തനിക്ക് വേണ്ടി ഇങ്ങനെ ഒരു തെരച്ചില്‍ നടക്കുന്നു എന്നതിനെ കുറിച്ച് ഇയാള്‍ക്ക് യാതൊരു വിവരവും ഇല്ലായിരുന്നു. എന്നാല്‍, ഇതിനേക്കാള്‍ രസകരമായ കാര്യം തുടര്‍ച്ചയായി വന്ന ഫോണ്‍കോളുകളൊന്നും തന്നെ ഇയാള്‍ സ്വീകരിച്ചില്ല എന്നതാണ്.

യുഎസ്സിലെ കൊളറാഡോ(US' Colorado)യില്‍ നിന്നുള്ള ഒരു യുവാവ് ഒരു മലകയറ്റത്തിനിറങ്ങിയതാണ്. എന്നാല്‍, ഇയാള്‍ക്ക് വഴി തെറ്റിപ്പോയി. 24 മണിക്കൂറായിട്ടും ഇയാളെ കുറിച്ച് വിവരമൊന്നും ഇല്ലാതായതിനെ തുടര്‍ന്ന് സെര്‍ച്ച് ആന്‍ഡ് റെസ്ക്യൂ സംഘം ഇയാളെ വിളിച്ചു. എന്നാല്‍, ബെല്ലടിച്ചിട്ടും ഫോണെടുത്തില്ല. കാരണം എന്താണെന്നോ അറിയാത്ത നമ്പറില്‍ നിന്നുള്ള കോളായതുകൊണ്ടത്രെ. 

ലേക്ക് കൗണ്ടി സെര്‍ച്ച് ആന്‍ഡ് റെസ്ക്യൂ(Lake County Search and Rescue) പറയുന്നത് ഒക്ടോബര്‍ പതിനെട്ടിന് വൈകുന്നേരം എട്ട് മണിയോടെയാണ് ഇയാളെ കാണാനില്ല എന്ന വിവരം കിട്ടിയത് എന്നാണ്. അയാളുടെ താമസസ്ഥലത്തുള്ളവരാണ് ഇയാള്‍ തിരിച്ചെത്താത്തതിനെ തുടര്‍ന്ന് വിവരമറിയിച്ചത്. എന്നാല്‍, അയാളുടെ സെല്‍ഫോണുകളിലേക്ക് വിളിച്ചെങ്കിലും അതിനൊന്നും മറുപടിയുണ്ടായില്ല. 

കോളുകൾ, ടെക്‌സ്‌റ്റുകൾ, വോയ്‌സ്‌മെയിൽ സന്ദേശങ്ങൾ എന്നിവയിലൂടെ ആ മനുഷ്യനെ ബന്ധപ്പെടാനുള്ള നിരവധി ശ്രമങ്ങൾ നടന്നു. എന്നാൽ, ഒന്നും ഫലം കണ്ടില്ല. ഒടുവിൽ, എൽബർട്ട് പർവതത്തിന് ചുറ്റുമുള്ള സ്ഥലങ്ങളിലേക്ക് ഇയാളെ തിരയുന്നതിനായി അഞ്ച് ലേക്ക് കൗണ്ടി സെർച്ച് ആൻഡ് റെസ്‌ക്യൂ ടീം അംഗങ്ങളെ രാത്രി 10 മണിക്ക് വിന്യസിച്ചു. 

എന്നാല്‍, ഇയാളെ കണ്ടെത്തുന്നതിൽ അവർ പരാജയപ്പെട്ടു, 4401 മീറ്റർ (14,440 അടി) ഉയരമുള്ള കൊടുമുടിയിൽ കാണാതായ മനുഷ്യനെ കണ്ടെത്തുന്നതിൽ പരാജയപ്പെട്ടതിനെത്തുടർന്ന് പിറ്റേന്ന് പുലർച്ചെ മൂന്ന് മണിക്ക് അവർ മടങ്ങി. അടുത്ത ദിവസം, രണ്ടാമത്തെ തിരച്ചിൽ സംഘം രാവിലെ ഏഴ് മണിക്ക് പുറപ്പെട്ടു, കാൽനടയാത്രക്കാർക്ക് സാധാരണയായി വഴി തെറ്റുന്ന സ്ഥലങ്ങളിലായിരുന്നു ഇത്തവണ തെരച്ചില്‍. എന്നാല്‍, ഇയാള്‍ രാവിലെ 9:30 -ടെ താമസസ്ഥലത്തേക്ക് മടങ്ങിയെത്തി. 

രാത്രിയിൽ തനിക്ക് വഴി തെറ്റിയെന്നും തുടർന്നുള്ള മണിക്കൂറുകൾ വഴി കണ്ടെത്താന്‍ ശ്രമിക്കുകയായിരുന്നു എന്നും ഒടുവിൽ തന്റെ കാറിനടുത്ത് എത്തുകയായിരുന്നു എന്നും ഇയാള്‍ പറഞ്ഞു. എന്നാല്‍, തനിക്ക് വേണ്ടി ഇങ്ങനെ ഒരു തെരച്ചില്‍ നടക്കുന്നു എന്നതിനെ കുറിച്ച് ഇയാള്‍ക്ക് യാതൊരു വിവരവും ഇല്ലായിരുന്നു. എന്നാല്‍, ഇതിനേക്കാള്‍ രസകരമായ കാര്യം തുടര്‍ച്ചയായി വന്ന ഫോണ്‍കോളുകളൊന്നും തന്നെ ഇയാള്‍ സ്വീകരിച്ചില്ല എന്നതാണ്. അതിന്‍റെ കാരണമാണ് അതിനേക്കാള്‍ രസകരം. അറിയാത്ത നമ്പറില്‍ നിന്നുള്ള കോളുകളായിരുന്നു എന്നത് കൊണ്ടാണത്രെ ഇയാള്‍ ആ കോളുകളൊന്നും തന്നെ എടുക്കാതിരുന്നത്. 

“നിങ്ങളുടെ യാത്രയിലെ പ്ലാനിനേക്കാള്‍ നിങ്ങൾക്ക് കാലതാമസം നേരിടുകയും ഒരു അജ്ഞാത നമ്പറിൽ നിന്ന് നിങ്ങൾക്ക് ആവർത്തിച്ചുള്ള കോളുകൾ ലഭിക്കുകയും ചെയ്യുന്നുവെങ്കിൽ, ദയവായി ഫോണിന് ഉത്തരം നൽകുക; നിങ്ങൾ സുരക്ഷിതരാണെന്ന് സ്ഥിരീകരിക്കാൻ ശ്രമിക്കുന്ന ഒരു സെർച്ച് ആൻഡ് റെസ്ക്യൂ ടീമായിരിക്കാം അത്!" എന്നാണ് സുരക്ഷാസംഘം ഇതേക്കുറിച്ച് പറഞ്ഞത്. 32 മണിക്കൂറിലധികമാണ് യുവാവിന് വേണ്ടി സംഘം തെരച്ചില്‍ നടത്തിയത്.