Asianet News MalayalamAsianet News Malayalam

എഞ്ചിനീയറാവാനിറങ്ങി, നടന്നില്ല; പിന്നെ രാഷ്ട്രീയത്തില്‍, ഒടുവില്‍ മുഖ്യമന്ത്രിക്കസേരയിലേക്ക് !

"ഝാര്‍ഖണ്ഡ് സംസ്ഥാനം എന്തിന്റെ പേരിലാണോ രൂപീകരിക്കപ്പെട്ടത്, ആ ഉദ്ദേശ്യം നിറവേറ്റാനുള്ള സമയമാണ് ഇപ്പോൾ സമാഗതമായിരിക്കുന്നത് " എന്നാണ്  ഫലമറിഞ്ഞ ശേഷം ഹേമന്ത് സോറൻ മാധ്യമങ്ങളോട് പ്രതികരിച്ചത്. 

Hemant Soren  to be sworn as the Chief Minister of Jharkhand
Author
Jharkhand, First Published Dec 23, 2019, 6:55 PM IST

രാഷ്ട്രീയ അസ്ഥിരതയുടെ കൂത്തരങ്ങാണ്  ഝാര്‍ഖണ്ഡ്. ഒരു സർക്കാരിനും അവിടെ ചുവടുറപ്പിച്ച് അഞ്ചു വർഷം തികക്കാനായിട്ടില്ല. അവിടെനിന്ന് അഞ്ചു വർഷം തികച്ചുകൊണ്ട് ഇറങ്ങിപ്പോകുന്ന ആദ്യത്തെ മുഖ്യമന്ത്രിയാണ് ഇപ്പോൾ സ്ഥാനമൊഴിയുന്ന രഘുബർ ദാസ്. 2000 -ലാണ് ഒറീസയിൽ നിന്ന് വേർപെടുത്തി  ഝാര്‍ഖണ്ഡ് സംസ്ഥാനം രൂപീകരിക്കപ്പെടുന്നത്. അതിനുശേഷം ഇക്കഴിഞ്ഞ പത്തൊമ്പതു വർഷത്തിനിടെ സംസ്ഥാനത്ത് എട്ടു പേർ മുഖ്യമന്ത്രിമാരായിട്ടുണ്ട്. ഇതുവരെ മൂന്നു തവണ രാഷ്ട്രപതിഭരണവും സംസ്ഥാനത്ത് നിലവിൽ വന്നുകഴിഞ്ഞു. ബിജെപിക്കും കോൺഗ്രസിനുമൊപ്പം മന്ത്രിസഭയുണ്ടാക്കിയ ചരിത്രമുണ്ട് ഝാര്‍ഖണ്ഡ് മുക്തി മോർച്ച(JMM) എന്ന രാഷ്ട്രീയ പാർട്ടിക്ക്.  ഇത്തവണ ഝാര്‍ഖണ്ഡിൽ മുഖ്യമന്ത്രിയാകാൻ  ഊഴം കൈവന്നിരിക്കുന്നത് ഹേമന്ത് സോറനാണ്. കോൺഗ്രസുമായി ചേർന്നാകും അദ്ദേഹം മന്ത്രിസഭയുണ്ടാക്കി ഭരിക്കുക. 

Hemant Soren  to be sworn as the Chief Minister of Jharkhand

ഝാര്‍ഖണ്ഡിൽ തെരഞ്ഞെടുപ്പ് നടന്നത് 81 നിയമസഭാ സീറ്റുകളിലേക്കാണ്. ഇന്ന് അതിന്റെ ഫലങ്ങൾ വന്നിരിക്കുകയാണ്. ജെഎംഎം-കോൺഗ്രസ്- സഖ്യം സംസ്ഥാനത്ത് മന്ത്രിസഭാ രൂപീകരിക്കും എന്ന കാര്യത്തിൽ തീരുമാനമായിട്ടുണ്ട്. ഹേമന്ത് സോറൻ ആണ് മുഖ്യമന്ത്രി പദത്തിലേക്ക് എത്താൻ സാധ്യത കല്പിക്കപ്പെടുന്ന പ്രധാന നേതാവ്. അദ്ദേഹം ബർഹെട്ട്, ദുംക മണ്ഡലങ്ങളിൽ നിന്നാണ് മത്സരിച്ചത്. 2014 ലെ തെരഞ്ഞെടുപ്പിലും ഇതേ മണ്ഡലങ്ങളിൽ നിന്ന് മത്സരിച്ചിരുന്നു എങ്കിലും, ദുംകയിൽ അദ്ദേഹത്തിന് ബിജെപി സ്ഥാനാർഥിയായ ലൂയിസ് മറാണ്ടിയിൽ നിന്ന്  പരാജയം രുചിക്കേണ്ടി വന്നിരുന്നു.  ബർഹെട്ടിൽ നിന്ന് ജയിച്ചുകയറിയ അദ്ദേഹം കഴിഞ്ഞ നിയമസഭയിൽ പ്രതിപക്ഷ നേതാവായിരുന്നു. 

