വീടിന്‍റെ മേൽക്കൂരയിൽ നിന്ന് തൂങ്ങികിടക്കുന്ന അസ്ഥികൂടങ്ങൾ മുതൽ ശവപ്പെട്ടി വരെ ഇന്‍റീരിയർ ഡെക്കറേഷന്‍റെ ഭാഗമായി വീടിനുള്ളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 

പ്രേത സിനിമകളും കഥകളുമൊക്കെ പേടിയാണെങ്കിലും അവ കാണാനും കേൾക്കാനുമൊക്കെ ഇഷ്ടപ്പെടുന്നവരാണ് നമ്മളിൽ അധികം ആളുകളും. ഇത്തരത്തിൽ പ്രേത വിശേഷങ്ങളിൽ താൽപ്പര്യമുള്ളവരാണ് നിങ്ങളെങ്കിൽ ഇതാ ഒരു സുവർണാവസരം. 'പ്രേത ഭവനം' എന്നറിയപ്പെടുന്ന ഒരു വീട് വിൽപ്പനയ്ക്ക് വെച്ചിരിക്കുകയാണ് അതിന്‍റെ ഉടമസ്ഥൻ. പക്ഷേ, ഇവിടെ അടുത്തെങ്ങുമല്ല അങ്ങ് അമേരിക്കയിൽ ആണന്ന് മാത്രം. ദൂരമൊരു പ്രശ്നമല്ല പ്രേത ഭവനത്തിൽ ഒരു ദിവസമെങ്കിലും കഴിഞ്ഞാൽ മതിയെന്നാണ് അഗ്രഹമെങ്കിൽ വേഗം പെട്ടി പായ്ക്ക് ചെയ്തു കൊള്ളൂ.

അമേരിക്കൻ ‘ഹൌസ് ഓഫ് ടെറർസ്’ എന്നറിയപ്പെടുന്ന ഈ വീട് ഏകദേശം ഒരു കോടി രൂപയ്ക്കാണ് ഇപ്പോൾ വിൽപ്പനയ്ക്ക് വച്ചിരിക്കുന്നതെന്ന് ദ മിറർ റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ ഇത് വാങ്ങാൻ ആരും ധൈര്യം കാണിക്കുന്നില്ല എന്നതാണ് ഇപ്പോഴത്തെ പ്രധാന പ്രശ്നം. ഈ വീടിന്‍റെ നിർമ്മാണ രീതിയാണ് പ്രേത ഭവനം എന്ന പേരിൽ ഇത് അറിയപ്പെടാൻ കാരണം. വീടിന്‍റെ മേൽക്കൂരയിൽ നിന്ന് തൂങ്ങികിടക്കുന്ന അസ്ഥികൂടങ്ങൾ മുതൽ ശവപ്പെട്ടി വരെ ഇന്‍റീരിയർ ഡെക്കറേഷന്‍റെ ഭാഗമായി വീടിനുള്ളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 

'വിടില്ല ഞാന്‍'; കുരങ്ങുകളുടെ ആക്രമണത്തില്‍ നിന്നും മകനെ രക്ഷിക്കാന്‍ പാടുപെടുന്ന അച്ഛന്‍റെ വീഡിയോ വൈറല്‍

വീടിന് പുറതതായി ഒരുക്കിയിരിക്കുന്ന പൂന്തോട്ടം പോലും ഒരു ശവപ്പറമ്പിനെ ഓർമിപ്പിക്കുന്നതാണ്. രണ്ടേക്കർ സ്ഥലത്താണ് ഈ വീട് വ്യാപിച്ച് കിടക്കുന്നത്. അടുക്കളയുടെ നിരവധി ഭാഗങ്ങൾ അലങ്കരിച്ചിരിക്കുന്നതാകട്ടെ തലയോട്ടികൾ കൊണ്ടും. ശൂന്യമായ ഒരു സ്കൂൾ ബസും ഒരു ശവശരീരത്തിൽ പരീക്ഷണം നടത്തുന്ന ഗവേഷകന്‍റെ ജീവസ്സുറ്റ പൂർണകായ പ്രതിമയും നമ്മളെ കൂടുതൽ ഭയചകിതരാക്കുന്നതാണ്. ഹോളിവുഡ് ഹൊറർ ഐക്കണുകളായ മൈക്കൽ മിയേഴ്സിന്‍റെയും ജേസൺ വൂർഹീസിന്‍റെയും മുഖംമൂടികൾ ചുവരുകളിൽ ഒരു ഭംഗിക്കായി തൂക്കിയിട്ടുണ്ട്.

വളരെ ആഡബരപൂർവ്വം പണിത വീടാണെങ്കിലും മൊത്തത്തിൽ വീട്ടിൽ നിന്ന് കിട്ടുന്നത് നെഗറ്റീവ് ഫീൽ ആണെന്നാണ് വീട് സന്ദർശിച്ചവർ പറയുന്നത്. അതുകൊണ്ട് തന്നെ ഇതുവരെ ആരും ഈ വീട് വാങ്ങാൻ തയാറായിട്ടില്ല. മൂന്ന് കിടപ്പുമുറികളാണ് വീട്ടിലുള്ളത്. അമേരിക്കയിലെ ബിഗ് കൺട്രി റിയൽ എസ്റ്റേറ്റ് ലിസ്‌റ്റിംഗിലാണ് ഈ വീടിന്‍റെ വിൽപ്പന പരസ്യം വന്നത്. ഫേസ് ബുക്കിൽ വീടിന് വലിയ സ്വീകാര്യത കിട്ടിയെങ്കിലും ആരും ഇത് ഇതുവരെ സ്വന്തമായി വാങ്ങിക്കാൻ തയാറായിട്ടില്ലെന്നതാണ് യാഥാര്‍ത്ഥ്യം. 

ബസ് ഓടിക്കുന്നതിനിടെ ഡ്രൈവര്‍ക്ക് ഹൃദയാഘാതം; 13 വയസുകാരന്‍റെ ഇടപെടലില്‍ നിരവധി ജീവന്‍ രക്ഷിച്ചു