Asianet News MalayalamAsianet News Malayalam

അഷ്ടിക്ക് വകയില്ലാതിരുന്ന ഹിറ്റ്‌ലർക്ക്, ജർമനിയുടെ തലപ്പത്തെത്താൻ കഴിഞ്ഞത് ഈ വികാരം മുതലെടുത്ത്

നാസികൾ രാജ്യത്ത് തൊഴിലാളി യൂണിയനുകൾ നിരോധിച്ചു. ഹിറ്റ്‌ലർ എതിർ പാർട്ടികളുടെ നേതാക്കളെ ആദ്യം വീട്ടുതടങ്കലിലും, പിന്നീട് കൽത്തുറുങ്കുകളിലും, ഏറ്റവുമൊടുവിൽ കോൺസൻട്രേഷൻ ക്യാമ്പുകളിലുമിട്ട് പീഡിപ്പിച്ച് ഇല്ലാതാക്കി.

Hitler, a failed artist, became furor, exploiting this single emotion
Author
Berlin, First Published Jan 9, 2020, 3:39 PM IST

സ്വാതന്ത്ര്യം ഏറ്റവും വിലപിടിപ്പുള്ളതാകുന്നത് ആശങ്കകളുടെ കാലത്താണ്. യുദ്ധം വരുമ്പോഴും, അടിയന്തരാവസ്ഥ വരുമ്പോഴും, തീവ്രവാദഭീഷണികൾ വരുമ്പോഴും സർക്കാരുകൾ രാജ്യത്ത് കടുത്ത നയങ്ങൾ നടപ്പിൽ വരുത്തും. സാഹചര്യങ്ങളാൽ ഭയചകിതരായ ജനത അറിഞ്ഞുകൊണ്ടുതന്നെ തങ്ങളുടെ സ്വാതന്ത്ര്യം സർക്കാരുകൾക്ക് പണയംവെക്കും. പകരം കിട്ടുന്നതോ സുരക്ഷിതത്വവും, പൗരത്വവും, അടിമത്തവുമൊക്കെയാകും. രാജ്യസുരക്ഷ അപകടത്തിലാണ് എന്ന അങ്കലാപ്പ് മനഃപൂർവം സൃഷ്ടിച്ചുകൊണ്ട് നമ്മുടെ സ്വാതന്ത്ര്യവും പൗരത്വവുമൊക്കെ അപഹരിക്കപ്പെടുമ്പോഴോ? ഇത്തരത്തിൽ ദേശസുരക്ഷയ്ക്ക് അപകടമുണ്ട് എന്ന ധാരണപരത്തിക്കൊണ്ട്, ദേശീയതയിൽ അധിഷ്ഠിതമായ രാഷ്ട്രീയ പിന്തുണ നേടിയെടുത്തതിന്റെ ഏറ്റവും നല്ല ഉദാഹരണം ജർമൻ രാഷ്ട്രീയത്തിൽ നിന്ന് നമുക്ക് കണ്ടെടുക്കാനാകും. 

ഹിറ്റ്‌ലർ അധികാരത്തിലേക്കെത്തുന്നത് മുപ്പതുകളുടെ അവസാനത്തോടെയാണ്. എന്നാൽ, ഈ കഥ തുടങ്ങുന്നത് അതിനൊക്കെ മുമ്പാണ്. ഒന്നാം ലോകമഹായുദ്ധം തീർന്ന കാലം. 1919 ജൂൺ 28 -ന്, ഇംഗ്ലീഷ്, അമേരിക്കൻ, ഫ്രഞ്ച്, റഷ്യൻ സഖ്യസേന ജർമനിയെക്കൊണ്ട് നിർബന്ധിച്ച് വേഴ്സായ് ഉടമ്പടിയിൽ ഒപ്പിടീച്ചിട്ട് അധികമായിരുന്നില്ല. ഏറെ പരിഹാസങ്ങളിലൂടെയും അപമാനകരമായ സാഹചര്യങ്ങളിലൂടെയുമാണ് അന്ന് ജർമനിക്ക് കടന്നുപോകേണ്ടി വന്നത്. രാജ്യത്തിൻറെ ഖജനാവ് മുഴുവനായി നഷ്ടപരിഹാരം എന്ന പേരും പറഞ്ഞ്, ശത്രുക്കൾ വടിച്ചെടുത്തുകൊണ്ടുപോയി. ഒന്നാം ലോകമഹായുദ്ധം എന്ന ലക്ഷക്കണക്കിന് പേരുടെ മരണത്തിന് കാരണമായ ദുരന്തത്തിന് കാരണം ജർമനി എന്ന രാജ്യം മാത്രമാണ് എന്ന രീതിയിലായി അന്നത്തെ പ്രചാരം. അത് ജർമൻ ജനതയുടെ ആത്മാഭിമാനത്തിനാണ് ക്ഷതമേല്പിച്ചത്. 

