Asianet News MalayalamAsianet News Malayalam

പുകവലി നിർത്താൻ ഓടിത്തുടങ്ങി, ഇന്ന് 35 കിലോമീറ്റർ വരെ ഓടുന്നു, ഒപ്പം ​ഗാന്ധിയൻ ജീവിതരീതിയും

ഇതിനെല്ലാം പുറമെ ഒരു തികഞ്ഞ ഗാന്ധിയൻ കൂടിയാണ് അദ്ദേഹം. ഗാന്ധിയൻ ആദർശങ്ങൾക്കൊപ്പം അദ്ദേഹം നടക്കാൻ തുടങ്ങിയിട്ട് ഇപ്പോൾ പത്തിലേറെ വർഷങ്ങളായി കാണും. 

he started running to quit smoking now running for kilometers
Author
Chennai, First Published Jun 19, 2021, 4:27 PM IST

പുകവലി ശീലത്തിനടിമയായിരുന്നു ഐഐടി ബിരുദധാരിയായ വിശ്വനാഥൻ ജയരാമൻ. അതിൽ നിന്ന് കുതറിമാറാൻ അദ്ദേഹം ആവതും ശ്രമിച്ചു. എന്നിട്ടും പുകച്ചുരുളുകൾ കണക്കെ അദ്ദേഹത്തിന്റെ ചിന്തകളെ അത് ശ്വാസം മുട്ടിച്ചു. ഒടുവിൽ, ആ ശീലത്തിൽ നിന്ന് പുറത്ത് കടക്കാൻ അദ്ദേഹം മറ്റൊരു ശീലത്തിൽ അഭയം തേടി, ഓട്ടം. ആദ്യം നൂറടി പോലും ഓടാൻ സാധിക്കാതിരുന്ന അദ്ദേഹം ഇപ്പോൾ 35 കിലോമീറ്റർ വരെ ഒരു ദിവസം ഓടിയെത്തുന്നു. പുകവലിയിൽ നിന്ന് ഓട്ടമെന്ന ശീലത്തിലേക്കുള്ള അദ്ദേഹത്തിന്റെ ചുവട് മാറ്റം തീർത്തും വിസ്മയകരമായിരുന്നു. അത് മാത്രവുമല്ല ഇന്ന് അദ്ദേഹം ഒരു തികഞ്ഞ ഗാന്ധിയൻ കൂടിയാണ്. ലളിതമായ ജീവിതവും, കാതങ്ങൾ താണ്ടിയുള്ള ഓട്ടവും അദ്ദേഹത്തെ വേറിട്ട് നിർത്തുന്നു.

എല്ലാ ദിവസവും രാവിലെ 3.30 -നും ഏഴിനും ഇടയിൽ ചെന്നൈയിലെ മറീനക്കടുത്തായി അദ്ദേഹം കാണാം. അവിടെയുള്ളവർക്കെല്ലാം പരിചിതനാണ് അദ്ദേഹം. ആദ്യമൊക്കെ അദ്ദേഹത്തെ കണ്ടിട്ട് ആളുകൾ അമ്പരന്നിരുന്നു. വെറുമൊരു മുണ്ട് മാത്രം ഉടുത്ത് ഷർട്ടും ഷൂസും ധരിക്കാതെ ഓടുന്ന അദ്ദേഹം എല്ലാവരിലും കൗതുകമുണർത്തി. എന്നാൽ, ഇപ്പോൾ എല്ലാവരും ബഹുമാനത്തോടെ അദ്ദേഹത്തെ അഭിവാദ്യം ചെയ്യുന്നു. അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം ഓട്ടമെന്നത് ഒരു തരം ധ്യാനമാണ്, പ്രാർത്ഥനയാണ്. സ്വയം ശുദ്ധീകരിക്കുന്ന ഒരു പ്രക്രിയ.

