒരാഴ്ച കഴിഞ്ഞ് സെപ്റ്റംബർ 22 -ന് പൊലീസ് ഫോറൻസിക് വിഭാഗത്തിന്റെ സഹായത്തോടെ നടത്തിയ വൈദ്യ പരിശോധനയിൽ ''ശാരീരികമായ പരിക്കുകളുണ്ടെങ്കിലും, പെൺകുട്ടി ലൈംഗികമായി പീഡിപ്പിക്കപ്പെട്ടതിന്റെ തെളിവുകൾ ശരീരത്തിൽ ഇല്ല'' എന്ന വിവാദപരമായ നിരീക്ഷണമുണ്ടായിരുന്നു. സിബിഐ കേസ് ഏറ്റെടുത്ത ശേഷം, ദില്ലി AIIMS -ലെ മെഡിക്കൽ ബോർഡ് നടത്തിയ വൈദ്യ പരിശോധനയിൽ "ഒരാഴ്ച കഴിഞ്ഞും നേരിയ രക്തസ്രാവം കണ്ടെത്തപ്പെട്ടിരുന്നു എന്നതിനാൽ ബലാത്സംഗം നടന്നിട്ടില്ല എന്ന് കൃത്യമായി പറയാനാവില്ല" എന്ന നിഗമനമാണ് ഉണ്ടായത്. എന്നാൽ, സെപ്റ്റംബർ 22 -ന് നൽകിയ, പിന്നീട് യുവതി മരിച്ച ശേഷം അവരുടെ മരണമൊഴിയായി കണക്കാക്കപ്പെട്ട നിർണായകമായ മൊഴിയിൽ, പ്രതികളായ നാലുപേർ ചേർന്നാണ് തന്നെ ബലാത്സംഗം ചെയ്തത് എന്ന കാര്യം തികച്ചും സംശയരഹിതമായിത്തന്നെ യുവതി പറഞ്ഞിരുന്നു. ആ നാലുപേരും സംഭവം നടക്കുന്ന സെപ്റ്റംബർ 14 -ന് ഹാഥ്റസിൽ തന്നെ ഉണ്ടായിരുന്നു എന്ന കാര്യവും സിബിഐ മൊബൈൽ ടവർ ലൊക്കേഷൻ പരിശോധിച്ച് ഉറപ്പിച്ചിട്ടുണ്ട്. 

സിബിഐ കോടതിയിൽ നാല് മേൽജാതിക്കാരായ യുവാക്കൾക്കെതിരെ സമർപ്പിച്ച കുറ്റപത്രത്തിൽ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 376 (ബലാത്സംഗം), 376 (D) (കൂട്ടബലാത്സംഗം), 302 (കൊലപാതകം)  എന്നീ വകുപ്പുകളും SC/ST നിയമത്തിലെ ബാധകമായ വകുപ്പുകൾ എന്നിവ ചേർത്തുകൊണ്ടാണ്, സന്ദീപ് (20),അമ്മാവൻ രവി (35) സ്നേഹിതർ രാമു (26) and ലവ് കുഷ് (23) എന്നിവർക്കെതിരെ കേസ് രജിസ്റ്റർ  ചെയ്തിട്ടുള്ളത്. 2020 സെപ്റ്റംബർ 14 -നു ബലാത്സംഗത്തിനിരയായ യുവതി പിന്നീട് സഫ്ദർജംഗ് ആശുപത്രിയിൽ രണ്ടാഴ്ച തീവ്രപരിചരണ വിഭാഗത്തിൽ കിടന്ന് ശേഷമാണ് മരണത്തിനു കീഴടങ്ങുന്നത്. സെപ്റ്റംബർ അവസാനത്തോടെ അറസ്റ്റിലായ യുവാക്കൾ അന്നുമുതൽ വിചാരണത്തടവിൽ തുടരുകയാണ്.