Hitler, a failed artist, became furor, exploiting this single emotion

അതുകൊണ്ടെന്തുണ്ടായി, ആ രാജ്യത്തെ ജനത, വലതു പക്ഷ തീവ്രചിന്തകൾക്ക് അനായാസം വേരോടാൻ പറ്റിയ ഒരു വിളനിലമായി വളരെ എളുപ്പത്തിൽ പരിണമിച്ചുപോയി. ഇടക്കാലത്തേക്ക് വെയ്മർ ഗവണ്മെന്റ് എന്ന പേരിൽ ഒരു സർക്കാർ നിലവിൽ വന്നു എങ്കിലും, അതൊന്നും 'ജർമനിയുടെ പുനരുദ്ധാരണം' എന്ന അഭിമാനദൗത്യത്തിന്റെ പൂർത്തിക്ക് പര്യാപ്തമാകില്ല എന്ന തോന്നൽ ജനങ്ങളിൽ ഉണ്ടായി. തങ്ങളെ നയിക്കാൻ ശക്തനായ ഒരു നേതാവില്ല എന്ന ധർമ്മസങ്കടം ആ രാജ്യത്തെ വേട്ടയാടി. യൂറോപ്പിൽ സർവ്വാധികാരം സ്ഥാപിച്ചെടുക്കാൻ വേണ്ടി ഇറങ്ങിപ്പുറപ്പെട്ട ജർമൻ ജനത ഒടുവിൽ നിസ്സഹായരായി കണ്ണുംമിഴിച്ച് നോക്കി നിൽക്കേണ്ടി വന്നത് എങ്ങുമെത്താതെ പോയ ഒരു രാജ്യത്തിൻറെ പാപ്പർസ്യൂട്ടടിച്ച ഖജനാവിന് മുന്നിലാണ്. അത് ഏറെ അപമാനകരമായിരുന്നു. ഏറെ ദുരഭിമാനികളായിരുന്ന ജർമൻകാർക്ക് അത് തീരെ താങ്ങാനാവുന്ന ഒന്നായിരുന്നില്ല. തങ്ങൾക്ക് വേണ്ടാതെ ഏറെ റാഡിക്കലായ ഒരു ഇടപെടലാണ് എന്ന് അവർക്ക് തോന്നിത്തുടങ്ങി. 

അങ്ങനെ മുങ്ങിമരിക്കാൻ പോകുന്നവൻ കച്ചിത്തുരുമ്പും പ്രതീക്ഷിച്ചിരിക്കുന്ന പോലെ, രാജ്യത്തെ ഉയിർത്തെഴുന്നേൽപ്പിക്കാൻ ഒരു മാറ്റവും പ്രതീക്ഷിച്ചിരുന്ന ജർമൻ ജനതയ്ക്ക് മുന്നിലേക്കാണ് നാസിസം അവതരിക്കുന്നത്. ജർമൻ ജനതയിൽ അന്തർലീനമായിരുന്ന അധികാര വാഞ്ഛയുടെ സാക്ഷാത്കാരമായിരുന്നു നാസി പാർട്ടി. നാസികൾക്ക് ഇന്ന് നിലവിലുള്ള പല വലതു തീവ്ര പാർട്ടികളുടേതിന് സമാനമായ പല സവിശേഷതകളും ഉണ്ടായിരുന്നു. അച്ചടക്കം വ്യക്തിപരമായ പരിഗണനയ്ക്ക് മേലെ നിന്നു. ചോദ്യങ്ങൾക്ക് അവിടെ പ്രസക്തിയില്ലായിരുന്നു. അടിയുറച്ച വിശ്വാസമായിരുന്നു അതിന്റെ അടിത്തറ. അനുസരണയായിരുന്നു ഏറ്റവും പവിത്രമായി കണക്കാക്കപ്പെട്ടിരുന്ന ജനിതകഗുണം. ഉൾപ്പാർട്ടി വിമർശനമോ, അചിന്ത്യവും, അപലപനീയവും. 

