തല മറക്കാതെ സോഷ്യൽ മീഡിയയിൽ ഫോട്ടോ പോസ്റ്റ് ചെയ്തു എന്നാരോപിച്ച് ഏപ്രിലിലാണ് അവളെ സ്വന്തം വീട്ടിൽ നിന്നും അറസ്റ്റ് ചെയ്തത്.

പൊതുധാർമ്മികത ലംഘിച്ചു എന്നാരോപിച്ച് യുവതിക്ക് 74 ചാട്ടവാറടി ശിക്ഷ. ഇറാനിലാണ് തല മൂടാതെയുള്ള ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവച്ചു എന്നാരോപിച്ചുകൊണ്ട് സ്ത്രീയെ ശിക്ഷിച്ചത്. സംഭവത്തിനെതിരെ ലോകത്താകെയും ജനങ്ങളുടെ പ്രതിഷേധം ഉയരുകയാണ്. ആക്ടിവിസ്റ്റുകളും രാഷ്ട്രീയപ്രവർത്തകരും ശിക്ഷയെ വിശേഷിപ്പിച്ചത് 'മനുഷ്യത്വരഹിതം' എന്നാണ്. 

ഇവിടുത്തെ ഔദ്യോ​ഗിക വെബ്സൈറ്റായ 'മിസാൻ' റിപ്പോർട്ട് ചെയ്യുന്നത് പ്രകാരം റോയ ഹേഷ്മതി എന്ന യുവതിയെ ശിക്ഷിച്ചിരിക്കുന്നത് ഹിജാബില്ലാതെ ചിത്രം പങ്കുവച്ചതിനും ഹിജാബിനെതിരായ പ്രക്ഷോഭത്തിൽ പങ്കെടുക്കുകയും ചെയ്തതിനാണ്. ഒപ്പം മറ്റുള്ളവരെ ഹിജാബ് ധരിക്കാതിരിക്കാൻ പ്രേരിപ്പിക്കുക കൂടി ചെയ്തു റോയ എന്നും റിപ്പോർട്ടിൽ പറയുന്നു. ടെഹ്റാനിലെ തിരക്കേറിയ പൊതുസ്ഥലങ്ങളിൽ റോയ ഹേഷ്മതി ഇതുപോലെ ഹിജാബില്ലാതെ പ്രത്യക്ഷപ്പെട്ടു എന്നും ഹിജാബ് ധരിക്കാത്തതിനെ പ്രോ​ത്സാഹിപ്പിച്ചു എന്നും മിസാൻ ഓൺലൈൻ വെബ്‌സൈറ്റ് ആരോപിച്ചു. 

പൊതുധാർമ്മികത ലംഘിച്ചതിന് നിയമപ്രകാരവും ശരിയ നി‌യമപ്രകാരവുമാണ് റോയ ശിക്ഷിക്കപ്പെട്ടിരിക്കുന്നത് എന്നാണ് ഭരണകൂടത്തിന്റെ വാദം. 1979 -ലെ ഇസ്ലാമിക് റെവല്യൂഷന് ശേഷം ഇവിടെ സ്ത്രീകളെല്ലാവരും അവരുടെ തല മറക്കാൻ ബാധ്യതയുള്ളവരാണ് എന്നും മിസാൻ പറയുന്നു. 

റോയയെ ആദ്യം ശിക്ഷിച്ചത് 13 വർഷത്തെ തടവിനും 12m റിയാൽ പിഴയ്ക്കും 74 ചാട്ടവാറടിക്കുമാണ്. എന്നാൽ, പിന്നീട് അപ്പീൽ പോയതിനെ തുടർന്ന് അവളുടെ തടവ് റദ്ദാക്കുകയായിരുന്നു. ഹെൻ​ഗാവ് (Hengaw) എന്ന കുർദ്ദിഷ് കേന്ദ്രീകരിച്ചുള്ള മനുഷ്യാവകാശ സംഘടന പറയുന്നത് പ്രകാരം റോയ 23 വയസുള്ള കുർദ്ദിഷ് വംശജയായ സ്ത്രീയാണ്. തല മറക്കാതെ സോഷ്യൽ മീഡിയയിൽ ഫോട്ടോ പോസ്റ്റ് ചെയ്തു എന്നാരോപിച്ച് ഏപ്രിലിലാണ് അവളെ സ്വന്തം വീട്ടിൽ നിന്നും അറസ്റ്റ് ചെയ്തത്. മുട്ടുവരെയുള്ള കറുത്ത പാവാടയും ചുവന്ന ടോപ്പും ധരിച്ച് തെരുവിലൂടെ ഹിജാബ് ധരിക്കാതെ നടക്കുന്നതായിരുന്നു ചിത്രം.

Scroll to load tweet…

അതേസമയം ഹിജാബ് നിയമങ്ങൾ ലംഘിച്ചു എന്നാരോപിച്ച് മതകാര്യ പൊലീസ് കസ്റ്റഡിയിലെടുത്തശേഷം കൊല്ലപ്പെട്ട മഹ്സ അമിനിയുടെ പേരിൽ വലിയ പ്രതിഷേധത്തിന് ഇറാൻ സാക്ഷ്യം വഹിച്ചിരുന്നു. എന്നാൽ, വളരെ ക്രൂരമായി അവയെല്ലാം അടിച്ചമർത്താനുള്ള ശ്രമങ്ങളുമുണ്ടായി. മാത്രമല്ല, മഹ്സ അമിനിയുടെ കൊലപാതകം കഴിഞ്ഞ് ഒരു വർഷം പിന്നിട്ടപ്പോഴേക്കും ഇവിടുത്തെ ഹിജാബ് നിയമം കൂടുതൽ കടുപ്പിക്കുകയാണ് ഇറാൻ ചെയ്തത്. 

ഇപ്പോൾ, റോയയുടെ ശിക്ഷയെ തുടർന്നും വലിയ വിമർശനവും രോഷവുമാണ് രാജ്യത്തിനകത്തും പുറത്തും ഉയർന്നിരിക്കുന്നത്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം: 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം