Asianet News MalayalamAsianet News Malayalam

പ്ലാസ്റ്റിക് കത്തിക്കുന്നതിനു പിന്നിലെ അപകടങ്ങള്‍ ഇവയാണ്; വേണം അധിക ജാഗ്രത

ഉപയോഗിച്ച ബാഗുകളും, കവറുകളും വീണ്ടും വീണ്ടും അത് കീറുന്നതുവരെ ഉപയോഗിക്കാം. കടയിൽ പോകുമ്പോൾ വീട്ടിൽ നിന്നും ബാഗുകൾ കൊണ്ടുപോകുന്ന ശീലം ഉണ്ടാക്കി എടുക്കുക. 

health effects of home burning of plastics
Author
Thiruvananthapuram, First Published Sep 25, 2019, 11:21 AM IST

കേരളത്തിലെ ചില ഫ്ലാറ്റുകളിൽ പ്ലാസ്റ്റിക്കുകൾ കത്തിക്കുകയും അതിന്‍റെ പുക പൊതുജങ്ങൾക്ക് അസ്വസ്ഥകരമായി അനുഭവപ്പെടുന്നു എന്നും സുഹൃത്തായ സരസ്വതിയാണ് പറഞ്ഞത്. പ്ലാസ്റ്റിക് കത്തിക്കാതെ അതിനെ എങ്ങനെ പുനരുപയോഗം, പുനചംക്രമണം (recycle) ചെയ്യാം എന്നൊക്കെ നോക്കാം. ഉപയോഗം കുറയ്ക്കുക എന്നതാണ് ഏറ്റവും പ്രധാനമായ കാര്യം. 

health effects of home burning of plastics

ഉപയോഗം കുറയ്ക്കൽ (Reduce)

ഒരു കഥയിൽ നിന്നും തുടങ്ങാം. എഴുപതുകളുടെ അവസാനവും എൺപതുകളുടെ ആദ്യവും ഒക്കെ അച്ഛന്‍റെയും അമ്മയുടെയും കൂടെ സ്കൂൾ ഒക്കെ തുറക്കുന്ന സമയത്ത് കറുകച്ചാലിൽ നിന്നും, കോട്ടയത്തു പോയി ഡ്രസ്സ് വാങ്ങാറുണ്ടായിരുന്നു. ശീമാട്ടി, അയ്യപ്പാസ്, ജോസ്, പാർത്ഥാസ് ഇവിടെയൊക്ക തുണി പൊതിഞ്ഞു തന്നിരുന്നത് വർണ്ണാഭമായ പ്ലാസ്റ്റിക് കവറുകളിൽ ആയിരുന്നു. അന്നൊക്കെ പ്ലാസ്റ്റിക് കവറുകൾ വളരെ അപൂർവമാണ്. ഡ്രസ്സ് തരുമ്പോൾ അച്ഛൻ പറയും "അനിയാ രണ്ടു കൂടും കൂടി ഇട്ടേക്കണേ..." മിക്കവാറും സമയങ്ങളിൽ സെയിൽസ് പേഴ്‌സൺ രണ്ടോ മൂന്നോ ബാഗുകൾ കൂടി ഇടും. ഇങ്ങനെ സംഭരിച്ച ബാഗുകൾ അച്ഛന്‍റെ പെട്ടി നിറച്ചും ഉണ്ടായിരുന്നു. അച്ഛൻ മരിച്ചിട്ട് ഇപ്പോൾ പന്ത്രണ്ടു വർഷമായി, അച്ഛൻ വാങ്ങി വച്ച ബാഗുകൾ ഇപ്പോളും ഭദ്രമായി അച്ഛന്‍റെ പെട്ടിയിൽ ഉണ്ട്. ഇത് പറയാൻ കാരണം, അമിതമായ പ്ലാസ്റ്റിക് വേസ്റ്റ് വരാനുള്ള ഒരു കാരണം, അമിതയായി നമ്മൾ പ്ലാസ്റ്റിക് ശേഖരിക്കുന്നതാണ്. ആദ്യം ചെയ്യേണ്ടത് അമിതമായ പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കുക ആണ്.

