വീടിന് മുന്നിൽ കളിച്ചുകൊണ്ടിരുന്ന രണ്ടു വയസ്സുകാരനെ ഹിപ്പോപൊട്ടാമസ് പകുതിയോളം വിഴുങ്ങി. ഒടുവില്‍ നാട്ടുകാരനായ ഒരാളുടെ കല്ലേറാണ് കുട്ടിയെ രക്ഷിച്ചത്. ആ രക്ഷപ്പെടലിന്‍റെ കഥ വീണ്ടും വൈറലാവുന്നു.
വന്യമൃഗ ആക്രമണങ്ങളുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ അതിജീവന കഥയായി മാറിയ ഒരു സംഭവം വീണ്ടും സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നു. ഉഗാണ്ടയിൽ ആണ് ലോകം നടുക്കത്തോടെ കേട്ട ഈ വാർത്ത വർഷങ്ങൾക്കു മുൻപ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. വീടിന്റെ മുറ്റത്ത് കളിച്ചുകൊണ്ടിരുന്ന ഒരു രണ്ട് വയസ്സുകാരനെ ഹിപ്പോപൊട്ടാമസ് ജീവനോടെ വിഴുങ്ങാൻ ശ്രമിച്ചു! കുട്ടിയുടെ പകുതിയോളം ശരീരം ഇതിന്റെ വായ്ക്കുള്ളിലായെങ്കിലും, ഒരു നാട്ടുകാരൻ നടത്തിയ ധീരമായ കല്ലേറാണ് പിഞ്ചുകുഞ്ഞിന്റെ ജീവൻ അത്ഭുതകരമായി തിരിച്ചുനൽകിയത്. യുഗാണ്ടയിലെ കാത്‌വെ-കബത്തോറോ ജില്ലയിലെ എഡ്വേർഡ് തടാകത്തിന് സമീപം 2022 ഡിസംബർ 4 -നാണ് നാടിനെ നടുക്കിയ ഈ സംഭവം നടന്നത്.
എഡ്വേർഡ് തടാകക്കരയിൽ നിന്ന് ഏതാണ്ട് 800 മീറ്റർ മാത്രം അകലെയുള്ള സ്വന്തം വീടിന്റെ മുറ്റത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്നു ഈഗ പോൾ എന്ന രണ്ടു വയസ്സുകാരൻ. അന്ന് വൈകുന്നേരം മൂന്ന് മണിയോടെയായിരുന്നു സംഭവം. തടാകത്തിൽ നിന്ന് ജനവാസ മേഖലയിലേക്ക് കയറിവന്ന ഭീമാകാരനായ ഹിപ്പോ, കുട്ടിയെ പെട്ടെന്ന് ആക്രമിക്കുകയായിരുന്നു. നിമിഷങ്ങൾക്കകം അവന്റെ ശരീരത്തിന്റെ പകുതിയോളം ഭാഗം അത് തന്റെ വായ്ക്കുള്ളിലാക്കി. നിരവധി പേർ സംഭവത്തിന് ദൃക്സാക്ഷികളായെങ്കിലും എന്ത് ചെയ്യണമെന്നറിയാതെ എല്ലാവരും തരിച്ചുനിന്ന നിമിഷങ്ങൾ. സാധാരണയായി ഇത്തരം ആക്രമണങ്ങളിൽ ഇരകൾക്ക് ജീവൻ നഷ്ടപ്പെടാറാണ് പതിവ്. എന്നാൽ, ഈ സമയത്താണ് ക്രിസ്പസ് ബഗോൺസ എന്ന നാട്ടുകാരൻ ഈ ദാരുണമായ കാഴ്ച കാണുന്നത്.
മറ്റൊന്നും ചിന്തിക്കാൻ നിൽക്കാതെ ക്രിസ്പസ് ധൈര്യപൂർവ്വം മുന്നോട്ട് വരികയും നിലത്തുണ്ടായിരുന്ന കല്ലുകൾ എടുത്ത് ഹിപ്പോയ്ക്ക് നേരെ ആഞ്ഞെറിയാൻ തുടങ്ങുകയും ചെയ്തു. പെട്ടെന്നുണ്ടായ നിർത്താതെയുള്ള കല്ലേറ് കൊണ്ടും യുവാവിന്റെ ബഹളം കേട്ടും ഭയന്ന ഹിപ്പോ, ഒടുവിൽ കുട്ടിയെ വായ്ക്കുള്ളിൽ നിന്ന് പുറത്തേക്ക് തുപ്പുകയായിരുന്നു. തുടർന്ന് വേഗത്തിൽ തന്നെ എഡ്വേർഡ് തടാകത്തിലേക്ക് മറഞ്ഞു.
ഉടൻ തന്നെ പരിക്കേറ്റ കുട്ടിയെ സമീപത്തെ ക്ലിനിക്കിലും പിന്നീട് വിദഗ്ദ്ധ ചികിത്സയ്ക്കായി ബുബേര ആശുപത്രിയിലേക്കും മാറ്റി. ഭാഗ്യവശാൽ ആ ആക്രമണത്തിൽ കുട്ടിയുടെ കൈയ്ക്ക് മാത്രമാണ് ചെറിയ പരിക്കേറ്റത്. പേവിഷബാധയ്‌ക്കെതിരെയുള്ള മുൻകരുതൽ കുത്തിവെപ്പുകൾ ഉൾപ്പെടെ നൽകിയ ശേഷം കുട്ടി പൂർണ്ണ ആരോഗ്യവാനായി ആശുപത്രി വിട്ടു. മനുഷ്യ വന്യജീവി ഏറ്റുമുട്ടലുകൾ തുടർക്കഥയാകുമ്പോൾ ഈ സംഭവം വീണ്ടും സാമൂഹിക മാധ്യമങ്ങളിൽ ചർച്ചയാവുകയാണ്.