നാസികളുടെ പ്രധാന പ്രൊപ്പഗാണ്ടയായ ജൂത വിരോധം, ആര്യൻ മേധാവിത്തം, വംശീയ ശുദ്ധി തുടങ്ങിയവയ്ക്ക് ജർമനിയിലെ ബിസിനസുകാർക്കിടയിൽ വലിയ ജനപ്രീതിയാർജ്ജിക്കാൻ കഴിഞ്ഞു. അറുപതുകളുടെ തുടക്കത്തിലുണ്ടായ മഹാസാമ്പത്തികമാന്ദ്യം ഈ പ്രൊപ്പഗാണ്ടയ്ക്ക് കാറ്റുപിടിപ്പിച്ചു. 'പുതിയ ജർമ്മനി'യെ സ്വപ്നം കണ്ട നാസികൾ ജർമൻ ജനതയെ അവരുടെ വരുതിയിലാക്കി. മാന്ദ്യം കടുത്തുവന്നതോടെ സ്ഥിരതയ്ക്കായുള്ള ആഗ്രഹവും വർധിച്ചു. സ്ഥിരതയുള്ള ഒരു രാഷ്ട്രം എന്ന ആഗ്രഹം വർധിച്ചുവന്നതോടെ, നാസി പാർട്ടിയിലെ അംഗത്വവും കൂടി വന്നു. അപ്പോഴാണ് നാസി പാർട്ടിയിൽ ഹിറ്റ്ലർ നേതൃസ്ഥാനത്തേക്ക് വരുന്നത്. അല്ലെങ്കിൽ, കർക്കശക്കാരനായ ഒരു നേതാവ് എന്ന നിലയിൽ ജർമനിയിൽ ഹിറ്റ്ലറുടെ പേര് നാസികൾ മനഃപൂർവം ഉയർത്തിക്കൊണ്ടു വന്നത്. ' ഇനി ഈ ഹിറ്റ്ലർക്ക് ഒരു അവസരം നൽകി നോക്കാം' എന്ന മാനസികാവസ്ഥയിലേക്ക് എത്തിപ്പെടാൻ അധികം താമസമുണ്ടായില്ല.

Hitler, a failed artist, became furor, exploiting this single emotion

അങ്ങനെ, ഒരു കാലത്ത് വയറു നിറയെ ഭക്ഷണം കഴിക്കാൻ പാങ്ങില്ലാതിരുന്ന, പരാജിതനായ ആ ചിത്രകാരൻ, അഡോൾഫ് ഹിറ്റ്‌ലർ, ജർമ്മൻ ജനതയുടെ പരമാധികാരിയായി മാറി. മാന്ദ്യത്തിൽ നിന്ന് രക്ഷപ്പെടാൻ യാതൊരു മാർഗവും കാണാതെ വലയുകയായിരുന്നു ജർമൻ ജനത. ദാരിദ്ര്യത്തിന്റെ പടുകുഴിയിൽ നിന്ന് വികസനത്തിന്റെ ശാദ്വല ഭൂമികളിലേക്ക് തങ്ങളെ കൈപിടിച്ചുയർത്താനെത്തിയ മാലാഖയാണ്, അല്ലെങ്കിൽ പ്രവാചകനാണ് ഹിറ്റ്‌ലർ എന്ന് ജർമൻകാർക്ക് തോന്നി. രാജ്യത്ത് അവശേഷിച്ചിരുന്ന കമ്യൂണിസ്റ്റ് ഗറില്ലാ സൈന്യങ്ങളെ അടിച്ചമർത്തിക്കൊണ്ട് ബ്രൗൺ ഷർട്ടിട്ട നാസിപ്പട ജർമൻ തെരുവുകളിലൂടെ റൂട്ട് മാർച്ച് നടത്തിയപ്പോൾ അത് അവിടെ വലിയ ചലനങ്ങളുണ്ടാക്കി. അതിന്റെ പരമകാഷ്ഠയിലാണ് 1933 ജനുവരി 30 -ന് ഹിറ്റ്‌ലർ ജർമനിയുടെ ചാൻസലറായി അവരോധിക്കപ്പെടുന്നത്. അനുസരണയുള്ള ഒരു സമൂഹത്തിനായി ഹിറ്റ്‌ലർ തന്റെ പ്രസംഗങ്ങളിലൂടെ ആഹ്വാനം ചെയ്തു. സ്വേച്ഛാധിപത്യം സ്ഥിരതയായും, വിമർശനസ്വരങ്ങൾ അരാജകത്വമായും വായിക്കപ്പെട്ടു. തനിക്ക് തോന്നുംപടി രാജ്യത്ത് പട്ടാളത്തെ നിയോഗിക്കാൻ ഹിറ്റ്‌ലർ രാജ്യം സദാ സുരക്ഷാ ഭീഷണിയിലാണ് എന്ന പ്രതീതി നിലനിർത്തി. 1933 -ൽ വെയ്മർ ഗവൺമെന്റ് പാസ്സാക്കിയ എനേബിളിങ് ആക്റ്റ്, ജർമനിയുടെ സകല അധികാരങ്ങളും ഹിറ്റ്‌ലർ എന്ന ഒരു വ്യക്തിയിൽ കേന്ദ്രീകരിച്ചു നിർത്തി. 