പുനരുപയോഗം (Reuse)

ഉപയോഗിച്ച ബാഗുകളും, കവറുകളും വീണ്ടും വീണ്ടും അത് കീറുന്നതുവരെ ഉപയോഗിക്കാം. കടയിൽ പോകുമ്പോൾ വീട്ടിൽ നിന്നും ബാഗുകൾ കൊണ്ടുപോകുന്ന ശീലം ഉണ്ടാക്കി എടുക്കുക. കാറിൽ അല്ലെങ്കിൽ ബൈക്കിൽ എപ്പോഴും പുനരുപയോഗത്തിനായി കരുതുക.

ഉപയോഗം കുറയ്ക്കൽ (Reduce), പുനരുപയോഗം (Reuse) ഈ രണ്ടു സാധ്യതകളും പരമാവധി പരിഗണിച്ച ശേഷമേ പുനചംക്രമണത്തെക്കുറിച്ച് ആലോചിക്കാവൂ.

പുനചംക്രമണം (recycle)

പുനചംക്രമണത്തെക്കുറിച്ച് പറയും മുമ്പ് നമുക്ക് പ്ലാസ്റ്റിക്കിന്‍റെ പ്രത്യേകതകളെക്കുറിച്ചു അറിയണം. പ്ലാസ്റ്റിക്കുകൾ എല്ലാം പുനചംക്രമണം (recycle) ചെയ്യാൻ പറ്റില്ല. പ്ലാസ്റ്റിക്കുകളെ തെർമോപ്ലാസ്റ്റിക്, തെർമോസെറ്റിങ് പ്ലാസ്റ്റിക് എന്നിങ്ങനെ രണ്ടായി തരംതിരിക്കാം. ചൂടു തട്ടിയാൽ മൃദുവാകുകയും തണുത്താൽ ഉറക്കുകയും ചെയ്യുന്ന പ്രത്യേകതയുള്ള പ്ലാസ്റ്റിക്കുകളാണ് തെർമോപ്ലാസ്റ്റിക്. ഇവയെ എത്ര പ്രാവശ്യം വേണമെങ്കിലും ചൂടാക്കുകയും, തണുപ്പിക്കുകയും ചെയ്യാം.

എന്നാൽ, തെർമോസെറ്റിങ് പ്ലാസ്റ്റിക്ക് ഒരിക്കൽ മാത്രമേ ചൂടാക്കാൻ പറ്റൂ. പിന്നീട് അതിന്‍റെ പ്ലാസ്റ്റിക് ഗുണങ്ങൾ തിരികെ കിട്ടില്ല. നമ്മൾ ദൈനംദിനം കാണുന്ന പല പ്ലാസ്റ്റിക്കുകളും തെർമോപ്ലാസ്റ്റിക് ആണ്. ഇവ പുനചംക്രമണം (recycle) ചെയ്യാൻ പറ്റിയ പ്ലാസ്റ്റിക്കുകൾ ആണ്. (ഉദാഹരണത്തിന് Polyethylene, polypropylene, polyvinyl chloride, polystyrene, polybenzimidazole, acrylic, nylon Teflon എന്നിവ). ഇവ വേർതിരിച്ചു ക്ലീൻ ചെയ്തു മാറ്റി വയ്ക്കുക. ഇത് അടുത്തുള്ള സന്നദ്ധ സംഘടനകൾ വഴി പുനചംക്രമണ (recycle) കേന്ദ്രങ്ങളിൽ എത്തിക്കാം. ഇനി പുനചംക്രമണ കേന്ദ്രങ്ങളിൽ ഉള്ളവർ അറിയാനുള്ള കാര്യമാണ് Resin identification code. പുനചംക്രമണം (recycle) ചെയ്യാനുള്ള സൗകര്യത്തിന് തെർമോ പ്ലാസ്റ്റിക്കുകൾക്ക് നിശ്ചിത നമ്പറുകൾ കൊടുത്തിട്ടുണ്ട്. ഇതിനെ Resin identification code എന്നാണ് പറയുന്നത്.

