സന്ദീപ് ഓരോ വീട്ടിലും പോയിട്ടാണ് ഇവര്‍ക്കുള്ള പുസ്‍തകങ്ങള്‍ സംഘടിപ്പിക്കുന്നത്. രണ്ട് വര്‍ഷത്തിനുള്ളില്‍ തന്നെ 10,000 പുസ്തകങ്ങളാണ് ഇങ്ങനെ ശേഖരിച്ചത്.
ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും സ്‍കൂള്‍ വിദ്യാഭ്യാസം നേടാനാകാത്ത കുഞ്ഞുങ്ങളുണ്ട്. അതുപോലെ തന്നെ പുസ്തകം വാങ്ങി വായിക്കാനാകാത്ത കുഞ്ഞുങ്ങളുമുണ്ട്. നമ്മള്‍ തന്നെ ഓരോ ക്ലാസിലും പഠിച്ച എത്ര പുസ്തകങ്ങള്‍ കാണും വീട്ടിലെ അലമാരയിലും മറ്റുമായി പൊടിപിടിച്ച് കിടക്കുന്നത്. ആ പുസ്തകങ്ങള്‍, പുസ്തകങ്ങള്‍ വാങ്ങാന്‍ കഴിവില്ലാത്ത ഏതെങ്കിലും വിദ്യാര്‍ത്ഥികള്‍ക്ക് പഠിക്കാന്‍ സഹായകമായെങ്കിലോ? അങ്ങനെയുള്ള പുസ്തകങ്ങള്‍ ശേഖരിച്ച് അവ ആവശ്യക്കാരായ വിദ്യാര്‍ത്ഥികളിലേക്കെത്തിക്കുകയാണ് ഇവിടെ ഒരു എന്‍ ജി ഒ -യും സന്ദീപ് കുമാര്‍ എന്ന മനുഷ്യനും.
ചണ്ഡീഗഢിലാണ് സന്ദീപ്... സന്ദീപ് ഒരു എന്‍ ജി ഒ നടത്തുന്നുണ്ട്, പേര് ഓപ്പണ്‍ ഐ ഫൗണ്ടേഷന്‍ (‘Open Eye Foundation’). അവര്‍ സര്‍ക്കാര്‍ സ്കൂളുകളിലും കോളേജുകളിലും ഒക്കെ പോയി പുസ്‍തകം വാങ്ങാന്‍ സാമ്പത്തികസ്ഥിതിയില്ലാത്തവരെ കണ്ടെത്തുകയും അവരെ വായനയിലേക്കെത്തിക്കാന്‍ സഹായിക്കുകയും ചെയ്യുന്നു.

അടുത്തിടെയാണ് സാമ്പത്തികമായി പിന്നില്‍ നില്‍ക്കുന്ന 200 കുട്ടികളെ ഓപ്പണ്‍ ഐ ഫൗണ്ടേഷന്‍ ഏറ്റെടുക്കുകയും പഠിപ്പിക്കാന്‍ തുടങ്ങുകയും ചെയ്തത്. സന്ദീപ് ഓരോ വീട്ടിലും പോയിട്ടാണ് ഇവര്‍ക്കുള്ള പുസ്‍തകങ്ങള്‍ സംഘടിപ്പിക്കുന്നത്. രണ്ട് വര്‍ഷത്തിനുള്ളില്‍ തന്നെ 10,000 പുസ്തകങ്ങളാണ് ഇങ്ങനെ ശേഖരിച്ചത്. മറ്റുള്ളവരും ഇങ്ങനെ പുസ്തകങ്ങളും സഹായങ്ങളുമായി ഈ വിദ്യാര്‍ത്ഥികളുടെ അടുത്തെത്തണം എന്നും വിദ്യാഭ്യാസം പൂര്‍ത്തിയാക്കുന്നതിന് അവരെ സഹായിക്കണം എന്നുമാണ് സന്ദീപ് കുമാര്‍ പറയുന്നത്.
