ഇന്ത്യയില്‍ നാല് ദിവസം യാത്ര ചെയ്യുന്നതിനേക്കാള്‍ വിയറ്റ്നാമിലേക്ക് യാത്ര ചെയ്യുന്നതാണ് ലാഭകരമെന്ന് പോസ്റ്റ്. ഹോട്ടല്‍ വാടകയടക്കം കാര്യങ്ങളെ വിമര്‍ശിച്ചുകൊണ്ടാണ് പോസ്റ്റിന് കമന്‍റുകള്‍.
ഇന്ത്യക്കകത്ത് യാത്ര ചെയ്യുന്നതും വിദേശത്തേക്ക് യാത്ര പോകുന്നതും തമ്മിലുള്ള ചെലവുകൾ താരതമ്യം ചെയ്തുകൊണ്ടുള്ള ഒരു സോഷ്യൽ മീഡിയാ പോസ്റ്റാണ് ഇപ്പോൾ ആളുകളുടെ ശ്രദ്ധ ആകർഷിക്കുന്നത്. വിയറ്റ്നാമിലേക്ക് യാത്ര പോകുന്നത്, ഇന്ത്യയിലെ മലയോര പ്രദേശങ്ങളിലേക്കുള്ള ചെറിയ അവധിക്കാല യാത്ര പോകുന്നതിനേക്കാൾ വളരെ ലാഭകരമായി മാറിയെന്നാണ് എക്സിലെ (ട്വിറ്റർ) ഈ പോസ്റ്റിൽ പറയുന്നത്. പങ്കജ് അറോറ എന്ന യുവാവാണ്, ഇന്ത്യയിൽ നാല് ദിവസത്തെ യാത്ര പ്ലാൻ ചെയ്ത തന്റെ സഹപ്രവർത്തകന്റെ അനുഭവം പങ്കുവെച്ചത്.
പോസ്റ്റിന്റെ ക്യാപ്ഷൻ ഇങ്ങനെയായിരുന്നു: 'ഒരു സഹപ്രവർത്തകൻ മലയോര മേഖലയിലേക്ക് നാല് ദിവസത്തെ ഹോളിഡേ പ്ലാൻ ചെയ്യുകയായിരുന്നു. പ്രശസ്തമായ ഇന്ത്യൻ വിനോദസഞ്ചാര കേന്ദ്രങ്ങളിലെ ഹോട്ടലുകളാണ് അദ്ദേഹം നോക്കിയത്. നല്ല മുറികൾക്ക് ഒരു രാത്രിക്ക് 10,000 രൂപ മുതൽ 18,000 രൂപ വരെയായിരുന്നു വാടക. ടാക്സി ചാർജ് ദിവസത്തേക്ക് 3,000 മുതൽ 5,000 രൂപ വരെ. കൂടാതെ റിട്ടേൺ ഫ്ലൈറ്റ് ടിക്കറ്റുകൾക്ക് 15,000 മുതൽ 20,000 രൂപ വരെയായിരുന്നു. ആകെ ബജറ്റ് 60,000 മുതൽ 80,000 രൂപ വരെ...'
'തുടർന്നാണ് അദ്ദേഹം വിയറ്റ്‌നാം നോക്കിയത്. ഒരു ഓഫർ സെയിലിലാണ് റിട്ടേൺ ഫ്ലൈറ്റുകൾ ബുക്ക് ചെയ്തത്. ടൂറിസ്റ്റ് കേന്ദ്രങ്ങൾക്ക് സമീപമുള്ള വൃത്തിയുള്ള ഹോട്ടലുകൾ ഒരു രാത്രിക്ക് 3,000 മുതൽ 5,000 രൂപ വരെ നിരക്കിൽ ലഭ്യമായിരുന്നു. പൊതുഗതാഗതം സൗകര്യപ്രദമായിരുന്നു, ഭക്ഷണത്തിന് വലിയ വിലയുണ്ടായിരുന്നില്ല, കൂടാതെ വിനോദസഞ്ചാര സൗകര്യങ്ങൾ സന്ദർശകർക്ക് ഏറെ അനുകൂലമായിരുന്നു'.
'അവസാനം, ഇന്ത്യയ്ക്കുള്ളിൽ യാത്ര ചെയ്യുന്നതിനേക്കാൾ കുറഞ്ഞ തുക മാത്രമാണ് അദ്ദേഹം ഈ യാത്രയ്ക്കായി ചെലവഴിച്ചത്. ഇന്ത്യൻ ടൂറിസം പരിഹരിക്കേണ്ട വെല്ലുവിളി ഇതാണ്. മനോഹരമായ സ്ഥലങ്ങൾ മാത്രം ഉണ്ടായാൽ പോരാ. പണത്തിനൊത്ത മൂല്യം, സൗകര്യങ്ങൾ, വൃത്തി, ഒപ്പം സന്ദർശകന്റെ മൊത്തത്തിലുള്ള എക്സ്പീരിയൻസ് എന്നിവയും ഒരുപോലെ പ്രധാനമാണ്' എന്നും പോസ്റ്റിൽ പറയുന്നു.
നിരവധിപ്പേരാണ് പോസ്റ്റിന് കമന്റുകൾ നൽകിയത്. കൊവിഡിന് ശേഷം ഇന്ത്യയിൽ ഡോമസ്റ്റിക് ടൂറിസം വർധിച്ചു. അതോടെ, ഹോട്ടലുകൾക്കും മറ്റ് സൗകര്യങ്ങൾക്കും അടക്കം വില കൂടി എന്നും താങ്ങാനാവാത്ത ചിലവാണ് പലപ്പോഴും എന്നും ആളുകൾ അഭിപ്രായപ്പെട്ടു.