“#1” - PET പോളിഎഥിലീൻ ടെറഫ് താലേറ്റ് (ഉദാഹരണം: ശുദ്ധജലം നിറച്ച സുതാര്യമായ കുപ്പികൾ)

“#2” - HDPE ഹൈ ഡെൻസിറ്റി പോളിഎഥിലീൻ

“#3” -PVC പോളി വിനൈൽ ക്ലോറൈഡ്

“#4” - LDPE ലോ ഡെൻസിറ്റി പോളി എഥിലീൻ

“#5” - PP പോളി പ്രോപ്പിലീൻ

“#6” - PS പോളി സ്റ്റൈറീൻ

“#7” -മറ്റുളളവ

കോഡുകൾ പ്ലാസ്റ്റിക്കിന്റെ ടോക്സിസിറ്റിയോ സുരക്ഷയോ സൂചിപ്പിക്കാനുള്ളതല്ല. ഏതുതരം പ്ലാസ്റ്റിക്കാണ് ഉപയോഗിച്ചിരിക്കുന്നത് എന്ന് ഉപഭോക്താവിനും, പ്ലാസ്റ്റിക് പുനചംക്രമണം (recycle) ചെയ്യുന്ന കമ്പനികൾക്കും അറിയാനാണ്. ആറുതരം പ്ലാസ്റ്റിക്കുകൾ മാത്രമേ, ഈ കോഡ് വഴി തിരിച്ചറിയാൻ പറ്റുള്ളൂ. # 7 മറ്റുള്ള പ്ലാസ്റ്റിക്കുകളെ പൊതുവായി സൂചിപ്പിക്കാനാണ്.

പ്ലാസ്റ്റിക്ക് കൂട്ടിയിട്ട് കത്തിക്കാമോ?

ഒരിക്കലും അരുത്. പുക കൊണ്ടുള്ള അന്തരീക്ഷ മലിനീകരണം ഉണ്ടാകുന്നത് മാത്രമല്ല, പല വിഷവാതകങ്ങളും അന്തരീക്ഷത്തിലേക്ക് കലരാം. ഉദാഹരണത്തിന് PVC അന്തരീക്ഷ വായുവും ആയി പ്രവർത്തിച്ചു ഫോസ്ജീൻ (phosgene) അഥവാ COCl2 (carbonyl chloride) എന്ന മാരക വിഷവാതകം ഉണ്ടാവാം. (Ref: "Phosgene in the thermal decomposition products of poly (vinyl chloride): generation, detection and measurement." Brown, James E., and Merritt M. Birky. Journal of analytical toxicology 4, no. 4 (1980): 166-174).

എന്നുവെച്ച് ഫ്ലാറ്റിൽ ഒക്കെ താമസിക്കുന്നവർക്ക് അമിതഭീതിയുടെയും ആവശ്യമില്ല. വായുവിൽ കലർന്ന് വളരെ ചെറിയ ഡോസേജിലെ നമ്മുടെ ശ്വാസവായുവിൽ എത്തൂ. പക്ഷേ, തുടർച്ചയായി ഇത് ശ്വസിക്കുന്നതും അപകടകരമാണ് എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ? പുകയിൽ കൂടി മാത്രമല്ല, പാതി കത്തിയതും, ചാരമായതും ആയ വിഷവസ്തുക്കൾ മഴ വെള്ളത്തിൽ കൂടി കുടിവെള്ളത്തിൽ കലരാം. കുടിവെള്ളവും ഇതുമൂലം മാലിന്യമാകും. പുക ഒരു കാരണവശാലും നേരിട്ട് ശ്വസിക്കാതെ ശ്രദ്ധിക്കണം.