കഴിഞ്ഞ പ്രാവശ്യത്തേത് അദ്ദേഹത്തിന്റെ രണ്ടാം ഊഴമായിരുന്നു. അതിനു മുമ്പത്തെ അർജുൻ മുണ്ട സർക്കാരിൽ ഉപമുഖ്യമന്ത്രി പദം അലങ്കരിച്ചിരുന്നത് സോറൻ ആയിരുന്നു. എന്ന് മാത്രമല്ല, 2013 -ൽ ഹ്രസ്വകാലത്തേക്ക് അദ്ദേഹം ഝാര്‍ഖണ്ഡ് മുഖ്യമന്ത്രിപദവും അലങ്കരിച്ചിട്ടുണ്ട്. ഒടുവിൽ രാഷ്‌ട്രപതി ഭരണം വന്ന് സ്ഥാനം നഷ്ടപ്പെട്ടു എങ്കിലും.  ജാർഖണ്ഡ് സംസ്ഥാനത്തിന് വേണ്ടി ഝാര്‍ഖണ്ഡ് മുക്തി മോർച്ച എന്ന പേരിൽ ഒരു രാഷ്ട്രീയ പാർട്ടി തന്നെ സ്ഥാപിച്ച, രണ്ടു തവണ സംസ്ഥാനത്തെ മുഖ്യമന്ത്രി ആയിരുന്ന ഷിബു സോറൻ എന്ന കൃതഹസ്തനായ നേതാവിന്റെ മകനായി 1975 -ൽ ജനിച്ച ഹേമന്ത് 2009 മുതൽക്കാണ് രാഷ്ട്രീയത്തിൽ സജീവമാകുന്നത്. ബിർള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി റാഞ്ചിയിൽ മെക്കാനിക്കൽ എഞ്ചിനീയറിങ്ങിന് പ്രവേശനം നേടിയെങ്കിലും, പഠനം പാതിവഴി ഉപേക്ഷിച്ച് അച്ഛന്റെ പാത പിന്തുടർന്ന് രാഷ്ട്രീയപ്രവേശം നടത്തുകയായിരുന്നു ഹേമന്തും. 

Hemant Soren  to be sworn as the Chief Minister of Jharkhand

പുരോഗനാത്മകമായ നയങ്ങളുടെ പേരിൽ അറിയപ്പെടുന്ന ഒരു രാഷ്ട്രീയ നേതാവാണ് ഹേമന്ത്. സർക്കാർ ജോലിയിൽ സ്ത്രീകൾക്ക് അമ്പത് ശതമാനം സംവരണം അദ്ദേഹത്തിന്റെ നയമായിരുന്നു. സംസ്ഥാനത്തെ മാവോയിസ്റ്റ് സംഘർഷങ്ങൾ കുറയ്ക്കാൻ ഫലപ്രദമായ പല നയങ്ങൾക്കും അദ്ദേഹം നേതൃത്വം നൽകിയിട്ടുണ്ട്. ധാതുസമ്പുഷ്ടമായ സംസ്ഥാനം അതിന്റെ ഗോത്രവർഗ ജനതയുടെ ക്ഷേമത്തിനായി നിലകൊള്ളണം എന്ന നിലപാടാണ് അദ്ദേഹം പ്രകടിപ്പിച്ചു പോന്നിട്ടുള്ളത്. "ഝാര്‍ഖണ്ഡ് സംസ്ഥാനം എന്തിന്റെ പേരിലാണോ രൂപീകരിക്കപ്പെട്ടത്, ആ ഉദ്ദേശ്യം നിറവേറ്റാനുള്ള സമയമാണ് ഇപ്പോൾ സമാഗതമായിരിക്കുന്നത് " എന്നാണ്  ഫലമറിഞ്ഞ ശേഷം ഹേമന്ത് സോറൻ മാധ്യമങ്ങളോട് പ്രതികരിച്ചത്. 

Follow Us:
Download App:
  • android
  • ios