Hitler, a failed artist, became furor, exploiting this single emotion

ആ ഘട്ടത്തിൽ തന്നെ നാസിസം രാജ്യത്തിൻറെ പരമാധികാരം കൈക്കലാക്കിക്കഴിഞ്ഞിരുന്നു. അത് ഒരിക്കൽ കൂടി ഊട്ടിയുറപ്പിക്കാൻ വേണ്ടി നാസികൾ രാജ്യത്ത് തൊഴിലാളി യൂണിയനുകൾ നിരോധിച്ചു. ഹിറ്റ്‌ലർ എതിർ പാർട്ടികളുടെ നേതാക്കളെ ആദ്യം വീട്ടുതടങ്കലിലും, പിന്നീട് കൽത്തുറുങ്കുകളിലും, ഏറ്റവുമൊടുവിൽ കോൺസൻട്രേഷൻ ക്യാമ്പുകളിലുമിട്ട് പീഡിപ്പിച്ച് ഇല്ലാതാക്കി. രണ്ടാം ലോകമഹായുദ്ധം അടുത്തപ്പോഴേക്കും ആ മാറ്റം അതിന്റെ പരിണാമഗുപ്തിയിൽ എത്തിക്കഴിഞ്ഞിരുന്നു. ഹിറ്റ്‌ലർ ദൈവതുല്യനായി മാറിയിരുന്നു. സ്വാതന്ത്ര്യം, രാജ്യസുരക്ഷയുടെ ബലിക്കല്ലിൽ തലയിടിച്ച് മരണത്തെപ്പുൽകിക്കഴിഞ്ഞിരുന്നു. അസുഖകരമായ ചിന്തകൾക്ക് പകരം, സുഖകരമായ അനുസരണയെ വരിച്ചതിന് ജർമ്മനിക്ക് കിട്ടിയ പ്രതിഫലം പക്ഷേ, മരണമായിരുന്നു. ലക്ഷക്കണക്കായ ജർമൻകാരുടെ മരണം. 

Hitler, a failed artist, became furor, exploiting this single emotion

ഹിറ്റ്‌ലർ എന്ന സ്വേച്ഛാധിപതി, ഹാംലിനിലെ കുഴലൂത്തുകാരനെപ്പോലെ, ജർമൻ ജനതയെ ഈ മരണക്കിണറിലേക്ക് നയിച്ചുകൊണ്ടിരുന്നപ്പോൾ, അന്നത്തെ അമേരിക്കയുടെ പ്രസിഡന്റായിരുന്ന ഫ്രാങ്ക്‌ളിൻ റൂസ്‌വെൽറ്റ്, സ്വേച്ഛാധിപത്യം ഉത്പാദിപ്പിക്കുന്ന ഈ ഭയത്തെപ്പറ്റി പറഞ്ഞ അതിപ്രസിദ്ധമായ ഒരു ഉദ്ധരണിയുണ്ട്, " ഈലോകത്ത് നമ്മൾ ഭയപ്പെടേണ്ടതായി ഒന്നേയൊന്ന് മാത്രമേയുള്ളൂ, അത് ഭയമാണ്..! " 

Reference :  Michael Shammas, 'What’s Behind Rising Authoritarianism? Political psychology and recent history provide answers' first appeared in  The Good Man Project   

Follow Us:
Download App:
  • android
  • ios