ഇന്ത്യൻ റെയിൽവേയിലെ മുതിർന്ന ഉദ്യോഗസ്ഥനാണ് അദ്ദേഹം. 22 -ാമത്തെ വയസിലായിരുന്നു അദ്ദേഹം ആദ്യമായി സിഗരറ്റ് വലിക്കുന്നത്. ഒരു കൗതുകത്തിന് തുടങ്ങിയ അത് പിന്നെ തല്ലി ഓടിച്ചാലും പോകാത്ത ഒരു ശീലമായി. നീണ്ട 16 വർഷക്കാലം അത് അദ്ദേഹത്തെ പിന്തുടർന്നു. ഒടുവിൽ അദ്ദേഹം ഒരു നിരന്തര പുകവലിക്കാരനായി. അതിനെ അതിജീവിക്കാൻ പലതും അദ്ദേഹം പരീക്ഷിച്ചു, പക്ഷേ ഒന്നും വിജയിച്ചില്ല. എന്നാൽ പിന്നെ ശാരീരികമായി എന്തെങ്കിലും ചെയ്താലോ എന്നായി അദ്ദേഹത്തിന്റെ ചിന്ത. അങ്ങനെ 2000 ഓഗസ്റ്റ് 10 -ന് അദ്ദേഹം ഓട്ടം ആരംഭിച്ചു. പിൻവാങ്ങൽ ലക്ഷണങ്ങളെ മറികടക്കാനും, രാത്രി നല്ല ഉറക്കം കിട്ടാനും ഇത് സഹായകമാകുമെന്ന് അദ്ദേഹത്തിന് തോന്നി. എന്നാൽ അത് വിചാരിച്ച പോലെ എളുപ്പമായിരുന്നില്ല. ആദ്യമൊക്കെ ശ്വാസം കിട്ടാൻ പ്രയാസപ്പെട്ടു. എന്നാൽ, പതുക്കെ പതുക്കെ കൂടുതൽ ദൂരം താണ്ടാൻ അദ്ദേഹത്തിന് ശക്തികിട്ടി. ഒടുവിൽ ദിവസവും 32 കിലോമീറ്റർ വരെ ഓടാമെന്ന സ്ഥിതിയായി. വേണമെങ്കിൽ തനിക്ക് 42 കിലോമീറ്റർ ദൂരം വരെ പ്രയാസമില്ലാതെ ഓടാമെന്നും അദ്ദേഹം പറയുന്നു.    

അതിനുശേഷം അദ്ദേഹം ഒരിക്കൽ പോലും പുക വലിച്ചിട്ടില്ല. അദ്ദേഹത്തിന്റെ ജീവിതത്തോടുള്ള സമീപനം പോലും മാറിമറിഞ്ഞു. രാജ്യത്തെ പ്രധാന മാരത്തണുകളിലെല്ലാം അദ്ദേഹം പങ്കെടുക്കുന്നു. ആദ്യം 100 മീറ്റർ പോലും ഓടാൻ സാധിക്കാതിരുന്ന അദ്ദേഹം ദാൻഡി മുതൽ സബർമതി ആശ്രമം വരെയുള്ള ആറ് ദിവസത്തെ ഓട്ടം പൂർത്തിയാക്കി. അത് ഏകദേശം 330 കിലോമീറ്ററോളം വരും. അദ്ദേഹത്തിന് അത് പൂർത്തിയാക്കാൻ സാധിച്ചത് ഇച്ഛാശക്തി ഒന്ന് കൊണ്ട് മാത്രമാണ്. ഇന്ന് അദ്ദേഹത്തിന്റെ ഏറ്റവും പ്രിയപ്പെട്ട ഒരു ശീലമായി ഓട്ടം മാറിയിരിക്കുന്നു. ഒരുദിവസം പോലും അദ്ദേഹം തന്റെ ഓട്ടം മുടക്കിയിട്ടില്ല. മഴയായാലും, വെയിലായതും അദ്ദേഹം അത് തുടരുന്നു. "എന്നെ സംബന്ധിച്ചിടത്തോളം, ഓട്ടം ആത്മീയമാണ്. ഞാൻ ഓടുമ്പോൾ, എന്റെ ഉള്ളിലുള്ള ലോകത്തെ അടുത്തറിയാൻ എനിക്ക് കഴിയുന്നു. പ്രകൃതിയുമായി ബന്ധപ്പെടാൻ കഴിയുന്നു. പക്ഷികൾ, കാറ്റ്, പ്രകൃതിയുടെ എല്ലാ മധുരതരമായ ശബ്ദങ്ങൾ, കൗതുകകരമായ കാഴ്ചകൾ എല്ലാം എന്റെ ഹൃദയത്തെ ആവേശഭരിതമാകുന്നു. പ്രകൃതി നമ്മുടെ ഉള്ളിൽ അന്തർലീനമാണ് എന്ന സത്യം അപ്പോൾ ഞാൻ മനസ്സിലാക്കുന്നു" അദ്ദേഹം പറഞ്ഞു.  

