‘ലോക്കറിനെ വെല്ലുന്ന സുരക്ഷാസംവിധാനം’ എന്നാണ് സോഷ്യൽ മീഡിയയിൽ യുവതിയുടെ ആശയത്തെ പിന്തുണച്ചുകൊണ്ട് നെറ്റിസൻസ് അഭിപ്രായപ്പെട്ടത്.
ഇന്ത്യക്കാരുടെ ചില സൂത്രപ്പണികൾ പലപ്പോഴും സാമൂഹിക മാധ്യമങ്ങളിൽ ചർച്ചയാകാറുണ്ട്. ആദ്യകാഴ്ചയിൽ വിചിത്രമായി തോന്നാമെങ്കിലും സംഗതി കൊള്ളാമല്ലോ എന്ന് പിന്നീട് അറിയാതെ തോന്നിപ്പോകും. അത്തരത്തിൽ ആളുകളുടെ ശ്രദ്ധ എളുപ്പത്തിൽ പിടിച്ചുപറ്റിയ ഒരു വീഡിയോ ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ ചർച്ചയാവുകയാണ്. വീട്ടിൽ നിന്നും ഏതാനും ദിവസത്തേക്ക് മാറി നിൽക്കുമ്പോൾ കള്ളന്മാരുടെ കണ്ണിൽപ്പെടാതെ വീടിനുള്ളിൽ തന്നെ സ്വർണം എങ്ങനെ സുരക്ഷിതമായി സൂക്ഷിക്കാം എന്നാണ് ഈ വീഡിയോയിൽ ഒരു യുവതി കാണിച്ചുതരുന്നത്. ഒരുപക്ഷേ നമ്മളിൽ പലരും ഇതുവരെയും ഇങ്ങനെയൊരു സൂത്രവിദ്യയെക്കുറിച്ച് മനസ്സിൽ ചിന്തിച്ചിട്ട് പോലും ഉണ്ടാകില്ല.
‘ലോക്കറിനെ വെല്ലുന്ന സുരക്ഷാസംവിധാനം’ എന്നാണ് സോഷ്യൽ മീഡിയയിൽ യുവതിയുടെ ആശയത്തെ പിന്തുണച്ചുകൊണ്ട് നെറ്റിസൻസ് അഭിപ്രായപ്പെട്ടത്. ഒരു തറ തുടയ്ക്കുന്ന മോപ്പിൻ്റെ സ്റ്റിക്കിനുള്ളിലാണ് യുവതി തൻറെ സ്വർണം സൂക്ഷിക്കാനുള്ള സുരക്ഷിതയിടം കണ്ടെത്തുന്നത്. ഇന്ത്യൻ അമ്മമാർ പണവും മറ്റു വിലപിടിപ്പുള്ള സാധനങ്ങളും കടുകിലും ചായപ്പൊടി പാത്രത്തിലും ഒക്കെ സൂക്ഷിക്കുന്ന പതിവ് സാധാരണമാണെങ്കിലും ഇതിനെ അസാധാരണം എന്ന് തന്നെ വിശേഷിപ്പിക്കേണ്ടിവരും.
X -ൽ പങ്കുവെച്ച വീഡിയോയിൽ, ഒരു യുവതി ഒരു ക്ലീനിംഗ് മോപ്പിൽ സ്വർണ്ണ പെൻഡന്റ് എങ്ങനെ ഒളിപ്പിക്കാമെന്ന് കാണിച്ചുതരുന്നു. മോപ്പിന്റെ മുകൾഭാഗം ഊരി അതിൽ സ്വർണാഭരണങ്ങൾ വച്ച് വീണ്ടും അടച്ചുവയ്ക്കുന്നു. ശേഷം അതു കൊണ്ടുപോയി ശുചി മുറിയിൽ വയ്ക്കുന്നു. ഏതാനും ദിവസങ്ങൾ വീട്ടിൽ നിന്നും മാറി നിൽക്കുന്നവരാണ് നിങ്ങളെങ്കിൽ സ്വർണ്ണം സുരക്ഷിതമായി സൂക്ഷിക്കാൻ ഇതിലും നല്ലൊരു മാർഗ്ഗമില്ല എന്നു പറഞ്ഞുകൊണ്ടാണ് യുവതി ഈ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.
വീഡിയോ വൈറലായതോടെ നിരവധി ആളുകളാണ് പോസ്റ്റ് ചെയ്ത വീഡിയോയ്ക്ക് താഴെ രസകരമായ നിരവധി കമന്റുകൾ ചേർത്തിരിക്കുന്നത്. ഇത്രയും വലിയ ഒരു രഹസ്യം നിങ്ങൾ എന്തിനു വെളിപ്പെടുത്തി എന്നായിരുന്നു ഒരാൾ ചോദിച്ചത്.