തന്‍റെ ഈ യാത്രയെ കുറിച്ച് സന്ദീപ് പറയുന്നത്, തന്‍റെ അധ്യാപക പരിശീലന കാലത്താണ് സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന വീടുകളിലെ കുട്ടികള്‍ക്ക് പുസ്തകം വാങ്ങാനുള്ള കഴിവില്ലെന്ന് താന്‍ മനസിലാക്കിയത് എന്നാണ്. ''അതിനുശേഷം ചണ്ഡീഗഢിലേക്ക് തിരികെയെത്തിയപ്പോള്‍ അതിലും മോശമായിരുന്നു അവിടുത്തെ അവസ്ഥ. ഞാന്‍ എന്‍റെ പുസ്തകങ്ങളിലേക്ക് തന്നെ നോക്കി. എന്തുകൊണ്ട് ഈ പുസ്തകങ്ങള്‍ മറ്റുള്ളവര്‍ക്കും ഇപയോഗിച്ചുകൂടാ എന്ന് തോന്നി. എന്തുകൊണ്ട് പുസ്തകം വാങ്ങിവായിക്കാനാകാത്ത കുട്ടികള്‍ക്കായി ഈ പുസ്തകങ്ങള്‍ ഉപയോഗിച്ചുകൂടാ എന്നും തോന്നി'' എന്നാണ് സന്ദീപ് ANI -യോട് പറഞ്ഞത്. പുസ്തകത്തിന്‍റെ ഗുണനിലവാരത്തിലും സന്ദീപിന് നിഷ്‍കര്‍ഷയുണ്ട്. വീട്ടില്‍ നിന്നും പുസ്തകങ്ങളൊഴിവാക്കാനായി സന്ദീപിന് കൊടുക്കാം എന്ന തോന്നല്‍ വേണ്ടായെന്ന് അര്‍ത്ഥം. നശിക്കാത്ത, വായിക്കാനാകുന്ന നല്ല പുസ്‍തകങ്ങള്‍ മാത്രമേ സന്ദീപ് സ്വീകരിക്കൂ.

''ഇന്ന് ഞങ്ങള്‍ക്ക് 200 കുട്ടികളുണ്ട്. ചേരികളിലുള്ള കുട്ടികള്‍ക്ക് സൗജന്യമായി ട്യൂഷന്‍ നല്‍കുന്നവരെ നമുക്കറിയാം. നമ്മള്‍ ആ കുഞ്ഞുങ്ങള്‍ക്ക് പുസ്തകവും നല്‍കുന്നു. ഞങ്ങള്‍ പുസ്തകം ശേഖരിക്കുന്നു. അതിനുശേഷം ഓരോ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പോയി അവിടെയുള്ള പ്രിന്‍സിപ്പലിനോടോ അധ്യാപകരോടോ ഏത് കുട്ടികള്‍ക്കാണ് ആ പുസ്‍തകങ്ങള്‍ ആവശ്യം എന്ന് ചോദിക്കുന്നു. കുട്ടികള്‍ ആ പുസ്‍തകങ്ങള്‍ വായിച്ചിട്ട് തിരികെ തരുന്നു.'' സന്ദീപ് കുമാര്‍ പറയുന്നു.
അറിവ് അഗ്നിയാണ്. അത് കെട്ടുപോകാതെ കാക്കണമെങ്കില്‍ ഇനി വരുന്ന തലമുറയിലേക്ക് കൂടി അത് പകര്‍ന്നു നല്‍കണം. അതിനായി നമ്മുടെ കയ്യില്‍ വെറുതേയിരിക്കുന്ന പുസ്തകങ്ങള്‍ ആവശ്യക്കാരായ വിദ്യാര്‍ത്ഥികള്‍ക്ക് ഉപയോഗിക്കാന്‍ നല്‍കുക എന്നത് തന്നെ എന്ത് മനോഹരമായ ആശയമാണ്.