ഇതിനെല്ലാം പുറമെ ഒരു തികഞ്ഞ ഗാന്ധിയൻ കൂടിയാണ് അദ്ദേഹം. ഗാന്ധിയൻ ആദർശങ്ങൾക്കൊപ്പം അദ്ദേഹം നടക്കാൻ തുടങ്ങിയിട്ട് ഇപ്പോൾ പത്തിലേറെ വർഷങ്ങളായി കാണും. അദ്ദേഹത്തിന്റെ ഒരു ദിവസം ആരംഭിക്കുന്നത് നമ്മളെ പോലെ അഞ്ചു മണിക്കോ, ആറു മണിക്കോ ഒന്നുമല്ല, വെളുപ്പിനെ 2.30 -നാണ്. ഗാന്ധിജി ഉണർന്നിരുന്ന അതെ സമയം. എല്ലാ രീതിയിലും അദ്ദേഹം ഗാന്ധിജിയെ അനുകരിക്കാൻ ശ്രമിക്കുന്നു. എഴുന്നേറ്റ ശേഷം മുറിയുടെ മൂലയിലുള്ള ചർക്കയിൽ അദ്ദേഹം നൂൽ നൂൽക്കുന്നു. പുകവലി ഉപേക്ഷിക്കുന്നതിന് മുൻപേ അദ്ദേഹം മദ്യവും, മാംസാഹാരവും ഉപേക്ഷിച്ചു. 2008 -ലാണ് അദ്ദേഹം വീട്ടിൽ ഒരു ചർക്ക വാങ്ങുന്നത്. അതിനെ ശേഷം അതിൽ നെയ്യുന്ന വസ്ത്രമാണ് ധരിക്കുന്നത്.  

ഇന്നത്തെ കാലത്ത് ഗാന്ധിയുടെ ജീവിതരീതികൾ അനുകരിച്ച് ജീവിക്കുക എന്നത് എത്ര പ്രയാസകരമായ കാര്യമാണ് എന്നത് നമുക്കറിയാം. എന്നാൽ, അദ്ദേഹം അതൊരു ജീവിത തപസ്യമായി പാലിച്ചു പോരുന്നു. "വെറുതെ തത്വങ്ങൾ പറഞ്ഞാൽ പോരാ, അത് ജീവിതത്തിൽ കൊണ്ട് വരാൻ നിങ്ങൾക്ക് സാധിക്കണം. ഇരുട്ടിനെ ഇല്ലാതാകണമെങ്കിൽ, സ്വയം ഒരു തിരിയായി കത്തുക. മറ്റുള്ളവർ മാറ്റങ്ങൾ കൊണ്ട് വരുന്നതും കാത്തിരിക്കാതെ, സ്വയം ആ മാറ്റമായി മാറുക" അദ്ദേഹം പറഞ്ഞു.  

Follow Us:
Download App:
  • android
  • ios