ഫോസ്ജീൻ (phosgene- COCl2) ഉൾപ്പെടെ പല വിഷവാതകങ്ങളും ഉണ്ടാവുന്നത് അന്തരീക്ഷ ഓക്സിജനുമായി പ്രവർത്തിച്ചാണ്. അതുകൊണ്ട് വിഷവാതകങ്ങൾ ഉണ്ടാകാതെ കത്തിക്കാനുള്ള പ്രതിവിധികൾ നോക്കണം. ഇതെങ്ങനെ ചെയ്യാം? (ഓർക്കുക, പുനരുപയോഗം, പുനചംക്രമണം (recycle) എന്നീ സാധ്യതകൾ ഇല്ലെങ്കിൽ മാത്രം അവലംബിക്കാൻ ഉള്ള മാർഗ്ഗമാണ് പറയുന്നത്). ഇത് വീടുകളിൽ ചെയ്യാനുള്ളത് അല്ല. നിങ്ങളുടെ പഞ്ചായത്തിലോ, മുൻസിപ്പാലിറ്റിയിലോ ഒക്കെ മുൻകൈ എടുത്തു ചെയ്യാൻ ഉള്ള കാര്യങ്ങൾ ആണ്.

1) വിഷപ്പുക ഉണ്ടാവാതെ പതിയെ പ്ലാസ്റ്റിക്കുകൾ ഉരുക്കി എടുക്കുന്നതാണ് ആദ്യ മാർഗ്ഗം. മുകളിൽ പറഞ്ഞ രീതിയിൽ നമ്പറുകൾക്ക് (Resin identification code) അനുസരിച്ചു പ്രത്യേകം ഉരുക്കി വലിയ റീസൈക്ലിങ് സെന്‍ററുകളിലേക്ക് മാറ്റാം. ഇത് വലിയ ചിലവുള്ള കാര്യമല്ല. പഞ്ചായത്തുകൾക്ക് ചെയ്യാൻ പറ്റുന്ന കാര്യമാണ്.

2) ഇങ്ങനെ ഉരുക്കാൻ പറ്റാത്ത പ്ലാസ്റ്റിക്കുകൾ, ഓക്സിജന്‍റെ അഭാവത്തിൽ (ടോക്സിക് പുകകൾ ഉണ്ടാകാത്ത രീതിയിൽ) നിയന്ത്രിതമായി ഭസ്‌മീകരിക്കുന്ന (incinerate) ഇൻസിനറേറ്ററുകൾ സ്ഥാപിക്കുകയാണ്.

ചുരുക്കത്തിൽ ഏറ്റവും പ്രധാനമായി പ്ലാസ്റ്റിക്കുകൾ കൈകാര്യം ചെയ്യുമ്പോൾ ഓർക്കാനുള്ള ഓർഡർ ആണ്

1) ഉപയോഗം കുറയ്ക്കൽ (Reduce)

2) പരമാവധി പുനരുപയോഗം (Reuse)

3) പുനചംക്രമണം (recycle)

4) ഇത് മൂന്നും പറ്റി ഇല്ലെങ്കിൽ മാത്രം പുക വരാത്ത രീതിയിലുള്ള ഉരുക്കലും, ഓക്സിജന്റെ അഭാവത്തിൽ (ടോക്സിക് പുകകൾ ഉണ്ടാകാത്ത രീതിയിൽ) നിയന്ത്രിതമായി ഭസ്‌മീകരിക്കുന്ന (incineration) ഇൻസിനറേറ്ററുകൾ സ്ഥാപിക്കലും മുൻസിപ്പാലിറ്റിയുടെയും, കോർപ്പറേഷന്റെയും സഹായത്തോടെ ചെയ്യുക. ഓർക്കുക പ്ലാസ്റ്റിക് ഒരിക്കലും കത്തിക്കരുത്, അത് വായു മാത്രമല്ല കുടിവെള്ളവും മലിനമാക്കും.

Follow Us:
Download App:
  • android
  • ios